Deshabhimani

ഉറപ്പാക്കാം തുല്യത, നീതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 10:55 PM | 0 min read

 

ആഗോള ന്യൂനപക്ഷാവകാശദിനമാണ്‌ ഇന്ന്. ഐക്യരാഷ്ട്ര സംഘടന 1992ൽ ഡിസംബർ 18 ലോക ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം വന്ന് മൂന്നു പതിറ്റാണ്ടുകഴിഞ്ഞിട്ടും തുല്യനീതിക്കും നിലനിൽപ്പിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് ലോകമെമ്പാടുമുള്ള ന്യൂനപക്ഷ ജനവിഭാഗം.1849-ൽ ഹംഗേറിയൻ ഡയറ്റാണ് ലോകത്താദ്യമായി ന്യൂനപക്ഷ അവകാശങ്ങൾ രൂപവൽക്കരിക്കുന്നത്. വംശപരവും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ അവിഭാജ്യഘടകമാണ്.

ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാനും ഭരണഘടനയും പാർലമെന്റും സംസ്ഥാന നിയമസഭകളും ന്യൂനപക്ഷ സംരക്ഷണത്തിനും സമഗ്ര വികസനത്തിനുമായി  രൂപം നൽകിയ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് 1992 ലെ നാഷണൽ കമീഷൻ ഫോർ മൈനോറിട്ടീസ് ആക്‌ട്‌ പ്രകാരം ദേശീയ ന്യൂനപക്ഷ കമീഷന് കേന്ദ്രസർക്കാർ രൂപം നൽകിയത്. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും ശാക്തീകരണത്തിനുമാണ് 2013 ൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ രൂപീകരിച്ചത്. നാലാമത് കമീഷനാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പരാതി പരിഹാര ഫോറം എന്നതിൽനിന്ന് കമീഷന്റെ പ്രവർത്തനങ്ങളെ പ്രായോഗിക തലത്തിലേക്ക് പറിച്ചുനട്ട് നിസ്സഹായരും ദുർബലരുമായ ജനവിഭാഗത്തിന്റെ  ജീവിതോന്നതിക്കു വേണ്ടി ഫലപ്രദമായ നടപടികൾ നടപ്പാക്കുക എന്നതാണ് കമീഷന്റെ സുപ്രധാന ലക്ഷ്യം.

ന്യൂനപക്ഷ വിഭാഗങ്ങൾ
മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിഖ്, പാഴ്‌സി എന്നിങ്ങനെ 6 വിഭാഗങ്ങളെയാണ് സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. അതിൽ ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിഭാഗങ്ങളെ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളായും പരിഗണിച്ചുവരുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 42 ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ മുസ്ലിം, ക്രിസ്‌ത്യൻ വിഭാഗങ്ങളാണ് ഭൂരിപക്ഷമുള്ളത് (മുസ്ലിം 59 ശതമാനം, ക്രിസ്ത്യൻ 40 ശതമാനം). സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ 0.03 ശതമാനം, ജൈന 0.03 , സിഖ് - 0.03 , പാഴ്‌സി - 0.01 ശതമാനം എന്നിങ്ങനെയാണ്‌  ജനസംഖ്യയിലെ പങ്കാളിത്തം. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് അവരിൽ അവബോധം സൃഷ്ടിക്കുക, കമീഷന്റെ പ്രവർത്തനങ്ങൾ അവരിലെത്തിക്കുക എന്ന ഉദ്യമത്തോടെ എല്ലാ ജില്ലകളിലും സെമിനാറുകൾ സംഘടിപ്പിക്കുന്നു.

കമീഷൻ പരിഗണിക്കുന്ന 
പരാതിയുടെ സ്വഭാവം
വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് കമീഷനുള്ളത്. ന്യൂനപക്ഷ വികസനപുരോഗതി വിലയിരുത്തുക, അവരുടെ അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന പരാതികളിന്മേൽ അന്വേഷണം നടത്തി പരിഹാരം നിർദേശിക്കുക, ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും വിനിയോഗിക്കുക എന്നിവ പ്രധാനം. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഏതു വിഷയത്തെക്കുറിച്ചും അവകാശ നിഷേധത്തെക്കുറിച്ചും ആർക്കും കമീഷനിൽ പരാതിപ്പെടാം. തപാൽ മാർഗമോ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ കമീഷൻ സിറ്റിങ്ങിലോ [email protected] എന്ന ഇ-–-മെയിൽ വിലാസത്തിലോ, 9746515133 എന്ന നമ്പറിൽ വാട്‌സാപ്പിലോ സമർപ്പിക്കാം.

സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളെ ഏകീകരിപ്പിച്ചു  2024 ഫെബ്രുവരിയിൽ സെമിനാർ സംഘടിപ്പിച്ചു. അവരുടെ വിവരശേഖരണം ആരംഭിച്ചു. ആ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹ്യനിലവാരം എന്നിവ സംബന്ധിച്ച പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കേരള മീഡിയ അക്കാദമിയുമായി ധാരണപത്രം ഒപ്പിട്ടതുപ്രകാരം റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടനുസരിച്ച്‌ സംസ്ഥാനത്ത് 6 പാഴ്‌സി കുടുംബങ്ങളും (കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ 2 വീതം), 350 സിഖുവിഭാഗക്കാരും, 3000 ജൈന സമുദായാംഗങ്ങളും, 4000 ബുദ്ധമതാനുയായികളുമാണ് ഉള്ളത്.

ലക്ഷം തൊഴിലവസരങ്ങൾ
ന്യൂനപക്ഷ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായവർക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ്‌ ഇക്കോണമി മിഷനുമായി സഹകരിച്ച്‌ തുടക്കംകുറിച്ച സംരംഭമാണ് ‘സമന്വയം'. ഒരുലക്ഷം പേർക്ക് ഒരുവർഷംകൊണ്ട് സ്വകാര്യതൊഴിലോ വിദേശതൊഴിലോ ലഭ്യമാക്കുകയോ ലഭ്യമാക്കുന്നതിനുള്ള  പരിശീലനമോ ഭാഷാ പരിജ്ഞാനമോ നൽകുകയാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തൊഴിൽ നൈപുണ്യപരിശീലന പരിപാടിയും തൊഴിൽമേളകളും സംഘടിപ്പിച്ചുവരികയാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടാണ് കമീഷൻ പ്രവർത്തിക്കുന്നത്. അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമവും ഉന്നമനവും ഉറപ്പുവരുത്തി അവരുടെ കാവലാളാകുകയെന്നതും കമീഷൻ ലക്ഷ്യം വയ്ക്കുന്നു.

(സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാനാണ്‌ ലേഖകൻ)



deshabhimani section

Related News

0 comments
Sort by

Home