13 September Friday

വനിതാ സംവരണബിൽ: ബിജെപിക്ക്‌ ആത്മാർഥതയുണ്ടോ

എം വി ഗോവിന്ദന്‍Updated: Thursday Sep 21, 2023

ഇരുപത്തേഴ്‌ വർഷത്തിനുശേഷം വനിതാസംവരണ ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. (1996ൽ ആണ്‌ വനിതാസംവരണ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്‌) ബുധനാഴ്‌ച ലോക്‌സഭ പരിഗണിച്ച ബിൽ വ്യാഴം രാജ്യസഭയിലും അവതരിപ്പിക്കും. 2010 മാർച്ച്‌ ഒമ്പതിനു രാജ്യസഭ പാസാക്കിയ ബിൽ ലോക്‌സഭയിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇക്കുറി പാർലമെന്റിന്റെ ഇരുസഭയും ബിൽ പാസാക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷത്തുള്ള കോൺഗ്രസും ഇടതുപക്ഷവും ബില്ലിനെ പിന്തുണയ്‌ക്കുന്നതിനാൽ 128–-ാം ഭരണഘടനാ ഭേദഗതി പാസാക്കുന്നതിന്‌ ആവശ്യമായ മൂന്നിൽരണ്ട്‌ ഭൂരിപക്ഷം കിട്ടുന്നതിൽ വിഷമമുണ്ടാകില്ല. അതിനാൽ പാർലമെന്റിന്റെ ഇരുസഭയും ബിൽ പാസാക്കുമെന്ന കാര്യത്തിൽ  സംശയത്തിന്‌ അവകാശമില്ല.

വനിതാസംവരണ ബില്ലിന്‌ എന്നും അനുകൂലമായ നിലപാട്‌ സ്വീകരിച്ച പാർടിയാണ്‌ സിപിഐ എം. വനിതകളെ തുല്യരായി കണ്ട്‌ ഭരണനിർവഹണത്തിലടക്കം അവർക്ക്‌ പങ്കാളിത്തം നൽകുന്നതിൽ  മഹത്തായ സംഭാവനകൾ നൽകിയത്‌ കമ്യൂണിസ്റ്റുകാരും പുരോഗമന ജനാധിപത്യവാദികളുമാണ്‌. അമേരിക്കയ്‌ക്കും ബ്രിട്ടനും മുമ്പ്‌ സ്‌ത്രീകൾക്ക്‌ വോട്ടവകാശം നൽകിയത്‌ സോവിയറ്റ്‌ യൂണിയനായിരുന്നെന്ന കാര്യം വിസ്‌മരിക്കാവുന്നതല്ല. ഇടതുപക്ഷ ആശയങ്ങൾ ലോകത്തെ നശിപ്പിക്കുകയാണെന്ന്‌ കഴിഞ്ഞദിവസം പുണെയിൽ പറഞ്ഞ ആർഎസ്‌എസ്‌ സർസംഘചാലക്‌ മോഹൻ ഭാഗവതിനെ പോലുള്ളവർ ഇത്‌ മനസ്സിലാക്കണം. സ്‌ത്രീകളെ രണ്ടാംകിട പൗരന്മാരായി വീക്ഷിക്കുന്നവരാണ്‌ സംഘപരിവാറുകാർ. അവരുടെ ഭരണഘടന മനുസ്‌മൃതിയാണ്‌.

സ്‌ത്രീകൾക്ക്‌ സ്വാതന്ത്ര്യം നൽകരുതെന്നും അവർ എന്നും പുരുഷന്റെ സംരക്ഷണയിൽ അടിമസമാനമായ ജീവിതം നയിക്കേണ്ടവരാണെന്നുമുള്ള ആശയപദ്ധതിയാണ്‌ സവർക്കറും ഗോൾവാൾക്കറും മുന്നോട്ടുവച്ചത്. ആർഎസ്‌എസ്‌ എന്ന സംഘടനയിൽ സ്‌ത്രീകൾക്ക്‌ അംഗത്വംപോലും നൽകാറില്ല. സ്‌ത്രീകൾക്കായി രാഷ്ട്ര സേവികാ സമിതി എന്ന പ്രത്യേകസംഘടന രൂപീകരിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. അതായത്‌ സ്‌ത്രീകൾക്ക്‌ മാതൃസംഘടനയിൽ പ്രവേശനമില്ല. ബിജെപി മഹിളാ മോർച്ചയുടെ മുൻ അധ്യക്ഷയായ മൃദുല സിൻഹ 1994ൽ ‘ഡെയ്‌ലി ടെലിഗ്രാഫി’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്‌ സ്‌ത്രീകൾ വീടിനു പുറത്തിറങ്ങി ജോലിചെയ്യരുത്‌ എന്നാണ്‌. സാമ്പത്തികമായി പരാധീനതയുണ്ടെങ്കിൽ മാത്രമേ വീടിനു പുറത്ത്‌ ജോലിക്ക്‌ പോകാവൂ എന്നും അവർ പറഞ്ഞുവച്ചു. സ്‌ത്രീധനം നൽകുന്നതിനെ ന്യായീകരിക്കുകയും തുല്യനീതിയെ തള്ളിപ്പറയുകയും ചെയ്‌തു.

സതിവിരുദ്ധ നിയമനിർമാണത്തിനെതിരെ പ്രതിഷേധജാഥ നയിക്കാൻ ബിജെപി മഹിളാ മോർച്ചയുടെ മറ്റൊരു വൈസ്‌പ്രസിഡന്റായിരുന്ന വിജയ്‌രാജെ സിന്ധ്യക്ക്‌ ഒരു മടിയുമുണ്ടായിരുന്നില്ല. ഹിന്ദുസ്‌ത്രീകളുടെ മൗലികാവകാശമാണ്‌ സതിയനുഷ്‌ഠിക്കൽ എന്നാണ്‌ അവർ അന്ന്‌ പറഞ്ഞത്‌ (കമ്യൂണൽ പൊളിറ്റിക്‌സ്‌‐ രാംപുനിയാനി). അതായത്‌ സ്‌ത്രീ സ്വാതന്ത്ര്യത്തിന്‌ എന്നും എതിരുനിന്ന ഒരു പ്രത്യയശാസ്‌ത്രത്തിന്റെ ഉടമകളായ ബിജെപിയാണ്‌ ഇപ്പോൾ വനിതാസംവരണ ബിൽ പാസാക്കാൻ തയ്യാറാകുന്നത്‌. ഇതിൽനിന്നും ഒരുകാര്യം വ്യക്തമാണ്‌. സ്‌ത്രീകൾക്ക്‌ തുല്യനീതി ഉറപ്പുവരുത്തുന്നതിനേക്കാൾ 2024ലെ തെരഞ്ഞെടുപ്പിൽ എങ്ങനെയും വിജയിച്ചുകയറുകയെന്നതു മാത്രമാണ്‌ ബിജെപിയുടെ ലക്ഷ്യം. കാരണം 2014ൽ വനിതാസംവരണ ബിൽ പാസാക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌താണ്‌ മോദി അധികാരത്തിൽ വന്നത്‌. അന്നത്‌ നിയമമാക്കാൻ കഴിയുമായിരുന്നിട്ടും മോദി ഒരു ചെറുവിരൽപോലും അനക്കിയില്ല. തെരഞ്ഞെടുപ്പുവാഗ്‌ദാനം പാലിച്ചിരുന്നെങ്കിൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽത്തന്നെ വനിതാസംവരണം നടപ്പാക്കുകയും 181 വനിതാ എംപിമാർ ലോക്‌സഭയിൽ എത്തുകയും ചെയ്യുമായിരുന്നു. പൊള്ളയായ വാഗ്‌ദാനം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി ആവർത്തിച്ചു.

തനിച്ച്‌ ഭൂരിപക്ഷം നേടി അധികാരമേറിയിട്ടും കഴിഞ്ഞ നാലുവർഷവും ഈ ബിൽ പാസാക്കാൻ മോദി ശ്രമിച്ചില്ല. എന്നിട്ട്‌ തെരഞ്ഞെടുപ്പിന്‌ ഏതാനും മാസംമാത്രം ബാക്കിയിരിക്കെ, നേരത്തേ പലതവണ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലുമായി രംഗത്തുവന്നിരിക്കുകയാണ്‌. അതീവ രഹസ്യമായും നാടകീയവുമായാണ്‌ ഈ ബിൽ അവതരണം. പുതിയ പാർലമെന്റ്‌ കെട്ടിടത്തിലേക്ക്‌ പ്രവർത്തനം മാറ്റിയ ദിവസം അവതരിപ്പിച്ച ആദ്യബിൽ എന്ന നിലയിലാണ്‌ അവതരണം. എന്നാൽ, ഈ പുതിയ പാർലമെന്റിലേക്ക്‌ മാറുന്നതിന്റെ ഭാഗമായി നടന്ന ഒരു ചടങ്ങിലും ആദിവാസി വിഭാഗത്തിൽനിന്നുള്ള വനിതാ രാഷ്ട്രപതിയെ കണ്ടില്ല. സ്‌ത്രീകളോട്‌ മോദി സർക്കാരിന്റെ സമീപനമെന്താണ്‌ എന്നതിന്റെ മറ്റൊരു ഉദാഹരണംകൂടിയാണ്‌ ഇത്‌. രാജ്യത്തെ സ്‌ത്രീകളും പുരോഗമന ജനാധിപത്യവാദികളും ദശാബ്ദങ്ങളായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ്‌ ഇന്ത്യൻ ഭരണവർഗം വനിതാസംവരണ ബിൽ അവതരിപ്പിക്കാൻ നിർബന്ധിതമായത്‌. സിപിഐ എമ്മിലെ ബൃന്ദ കാരാട്ടും സിപിഐ യിലെ ഗീത മുഖർജിയും ജനതാദളിലെ പ്രമീള ദന്തവതെയും അവരുടെ നേതൃത്വത്തിലുള്ള സംഘടനകളും മറ്റും നടത്തിയ പോരാട്ടത്തിന്റെ ഫലംകൂടിയാണ്‌ അത്‌. എന്നാൽ, അത്തരമൊരു ബിൽ മോദി അവതരിപ്പിക്കുന്നത്‌ സർക്കാരിന്റെ ബഹുമുഖ പരാജയം മറച്ചുവയ്‌ക്കാനുള്ള ഒരുപകരണമെന്ന നിലയിലാണ്‌.

തൊഴിലില്ലായ്‌മ, വിലക്കയറ്റം, സ്‌ത്രീകൾക്കെതിരായ അതിക്രമം എന്നിവയാൽ മോദി സർക്കാരിന്റെ പ്രതിച്ഛായ ഏറെ മോശമായിട്ടുണ്ട്‌. മാത്രമല്ല, കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പിൽനിന്നും വ്യത്യസ്‌തമായി പ്രതിപക്ഷനിരയിലെ ഐക്യവും ‘ഇന്ത്യ’ എന്ന കൂട്ടായ്‌മയുടെ രൂപീകരണവും മോദിക്ക്‌ കടുത്ത  വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌. ഇതിന്റെ പ്രതിഫലനമാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്‌. മുംബൈയിൽ ‘ഇന്ത്യ’യുടെ മൂന്നാമത്തെ യോഗം ചേർന്ന വേളയിലാണ്‌ ഇന്ത്യക്ക്‌ പകരം രാജ്യത്തിന്റെ പേര്‌ ഭാരതമാക്കാനുള്ള നീക്കവും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ എന്ന മുദ്രാവാക്യം ഉയർത്തപ്പെട്ടതും. അതോടൊപ്പമാണ്‌ പ്രത്യേക പാർലമെന്റ്‌ സമ്മേളനം വിളിച്ചുചേർക്കാനും തീരുമാനിച്ചത്‌.

പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുപോലും പ്രത്യേക പാർലമെന്റ്‌ സമ്മേളന അജൻഡ വ്യക്തമാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. അവസാനമാണ്‌ വനിതാസംവരണ ബില്ലാണ്‌ പ്രധാന അജൻഡയെന്ന്‌ പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തിയത്‌. അതായത്‌ ശക്തമായ പ്രതിപക്ഷത്തെ എങ്ങനെ നേരിടണമെന്ന വെപ്രാളത്തിൽനിന്നാണ്‌ വനിതാസംവരണ ബിൽ പാസാക്കുകയെന്ന ആശയം ഉയർന്നുവന്നത്‌. ഈ ബിൽ ഉടൻ യാഥാർഥ്യമാകണമെന്ന ആഗ്രഹമൊന്നും ബിജെപിക്ക്‌ ഉണ്ടെന്ന്‌ പറയാനാകില്ല. ഈ ബിൽ നിയമമായാലും എപ്പോൾ പ്രാബല്യത്തിൽവരുമെന്ന്‌ വ്യക്തമാക്കിയിട്ടില്ല. ബില്ലിലെ 334 (എ) (1) അനുച്ഛേദം അനുസരിച്ച്‌ മണ്ഡല പുനർനിർണയത്തിനുശേഷം മാത്രമേ വനിതാസംവരണം നടപ്പാകൂ. മണ്ഡല പുനർനിർണയം നടക്കണമെങ്കിൽ അതിനുമുമ്പായി സെൻസസ്‌  നടക്കണം. കണക്കുകളെയും വസ്‌തുതകളെയും ഭയപ്പെടുന്ന മോദി സർക്കാർ  കോവിഡിന്റെ പേരിൽ 2021 ലെ സെൻസസ്‌ നടത്തിയിട്ടില്ല. അത്‌ എന്ന്‌ പൂർത്തിയാകുമെന്ന്‌ വ്യക്തമല്ല.

ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയതിനാൽ മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മണ്ഡല എണ്ണം കുറയാനും ഉത്തരേന്ത്യയിൽ കൂടാനും വഴിയാരുക്കും. ഇതിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ കടുത്ത അതൃപ്‌തിയുണ്ട്‌. ഇതെല്ലാം വിരൽചൂണ്ടുന്നത്‌ 2029ലെ പൊതുതെരഞ്ഞെടുപ്പിൽപ്പോലും വനിതാസംവരണം നടപ്പാക്കാനുള്ള സാധ്യത ഉറപ്പുപറയാനാകില്ലെന്നാണ്‌. അതായത്‌ വനിതാസംവരണ ബിൽ തൽക്കാലം വോട്ട്‌ കീശയിലാക്കാനുള്ള  ചെപ്പടിവിദ്യമാത്രമാണ്‌ ബിജെപിക്ക്‌. ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370–-ാം വകുപ്പും 35 എ വകുപ്പും എടുത്തുകളയുന്ന ബിൽ ഞൊടിയിടയിൽ പാർലമെന്റിൽ അവതരിപ്പിച്ച്‌ പാസാക്കുകയും ജമ്മു കശ്‌മീരിനെ രണ്ട്‌ കേന്ദ്ര ഭരണപ്രദേശങ്ങളായി വെട്ടിമുറിക്കുകയും ചെയ്‌ത ബിജെപിക്ക്‌ അതേ രീതിയിൽ വനിതാസംവരണ ബില്ലും നടപ്പാക്കാമായിരുന്നു. എന്നാൽ, ആ തിടുക്കം ബിജെപിക്കില്ല എന്നതിൽനിന്നും എന്താണ്‌ മനസ്സിലാക്കേണ്ടത്‌?  
അതോടൊപ്പം ‘ഇന്ത്യ’എന്ന കൂട്ടായ്‌മയെ തകർക്കുകയും ബിജെപിയുടെ ലക്ഷ്യമാണ്‌. 2010 മാർച്ച്‌ ഒമ്പതിന്‌ രാജ്യസഭയിൽ വനിതാസംവരണ ബിൽ പാസായിട്ടും അത്‌ ലോക്‌സഭയിൽ പാസാക്കാതിരുന്നത്‌ ഒബിസി വിഭാഗങ്ങൾക്ക്‌ ഉപസംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം സമാജ്‌വാദി പാർടിയും ആർജെഡിയും ജെഎംഎമ്മും മറ്റും ശക്തമായി ഉയർത്തിയതിനെ തുടർന്നാണ്‌. ഈ പറഞ്ഞ രാഷ്ട്രീയ കക്ഷികളെല്ലാംതന്നെ ഇന്ന്‌ ‘ഇന്ത്യ’യുടെ ഭാഗമാണ്‌. മോദി സർക്കാർ കൊണ്ടുവന്ന ബില്ലിൽ എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക്‌ ഉപസംവരണമുണ്ട്‌. എന്നാൽ, മറ്റു പിന്നാക്ക സമുദായങ്ങൾക്ക്‌ ഉപസംവരണമില്ല. ഇതിനു കാരണം ‘ഇന്ത്യ’ കൂട്ടായ്‌മയിൽ ഭിന്നിപ്പുണ്ടാക്കാനാണ്‌. എന്നാൽ, അത്‌ മോദിയുടെ വ്യാമോഹം മാത്രമായിരിക്കും. മറ്റു പിന്നാക്ക സമുദായങ്ങൾക്കും സംവരണം വേണമെന്ന ആവശ്യത്തെ ഇന്ത്യയിലെ പ്രമുഖ കക്ഷികളെല്ലാംതന്നെ പിന്തുണയ്‌ക്കുകയാണ്‌.

ബിജെപി ഏത്‌ ഉദ്ദേശ്യത്തോടെയാണ്‌ വനിതാസംവരണ ബിൽ കൊണ്ടുന്നതെന്ന്‌ നോക്കാതെ തന്നെ ആ ബില്ലിന്‌ പിന്തുണ നൽകുന്ന സമീപനമാണ്‌ സിപിഐ എമ്മിന്റേത്‌. ചെറിയ തർക്കങ്ങളുടെ പേരിൽ ഇത്തരമൊരു ബിൽ പാസാക്കാതെ പോകരുത്‌. 2024 ലെ തെരഞ്ഞെടുപ്പിൽ തന്നെ ഇതു നടപ്പാകണം. അതിനുള്ള ആത്‌മാർഥത ബിജെപിക്കുണ്ടോ എന്നതാണ്‌ ചോദ്യം. ഏതായാലും ആദ്യം വനിതാസംവരണ ബിൽ യാഥാർഥ്യമാകട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top