18 May Wednesday

നെഞ്ചുപൊട്ടുന്ന കർഷകർ - കാടിറങ്ങുന്ന കണ്ണുനീർ ( ഭാഗം 3 )

സി എ പ്രേമചന്ദ്രൻ
Updated: Wednesday Nov 10, 2021

 ഭാഗം 1

 ഭാഗം 2

വന്യമൃഗങ്ങൾ വൻതോതിൽ കൃഷി നശിപ്പിക്കുന്നത്‌ കർഷകരുടെ നെഞ്ച്‌ തകർക്കുകയാണ്‌. ആന, കാട്ടുപന്നി, മയിൽ, കുരങ്ങ് മുതലായവയുടെ തുടർച്ചയായ ശല്യത്താൽ വൻകൃഷിനാശമാണ്‌ സംഭവിക്കുന്നത്. നെല്ല്‌, വാഴ, തെങ്ങ്‌, കാപ്പി, കമുക്‌ എന്നിവയെല്ലാം നശിപ്പിക്കുന്നു. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, പച്ചക്കറികൾ തുടങ്ങിയ ചെറുകൃഷികളും ഇറക്കാനാകാത്ത സ്ഥിതിയാണ്‌. ചക്കയുടെ കാലമായാൽ വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാനകൾ മേയും.

സാധാരണ മഞ്ഞൾ, ഇഞ്ചി, പച്ചക്കറി എന്നിവ പന്നികൾ നശിപ്പിക്കാറില്ല. എന്നാൽ, മണ്ണിരകളെ പിടിക്കാൻ ഈ കൃഷികളുടെ ചുവടു മുഴുവനും കുത്തിയിളക്കി നശിപ്പിക്കുന്നു. മലപ്പുറത്തെ മൂത്തേടം, വഴിക്കടവ്‌, കരുളായി, ചോക്കാട്‌, കരുവാരക്കുണ്ട്‌, പഞ്ചായത്തുകളിൽ മയിൽ ശല്യം രൂക്ഷമാണ്‌.

ആന ഇറങ്ങിയാൽ ഒറ്റദിവസംകൊണ്ട് കൃഷി ഒന്നാകെ നശിപ്പിക്കും. ഏക്കർകണക്കിന്‌ നെല്ലാണ്‌ ചവിട്ടി മെതിക്കുന്നത്‌. തുമ്പിക്കൈ എത്തുന്നത്ര ഉയരമുള്ള തെങ്ങുകളും നശിപ്പിക്കുന്നു. കൃഷിഭൂമിയിലെ കൈയാലകളും ചവിട്ടിയിളക്കി തകർക്കും.

മനുഷ്യന്റെ വിയർപ്പിന്‌ വിലയില്ലേ

‘മനുഷ്യന്റെ ജീവനും വിയർപ്പിനും വിലയില്ലേ, വന്യജീവികളുടെ ജീവനുമാത്രമാണോ വില. 250 തെങ്ങാണ്‌ ആനക്കൂട്ടമിറങ്ങി നശിപ്പിച്ചത്‌. ഇതിനൊരു പരിഹാരമില്ലേ’. കർഷകനായ പാലപ്പിള്ളി ചൊക്കന മാനാട്ടുകാലായിൽ വർഗീസിന്റെ രോഷം അണയുന്നില്ല. പറമ്പിൽ പെരുച്ചാഴിപോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ സർവദിക്കിലും ആനയിറങ്ങുന്നു. പ്ലാവിന്റെ തൊലി ആന വലിച്ചുകീറുന്നതോടെ ഉണങ്ങും. കമുകുകളെല്ലാം തുമ്പികൊണ്ട്‌ ഒടിച്ചിടും. ജാതിയും കൊക്കോയും മലയണ്ണാൻ നശിപ്പിക്കും. വനത്തിൽനിന്ന്‌ മൂന്ന്‌ കിലോമീറ്റർ ഇപ്പുറത്താണ്‌ കൃഷിയിടം. അവിടേക്ക്‌ ആനയെത്തി. എന്തുചെയ്യും. എഴുപത്തിമൂന്നുകാരനായ വർഗീസ്‌ ചോദിക്കുന്നു.

സോളാർ വേലിയും നിഷ്‌ഫലം
വിയർപ്പൊഴുക്കിയ കൃഷിയിടം പൂർണമായും ആന നശിപ്പിച്ചതിന്റെ വേദനയിലാണ് അട്ടപ്പാടി കാരയൂർ ഗണേഷ്‌ ഭവനിൽ രംഗനാഥൻ. 100 തെങ്ങ്‌ ആനക്കൂട്ടം നശിപ്പിച്ചു. മൂന്നേക്കർ കൃഷിയിടത്തിൽ 50 സെന്റ്‌ ഒഴിച്ച് ബാക്കിയെല്ലാം നശിച്ചു. സോളാർ വേലി തകർത്താണ്‌ അകത്തുകടന്നത്‌. സർക്കാരിൽനിന്ന്‌ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും രംഗനാഥൻ പറഞ്ഞു.

കാട്ടുപന്നിയെ കൊല്ലാൻ അവകാശം വേണം
കാട്ടുപന്നി, കാട്ടുപോത്ത്, മരപ്പട്ടി, മലയണ്ണാൻ, മുള്ളൻപന്നി തുടങ്ങിയ വന്യമൃഗങ്ങൾ കൃഷിഭൂമിയിൽ കയറി നാശം വരുത്തുമ്പോൾ അവയെ ഏതുവിധേനയും കൊല്ലാനുള്ള അവകാശം നൽകുന്ന നിയമം പാസാക്കണമെന്ന്‌ കർഷകർ ആവശ്യപ്പെടുന്നു. തുടർച്ചയായ പന്നിശല്യത്താൽ കൃഷി നശിക്കുന്നതായി ഡിഎഫ്‌ഒയുടെയും വില്ലേജ്‌ ഓഫീസറുടെയും സാക്ഷ്യപ്പെടുത്തലിൽ ലൈസൻസുള്ള തോക്ക് കൈവശമുള്ള കർഷകർക്ക് വെടിവയ്ക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്‌. നിരവധി നിബന്ധനകളുമുണ്ട്‌. ഇതെല്ലാം ഒഴിവാക്കണമെന്നാണ്‌ കർഷകരുടെ ആവശ്യം.

 


(‘വനത്തിൽ വിള്ളൽ വീണു...’ നാളെ )

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top