18 June Friday

സ്ത്രീകൾ ഉറപ്പിച്ചു; ചരിത്രം വഴിമാറി - പി എസ് ശ്രീകല എഴുതുന്നു

പി എസ് ശ്രീകലUpdated: Monday May 10, 2021

പതിനഞ്ചാം കേരള നിയമസഭയിലേക്ക് 99 സീറ്റുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണല്ലോ. 74.06 ശതമാനം വോട്ടർമാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഐക്യകേരളപ്പിറവിക്കുശേഷം അധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു മുന്നണിയും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ അനുഭവം കേരളത്തിനില്ല. അതുകൊണ്ട് ഈ വിജയം ചരിത്രപരമായി പ്രാധാന്യമർഹിക്കുന്നു. എന്തുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് എന്നതുസംബന്ധിച്ച് നിരവധി വിശകലനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധയർഹിക്കുന്ന ഒരു ഘടകമാണ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ത്രീകളുടെ നിർണായകമായ പങ്ക്.

കേരളത്തിലെ ജനസംഖ്യയിലെന്നപോലെ വോട്ടർമാരിലും സ്ത്രീകളാണ് കൂടുതൽ. (2011 ലെ സെൻസസ് പ്രകാരം, ആകെ ജനങ്ങൾ 3,34,06,061, സ്ത്രീകൾ 1,73,78,649). ആകെ വോട്ടർമാരായ 2,67,31,509 പേരിൽ 1,37,79,263 പേർ സ്ത്രീകളാണ്. സ്ത്രീ വോട്ടർമാരിൽ നാൽപ്പതിനും നാൽപ്പത്തൊമ്പതിനുമിടയിൽ പ്രായമുള്ളവരാണ് കൂടുതൽ 30,71,238. അതായത്, കേരളത്തിന്റെ പൊതുസ്വഭാവം കണക്കിലെടുക്കുമ്പോൾ, കുടുംബം നോക്കിനടത്തുന്നവരാണ് സ്ത്രീവോട്ടർമാരിൽ അധികവും എന്നർഥം. ജനാധിപത്യസംവിധാനത്തിലെ ഒരു പ്രധാനപ്രക്രിയയായ വോട്ടെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗം ജനങ്ങൾ സ്ത്രീകളായിരുന്നു എന്നതിന്, ആര് ഭരിക്കണം എന്ന തീരുമാനമെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്ത്രീകൾ നിർണായകമായി സ്വാധീനിച്ചു എന്നുകൂടി അർഥമുണ്ട്.

എന്തുകൊണ്ടാണ് ഇത്തവണ തുടർഭരണം ഉണ്ടാകണമെന്ന് കേരളത്തിലെ സ്ത്രീകൾ തീരുമാനിച്ചത്? പ്രകടനപത്രികയിലെ തൊണ്ണൂറ്റിയൊമ്പതു ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കിയ ഒരു സർക്കാരായിരുന്നു പിണറായി വിജയൻ നേതൃത്വം നൽകിയ ഇടതുമുന്നണി സർക്കാർ. ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് അക്കാര്യം സുതാര്യമായി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്ന കൃത്യമായ സമീപനമാണ് അക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചത്. പ്രകടനപത്രികയിൽ പറഞ്ഞതനുസരിച്ച് വനിതാ ശിശുക്ഷേമവകുപ്പ് തുടങ്ങുകയും അതിന്റെ പ്രവർത്തനങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമേകത്തക്കവിധം ആരംഭിക്കുകയും ചെയ്തു എന്നത് പ്രകടനപത്രിക ശ്രദ്ധിക്കുന്നവരിലും സർക്കാരിന് അനുകൂലമായ താൽപ്പര്യം ജനിപ്പിച്ചിരിക്കണം. എന്നാൽ, കേരളത്തിലെ ബഹുഭൂരിഭാഗം സാധാരണക്കാരായ സ്ത്രീകളെ സംബന്ധിച്ച്, പ്രോഗ്രസ് റിപ്പോർട്ടോ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളോ അവ എത്രമാത്രം പാലിക്കപ്പെട്ടുവെന്നതോ പ്രഥമ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല. കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബാംഗങ്ങളുടെ ആരോഗ്യവും അവർക്ക് പ്രധാനമാണ്.


 

"രാവിലെയമ്മ കുളിപ്പിക്കും/പുത്തനുടുപ്പുകളിടുവിക്കും/അമ്മ വിളമ്പിയ ചോറുണ്ണാൻ എന്തൊരു രുചിയാണാഹാഹാ' എന്നിങ്ങനെ കുട്ടിയെ പരിപാലിക്കേണ്ടത് പൂർണമായും അമ്മയാണ് എന്ന പാഠം പഠിച്ചുവന്ന അമ്മയും അതുതന്നെ പഠിച്ചുകൊണ്ടേയിരിക്കുന്ന കുട്ടികളും ഉൾപ്പെടുന്നതാണ് നമ്മുടെ സമൂഹം. കുട്ടിയുടെ കാര്യത്തിൽ ഏറ്റവുമധികം വേവലാതിപ്പെടേണ്ടത് താനാണ് എന്ന് ഓരോ അമ്മയും ധരിച്ചിരിക്കുന്നതാണ് നമ്മുടെ പൊതുബോധം. അതുസംബന്ധിച്ച വിശകലനത്തിന് ഇവിടെ മുതിരുന്നില്ല. അതൊരു യാഥാർഥ്യമായി നിലനിൽക്കുന്നുവെന്ന് സൂചിപ്പിച്ചുവെന്നേയുള്ളൂ. പൊട്ടിപ്പൊളിഞ്ഞ ബെഞ്ചും ഡെസ്കും ഇടിഞ്ഞുപൊളിഞ്ഞ ക്ലാസ് മുറികളും ചോർന്നൊലിക്കുന്ന സ്കൂൾ കെട്ടിടങ്ങളും ചേർന്നതാണ് പൊതുവിദ്യാലയങ്ങൾ എന്ന ധാരണ ഉറച്ചുപോയ സമൂഹമായിരുന്നു നമ്മുടേത്. പാഠപുസ്തകങ്ങൾ കൃത്യമായി ലഭിക്കാതിരിക്കുക എന്നത് ഒരു ശീലമായി സമൂഹം ഉൾക്കൊണ്ടുകഴിഞ്ഞിരുന്നു. അവിടേക്കാണ് മികച്ച ഭൗതികസൗകര്യങ്ങളും മെച്ചപ്പെട്ട പഠനനിലവാരവും ഹൈടെക് ക്ലാസ് മുറികളും അധ്യയനവർഷം തുടങ്ങും മുമ്പുതന്നെ പുത്തൻ പാഠപുസ്തകങ്ങളുമായി പുതിയൊരു വിദ്യാലയസംസ്കാരം യാഥാർഥ്യമായത്. അമ്മമാർ എന്നനിലയിൽ സ്ത്രീകളെ ഇത് എത്രമാത്രം ആശ്വസിപ്പിച്ചിരിക്കാം എന്ന് ഊഹിക്കാവുന്നതാണ്.

ഇതുപോലെതന്നെ, മികച്ച സംവിധാനങ്ങളോടെ, മുഴുവൻ സമയവും ഡോക്ടർമാരുടെ സാന്നിധ്യമുള്ള പ്രൈമറി ഹെൽത്ത് സെന്ററുകളും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്ന താലൂക്ക് ജില്ലാ ആശുപത്രികളും ലോകോത്തരനിലവാരം പുലർത്തുന്ന മെഡിക്കൽ കോളേജുകളും ഇവിടെ യാഥാർഥ്യമായി. രോഗികളുടെ (പുരുഷനോ സ്ത്രീയോ ആകട്ടെ) പരിചാരകരായും കൂട്ടിരിപ്പുകാരായും സഹായികളായും ആശുപത്രികളിലെത്തുന്നവരിൽ കൂടുതലും സ്ത്രീകളാണല്ലോ. നേരിൽ കണ്ടതും അനുഭവിച്ചതുമായ ഈ സൗകര്യങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നും അവയൊക്കെ സാധ്യമാണെന്നും ബോധ്യപ്പെടാൻ സ്ത്രീകൾക്ക് മറ്റാരുടെയും സഹായം ആവശ്യമായി വന്നില്ല. അതുകൊണ്ടുതന്നെ അവരെ തെറ്റിദ്ധരിപ്പിക്കാനും ആർക്കുമായില്ല. അതിന്റെ പ്രതിഫലനമാണ് ജനാധിപത്യപ്രക്രിയയിലൂടെ അവർ പ്രകടിപ്പിച്ചത്.

മറ്റൊന്ന്, മതന്യൂനപക്ഷങ്ങൾക്ക് പൊതുവിലും അവയിൽപ്പെടുന്ന സ്ത്രീകൾക്ക് വിശേഷിച്ചും ഒരു സവിശേഷ സാഹചര്യത്തിൽ ലഭിച്ച ആശ്വാസമാണ്. ഇന്ത്യയിൽ പതിറ്റാണ്ടുകളുടെയോ നൂറ്റാണ്ടുകളുടെയോ പാരമ്പര്യമുള്ള കുടുംബങ്ങൾക്ക്, ന്യൂനപക്ഷ മതവിഭാഗമായതുകൊണ്ടുമാത്രം ഈ നാട്ടിൽനിന്ന് പലായനം ചെയ്യേണ്ടിവരുമെന്ന ആശങ്ക നിസ്സാരമല്ല. കേരളത്തിൽ ജീവിക്കുന്നവർക്ക് ആ ആശങ്ക വേണ്ടെന്ന ഉറപ്പാണ് പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽനിന്ന് അവർക്ക് ലഭിച്ചത്. വേരുറപ്പിച്ച മണ്ണിൽനിന്ന് പിഴുതെറിയപ്പെടുന്ന അവസ്ഥ കേരളത്തിലുണ്ടാകില്ലെന്ന ഉറപ്പായിരുന്നു അത്.

പ്രകടനപത്രിക തയ്യാറാക്കുമ്പോൾ ഉണ്ടായിരുന്ന സാഹചര്യമല്ല പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയശേഷം കേരളത്തിലുണ്ടായിരുന്നത്. എല്ലാവർക്കുമറിയുന്നപോലെ രണ്ടു പ്രളയം, നിപാ വൈറസിന്റെ വ്യാപനം, ഓഖി എന്ന കടൽക്ഷോഭം, കോവിഡ് എന്ന മഹാമാരി തുടങ്ങിയവയ്ക്കു നടുവിലായിരുന്നു കേരളം. സാമാന്യ ജനങ്ങളുടെ നിത്യജീവിതത്തെ തകർക്കുംവിധം ദുരന്തങ്ങളുടെ കാലമായിരുന്നു അത്. മുന്നൊരുക്കങ്ങളോ മുന്നറിയിപ്പോ പോലുമില്ലാതെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ കുടുംബം പോറ്റാനായി തൊഴിലുറപ്പിനും മത്സ്യവിൽപ്പനയ്ക്കും വീട്ടുജോലിക്കും മറ്റു കൂലിപ്പണിക്കും നിർബന്ധിതരാകുന്ന സ്ത്രീകൾക്കുമേൽ വലിയ ആഘാതമാണ് ഏൽപ്പിച്ചത്. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഭക്ഷ്യക്കിറ്റു നൽകിയും സ്കൂൾ പൂട്ടിയിരുന്ന സാഹചര്യത്തിൽപ്പോലും കുട്ടികൾക്ക് പോഷകാഹാരവും അരിയും വീട്ടിലെത്തിച്ചുനൽകിയും സർക്കാർ ഒപ്പം നിന്നത് കേരളത്തിലെ സ്ത്രീകൾക്ക് മറക്കാനാകില്ലല്ലോ. കെടുതികളുടെ ദിനങ്ങളിൽ തീ പുകയാത്ത അടുക്കളകളും വിശന്നുപൊരിയുന്ന വയറുകളും ഉണ്ടായിരുന്നില്ലെന്നത് ഏറ്റവുമധികം ആശ്വസിപ്പിച്ചത് സ്ത്രീകളെയാണ്.


 

ദൈനം ദിനജീവിതത്തിൽ പുലരിയെയും അന്തിയെയും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്നവരാണ് സ്ത്രീകളിലേറെയും. പട്ടിണിയും വിശപ്പുമറിയാതെ സ്വന്തം കുടുംബാംഗങ്ങൾ ഉറങ്ങണം എന്ന് ചിന്തിക്കുന്നവരാണ് അവർ. അവരുടെമാത്രം ആശങ്കയും വേവലാതിയുമായിരുന്ന ഈ ചിന്ത, പങ്കിട്ടെടുക്കാൻ, അല്ലെങ്കിൽ, പൂർണമായും ഏറ്റെടുക്കാൻ ഒരു സംവിധാനം ഉണ്ടായിരിക്കുന്നു എന്നത് അവരെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചിട്ടുള്ളത്. അവരുടെ ജീവിതത്തിൽ ആ സംവിധാനത്തിന്റെ സ്പർശം അവർ അനുഭവിക്കുകയായിരുന്നു. ആ സംവിധാനത്തെ അവർ പിണറായിസർക്കാർ എന്ന് തിരിച്ചറിഞ്ഞു. ജനഹിതം അറിയാൻ തെരഞ്ഞെടുപ്പിനുമുമ്പ് സ്ത്രീകളെ സമീപിച്ച ദൃശ്യമാധ്യമപ്രവർത്തകരോട് പ്രായമേറിയ സ്ത്രീകൾ ഉൾപ്പെടെ "ഞങ്ങൾക്ക് ഈ സർക്കാരല്ലാതെ മറ്റാരുമില്ല' എന്ന് വിതുമ്പലോടെ പറഞ്ഞ വാക്കുകൾക്ക് ആദ്യമായി കേരളം സാക്ഷിയാകുകയായിരുന്നു.

ഇടതുപക്ഷ സ്ഥാനാർഥികളായി ജനവിധി തേടിയ സ്ത്രീകളിൽ മഹാഭൂരിഭാഗത്തെയും വിജയിപ്പിക്കാൻ ജനങ്ങൾ/സ്ത്രീകൾ തീരുമാനിച്ച സാഹചര്യവും ഇവിടെ ശ്രദ്ധേയമാകുന്നു. അതിലൂടെയാണ് ആകെയുള്ള പതിനൊന്ന് സ്ത്രീകളിൽ പത്തുപേർ ഇടതുപക്ഷത്തുനിന്ന് നിയമസഭയിലെത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമസഭാചരിത്രത്തിൽ പതിമൂന്നു (1996) പേരിലധികം സ്ത്രീകൾ നിയമസഭയിൽ പ്രതിനിധികളായി ഉണ്ടായിരുന്നിട്ടില്ല. അക്കൂട്ടത്തിൽ ഇടതുപക്ഷത്തിന് ഇത്രമേൽ സ്ത്രീപ്രാതിനിധ്യം ഉണ്ടായിരുന്നില്ലെന്നതും കാണണം.

ഇതൊക്കെയും വ്യക്തമാക്കുന്നത് കേരളത്തിലെ സ്ത്രീകളുടെ ഉറച്ച തീരുമാനത്തിനുമുന്നിൽ കേരള നിയമസഭയുടെ ഇതുവരെയുള്ള ചരിത്രം വഴിമാറിക്കൊടുക്കുകയായിരുന്നു എന്നുതന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top