31 October Saturday

മഹിളകളുടെ ഐക്യ പ്രക്ഷോഭം - അഡ്വ. പി സതീദേവി എഴുതുന്നു

അഡ്വ. പി സതീദേവിUpdated: Thursday Aug 27, 2020

രാജ്യത്തെ അതിസങ്കീർണമായ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ സ്ത്രീ ജീവിതത്തെയാകെ ദുരിതപൂർണമാക്കി മാറ്റുമ്പോൾ മഹിളാ സംഘടനകൾ ( എഐഡിഡബ്ല്യൂഎ, എൻഎഫ്‌ഐഡബ്ല്യു, എഐഎംഎസ്‌എസ്‌, പിഎംഎസ്‌, എഐഎംഎസ്‌, എഐപിഡബ്ല്യൂഎ) യോഗം ചേർന്ന്‌ ദേശവ്യാപകമായി 28ന് പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന സ്ത്രീവിരുദ്ധ സമീപനങ്ങൾക്കെതിരായും സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കും മോഡി സർക്കാരിന്റെ സ്വേച്ഛാധിപത്യപരവും വർഗീയവും ന്യൂനപക്ഷ വിരുദ്ധവുമായ സമീപനങ്ങൾക്കുമെതിരെയാണ് സ്ത്രീകളുടെ പ്രക്ഷോഭം.

കോവിഡ് ‐19 വ്യാപനത്തെ തുടർന്ന് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഫലമായി സ്ത്രീകൾക്കെതിരായ വിവേചനങ്ങളും അരികുവൽക്കരിക്കപ്പെടലുകളും വ്യാപകമായി. നിത്യകൂലിക്കാരായ സ്ത്രീതൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായി. ലോക്ഡൗൺ മാനദണ്ഡങ്ങൾ സ്ത്രീകളുടെ തൊഴിലവസരങ്ങളെ കുറച്ചിരിക്കുകയാണ്. സ്ത്രീകൾ കുടുംബനാഥകളായ കുടുംബങ്ങൾ പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും ഫലമായുള്ള ദുരിതങ്ങൾ നേരിടുകയാണ്. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നത് കാരണം കുട്ടികൾക്കുള്ള പോഷകാഹാര ലഭ്യത ഇല്ലാതാക്കി. രോഗം പിടിപെട്ടാൽ ആശുപത്രികളിൽ അഭയം പ്രാപിക്കാൻ കഴിയാത്ത അവസ്ഥ, കോവിഡ് രോഗികളെമാത്രം പ്രവേശിപ്പിക്കുന്ന സ്ഥിതിയിലേക്ക് ആശുപത്രികൾ പ്രവർത്തിക്കുമ്പോൾ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ വിവരണാതീതമായിരിക്കുന്നു. വയോജനപരിപാലനവും, രോഗീപരിചരണവും കുട്ടികളുടെ പരിപാലനവുമെല്ലാം സ്ത്രീയുടെ ഉത്തരവാദിത്തമായി കാണുന്ന സാമൂഹ്യ ചുറ്റുപാടിൽ ഇന്ത്യൻ സ്ത്രീയുടെ ജീവിതം ഈ കോവിഡ് കാലത്ത് നരകതുല്യമായി. നമ്മുടെ രാജ്യത്ത് വീടുകളുടെ അകത്തളങ്ങളിൽ സ്ത്രീയുടെ ഉത്തരവാദിത്തങ്ങൾ പുരുഷന്മാരുടേതിനേക്കാൾ പത്തിരട്ടിയായി വർധിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതെല്ലാം കൂലിയില്ലാ വേലകളുമാണ്.


 

വർഷങ്ങളായുള്ള പോരാട്ടങ്ങളിലൂടെ സ്ത്രീസമൂഹം നേടിയെടുത്ത അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. ഭക്ഷണ ലഭ്യത ഉറപ്പുവരുത്താൻ തയ്യാറാകാത്ത നയങ്ങളുടെ ഫലമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 53ശതമാനം സ്ത്രീകൾ വിളർച്ചാ രോഗം ബാധിച്ചവരായി കണക്കാക്കപ്പെടുന്നു. 5 വയസ്സിന് ചുവടെയുള്ള 36ശതമാനം കുട്ടികളും തൂക്കക്കുറവുള്ളവരാണ്. ഇപ്പോൾ ലോക്‌ഡൗണിൽ ഉള്ള ജോലിപോലും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു.

സംയുക്ത മഹിളാ സംഘടനകൾ കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടത്
കോവിഡ് മഹാമാരിയുടെ പ്രത്യാഘാതം സ്ത്രീ ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ സർക്കാർതല കമ്മിറ്റി രൂപീകരിച്ച് പ്രശ്ന പരിഹാരങ്ങളായുള്ള നിർദേശം സമർപ്പിക്കുക. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കമ്മിറ്റികളിലും ടാസ്ക് ഫോഴ്സുകളിലും 50ശതമാനം സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകൃതമായ കോവിഡ് പ്രതിരോധ ടാക്സ് ഫോഴ്സിൽ 50ശതമാനം വനിതാ പ്രതിനിധികൾക്ക് നൽകുക.

ഭക്ഷ്യസുരക്ഷ
പോഷകാഹാരക്കുറവും പട്ടിണി മരണങ്ങളും ഇല്ലാതാക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുക. ലോക്‌ഡൗൺ കഴിയുന്നതുവരെ റേഷൻകാർഡ് ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ വേർതിരിവ് ഇല്ലാതെ എല്ലാ കുടുംബങ്ങൾക്കും 10 കിലോഗ്രാം ധാന്യങ്ങൾ, പരിപ്പ്, ഭക്ഷ്യ എണ്ണ തുടങ്ങിയ അത്യാവശ്യസാധനങ്ങൾ ലഭ്യമാക്കുക.

എല്ലാ പഞ്ചായത്തുകളിലും വാർഡുതലത്തിൽ സമൂഹ അടുക്കളകൾ സ്ഥാപിച്ച് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വൃദ്ധജനങ്ങൾ സ്‌കൂൾ വിദ്യാർഥികൾ, കുഞ്ഞുകുട്ടികൾ എന്നിവർക്ക് ഭക്ഷണം ഉറപ്പുവരുത്തുക. പ്രസവാനുകൂല്യം എന്ന നിലയിൽ സ്ത്രീകൾക്ക് നൽകാൻ ബാധ്യതപ്പെട്ട 6000 രൂപ ഒറ്റത്തവണയായി നൽകുക. റേഷൻ ആനുകൂല്യങ്ങളും പെൻഷനും ആധാർ ലിങ്ക് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുക.

ആരോഗ്യം
ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ആശ, അങ്കണവാടി വർക്കർമാർ എന്നിവരുടെ സേവനത്തെ അംഗീകരിച്ച് ആ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നവരെ ആരോഗ്യമേഖലയിൽ തൊഴിലാളികളായി പരിഗണിക്കുക. പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ആരോഗ്യ പരിരക്ഷയ്‌ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തുക. സർക്കാർ ആശുപത്രികൾ സ്വകാര്യമേഖലയ്ക്ക് വിട്ടു നൽകാതിരിക്കുക. ജിഡിപിയുടെ 6ശതമാനം ആരോഗ്യമേഖലയ്ക്കായി നീക്കിവയ്ക്കുക. ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക. കോവിഡ് ‐19 രോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്താതിരിക്കുക.

വിദ്യാഭ്യാസമേഖല
എല്ലാ വിദ്യാർഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുക. വിദ്യാഭ്യാസമേഖലയിൽനിന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുക. ചേരിപ്രദേശങ്ങളിൽ ഉള്ളവർ, ഒറ്റമുറികളിൽ കഴിയുന്നവർ, ഷെൽറ്റർ ഹോമുകൾ തുടങ്ങിയ കേന്ദ്രങ്ങളിലുള്ള കുട്ടികൾ എന്നിവർക്ക് വിദ്യുച്ഛക്തിയും വിദ്യാഭ്യാസ സൗകര്യങ്ങളും സജ്ജമാക്കുക. ജിഡിപിയുടെ എട്ട് ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കാൻ തയ്യാറാവുക.

സാമൂഹ്യസുരക്ഷ
സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക. ലോക്‌ഡൗൺ കാലയളവിൽ ജീവനോപാധികൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും സാമൂഹ്യമായി ഏറ്റവും പിന്നിലുള്ള കുടുംബങ്ങൾക്കും പതിനായിരം രൂപയുടെ സാമ്പത്തിക സഹായം നൽകുക. ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് (60ശതമാനം സ്ത്രീകളാണ്) പ്രതിമാസം പതിനായിരം രൂപ വീതം സാമ്പത്തിക സഹായം നൽകുക.

തൊഴിൽ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള തൊഴിലാളികളുടെ പ്രതിദിന വേതനം 600 രൂപയാക്കുകയും സമയബന്ധിതമായി കൂലി നൽകുകയും ചെയ്യുക. പിഎംജിആർഎയിൽ 50ശതമാനം സ്ത്രീസംവരണം ഉറപ്പുവരുത്തുക, നഗരപ്രദേശത്ത് 50ശതമാനം സ്ത്രീസംവരണത്തോടെ പ്രാവർത്തികമാക്കുക. നഗരപ്രദേശത്ത് തൊഴിൽ രഹിതരായ മുഴുവൻ പേർക്കും തൊഴിൽ ഉറപ്പുവരുത്തുക, തൊഴിൽ ലഭ്യമാകുന്നതുവരെ 10,000 രൂപയുടെ ധനസഹായം ഉറപ്പുവരുത്തുക.

കുടിയേറ്റ തൊഴിലാളികൾക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച വാടകവീടുകൾ 50ശതമാനം സ്ത്രീതൊഴിലാളികൾക്ക് ലഭ്യമാക്കുക. വനിതാ കർഷകർ, സ്വയം സഹായ സംഘങ്ങൾ എന്നിവ ലോക്‌ഡൗൺ കാലയളവിൽ സ്വയം സഹായ സംഘങ്ങളിൽനിന്ന് എടുത്ത വായ്പകളുടെ പലിശ ഇളവു ചെയ്യുക. സ്വയം സഹായ സംഘങ്ങൾക്കും വനിതാ കർഷകർക്കും (മത്സ്യം വളർത്തൽ, മൃഗപരിപാലനം) പലിശരഹിത വായ്പകൾ ഉറപ്പുവരുത്തുക. സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളെ പണമിടപാടു സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും ചൂഷണങ്ങളിൽ നിന്ന് രക്ഷിക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിന്ന് രക്ഷിക്കുക, നിർഭയ ഫണ്ട് ദുരുപയോഗം ചെയ്യാതിരിക്കുക. സ്ത്രീശാക്തീകരണത്തിനും ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവരുടെയും പരിരക്ഷയ്‌ക്കായി മാത്രം നിർഭയ ഫണ്ട് ഉപയോഗിക്കുക. കേന്ദ്ര ബഡ്ജറ്റിൽ സ്ത്രീസുരക്ഷാ പദ്ധതികൾക്കായി പ്രത്യേകം ഫണ്ട് അലോട്ട് ചെയ്യുക.

ജനാധിപത്യ അവകാശങ്ങൾ
സർക്കാരിനെ വിമർശിച്ചതിനും അഭിപ്രായപ്രകടനം നടത്തിയതിനും സ്ത്രീകൾക്കും വിദ്യാർഥികൾക്കുമെതിരെ കരിനിയമങ്ങൾ ചുമത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക. ഡൽഹി കലാപത്തിന്റെയും ജാമിയ മിലിയ കലാപത്തിന്റെയും അന്വേഷണത്തിനായി ജുഡീഷ്യൽ എൻക്വയറി പ്രഖ്യാപിക്കുക. കോവിഡ്‐ 19 ന്റെ ഭാഗമായുള്ള എല്ലാ പദ്ധതികളും സ്ത്രീസൗഹൃദപരമാക്കുക. വനിതാ സംവരണ ബിൽ പാസാക്കുക. മേൽ ആവശ്യങ്ങൾ മുൻ നിർത്തി ദേശീയാടിസ്ഥാനത്തിൽ നടക്കുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മഹിളാ സംഘടനകളുടെ സംയുക്ത മുന്നണിയുടെ (എൽഡിഡബ്ല്യൂഎഫ്‌) ആഭിമുഖ്യത്തിലാണ് എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തലങ്ങളിലും ബൂത്ത് തലത്തിൽ ലോക്‌ഡൗൺ മാനദണ്ഡങ്ങൾക്കനുസൃതമായി സാമൂഹ്യ അകലം പാലിച്ച്‌ പ്ലക്കാർഡുകൾ ഉയർത്തി നാലുവീതം സ്ത്രീകൾ പങ്കെടുത്തുകൊണ്ടാണ് സമരം നടക്കുക. കേരളത്തിലെ സർക്കാർ നടത്തുന്ന വനിതാക്ഷേമപദ്ധതികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകേണ്ടതുണ്ട്.

എഐഡിഡബ്ല്യൂഎ, എൻഎഫ്‌ഐഡബ്ല്യൂ, മഹിളാ ജനത (എസ്), മഹിളാ ജനത (എൽ ജെ ഡി), ജനാധിപത്യ കേരള മഹിളാ കോൺഗ്രസ്, നാഷണൽ മഹിളാ ലീഗ്, നാഷണൽ മഹിളാ കോൺഗ്രസ്, മഹിളാ കോൺഗ്രസ് (എസ്), വനിതാ കോൺഗ്രസ് (ബി), അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന എന്നീ സംഘടനകൾ ഒത്തുചേർന്ന്‌ നടത്തുന്ന സമരം കേന്ദ്രസർക്കാരിന്റെ സ്ത്രീവിരുദ്ധ–-തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരായ ശക്തമായ താക്കീതായി മാറുമെന്നതിൽ സംശയമില്ല.

( ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണി കൺവീനറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top