19 September Thursday

അരിക്കൊമ്പന്മാർ ഉണ്ടാകുന്നത്

ജെ ആർ അനിUpdated: Wednesday Jun 7, 2023


അരിക്കൊമ്പനെന്ന കാട്ടാന വീണ്ടും വാർത്തകളിൽ നിറയുന്നു. കമ്പത്തെ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട്‌ വനംവകുപ്പ്‌ അധികൃതർ മയക്കുവെടിവച്ചു പിടികൂടി മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു. അധിനിവേശ സ്ഥലത്തുനിന്ന്‌ ഒരു ആൺമൃഗം നിഷ്കാസിതനാകുന്ന മുറയ്ക്ക് ആ ഇനത്തിലെതന്നെ മറ്റൊരു ശക്തിമാന്റെ തട്ടകമായി അവിടം രൂപാന്തരപ്പെടുമെന്നാണ് മൃഗങ്ങളുടെ സ്വഭാവശാസ്ത്ര വിചക്ഷണർ (animal behaviourists) ചൂണ്ടിക്കാട്ടുന്നത്. കേവലം ഒരു അരിക്കൊമ്പനെ കാട്ടിൽ തള്ളിയതുകൊണ്ടുമാത്രം പരിഹൃതമാകുന്നതല്ല മനുഷ്യ-– വന്യജീവി സംഘർഷങ്ങളുടെ സമസ്യകൾ.

കാടുകളിൽ നായാടി നടന്നിരുന്ന മനുഷ്യൻ നിശ്ചിതയിടങ്ങൾ കേന്ദ്രീകരിച്ചുള്ള കൃഷി രീതികൾ (settled agriculture) ശീലിച്ചതുമുതൽക്കേയുള്ളതാണ് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങളുടെ ചരിത്രം. വിവിധ ഗോത്രങ്ങളിലായി ഒന്നിക്കുകയും സംഘംചേർന്ന് സഞ്ചരിക്കുകയും വളക്കൂറുള്ള മണ്ണിൽ വർഷങ്ങളോളം കൃഷിയിറക്കിയും ഭൂമിയുടെ ഫലഭൂയിഷ്ടത കുറയുന്ന മുറയ്ക്ക് പുതിയ ഇടങ്ങൾ തേടിപ്പോകുകയും പതിറ്റാണ്ടുകൾക്കുശേഷം തിരിച്ചെത്തുകയും ചെയ്യുകയെന്ന ചാക്രികതയാണ് ‘മാറ്റക്കൃഷി’ അഥവാ ‘ഷിഫ്റ്റിങ്‌ കൾട്ടിവേഷൻ’ എന്ന പേരിൽ അറിയപ്പെടുന്നത്. ആ കാലംമുതൽതന്നെ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ഉടലെടുത്തിരിക്കുമെന്നതിൽ സംശയത്തിന് വകയില്ല. കാടരികുകളിലെയും വലയിത പ്രദേശങ്ങളിലെയും (enclosures) താമസക്കാരാണ് ഇത്തരത്തിലുള്ള സംഘർഷങ്ങൾക്ക് അധികവും വിധേയരാകുന്നത്‌.  തലമുറകളായി വനാന്തരങ്ങളിൽ അധിവസിക്കുന്ന ആദിവാസി സമൂഹം വന്യജീവികളുടെയും അവയുടെ ചര്യകളുടെയുംമേൽ അത്രകണ്ട് അസഹിഷ്ണരല്ല.

അടുത്ത കാലത്തായി ആനയും കടുവയും ഉൾപ്പെടുന്ന വന്യജീവികളുടെ സാന്നിധ്യം വർധിച്ചുവരുന്നു.  ഇന്ത്യയിലെ കടുവകളുടെ എണ്ണത്തിൽ (3167 എണ്ണം) വർധനയാണ് കാണുന്നത്. 1973-ൽ പ്രോജക്ട് ടൈഗർ നിലവിൽ വരുമ്പോൾ രാജ്യത്ത് ഉണ്ടായിരുന്ന ഒമ്പതു ടൈഗർ റിസർവ്‌ ( മൊത്തം ഏരിയ 18,278 ച.കീ.) ഇന്ന് 53 ടൈഗർ റിസർവായി മാറിയിരിക്കുന്നു. 75,796 ച.കീ. ഏരിയ വരുന്ന ഇത് ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 2.3 ശതമാനത്തോളം വരുമെന്നാണ് കണക്ക്. കാട്ടിനുള്ളിലേക്ക്‌ മേയാൻ വിടുന്ന കന്നുകാലികളുടെ കൂട്ടങ്ങൾ എന്ന ആയാസരഹിതമായ ആഹാരലഭ്യത ഹിംസ്രമൃഗങ്ങളെ കാടിറങ്ങാൻ പ്രേരിപ്പിച്ചേക്കാം.

വനശോഷണം പലവിധം
വികസനത്തിന്റെ അനിവാര്യതകളായ വനാന്തർഭാഗത്തുകൂടിയുള്ള റോഡുകൾ, വൈദ്യുത കമ്പികൾ, ട്രെയിൻ പാളങ്ങൾ, നദീതട വികസന പദ്ധതികൾ എന്നിവയൊക്കെയും ആനത്താരകളുൾപ്പെടെയുള്ള വന്യജീവി ആവാസവ്യവസ്ഥകളുടെ ശോഷണത്തിനും വിഘടനത്തിനും വഴിവച്ചിട്ടുണ്ടെന്ന സത്യം അംഗീകരിക്കാതെ വയ്യ. പുൽമേടുകളിലെ വനവൽക്കരണവും കാലഘട്ടത്തിന്റെ ആവശ്യകതകളായിരുന്ന ‘ഗ്രോ മോർ ഫുഡ് ക്യാമ്പയിൻ’ തുടങ്ങിയവയും അതുവഴി കൃഷിയിടങ്ങളുടെ വ്യാപനവും ഇതിൽപ്പെടുന്നു. മനുഷ്യ-–-വന്യജീവി സംഘർഷങ്ങളാൽ കലുഷിതമായ ഭൂമികയെ പ്രധാനമായും നാലായി തരം തിരിക്കാം. പാലക്കാട് –--മണ്ണാർക്കാട്, മൂന്നാർ, കണ്ണൂർ –--ആറളം, -വയനാട്, റാന്നി, -എരുമേലി എന്നീ സ്ഥലങ്ങളാണത്‌. സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളിൽ ഏറിയ പങ്കും ആന, അമ്പലക്കുരങ്ങുകൾ, കാട്ടുപന്നി, പാമ്പ് എന്നിവ കാരണമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. കടുവ, പുലി, കാട്ടുപട്ടികൾ എന്നിവയാണ് ഹിംസ്രമൃഗങ്ങളുടെ കാര്യത്തിൽ ആക്രമണത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

പ്രതിരോധ നടപടികൾ
വന്യജീവികളെ ചെറുക്കുന്നതിന് ആനക്കിടങ്ങുകൾ, സൗരോർജ കമ്പിവേലികൾ, തൂങ്ങിക്കിടക്കുന്ന കമ്പി വേലികൾ, ആന മതിൽ, ജൈവ വേലികൾ എന്നിങ്ങനെ വിവിധങ്ങളായ പ്രതിബന്ധങ്ങൾ നടപ്പാക്കി വരുന്നു. എന്നാൽ, ഇതിന്റെയൊക്കെ പരിപാലനത്തിലും സൂക്ഷിപ്പിലുമുള്ള തദ്ദേശവാസികളുടെ അവഗണനയും  നിസ്സഹകരണവും കാരണം  പൂർണ പ്രയോജനം ലഭിക്കാതെ പോകുന്നതിന് ഇടയാകാറുണ്ട്. വന്യജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് ‘മൊബൈൽ അലർട്ടുകൾ’ വഴിയും ശബ്ദസന്ദേശങ്ങൾ വഴിയും പൊതുജനത്തിന് മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ (Early Warning System) ഇന്ന് നിലവിലുണ്ട്. 


 

കാട്ടുപന്നികളുടെ ശല്യം അവസാനിപ്പിക്കാനായി പല പ്രാവശ്യം അവയെ 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ നിയമപരിരക്ഷയില്ലാത്ത ‘വെർമിൻ’ (vermins) എന്ന കാറ്റഗറിയിൽപ്പെടുത്തണമെന്ന അപേക്ഷ കേന്ദ്ര സർക്കാർ നിരാകരിച്ചു. അതിനെത്തുടർന്ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേധാവിമാരെ ‘ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായി’ ചുമതലപ്പെടുത്തി ഉപദ്രവകാരികളായ കാട്ടുപന്നികളെ കാടിനുപുറത്ത് വെടിവച്ച് കൊല്ലുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്.

പഞ്ചായത്തുതലത്തിലും   പ്രതിരോധ മാർഗങ്ങളെക്കുറിച്ച് വനംവകുപ്പിനെ അറിയിക്കുക, വനം വകുപ്പിന്റെതന്നെ ജനകീയ മുഖമായി പ്രവർത്തിക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ‘ജനജാഗ്രതാ സമിതികൾ’ സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യ-–-വന്യജീവി സംഘർഷബാധിത പ്രദേശങ്ങളിൽ നിരന്തര സാന്നിധ്യമായും പ്രായോഗിക നടപടികളോടെയും സദാ നിലകൊള്ളുന്ന ‘ദ്രുതകർമസേന’ (RRT) വനം വകുപ്പിന്റെ എടുത്തു പറയേണ്ടുന്ന വിഭാഗങ്ങളിലൊന്നായി ഇതിനകം മാറി.  ഇഴജന്തുക്കളെ പിടിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റുന്നതിന് പരിശീലനം നൽകിയ സന്നദ്ധസേവകരുടെ സേവനം വനംവകുപ്പിന്റെ ‘സർപ’ (SARPA) എന്ന കംപ്യൂട്ടർ ആപ്ളിക്കേഷൻ വഴി ലഭ്യവുമാണ്.കൃഷിനാശത്തിനും വന്യജീവി ആക്രമണങ്ങൾക്കും സമയബന്ധിതമായി നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നുണ്ട്‌. സംഘർഷ ലഘൂകരണത്തിനായി പ്രായോഗികവും കാര്യക്ഷമവുമായുള്ള ഇടപെടലുകളും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നു.

‘റീ ബിൽഡ് കേരളയുടെ’ ഭാഗമായി കിഫ്ബി ഫണ്ടുപയോഗിച്ച് നടത്തുന്ന വന്യജീവികളുടെ ആവാസവ്യവസ്ഥാ പുനഃസ്ഥാപനവും സംരക്ഷിത വനത്തിന്റെ തുടർച്ചയും ലക്ഷ്യംവച്ച് നടപ്പാക്കി വരുന്ന ‘നവകിരണം’ എന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി വലിയ വിജയത്തിലേക്കാണ് ചുവടുവയ്ക്കുന്നത്. ഈ പദ്ധതിയിലൂടെ കാടരികുകളിലും വലയിത പ്രദേശങ്ങളിലും താമസിക്കുന്നവർക്ക്‌ സുരക്ഷിതയിടങ്ങളിലേക്ക്‌ മാറിപ്പോകാനുള്ള സുവർണാവസരമാണ് കരഗതമാകുന്നത്. വന്യജീവി സംഘർഷങ്ങളാൽ വീർപ്പുമുട്ടുന്ന ജനതയ്ക്കുമുന്നിൽ ഇത് ശുഭപ്രതീക്ഷയാണ്.

(ശെന്തുരുണി വന്യജീവി സങ്കേതം വൈൽഡ് 
ലൈഫ് വാർഡനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top