29 February Saturday

കീചകൻ ചാവണമെങ്കിൽ ഭീമൻ കൊല്ലണം, ഇതിൽ ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ട് എന്തുകാര്യം!‐ വിശാഖ്‌ ശങ്കർ എഴുതുന്നു

വിശാഖ്‌ ശങ്കർUpdated: Friday Apr 19, 2019

ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ട് എന്തുചെയ്യാനാണെന്നത് കേരളത്തിൽ ഇതാദ്യമായി ഉയരുന്ന ഒരു ചോദ്യമല്ല. കാലാകാലമായി ഇവിടത്തെ വലതുപക്ഷം ഉന്നയിച്ച് പോരുന്ന ഒരു പതിവ് ചോദ്യമാണു. അതിന്റെ പ്രതിഫലനം പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ പൊതുവേ കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് അനുകൂലമായി ഭവിക്കുന്നതും ഒരു പുതിയ സംഭവമല്ല. 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം മാറ്റിവച്ചാൽ അതുപോലൊരു വൻ വിജയം ഇടതിനിവിടെ ഒരുപാടുതവണയൊന്നും കിട്ടിയിട്ടില്ല. അസ്സംബ്ളിയിൽ അങ്ങനെയല്ലായെന്നിരിക്കിലും. അവിടെ പലതവണ വൻ വിജയം നേടിയ ചരിത്രമുള്ളപ്പൊഴും തുടർന്നുവരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ പലപ്പൊഴും ആ വിജയം ഇടതുപക്ഷത്തിനു ആവർത്തിക്കാൻ കഴിയാറില്ല.

അസ്സംബ്ലിയിലെപ്പോലെ മിന്നുന്ന വിജയങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനുണ്ടാവാത്തതിനു പല കാരണങ്ങളുണ്ട്. വലത് മാധ്യമങ്ങൾ പ്രൊജക്‌ട്‌ ചെയ്യുന്ന യുക്തികളെ വരികൾക്കിടയിലൂടെ വായിച്ചാൽ അതിൽ ഏറ്റവും പ്രധാനം അവിടെ അവർക്ക് അധികാരത്തിൽ പ്രത്യക്ഷ പങ്കാളിത്തമുണ്ടായിട്ടില്ല എന്നതാണു. നമ്മുടെ മധ്യവർഗ്ഗത്തെ ഭരിക്കുന്ന കുറെ ഉപഭോഗ സിദ്ധാന്തങ്ങളുണ്ട്.തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥി തോൽക്കും എന്നൊരു തോന്നൽ ഉല്പാദിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ പോലും അവർ എങ്കിൽ പിന്നെ എന്റെ വോട്ട് അയാൾക്ക് കുത്തി “വേസ്റ്റാക്കണ്ട” എന്ന് വയ്ക്കും.അതായത് തോൽക്കുന്ന സ്ഥാനാർത്ഥിക്ക് ചെയ്യുന്ന വോട്ട് വേസ്റ്റാണെന്ന്.അപ്പോൾ പിന്നെ ഇവർ വോട്ട് ചെയ്യുന്നതെന്തിനാണു? സ്ഥാനാർത്ഥിക്ക്? രാഷ്ട്രീയത്തിനു? ജാതിക്ക്? മതത്തിനു? വർഗ്ഗത്തിനു? ലിംഗത്തിനു? ഇതെല്ലാം കഴിഞ്ഞിനി വിജയത്തിനു?

ഈ അരാഷ്ട്രീയ വിചാരത്തിന്റെ ഒരു വലിച്ചുനീട്ടൽ അസ്സംബ്ളിയിൽ ഇടതിനെ ജയിപ്പിച്ചിട്ട് കാര്യമുണ്ട്, അവർ ഭരിക്കും. മണ്ഢലത്തിനൊരു മന്ത്രിയെമുതൽ മുഖ്യമന്ത്രിയെവരെ കിട്ടിയേക്കാം; എന്നാൽ പാർലമെന്റിൽ അവരെ ജയിപ്പിച്ചിട്ട് കാര്യമില്ല എന്ന വിചാരത്തിലും ഉണ്ട്. എന്തായാലും ഭരണത്തിൽ വരില്ല, പിന്നെയല്ലേ മന്ത്രിയും പ്രധാനമന്ത്രിയും!അപ്പോൾ പിന്നെ വോട്ട് വേസ്റ്റാക്കുന്നതെന്തിനു?

വലതുമാധ്യമധർമ്മം

മധ്യവർഗ്ഗത്തിന് മേൽകൈയ്യുള്ള ഒരു സമൂഹത്തിൽ അവരുടെ മേല്പറഞ്ഞ വിചാരത്തെ സമൂഹത്തിന്റെ മറ്റ് തട്ടുകളിലേയ്ക്കും എത്തിക്കുക എന്ന ദൗത്യം വലത് മാധ്യമങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നു.അതാണിക്കണ്ട പോസ്റ്റ് പോൾ സർവേകളുടെ ലക്ഷ്യം.ഇതിന്റെയൊക്കെയും പിന്നിലെ യുക്തി മദ്ധ്യവർഗ്ഗത്തിന്റെ ഉപഭോഗ യുക്തിയും. ഇതിന്റെ ഗുണഭോക്താക്കൾ കേരളത്തിൽ കോൺഗ്രസാണെങ്കിൽ സ്ഥിരം ഋണഭോക്താക്കൾ ഇടതുപക്ഷവും.

തിരഞ്ഞെടുപ്പ് കാലത്തെ അന്തിചർച്ചകൾ  ഏത് വിഷയത്തിൽ തുടങ്ങിയാലും  ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ട് എന്തുകാര്യം എന്ന ചോദ്യത്തെ എങ്ങനെയെങ്കിലും ഒന്ന് സ്പർശിച്ചല്ലാതെ സമാപിക്കാറില്ല. അതിന്റെ കാരണം   പ്രസ്തുത ചർച്ചകൾക്ക് ഒരു സവിശേഷ വിഷയം ചർച്ച ചെയ്യുക എന്നത് കൂടാതെ ചില പൊതുഅജണ്ടകളെ ആവർത്തിച്ചുറപ്പിക്കുക എന്ന കടമകൂടി നിറവേറ്റാനുണ്ട് എന്നതാണു.പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ട് കാര്യമില്ല എന്ന മദ്ധ്യവർഗ്ഗ ഉപയോഗ ചിന്തയെ  പൊതുബോധത്തിലെമ്പാടുമായി വിതരണം ചെയ്ത് ഉറപ്പിക്കുക എന്നതാണാ അജണ്ട.

ഇപ്പോൾ മോഡിസർക്കാരിന്റെ ദുർഭരണത്തിന്റെ പശ്ചാത്തലത്തിൽ നാം ചർച്ച ചെയ്തുവരുന്ന വലത് അജണ്ടയിൽ ചില യുക്തികൾ കൂടി കൂട്ടിചേർക്കപ്പെടുന്നു എന്ന് മാത്രം. ലക്ഷ്യം പഴയത് തന്നെ. ഇടതുരാഷ്ട്രീയത്തെ ദേശീയതലത്തിൽ അപ്രസകതമായി ചിത്രീകരിക്കുക.അതുവഴി നാലു പാർലമെന്റ് സീറ്റ് കോൺഗ്രസിനധികം പിടിക്കാനായാൽ മാധ്യമ പ്രചാരകർ കൃതാർത്ഥരായി. അതിനായി അവർ ആരെയും എന്തിനെയും ഉപയോഗിക്കും.ഉപയോഗത്തിനു വഴങ്ങുന്ന ബുദ്ധിജീവികളെ കൃത്യമായി ഉപയോഗിക്കും. “സ്വതന്ത്ര” രാഷ്ട്രീയ നിരീക്ഷകർ മുതൽ “യഥാർത്ഥ” ഇടത്പക്ഷക്കാരെവരെ ഉപയോഗിച്ച് മാധ്യമങ്ങൾ അങ്ങനെ നിർമ്മിച്ചെടുത്ത ഒരു പൊതുവിചാരമാണു കോൺഗ്രസിനൊപ്പമല്ലെങ്കിൽ നിങ്ങൾ ബൈ ഡിഫോൾട് ബി ജെ പിക്കൊപ്പമായി തീരും എന്നത്. ഇടതുപക്ഷം കൃത്യമായ കാരണങ്ങൾ നിരത്തിയും പ്രക്ഷോഭങ്ങൾ നടത്തിയും അനുഭവേദ്യമാക്കാൻ ശ്രമിച്ച ഹിന്ദുത്വ ഫാഷിസം എന്ന ഭീഷണിയെ ഉപയോഗിച്ച് തന്നെ അവരുടെ രാഷ്ട്രീയ അസ്തിത്വത്തെ ഇല്ലാതാക്കുക എന്നതാണു തന്ത്രം!

ഈ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ മോഡി ഭരണത്തിനിടയിൽ നടന്ന ശ്രദ്ധേയമായ എല്ലാ പ്രക്ഷൊഭ, സമര പരിപാടികളിലും ഇടതുപക്ഷമുണ്ടായിരുന്നു. എല്ലാ സമരങ്ങളും അവരാണു ചെയ്തത് എന്ന് പറയുന്നില്ല, എല്ലാറ്റിനും ഒപ്പമുണ്ടായിരുന്നു എന്ന്. അതെങ്കിലും കോൺഗ്രസിനെ കുറിച്ച് പറയാനാവുമോ? വെയിലുകൊള്ളാനും സമരം നടത്താനുമൊന്നുമില്ലെങ്കിലും അവയിലൂടെ ഉയർന്നുവന്ന ഹിന്ദുത്വ ഫാഷിസത്തെ ചെറുത്ത് തോല്പിക്കുക എന്ന രാഷ്ട്രീയ ആവശ്യത്തിന്റെ ഏക മാർഗ്ഗമായി അവതരിക്കാൻ അവർക്ക് അമാന്തമൊന്നുമില്ല. പറയുമ്പോൾ എല്ലാം പറയണമല്ലോ,മുദ്രാവാക്യം വിളിക്കാനും ജാഥ നടത്താനുമൊന്നും നിന്നില്ലെങ്കിലും അവർ മറ്റൊരു പണി കൃത്യമായി ചെയ്തിരുന്നു.തങ്ങളുടെ മാധ്യമ സൈന്യത്തിന്റെ ശീതീകരിച്ച ചാനൽ മുറികളിൽ നിരന്നിരുന്ന് ഹിന്ദുത്വ ഫാഷിസത്തിനൊറ്റ പരിഹാരം തങ്ങൾ മാത്രം എന്ന ഒരു നറേറ്റീവ് ഈ കാലമൊക്കെയും സജീവമായി നിലനിർത്തി പോന്നു.

ബിജെപി നാമമാത്ര സാന്നിധ്യമായ കേരളത്തിലെ അത്രപോലും കാവിക്ക് ദൃശ്യതയില്ലാത്ത വയനാടുപോലെയൊരു മണ്ഢലത്തിൽ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷൻ മൽസരിക്കാൻ വരുമ്പോൾ ഇടതുപക്ഷം സ്ഥാനാർത്ഥിയെ പിൻ വലിക്കണം. ഇല്ലെങ്കിൽ ഇടതുപക്ഷത്തിന്റെ ബി ജെ പി വിരുദ്ധത വ്യാജമാണത്രേ! ഈ കണ്ട സമരങ്ങൾ, സംഘർഷങ്ങൾ ഒക്കെയും നിസ്സാരമായി തമസ്കരിക്കപ്പെട്ടു. ബാക്കിയാവുന്ന ചോദ്യം ഇടതുപക്ഷത്തിന്റെ സംഘി വിരുദ്ധത വ്യാജമൊ, നെജമോ എന്ന ഒറ്റ ചോദ്യത്തിലെത്തി.ഇതിന്റെയെല്ലാം പിന്നിലെ അടിസ്ഥാന യുക്തിയോ? ദേശീയ തലത്തിൽ ഇടതുപക്ഷത്തിനു ബി ജെ പിയെ തോല്പിക്കാനുള്ള സംഖ്യാബലമില്ല. അതുകൊണ്ട് തന്നെ ഇവിടെ അവർ നടത്തിയ സമരങ്ങളൊക്കെയും ബി ജെ പിക്ക് എതിരേ ആണെങ്കിൽ അവർ സ്വയം മാറിനിന്ന് കോൺഗ്രസിനെ വിജയിപ്പിക്കണം എന്ന്. സമ്മതിക്കണം!

കോൺഗ്രസ് ജയിച്ചാൽ ബിജെപി തോൽക്കും. കോൺഗ്രസ് തോറ്റാൽ ബിജെപി ജയിക്കും

കോൺഗ്രസ് ജയിച്ചാൽ ബി ജെ പി തോൽക്കും. കോൺഗ്രസ് തോറ്റാൽ ബി ജെ പി ജയിക്കും എന്ന ലളിതയുക്തിയാണിന്ന് നമ്മുടെ നാട്ടിലെ പ്രമുഖ ബുദ്ധിജീവികളെവരെ നയിക്കുന്നത്.എന്നാൽ അതാണൊ സത്യം? ഐ പി എൽ ഫൈനലിൽ കെ കെ ആരും സി എസ് കെയും തമ്മിൽ കളിക്കുമ്പോൾ ഇത് ശരിയാണു. പക്ഷേ ജനാധിപത്യം ഒരു പ്രൊഫഷണൽ ലീഗ് മൽസരമല്ലല്ലൊ. ബി ജെ പിയോ, സംഘ പരിവാറോ, മോഡിയോ, താമരയോ, കാവിക്കൊടുയോ എതിർക്കപ്പെടെണ്ടതാകുന്നത് ആ പേരുകൊണ്ടോ, രൂപം കൊണ്ടോ, നിറം കൊണ്ടോ അല്ല. ഭാരതീയ ജനതാ പാർട്ടി എന്നത് ഒരു നല്ല പേരുതന്നെ. സംഘ പരിവാറും കൊള്ളാം. നരേന്ദ്ര ദാമോദർദാസ് മോഡി എന്നത് മുഴക്കമുള്ള ഒരു പേരാണു. താമര ഒരു മനൊഹര പുഷ്പമാണു. കാവി ഒരു നല്ല നിറമാണു. ഇവയൊക്കെ എതിർക്കപ്പെടുന്നത് അവയുടെ തനത് നിലകളിലല്ല, പ്രതിനിധാനം വഴിയാണെന്ന് ചുരുക്കം. അവ വെറുക്കപ്പെടെണ്ട പ്രതീകങ്ങളാവുന്നത് അവ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലെ മനുഷ്യവിരുദ്ധ, ജനാധിപത്യവിരുദ്ധ ഉള്ളടക്കം കൊണ്ടാണു. എന്താണാ പ്രത്യയശാസ്ത്രം? ഹിന്ദുത്വവാദം.
അപ്പോൾ നാം മുകളിലെ ചോദ്യത്തെ ഒന്ന് പരിഷ്കരിക്കേണ്ടിവരും. കോൺഗ്രസ് ജയിച്ചാൽ ഹിന്ദുത്വ വാദം തോൽക്കുമോ? ഇല്ലെങ്കിൽ പിന്നെ ബി ജെ പിയെയും സംഘിനെയും, മോഡിയെയും തോല്പിക്കാൻ അവയോട് കുടിപ്പകയുള്ള വ്യക്തികളും ഗോത്രങ്ങളും മാത്രമല്ലേ ശ്രമിക്കേണ്ടതുള്ളു!പ്രശ്നം ബി ജെ പി തോൽക്കുകയല്ല, ഹിന്ദുത്വവാദം തോൽക്കുകയാണു.

ഹിന്ദുത്വവാദത്തെ ചെറുക്കാൻ കോൺഗ്രസ് എന്ത് ചെയ്തു?

ഭാരതത്തിന്റെ ജനാധിപത്യ ശരീരവും അതിനെ പ്രവർത്തനക്ഷമാക്കി നിലനിർത്തുന്ന അതിന്റെ മതേതര, സൊഷ്യലിസ്റ്റ് ഭരണഘടനയും അത് മുമ്പോട്ടുവയ്ക്കുന്ന സദാചാരവും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഹിന്ദുത്വവാദമാണു. ഇന്ത്യൻ ജനാധിപത്യം ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിൽ നേരിടുന്ന വെല്ലുവിളിയാവട്ടെ ഈ ഹിന്ദുത്വവാദത്തെ ആയുധമാക്കി തഴയ്ക്കുന്ന തീവ്ര വലത് മേൽകോയ്മയും. ഹിന്ദുത്വവാദം പ്രവർത്തിക്കുന്ന വഴികൾ ഇവയാണു.മനുസ്മൃതിയെ ആധാരമാക്കിക്കൊണ്ടുള്ള ഒരു യാഥാസ്ഥിതിക സവർണ്ണ മേൽകോയ്മാ വ്യവസ്ഥയുടെ രാഷ്ട്രീയ സ്ഥാപനം.അതിനെ എതിർക്കുന്നവരൊക്കെയും ദേശദ്രോഹികളായി ചിത്രീകരിക്കപ്പെടുംവിധം ഒരു തീവ്ര ദേശീയതയുടെ നിർമ്മിതി.പ്രസ്തുത നിർമ്മിതിയെ മുൻ നിർത്തി ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും എന്തിനു യുക്തികളെത്തന്നെയും ദേശദ്രോഹകരമായി ചിത്രീകരിച്ച് അന്യവൽക്കരിക്കൽ.അങ്ങനെ അന്യവൽക്കരിക്കപ്പെടുന്ന മത,ലിംഗ, ലൈംഗിക, വംശിയ ന്യൂനപക്ഷങ്ങ സമൂഹങ്ങളെയും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, ലിബറൽ രാഷ്ട്രീയ ആശയ ധാരകളെയും  ആശയപരമായി തമസ്കരിക്കുകയും കായികമായി ആക്രമിക്കുകയും ചെയ്യുകദേശീയ ഹിന്ദു, സാംസ്കാരിക ഹിന്ദുത്വം തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന പച്ചയായ മതരാഷ്ട്രവാദമുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾക്കിടയിലൂടെ സാമ്പത്തിക രംഗത്ത് തീവ്ര മുതലാളിത്ത നയങ്ങൾ നടപ്പിലാക്കുക. അതിലെതന്നെ ആസൂത്രണബന്ധിയായ വീഴ്ചകൾ നഗ്നമായ വിഢിത്തങ്ങളായി ജനജീവിതത്തിൽ പ്രതിഫലിക്കുമ്പോൾ അതിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ മുകളിൽ പറഞ്ഞതുപോലെയുള്ള പ്രവർത്തികൾ ഉണ്ടാക്കുന്ന ധ്രുവീകരണത്തെ ഉപയോഗിക്കുക.

ഈ ഹിന്ദുത്വ പരിപാടിയിൽ എന്തിനെയാണു ഈ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കോൺഗ്രസ് ചെറുക്കാനൊ, തള്ളി പറയാനെങ്കിലുമോ ശ്രമിച്ചത്?തള്ളിപ്പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല അവയുടെ തീവ്രവക്താക്കൾ തങ്ങളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചിട്ടുമുണ്ട്.സവർണ്ണ ഹിന്ദുത്വത്തിന്റെ മനുപ്രോക്തമായ സാംസ്കാരിക യുക്തികളുമായി കോൺഗ്രസ് ദേശീയതലത്തിൽ ഒരു പോരാട്ടത്തിനുരുമ്പെട്ടതിനു തെളിവായി നെഹറുവിനുശേഷമുള്ള കോൺഗ്രസിന്റെ ചരിത്രത്തിൽ നിന്നും ഒറ്റപ്പെട്ട എന്തെങ്കിലും നീക്കങ്ങളൊ വ്യക്തിഗത നിലപാടുകളൊ അല്ലാതെ എന്ത് ഉയർത്തികാണിക്കാനാവും? എതിർക്കുന്നവരെയൊക്കെ ദേശദ്രോഹിയാക്കുന്ന തീവ്രദേശീയതയ്ക്കെതിരേ പൊരുതുകയല്ല, സമരസപ്പെടുകയാണു കോൺഗ്രസ് ചെയ്തത്. സോണിയ എന്ന അഹിന്ദു പേരും അവരുടെ വിദേശ പൗരത്വവും വച്ചുകൊണ്ട് ഹിന്ദുത്വവാദം ഉയർത്തിയ വിമർശനങ്ങളെ ചെറുക്കുകയല്ല മറിച്ച് അവയ്ക്കനുസരിച്ച് സ്വയം പരുവപ്പെടാനാണു കോൺഗ്രസിന്റെ പി ആർ ഏജന്റുമാർ നിർദ്ദേശിച്ചത്.അതാണുരാഹുൽ ചെയ്തതും.

അന്യമത, അന്യദേശ ബന്ധം ഒരു കുറ്റകൃത്യമാണെന്ന ഗൊത്രീയ വിചാരത്തെ പുറംകാൽ കൊണ്ട് തൊഴിക്കുന്നതരം ഉജ്വലമായ ഒരു പാരമ്പര്യമാണു നെഹറുമുതൽ ഇന്ദിര, രാജീവ് വഴി രാഹുലിൽ എത്തിനിൽക്കുന്ന ആ കുടുംബത്തിനുള്ളതെങ്കിലും അതിനുപിന്നിലെ ആധുനിക മതേതര യുക്തികളെ പ്രതിരോധിക്കുകയല്ല, താനൊരു പൂണൂലിട്ട കഷ്മീരി ബ്രാഹ്മണനും കടുത്ത ശിവ ഭക്തനുമാണെന്ന പ്രതിച്ഛായാ നിർമ്മിതിവഴി അതിനു വഴിപ്പെടുകയാണു രാഹുൽ ചെയ്തത്.അതിനാണു കോൺഗ്രസ് ബുദ്ധികേന്ദ്രങ്ങൾ അയാളെ നിർബന്ധിതനാക്കിയത്.അന്യവൽക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങൾ ഇന്ത്യയിൽ ഉടനീളം കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ ആക്രമിക്കപ്പെട്ടപ്പൊഴൊന്നും ദേശവ്യാപകമായ ഒരു പ്രതിഷേധം അതിനെതിരേ ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസ് മെനക്കെട്ടില്ല. നോട്ട് ബന്ധൻ പോലുള്ള മണ്ടൻ പരിഷ്കാരങ്ങൾ നടക്കുമ്പൊഴും അതിനെ തുറന്നെതിർക്കാൻ കോൺഗ്രസിനായില്ല. കാരണം എതിർത്താൽ അത് പിടിക്കപ്പെടുമെന്ന ഭയം കൊണ്ടാണെന്ന മറുവാദം ഉയരുമെന്നും അതിനെ ചെറുക്കുക പ്രയാസമായിരിക്കും എന്നതും കൊണ്ടാവാം. ചുരുക്കി പറഞ്ഞാൽ തിരഞ്ഞെടുപ്പ് കാലമടുത്തതൊടെ പ്രസംഗ പീഢത്തിൽ നിന്നും ചില വിമർശനങ്ങൾ ഉന്നയിച്ചു എന്നതല്ലാതെ കോൺഗ്രസ് ഈ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഹിന്ദുത്വ വാദത്തിനോ, അതുയർത്തുന്ന തീവ്ര ദേശീയതാ വികാരത്തിനോ, ന്യൂനപക്ഷ അന്യവൽക്കരണത്തിനോ, തീവ്ര മുതലാളിത്ത നയങ്ങൾക്കോ, അതിലെതന്നെയുള്ള ആസൂത്രണപരമായ പിഴവുകൾക്കോ എതിരേ പ്രസക്തമായ ഒന്നും ചെയ്തിട്ടില്ല.

വലത് സാമ്പത്തിക നയങ്ങൾ

ഇടത് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അത് മാത്രവുമല്ല. നവ ഉദാരവൽക്കരണനയങ്ങൾ ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന വലത് രാഷ്ട്രീയ ആശയധാരയ്ക്ക് പ്രതിപക്ഷമായാണത് നിലകൊള്ളുന്നത്.വലത് രാഷ്ട്രീയത്തിന്റെ തീവ്ര മുതലാളിത്ത നയങ്ങൾ സ്വയം ഒരു പ്രതിസന്ധിയിലേയ്ക്കും മാന്ദ്യത്തിലേക്കും ചെന്ന് പതിച്ചപ്പോൾ ലോകം ഒരു ഇതര പ്രവർത്തിമാതൃകയെന്ന നിലയിൽ തിരഞ്ഞെത്തിയത് ഇടത് സാമ്പത്തിക മാതൃകയിലേക്കായിരുന്നു എന്നത് ഓർക്കുക.നിലനിൽപ്പ് ബുദ്ധിമുട്ടിലായപ്പോൾ ഇവിടത്തെ കോൺഗ്രസ് നയിക്കുന്ന ഒന്നാം യു പി എ സർക്കാരും അതിനു നിർബന്ധിതമായെന്നും.
ക്ളാസിക്കൽ കമ്യൂണിസ്റ്റ് സാമ്പത്തിക മാതൃകയല്ല, ഇടത് സോഷ്യലിസ്റ്റ് മാതൃക എന്ന് വാദത്തിനു സമ്മതിച്ചാലും നവ ഉദവാരവൽക്കരണത്തിന്റെ വലത് മാതൃക അതല്ല.കർഷക തൊഴിലാളികളുടെയും, വ്യവസായ മേഖലയിലെ തൊഴിലാളികളുടെയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ചെറുകിട, പരമ്പരാഗത തൊഴിലാളി മേഘലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ക്ഷേമരാഷ്ട്ര സങ്കല്പത്തെ തീവ്ര മുതലാളിത്തത്തിനായി പൂർണ്ണമായും കൈവിടാതിരിക്കുകയുമെന്ന നയപരമായ തുലനത്തിലേക്ക് ലോകം മുഴുവൻ തിരിയുന്നു എന്നത് ആശയപരമായി ഇടത് സാമ്പത്തിക നയത്തിനുലഭിക്കുന്ന ആഗോള അംഗീകാരമാണു.അതിന്റെ ബലത്തിൽ തന്നെയാണു രണ്ടാം യു പി എ സർക്കാർ സ്വന്തം നിലയിൽ ജയിച്ച് കയറിയതും.

എന്നിട്ട് എന്തുണ്ടായി? ഇടത് സമ്മർദ്ദം അയഞ്ഞതോടെ സ്വതന്ത്രമായി ഭരിച്ച രണ്ടാം യു പി എ സർക്കാർ അവലംബിച്ച തീവ്ര മുതലാളിത്ത നയങ്ങൾ രാജ്യത്തെ അടിസ്ഥാനവർഗ്ഗത്തിന്റെ ജീവിതത്തിൽ ഉണ്ടാക്കിയ പ്രതിസന്ധിയെ വോട്ടാക്കി മാറ്റി മോഡി അധികാരത്തിൽ വന്നു.അടുത്ത അഞ്ച് വർഷക്കാലം നോട് ബന്ധൻ, സ്വതന്ത്ര ചരക്ക് നികുതി എന്നിങ്ങനെ വീണ്ടുവിചാരമില്ലാതെ കൈകൊണ്ട തീരുമാനങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. എന്നാൽ ഇതിനെതിരേ കോൺഗ്രസ് എത്ര സമരങ്ങൾ നയിച്ചു?പാർലമെന്റിൽ എത്രത്തോളം ശബ്ദമുയർത്തി? നാമമാത്രമായ ഇടത് എം പിമാർ എന്തൊക്കെ ചെയ്തു എന്നത് പാർലമെന്റ് രേഖകളിലുണ്ട്. ദേശീയ പാർട്ടിയല്ലാത്ത സി പി എം ഈ നയങ്ങൾക്കെതിരേ സംഘടിപ്പിച്ച പൊതുജന പ്രക്ഷോഭഗങ്ങളുടെ കണക്ക് പത്രങ്ങളുടെയും ചാനലുകളുടെയും ആർക്കേവ് പരിശോധിച്ചാൽ മനസിലാക്കാം. എന്നിട്ടും ചോദ്യം ബാക്കിയാവുകയാണു. ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ട് എന്ത് കാര്യം!

ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് നയം

ജനാധിപത്യവും മതേതരത്വവും ഭരണഘടനയും അതുയർത്തിപ്പിടിക്കുന്ന ഭാരത സംസ്കാരവും ഒക്കെ നിലനിൽക്കുവാൻ അവയ്ക്ക് ഇപ്പോൾ പ്രത്യക്ഷ ഭീഷണിയായി നിലനിൽക്കുന്ന ബി ജെ പി ഭരണകൂടം പരാജയപ്പെടണം. അതിനായി ഒരു പോസ്റ്റ് പോൾ സിനാരിയോയിൽ ഏത് ബി ജെ പി, എൻ ഡി ഏ വിരുദ്ധ മുന്നണിക്കും അവർ പിന്തുണ നൽകും.മുമ്പും ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും.

നിലനിൽക്കുന്ന ദേശീയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിൽ ഇത് അവരുടെ ഒരു ഗതികേടാണു; ഏറിയപങ്കും വിയോജിപ്പാണെങ്കിലും മറ്റ് വഴികളില്ലാത്തതുകൊണ്ട് സഹകരിക്കാവുന്ന ഒരു പൊതുമിനിമം പരിപാടിയെ മുൻ നിർത്തി മറ്റൊരു വലതു രാഷ്ട്രീയ കക്ഷിയെപ്പോലും വേണ്ടിവന്നാൽ പിന്തുണയ്ക്കുക എന്നത്. പക്ഷെ അതുകൊണ്ട് അവർ അവരുടെ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ അസ്തിത്വത്തെ തിരഞ്ഞെടുപ്പിനുമുമ്പേ ബലികഴിക്കണം എന്ന് നിഷ്പക്ഷരും യഥാർത്ഥ ഇടതുപക്ഷവും ഉൾപ്പെടെ ശഠിക്കുന്നതിന്റെ യുക്തി മനസിലാവുന്നില്ല.അതും കോൺഗ്രസിനെ ജയിപ്പിച്ചാൽ തന്നെ ഒരു തൂക്ക് മന്ത്രിസഭപോലുള്ള സാധ്യതയാണുയരുന്നത് എങ്കിൽ തുടർന്നുണ്ടാവുന്ന കുതിരക്കച്ചവടങ്ങളിൽ അവരിൽ ആരൊക്കെ ബാക്കിയുണ്ടാവും എന്ന് ഉറപ്പില്ലാത്ത വർത്തമാന സാഹചര്യങ്ങളിൽ.

കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അത്തരം ഒരു സാഹചര്യത്തിൽ സ്വന്തം എം പിമാരെ വല്ല റിസോർട്ടിലും കൊണ്ടുപോയി ചങ്ങലയ്ക്കിടെണ്ട ഗതികേടുണ്ടാവില്ല എന്ന് ഉറപ്പ്.ഒറ്റയ്ക്കോ തെറ്റയ്ക്കോ വല്ല ശെല്വരാജ് മോഡലും പോയാൽ തന്നെ അവർ കാലുമാറ്റ നിരോധന നിയമം വഴി അയോഗ്യരാവുകയെ ഉള്ളു. ഇല്ലെങ്കിൽ രാജിവച്ച് വീണ്ടും ജനവിധി തേടെണ്ടിവരും.ഇതൊന്നും അറിയാതെയല്ല ഈ കോലാഹലങ്ങൾ. അവയൊക്കെയും സൂക്ഷ്മമായി രൂപകല്പന ചെയ്യപ്പെട്ട ഒരു അജണ്ടയുടെ ഭാഗമായി നടക്കുന്നവയാണു.

തോറ്റത് ബി ജെ പിയെങ്കിൽ തോല്പിച്ചത് കോൺഗ്രസ് തന്നെ

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ചൊല്ല് പോലെയാണു നമ്മുടെ വലതുമാധ്യമങ്ങൾ സംസാരിക്കുന്നത്.കൊന്നത് ഭീമനായാലേ കീചകന്റെ മരണം പൂർത്തിയാവു.അതുപോലെ ബി ജെ പി തോറ്റിട്ട് കാര്യമില്ല, തോല്പിക്കുന്നത് കോൺഗ്രസ് ആയാലെ വിജയം പൂർണ്ണമാവു. ആരുടെ? വലത് രാഷ്ട്രീയ താല്പര്യങ്ങളുടെയും അവയുടെ സാംസ്കാരിക ജിഹ്വകളുടെയും വിജയം. ഈ ചൊല്ലിനുപിന്നിൽ വല്ല വസ്തുതയുമുണ്ടോ? നിലവിലുള്ള അവസ്ഥയിൽ കോൺഗ്രസിനൊറ്റയ്ക്ക് കൂട്ടിയാൽ കൂടില്ല എന്നത് പോട്ടെ. അവർ നേതൃത്വം കൊടുക്കുന്ന മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാൻ സാദ്ധ്യതയുണ്ടോ? ഉവ്വെങ്കിൽ ആ കോൺഗ്രസ് മുന്നണിക്കെതിരേ ഇടതുപക്ഷം സ്ഥാനാർത്ഥികളെ നിർത്തുന്നത് ഐക്യത്തെ ദുർബലപ്പെടുത്തും എന്ന് പറയാം. എന്നാൽ കോൺഗ്രസിനെതിരേ മൽസരിക്കുന്ന ബി ജെ പി ഇതര രാഷ്ട്രീയ സംഘടനകളുടെ കൂട്ടത്തിൽ ഇടത് സഖ്യത്തിലുള്ളവ മാത്രമല്ല ഉള്ളത് എന്നും ഓർക്കണം.

ബി എസ് പി, എസ് പി, ആം ആദ്മി, തൃണമൂൽ, ടി ആർ എസ്, ടി ഡി പി, വൈ എസ് ആർ പി തുടങ്ങി നിരവധി സംഘടനകൾ നിലവിൽ കോൺഗ്രസിനെയും ബി ജെ പിയെയും ഒരുമിച്ച് എതിർക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനുശേഷം ഒരു ബി ജെ പി വിരുദ്ധ ചേരിയിൽ അവയൊക്കെയും ഒരുപക്ഷേ ഒരുമിച്ച് വന്നേക്കാം. എന്നാൽ അവരോടൊന്നും ആരും നിങ്ങൾ കോൺഗ്രസിനെതിരേ മൽസരിക്കുന്നതിനാൽ ബി ജെ പിക്കെതിരായ മൽസരം റദ്ദാവുന്നു എന്ന യുക്തിയും സമവാക്യവും വലിച്ചുകൊണ്ട് ചെല്ലുന്നില്ല. എന്താവും കാരണം? അവർ സ്വന്തം നിലയ്ക്ക് ശക്തരാണെന്നതൊന്നുമല്ല ആ കാരണം. ഈ പാർട്ടികൾക്കൊന്നും സ്വന്തം നിലയിൽ 271 സീറ്റ് പോയിട്ട് നൂറോ, അൻപത് തന്നെയുമോ കഷ്ടിയാവും എന്ന് ആർക്കാണറിയാത്തത്. എൺപതുകൾക്ക് ശേഷം ഏത് രണ്ടക്ക സംഖ്യയ്ക്കും നിർണ്ണായക സമ്മർദ്ദ ശക്തിയാകാൻ കഴിയുന്ന ഒരു രാഷ്ട്രീയ അവസ്ഥയാണുള്ളത്, ഏതാനും അപവാദങ്ങൾ രണ്ടാം യു പി എയും ഈ മോഡി സർക്കാരും പോലെയുള്ളവ മാറ്റിവച്ചാൽ.

മര്യാദയ്ക്ക് നടന്ന തിരഞ്ഞെടുപ്പ് പൂർവ്വ പ്രചരണങ്ങൾ ഒക്കെയും ഒരുമുന്നണിയുടെയും ഗംഭീര വിജയം പ്രവചിക്കുന്നില്ല. എല്ലാം വിരൽ ചൂണ്ടുന്നത് തിരഞ്ഞെടുപ്പിനുശേഷമുള്ള മുന്നണി രൂപീകരണം നിർണ്ണായകമാവും എന്നാണു.അതിൽ സമ്മർദ്ദ ശക്തിയാവാൻ ഒരുപക്ഷേ ആം ആദ്മി പാർട്ടിക്ക് വരെ കഴിഞ്ഞേക്കാം. അപ്പോൾ ഇടതുപക്ഷത്തിനോ? നിങ്ങൾ ബി ജെ പിയെ എതിർക്കുന്നുവെങ്കിൽ കോൺഗ്രസിനെതിരേ സ്ഥാനാർത്ഥിയെ നിർത്തരുത്, നിർത്തിയാലും ശക്തമായ ഒരു മൽസരത്തിനു നിൽക്കരുത് എന്ന യുക്തി മേല്പറഞ്ഞ ഒരു സംഘടനയ്ക്കും, സഖ്യത്തിനും ബാധകമല്ലാത്തത് ഇടതുപക്ഷത്തിനുമാത്രം ബാധകമാകുന്നതെങ്ങനെ?

“അക്കപ്പോര“ല്ല ജനാധിപത്യം

പ്രവർത്തനക്ഷമമായ ഒരു ജനാധിപത്യത്തിൽ പ്രസക്തിയും അപ്രസക്തിയും നിശ്ചയിക്കപ്പെടുന്നത് വെറും എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല.ജനാധിപത്യമെന്നത് വെറും ഭൂരിപക്ഷ സമ്മതി മാത്രം അവലംബിച്ച് നിലനിൽക്കുന്ന ഒരാൾകൂട്ടാധിപത്യ വ്യവസ്ഥയല്ല. അതിനെ നിലനിർത്തുന്നത് നമ്മുടെ ഭരണഘടനാ കർത്താവായ ബാബാസാഹിബ് അംബേഡ്കർ വിഭാവനം ചെയ്ത ഭരണഘടനാ സദാചാരം എന്ന ആശയമാണു.അതിനെ എത്ര വ്യക്തികൾ അംഗീകരിക്കുന്നു എന്നതല്ല, അത് ഉയർത്തുന്ന ധനാത്മക സാംസ്കാരിക സംവാദ സാദ്ധ്യതകളാണു നമ്മുടെ ജനാധിപത്യത്തെ ചലനാത്മകമായി നിലനിർത്തുന്നത്.
അങ്ങനെയല്ല, ഭൂരിപക്ഷാധിപത്യമാണു ജനാധിപത്യം, അതിൽ പുരോഗമനോന്മുഖ സാംസ്കാരിക ഉള്ളടക്കമൊന്നുമില്ല, അതൊക്കെ വെറും വാചാടോപമാണെന്നാണു മനുപ്രോക്ത സദാചാര വാദികളുടെ എന്നെന്നുമുള്ള വാദം.അതവിടെ നിൽക്കട്ടെ. പ്രസ്തുത വാദത്തിനു ഫലപ്രദമായി ഒരു മറുയുക്തി മുന്നോട്ട് വയ്ക്കുന്നതാരാണു?

ഇന്ത്യൻ യാഥാസ്ഥിതികത എന്നത് മനുവാദത്തിന്റെയും മുതലാളിത്തത്തിന്റെയുമായ ഒരു തനത് സംയുക്തമാണു.മുതലാളിത്തം ഇന്ത്യൻ സാഹചര്യങ്ങളിൽ ഫ്യൂഡൽ വ്യവസ്ഥയെ പോലും പൂർണ്ണമായി തകർത്തില്ല.അതിന്റെ സാംസ്കാരിക വ്യവസ്ഥയെയാവട്ടെ സ്പർശിച്ചുമില്ല. ഫ്യൂഡൽ സാംസ്കാരികതയുമായി പൂർണ്ണമായും ഫ്യൂഡൽ ഉല്പാദന വ്യവസ്ഥയുമായി ഭാഗികമായും സന്ധിചെയ്തുകൊണ്ടാണു ഇന്ത്യൻ മുതലാളിത്തം തഴച്ചത്. അതിന്റെ രാഷ്ട്രീയ രാസത്വരകമായിരുന്നു വലത് രാഷ്ട്രീയം. തിരഞ്ഞെടുപ്പും അധികാരവും മാത്രമായി എടുത്താൽ എന്താണിന്നത്തെ ഇന്ത്യൻ രാഷ്ട്രീയം? ബി ജെ പി നേതൃത്വം കൊടുക്കുന്ന എൻ ഡി എയും കോൺഗ്രസ് നേതൃത്വം കൊടുക്കും എന്ന് വിശ്വസിക്കപ്പെടുന്ന എൻ ഡി എ വിരുദ്ധ തിരഞ്ഞെടുപ്പ് അനന്തര സഖ്യവും തമ്മിലുള്ള പോരാട്ടം. പക്ഷേ നേതൃ സ്ഥാനത്ത് ബി ജെ പിയും കോൺഗ്രസും ആയിരിക്കുന്നിടത്തോളം സെണ്ട്രൽ റൈറ്റ്, ലെഫ്റ്റ് എന്നിങ്ങനെയുള്ള സൗകര്യാധിഷ്ടിത വിശകലന മാനകങ്ങളിലൊന്നും കാര്യമില്ല. രണ്ടും വലത് കക്ഷികളാണു.അവരെ ഒന്നാക്കുന്നത് സാമ്പത്തിക വികസനത്തെ കുറിച്ച് അവർ ഒരുപോലെ പങ്കുവയ്ക്കുന്ന നവ മുതലാളിത്ത പരിപ്രേക്ഷ്യവും. ഇനി സാംസ്കാരികമായി ഇവയെ താരതമ്യം ചെയ്താൽ ഒരുപക്ഷം ഹിന്ദുത്വത്തെ ഉയർത്തിപ്പിടിക്കുന്നുവെങ്കിൽ മറുപക്ഷം അതിനോട് ആവും വിധമൊക്കെ സമരസപ്പെടുകയാണു.

ഇതാണു ഇന്ത്യയുടെ വർത്തമാന രാഷ്ട്രീയ യാഥാർത്ഥ്യമെന്നിരിക്കെ കൊൺഗ്രസ് മാത്രമാണു സംഘപരിവാർ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനേകപരിഹാരം എന്ന് പറയുന്നത് വസ്തുതാപരമായും സാംസ്കാരികമായും ഇനി സംഖ്യാപരമായാണെങ്കിൽ തന്നെയും എങ്ങനെ ശരിയാവും? ഇന്ത്യയിൽ പ്രബലമായ ഒരു ബി ജെ പി വിരുദ്ധ ധാരയുണ്ട്. എന്നാൽ അത് ഏകീകൃതമായ ഒന്നല്ല, വികേന്ദ്രീകൃതമാണു. അതാണു ബി ജെ പിക്ക് നിലവിലെ ഇലക്ടൊറൽ പൊളിറ്റിക്സിൽ അനുകൂലമാകുന്നതും. എന്നാൽ അതിനു ബദലാവാൻ കോൺഗ്രസിനു കഴിയുമോ?

കോൺഗ്രസിനാവുന്നത്....

ബദൽ, ഓൾടർനേറ്റിവ് തുടങ്ങിയ പദങ്ങൾതന്നെയും വ്യാജ നിർമ്മിതികളായി നിലനിൽക്കുന്ന ഓൾറ്റർനേറ്റ് സയൻസിന്റെയും മേഡിസിന്റെയുമൊക്കെ കാലത്താണു നാം നിലനിൽക്കുന്നത്. അവയാകട്ടെ ഒന്നിന്റെയും ബദലലല്ല, വ്യാജം മാത്രവും. കോൺഗ്രസ് നിലവിൽ മുമ്പോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഒന്നിന്റെയും ബദലല്ല. അത് ഓൾറ്റർനേറ്റ് സയൻസ്, ഓൾടർനേറ്റ് മെഡിസിൻ എന്നൊക്കെ പറയുമ്പോലെ ഒരു വ്യാജ കല്പന മാത്രമാണു.അതുകൊണ്ട് തന്നെ കോൺഗ്രസിനു പരമാവധി കഴിയാവുന്ന കാര്യങ്ങളെ നമുക്ക് ഊഹിക്കാവുന്നതേയുള്ളു.

അധികാരം നൽകുന്ന സാമ്പത്തിക, സാംസ്കാരിക ബലങ്ങൾ ഉപയോഗിച്ച് വിലപേശൽ രാഷ്ട്രീയത്തിൽ കൂടെക്കൂട്ടുന്ന പ്രാദേശിക ഘടകങ്ങളെ തൃപ്തിപ്പെടുത്തി ഒരു ടേം പൂർത്തിയാക്കുക എന്നത് ഒരുപക്ഷെ സാധിച്ചേക്കാം. എന്നാൽ അടുത്ത തവണയോ? ഹിന്ദുത്വം അതിന്റെ കൂടുതൽ ഫാഷിസ്റ്റ് മുഖമുള്ള ഒരു നേതാവിലൂടെ തിരിച്ചുവരും. വാജ്പേയിയുടെ സൗമ്യ മുഖം ആവശ്യമായിരുന്ന കാലത്തും അവർക്കൊരു ഫാഷിസ്റ്റ് മുഖമുള്ള നേതാവുണ്ടായിരുന്നു. അഡ്വാനി. ഇപ്പോൾ നാം അയാളെ ഒരു പാർശ്വവൽക്കരിക്കപ്പെട്ട കിളവൻ എന്ന സഹതാപത്തോടെ നോക്കുന്നു.അഞ്ച് കൊല്ലം കഴിയുമ്പോൾ അഡ്വാനിയുടെ കസേരയിൽ മോഡി ഇരുന്നുകൂട എന്നില്ല. പക്ഷെ അതുകൊണ്ട് ഹിന്ദുത്വ ഫാഷിസം തോൽക്കുന്നുമില്ല. കാരണം അതിനെ തോല്പിക്കാൻ ഒരു പ്രതി രാഷ്ട്രീയം വേണം.പക്ഷേ കോൺഗ്രസാണോ അത്?

ഉഷ്ണം ഉഷ്ണേന ശാന്തി എന്ന നിലയിൽ വലതുരാഷ്ട്രീയത്തെ വലതുകൊണ്ട് ഇല്ലായ്മ ചെയ്യുക എന്നുവച്ചാൽ വലതുരാഷ്ട്രീയത്തിനു രാജ്യത്തിനേല്പിക്കാനാവുന്ന അഘാതങ്ങൾ പരമാവധി അത് ഏല്പിക്കുകയും തുടർന്ന് അനിവാര്യമെന്നോണം അതിനൊരു ഒരു പരിഹാരം ഉയർന്നുവരികയും ചെയ്യുക എന്നതാവാം. അതായത് ബിജെപി കഴിഞ്ഞ് കോൺഗ്രസ്, കോൺഗ്രസ് കഴിഞ്ഞ് ബിജെപി എന്ന നിലയിൽ വലതുരാഷ്ട്രീയം ഒരു സ്വാഭാവിക പ്രതിസന്ധിയിൽ എത്തുകയും അതിൽ നിന്നും ഒരു പരിഹാരം ഉയർന്നുവരികയും എന്ന സാധ്യത. പക്ഷേ അതിനും സ്വതന്ത്ര യുക്തിവിചാരം എന്നയൊന്ന് ധൈഷണികതലത്തിൽ നിലനിൽക്കുകയും അതിൽ നിന്നും പ്രതിയുക്തി, പ്രതിരോധം, പ്രതിഷേധം തുടങ്ങിയ അതിന്റെ ആവിഷ്‌കാരങ്ങൾ തെരുവിൽ ഭൗതീകമായി നടക്കുകയും വേണം.  ഹിന്ദുത്വം ധൈഷണികതയെ കൊന്നും തമസ്കരിച്ചും ഉണ്ടാക്കുന്ന നിശബ്ദതയെ മിണ്ടാതെ അംഗീകരിക്കുകയും തരം കിട്ടുമ്പോൾ ഞങ്ങളും അതിന്റെ വക്താക്കളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന അതിന്റെ മറ്റൊരു രൂപം കൊണ്ട് നേരിട്ടുകൊണ്ട് അതെത്രകണ്ട് സാദ്ധ്യമാവും?
പ്രാദേശിക രാഷ്ട്രീയത്തിന്റെ പലമകൾക്ക് ഒരു ജനകീയ ബയന്റ് നിലവിൽ നമ്മുടെ രാഷ്ട്രീയം വിഭാവനം ചെയ്യാനാവുന്നതിലും വിഭിന്നമായ താല്പര്യങ്ങളും, സ്വത്വ, വർഗ്ഗ, വംശ, ലിംഗ വിചാരങ്ങളും കൊണ്ട് സങ്കീർണ്ണവൽക്കരിക്കപ്പെട്ട ശതകോടിയിൽ പരം വരുന്ന ഒരാൾകൂട്ടമാണു. അതിനെ ലഭ്യമായ ഘടകങ്ങൾ എല്ലാം ഉപയോഗിച്ച് ധ്രുവീകരിച്ച് നിർത്തുക എന്ന ഒരജണ്ട; ബി ജെ പിയുടെത്. അതിനെ അങ്ങനെതന്നെ തുടരാൻ വിട്ടുകൊണ്ട് ഭരണതലത്തിൽ അതിനുണ്ടാവുന്ന വീഴ്ചകളുടെ സ്വാഭാവിക ഗുണഭോക്താക്കൾ തങ്ങളാവും എന്ന് കരുതി മിണ്ടാതിരിക്കുക എന്ന മറ്റൊരജണ്ട; കോൺഗ്രസിന്റെത്.ഇതിൽ ഏത് ഏതിന്റെ ബദലാണു!
ഇവയെ മാറ്റിനിർത്തിയാൽ പിന്നെ ചില പോക്കറ്റുകളിൽ മാത്രം ശക്തിയുള്ള പ്രാദേശിക പാർട്ടികളാണു. അവരുടെ താല്പര്യങ്ങൾ വ്യത്യസ്തമാണു.അവ നേടാൻ അതാത് സർക്കാരിൽ സമ്മർദ്ദ ശക്തികളായി നിന്നാലും മതി. അപ്പോൾ പിന്നെ ദേശീയമായ ഒരു രാഷ്ട്രീയ ബദലിനെന്ത് വഴി? അവിടെയാണു ഇടതുരാഷ്ട്രീയത്തിന്റെ പ്രസക്തി. ഇത്തരം പ്രാദേശിക ശക്തികളെ ഏകോപിപ്പിക്കുന്ന ഒരു ബദൽ രാഷ്ട്രീയ ഗതാഗതമാകാൻ പറ്റിയ ഒരു പ്രത്യയശാസ്ത്ര ചരട് അവരുടെ കയ്യിലേ നിലവിൽ ഉള്ളു.

ഏത് പ്രദേശമായാലും അടിസ്ഥാനപരമായി മനുഷ്യർ നേരിടുന്ന ജീവിത പ്രതിസന്ധികൾക്ക് ഒരു പൊതുസ്വഭാവമുണ്ടാവും. നിലവിലെ അധീശ പ്രത്യയശാസ്ത്രമെന്ന നിലയിൽ അതിനെ കൊരുക്കുന്നത് മുതലാളിത്ത സാമ്രാജ്യത്തം എന്ന ഭീഷണിയും. കനയ്യകുമാർ ജെ എൻ യുവിൽ ഉയർത്തിയ ആസാദി അഥവാ മോചനമെന്ന മുദ്രാവാക്യത്തിന്റെ ശബ്ദഘടന സുഡാനിലെ വനിതാ പോരാളി ഏറ്റുവിളിപ്പിച്ച മുദ്രാവാക്യത്തിനും ഉണ്ടാവുന്നത് ഇവർ പരസ്പരം മുദ്രാവാക്യങ്ങൾ മോഷ്ടിക്കുന്നതുകൊണ്ടല്ല. അസ്വതന്ത്രതയ്ക്കും അതിനെതിരേയുള്ള പ്രതിരോധങ്ങൾക്കും ലോകത്തെവിടെയും ഒരു പൊതു ശബ്ദ, ആശയ ഘടനയുള്ളതുകൊണ്ടാണു. അതാണു ബദൽ രാഷ്ട്രീയത്തിന്റെ ശബ്ദം. അതാണാശയം. അതിനൊപ്പമല്ലെങ്കിൽ കോൺഗ്രസിനെന്ത് പ്രസക്തിയെന്നതാണു ചോദ്യവും.

ഉള്ള വിഭവങ്ങൾകൊണ്ട് ഉണ്ടാക്കുന്ന പ്രസക്തി

ഭരണപരമായ നിരവധി ഹിമാലയൻ മണ്ടത്തരങ്ങൾ കണ്ടിട്ടും ഫലപ്രദമായ ഒരു പ്രതിപക്ഷ പ്രക്ഷോഭവും ഇല്ലാതെ രാഷ്ട്രീയ ഇന്ത്യ സ്തംഭിച്ച് നിന്ന ഈ അഞ്ച് വർഷങ്ങൾക്കിടയിലും ദേശീയ ശ്രദ്ധ നേടിയ നിരവധി പ്രക്ഷോഭങ്ങൾ കർഷക പക്ഷത്തുനിന്നും നയിക്കാൻ ഇടതുപക്ഷത്തിനായി. ഗോവധ നിരോധനം മുതൽ പശുക്കൊലകൾ വരെയുള്ള, സാംസ്കാരികമായി എതിർപക്ഷത്ത് നിൽക്കുന്ന സാംസ്കാരിക നായകരെയും ബുദ്ധിജീവികളെയും വേട്ടയാടുന്ന ഫാഷിസ്റ്റ് നിലപാടുകൾക്ക് സാംസ്കാരിക പ്രതിരോധങ്ങൾ സംഘടിപ്പിച്ചതും ഏറിയ പങ്കും ഇടത് പ്ളാറ്റ്ഫോമുകൾ ആയിരുന്നു. ഒപ്പം ചാണകത്തിൽ നിന്ന് സ്വർണം ഉൾപ്പെടെ എന്തും കണ്ടുപിടിക്കാം എന്ന് ശാസ്ത്ര സമിതികൾ മീറ്റിങ്ങ് കൂടി കണ്ടുപിടിക്കുന്ന കാലത്ത് അതിനെ എതിർക്കാനും ചെറുക്കാനും ഊർജ്ജം ചിലവഴിച്ചതും ഇടത് ചിന്താ ധാരകൾ തന്നെയായിരുന്നു.

അയ്യപ്പൻ എന്ന ദൈവത്തിന്റെ നിത്യ ബ്രഹ്മചര്യം കാക്കാൻ ഭക്തർ സ്ത്രീകളെ എറിഞ്ഞോടിക്കുന്ന, അവർക്ക് പ്രവേശനം നൽകിയ കോടതിവിധി നടപ്പിലാക്കാൻ തുനിഞ്ഞ സർക്കാരിനെ വൊട്ടുചെയ്ത് ഓടിക്കാൻ ശ്രമിക്കുന്ന ഒരു സ്ഥലം. കേരളം. ഇന്ത്യയിൽ ആദ്യം സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനം. അവിടത്തെ അവസ്ഥ ഈ നിലയിലൊരു കോൺഗ്രസ് ബി ജെ പി സംഗമം ആണെങ്കിൽ പിന്നെ അതിനെ മൃദു, തീവ്രം, ഗുരു, ലഖ്യു എന്നൊന്നും വിഭജിച്ചിട്ട് കാര്യമില്ല. വൃത്തം തീവ്ര ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തന്നെയാണു. ഒച്ചയേ വ്യത്യാസപ്പെടുന്നുള്ളു. ഇവിടെപ്പോലും ഇതാണവസ്ഥയെങ്കിൽ പിന്നെ ഇടതുരാഷ്ട്രീയത്തിനിതിലും വേണമോ വേറെ പ്രസക്തി; അഥവാ ഇതിനല്ലാതെ വേറെ ഏതിനാണു പ്രസക്തി? ഇന്ത്യയെന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഇന്ന് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായി നേരിടുന്ന പ്രതിസന്ധികൾ എന്തെങ്കിലുമൊന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിൽ അത് ഒന്ന് മാത്രമാണു. ഇടതുരാഷ്ട്രീയത്തിന്റെ പ്രസക്തി. വലിപ്പമല്ല, പ്രസക്തി.


പ്രധാന വാർത്തകൾ
 Top