07 August Friday

ആ വഴിയിലേക്ക്‌ നടക്കരുത്‌ - തൊഴിൽ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

മയക്കുമരുന്നുകൾ അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം സൃഷ്ടിക്കുന്ന മാരകവിപത്തിനെതിരെ സമൂഹം ഒരുമിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് -ലഹരിവിരുദ്ധദിനം ആചരിക്കുകയാണ്. കോവിഡ്–-19  നമ്മുടെ സാമൂഹ്യജീവിതത്തിലും ലോകക്രമത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഈ മഹാമാരിക്കിടയിലും ഇന്നത്തെ ദിവസത്തിന് വളരെയേറെ പ്രസക്തിയുണ്ട്. ‘മികച്ച കരുതലിന് മികച്ച അറിവ്' (ബെറ്റർ നോളജ് ഫോർ ബെറ്റർ കെയർ) എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ആശയമായി ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവച്ചിട്ടുള്ളത്. ലഹരിയുടെ ദുരുപയോഗം സംബന്ധിച്ച ശരിയായ അറിവ് കുട്ടികൾക്കും യുവാക്കൾക്കും നൽകി അവരുടെ ശാരീരികവും മാനസികവുമായ വളർച്ച സുരക്ഷിതമാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ആസക്തിയിലേക്ക് വഴുതിവീഴാതെ യുവതലമുറയെ ജീവിതത്തിന്റെ ലഹരിയിലേക്ക് നയിക്കാനുതകുന്ന പദ്ധതികൾ ലഹരിവർജനമിഷൻ, വിമുക്തി മുഖേന സർക്കാർ നടപ്പാക്കിവരികയാണ്.

ലഹരിവിപത്തിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടതിന്റെയും ആരോഗ്യത്തിനും ഭരണനിർവഹണത്തിനും അവ ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിന് അന്താരാഷ്ട്രസഹകരണം വളർത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യം ഈ ദിനം ഓർമിപ്പിക്കുന്നു. ലഹരിപദാർഥങ്ങളുടെ ഉപയോഗം വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാൻമാരാകുകയും ലഹരിവിപത്തിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യുന്നത്  നമ്മുടെ കടമയായി മാറണം. കോവിഡ്–-19 ലോകജനതയെ വലിയതോതിൽ ബാധിച്ചു. കടുത്ത മാനസികസംഘർഷങ്ങളുടെ നടുവിലകപ്പെട്ടവരെ ലഹരിയുടെ വഴിയിലേക്ക് നയിക്കാനുള്ള നീക്കം മാഫിയയുടെ ഭാഗത്തുനിന്ന് സ്വാഭാവികമായും ഉണ്ടാകുമെന്ന് ഗൗരവത്തോടെ കാണണം. 

ഈ വർഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വിദ്യാർഥികൾക്കായി 26നും 27നും ഓരോ മണിക്കൂർ ദൈർഘ്യമുള്ള ബോധവൽക്കരണപരിപാടികൾ സംപ്രേഷണം ചെയ്യുകയാണ്. അഞ്ചാം ക്ലാസ് മുതൽ എട്ടുവരെയും ഒമ്പതാം ക്ലാസ് മുതൽ 12 വരെയും രണ്ട് സെഷനിലായാണ് ബോധവൽക്കരണപരിപാടി. ഇതോടൊപ്പം രക്ഷാകർത്താക്കൾക്കും അധ്യാപകർക്കുമായി  പ്രത്യേക സെഷനുകളും  ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളെയും യുവാക്കളെയും ലഹരിക്കെതിരെ അണിനിരത്തി ഓൺലൈൻ മത്സരങ്ങളും  സംഘടിപ്പിക്കുന്നുണ്ട്. "ജീവിതംതന്നെ ലഹരി'- എന്ന വിഷയം അടിസ്ഥാനമാക്കി ഹ്രസ്വചിത്രമത്സരം, ട്രോൾ മത്സരം, കഥ, കവിതാ രചനമത്സരം  തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്.


 

"ലഹരിവർജനത്തിലൂടെ ലഹരിമുക്ത നവകേരളം'എന്ന സന്ദേശമാണ് നാം ഉയർത്തുന്നത്. മയക്കുമരുന്നുകൾ അടക്കമുള്ള ലഹരിവസ്തുക്കൾ അതിന് അടിമപ്പെടുന്നവരെ നാശത്തിലേക്കാണ് നയിക്കുക. ശാരീരികവും മാനസികവുമായി തകരും. ആരോഗ്യം ക്ഷയിച്ച് വ്യക്തിജീവിതം തകരുന്നതോടെ അവരുടെ കുടുംബവും തകർച്ചയിലേക്ക് നീങ്ങും. അത് സമൂഹത്തെയാകെ ദുർബലമാക്കും. എത്രയോ കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ലഹരിവിപത്ത് കവർന്നെടുത്തത്. മയക്കുമരുന്നിനും മറ്റ് ലഹരിപദാർഥങ്ങൾക്കും അടിമകളായി ജീവിതം തകർന്ന നിരവധി യൗവനങ്ങളുണ്ട്. തെറ്റായ പ്രവണതകൾക്ക്  അടിമപ്പെടുന്നതോടെ ജീവിതത്തിന്റെ ഗതി മാറിപ്പോകുന്നു. കുട്ടികളെ എളുപ്പത്തിൽ സ്വാധീനിക്കാനും പ്രലോഭനങ്ങൾക്ക് കീഴടക്കാനും കഴിയുമെന്ന് കണ്ടാണ് ലഹരിവിതരണക്കാർ വിദ്യാലയങ്ങൾക്കു ചുറ്റും വലവീശുന്നത്. പലരൂപത്തിലുള്ള ലഹരിപദാർഥങ്ങൾ കേരളത്തിലെത്തുന്നുണ്ട്. നടപടി ശക്തമായതുകൊണ്ടുതന്നെ വിതരണത്തിന് ലഹരിക്കച്ചവടക്കാർ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നുമുണ്ട്. മറ്റുള്ളവരുടെ പ്രേരണയിൽ വെറും  കൗതുകത്തിനുവേണ്ടി ലഹരിപദാർഥങ്ങൾ ഉപയോഗിച്ച് പതിയെ അതിന് അടിമപ്പെടുന്ന പ്രവണതയാണ് വിദ്യാർഥികളിൽ പൊതുവെ കണ്ടുവരുന്നത്. ഇത് തടയാൻ കഴിയണം.  തെറ്റായ ശീലങ്ങൾക്ക് വഴിപ്പെടാതെ നല്ല മാതൃകകളായി വിദ്യാർഥികളും യുവാക്കളും വളരുക എന്നതുതന്നെയാണ് പ്രധാനം. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്ക് ഏറെ ചെയ്യാനുണ്ട്. മുതിർന്നവർ അതിൽനിന്ന് മുക്തരാണെങ്കിലേ പുതുതലമുറയെ അവർക്ക് ഉപദേശിക്കാനും നല്ല പൗരന്മാരായി വളർത്തിയെടുത്ത് സമൂഹത്തിന് മുതൽക്കൂട്ടാക്കാനും കഴിയൂ.

രക്ഷിതാക്കൾ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും സന്തോഷങ്ങളും കേൾക്കാനും പങ്കിടാനും സന്നദ്ധരാകുകയും വേണം.  കോവിഡ് രോഗബാധയും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ കുടുംബാംഗങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം ഒന്നിച്ചുചേരുകയും അടുത്തറിയുകയും ചെയ്ത കാലംകൂടിയാണിത്. ലഹരി മാഫിയക്കെതിരെ കർശനമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിലും പിടിച്ചെടുക്കുന്ന അളവിലും വൻവർധനയുണ്ടായി. നാലുവർഷത്തിനിടയിൽ 64,000ത്തോളം അബ്കാരി കേസും 24,000ത്തോളം എൻഡിപിഎസ് കേസുകളും രജിസ്റ്റർ ചെയ്തു. ഇത് എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിലെ റെക്കോഡാണ്.  വലിയ തോതിൽ മയക്കുമരുന്നും വ്യാജമദ്യവും മറ്റ് ലഹരിപദാർഥങ്ങളും പിടിച്ചെടുത്തു. മൂന്ന് സ്‌പെഷ്യൽ സ്ക്വാഡിനുപുറമെ എക്‌സൈസ് കമീഷണറുടെ നിയന്ത്രണത്തിൽ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്കൂടി രൂപീകരിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് ജോയിന്റ് എക്‌സൈസ് കമീഷണറുടെ നേതൃത്വത്തിൽ എക്‌സൈസ് ക്രൈംബ്രാഞ്ചും രൂപീകരിച്ചു. 

കോവിഡ്–-19നെത്തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ സന്ദർഭത്തിൽ വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നടപടിയാണ് സംസ്ഥാനസർക്കാർ സ്വീകരിച്ചത്. മദ്യവിൽപ്പനശാലകളും ബാറുകളും അടഞ്ഞുകിടന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാജമദ്യഭീഷണി ഉയർന്നിരുന്നു. ഫലപ്രദമായ ഇടപെടലാണ് ഇക്കാര്യത്തിൽ എക്‌സൈസ് വകുപ്പ് നടത്തിയത്. വ്യാജമദ്യലോബിക്കും മയക്കുമരുന്ന് കടത്തുകാർക്കുമെതിരെ  കർശന നടപടി കൈക്കൊണ്ടു. എംഡിഎംഎ, ചരസ്, എൽഎസ്ഡി, ഹാഷിഷ് ഓയിൽ, ലഹരിഗുളികകൾ എന്നിവയും പിടിച്ചെടുക്കുകയുണ്ടായി. എക്‌സൈസ് സേനാംഗങ്ങളുടെ ജാഗ്രതകൊണ്ടാണ് ലോക്ഡൗൺ കാലയളവിൽ വ്യാജമദ്യദുരന്തം ഒഴിവാക്കാൻ കഴിഞ്ഞത്.

മദ്യത്തിന് അടിമപ്പെട്ടവർ ജീവനൊടുക്കുന്ന ദാരുണമായ അനുഭവങ്ങൾ ലോക് ഡൗൺ കാലത്തുണ്ടായി. ആൽക്കഹോളിന്റെ അളവ് കൂടുതലുള്ള സാനിറ്റൈസർ മദ്യത്തിനു പകരമായി ഉപയോഗിച്ചവർ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടുന്നത്. ലഹരി ഉപയോഗം രോഗമായി മാറിയതിന്റെ ദുരന്തഫലമാണ് ഇത്തരം സംഭവങ്ങൾ. ലഹരിക്കടിമപ്പെട്ടവരെ അതിൽനിന്ന് മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യമാണ് ഈ സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്.  മദ്യം ലഭിക്കാത്തതുമൂലം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ കാരണം ഡീ അഡിക്‌ഷൻ സെന്ററുകളിൽ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം ലോക്ഡൗൺ കാലത്ത് വർധിച്ചു. ലോക്ഡൗൺ നിലവിൽ വന്നശേഷം  3047 പേരാണ് ഡീ അഡിക്‌ഷൻ കേന്ദ്രങ്ങളിൽ എത്തിയത്. കേന്ദ്രഗവൺമെന്റിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലയിൽ മാതൃകാ ഡീ അഡിക്‌ഷൻ സെന്റർ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

എക്‌സൈസ് വകുപ്പും പൊലീസും ശക്തമായ നടപടിയെടുക്കുന്നുണ്ട്.  ലഹരിവർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.   "നാളത്തെ കേരളം ലഹരിമുക്ത നവകേരളം' എന്ന സന്ദേശവുമായി തീവ്രയത്ന ബോധവൽക്കരണ കർമപദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിരുന്നു. ഈ ക്യാമ്പയിൻ ശക്തമായി തുടരും. ലഹരിവിപത്തിനെതിരെ പൊരുതി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുമെന്ന് ലഹരിവിരുദ്ധദിനത്തിൽ പ്രതിജ്ഞയെടുക്കാം. ലഹരിമുക്ത സമൂഹം സമഗ്രവികസനത്തിന്റെയും ജനക്ഷേമത്തിന്റെയും അതിജീവനത്തിന്റെയും പാതയിലൂടെ നവകേരളം സൃഷ്ടിക്കാനുള്ള ദൗത്യത്തിന് കരുത്തുപകരും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top