02 July Saturday

കൊഴിയില്ല ; വായനയുടെ മാമ്പഴക്കാലം - പയ്യന്നൂർ കുഞ്ഞിരാമൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 23, 2022


നിരന്തരവും നിർണായകവുമായ ഇടപെടലുകൾകൊണ്ടാണ് സമൂഹം പരിവർത്തന വിധേയമാകുന്നത്. ഈ സാമൂഹ്യപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിൽ പുസ്തകവായനയ്ക്ക് സുപ്രധാന സ്ഥാനമുണ്ട്. പുസ്തകം നെഞ്ചോടുചേർത്തുവച്ച് മാനവന്റെ ആഭിജാത്യ പുരോഗതിയിലേക്ക് നടന്നുനീങ്ങണമെന്നാണ് വായന അനുഭവം ഓർമിപ്പിക്കുന്നത്. മനുഷ്യർക്ക് വയറിന്റെ പ്രശ്നം മാത്രമല്ല ഉള്ളത്. മനസ്സിന്റെ പ്രശ്നവും പ്രധാനംതന്നെ. ജീവനുള്ള രാഷ്ട്രീയം പഠിക്കാനും പഠിപ്പിക്കാനുമുള്ള ഉപകരണമാണ് പുസ്തകം. കേരളത്തിലേതുപോലെ പത്രവും പുസ്തകവും വായനശീലമാക്കിയ മറ്റൊരു സംസ്ഥാനമില്ല. ഫെയ്സ്ബുക്കിന്റെയും  വാട്സാപ്പിന്റെയും കാലത്ത് പുസ്‌തകവായന എന്തിനെന്ന് സംശയിക്കുന്നവരുണ്ട്. വായന മനുഷ്യന് പ്രയത്നഫലം നൽകുന്ന കർമമാണ്‌.  നീണ്ട കഷ്ടത നിറഞ്ഞ വഴിയല്ല ജീവിതമെന്ന് പുസ്തകം ഓർമിപ്പിക്കുന്നു.

നമ്മുടെ കുട്ടികൾക്ക് ജീവിതത്തിൽ സുപ്രധാനമായ ചില സങ്കൽപ്പങ്ങളുണ്ടാകണം. ഭാവിയെപ്പറ്റി പ്രതീക്ഷകൾ വളരണം. നിശ്ചയദാർഢ്യവും മനശ്ശക്തിയുംകൊണ്ടേ ഇതെല്ലാം സാധ്യമാകൂ. പുസ്തകവായന മനോഗതിയെ മാറ്റിപ്പണിയുന്ന പ്രക്രിയയാണ്. ശുദ്ധവിചാരങ്ങൾ കൊണ്ടേ ജീവിതത്തിൽ ശുചിത്വമുണ്ടാകൂ എന്ന് കുമാരനാശാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക, അസൂയ, മത്സരം, അക്രമം, കൊല, മദ്യപാനം, പുകവലി തുടങ്ങിയ സാമൂഹ്യശാപങ്ങളിൽനിന്നും വളരുന്ന തലമുറ വിമോചിപ്പിക്കപ്പെടണം.
ഒരു പുസ്തകം കൈവശമുള്ളവനെ സമ്രാട്ട് എന്നാണ് മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചത്. ഭാഗ്യം എന്നാൽ നല്ല പുസ്തകങ്ങളുടെ വായനാനുഭവംതന്നെ. മനസ്സിനെ ഒരു തോട്ടത്തോടും ആശാൻ ഉപമിച്ചിട്ടുണ്ട്. തോട്ടം കാടുപിടിച്ചുകിടക്കരുത്. കാട് വെട്ടിത്തെളിച്ച് നിർമല വിചാരങ്ങൾ നട്ടുപിടിപ്പിക്കണം.


 

വായന മനുഷ്യസഹജമായ വികാരമാണ്. സാമൂഹ്യബന്ധങ്ങളെ ഗുണപ്രദമാക്കിത്തീർക്കാൻ വായന ഉപകരിക്കും.  മനുഷ്യസമൂഹത്തിനുവേണ്ടി പ്രതികരിക്കാൻ പ്രേരണ ചെലുത്തും. പുസ്തകങ്ങൾ കാലത്തിന്റെ തിരുശേഷിപ്പാണ്.  അക്ഷരവും വായനയും മേലാളവർഗത്തിന്റെ മാത്രം കൈയിലൊതുങ്ങിയിരുന്ന ഒരുകാലമുണ്ടായിരുന്നു. ശൂദ്രവിഭാഗത്തിന് വിദ്യ നിഷേധിച്ചകാലം. ആ കാലത്തോട് പടപൊരുതി മാറ്റിയെടുത്തവരാണ് നമ്മുടെ പൂർവികർ. എല്ലാവരും വായിക്കണം, എല്ലാവരും പഠിക്കണം, എല്ലാവരും ജയിക്കണം എന്നത് പുതിയ കേരളത്തിന്റെ നിശ്ചയദാർഢ്യമാണ്. കേരളത്തെ മലയാളികളുടെ മാതൃഭൂമിയാക്കി തീർത്തതിൽ വായനയ്ക്കുള്ള പങ്കും ചെറുതല്ല.

പുസ്തകവായന തന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയത് എങ്ങനെയെന്ന് ഇ എം എസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ ലൈബ്രറിയിൽ എന്നും കയറിച്ചെല്ലുന്ന ഒറ്റക്കുട്ടിയേ ഉണ്ടായിരുന്നുള്ളൂ. അത് ഇ എം എസ് ആണെന്ന് പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയിലിൽ കിടക്കുമ്പോൾ പുസ്തകവായന വളരെ ഫലമുണ്ടാക്കിയതായി എ കെ ജിയും എഴുതിയിട്ടുണ്ട്. മലയാളിയുടെ സാമൂഹ്യജീവിതത്തിലും സാംസ്കാരികബന്ധത്തിലും നവചൈതന്യം പകർന്നുകൊണ്ട് വായന വളരുന്ന കാലമാണ്‌ ഇത്. കാലദേശങ്ങൾ മുറിച്ചുകടക്കാൻ സമൂഹത്തിന് കരുത്തുപകരുന്ന ചില മൂല്യങ്ങളുണ്ട്. സ്വയം പൂർണതയിലേക്ക് നയിക്കുന്ന ചിന്താധാരകളുണ്ട്. ഇന്നലെകൾ ഉൽപ്പാദിപ്പിച്ച വികസിത മനസ്സും വിമോചന ദാഹവുമുണ്ട്. ഇവയെല്ലാം വറ്റിപ്പോകാതെ കാക്കാൻ വായന പ്രയോജനപ്പെടും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top