13 October Sunday

ദശാശ്വമേധഘട്ടിൽ നിന്ന് എങ്ങോട്ട്?

ആഷാമേനോൻUpdated: Saturday Sep 28, 2024

മണികർണികാഘട്ട്‌

 

മണികർണികാഘട്ടിനും ദശാശ്വമേധഘട്ടിനും ശേഷം എന്തെങ്കിലും അനന്തരങ്ങൾ ഉണ്ടോ? എല്ലാ മരണാനന്തരങ്ങളും ഒരുപോലെയല്ലേ, ഏതോ നിശൂന്യതയിലൂടെയുള്ള അയനം, അഥവാ അയനമാണെങ്കിൽ, അവിടെയെന്താവും പ്രാണനെ അനുധാവനം ചെയ്യുക, കർമ പാശങ്ങളുടെ അനിരോധ്യമായ പ്രേരണകൾ? അങ്ങനെയെങ്കിൽ മാത്രമേ മരണാനന്തര രഹസ്യങ്ങൾ വ്യത്യസ്തമാവൂ. ജീവകാലത്തിൽ അനുഷ്ഠിച്ച കർമങ്ങളുടെ അത്രയും ഒരു പിൻതുടർച്ച!


ഉത്തരാഖണ്ഡിലെ വനജ്യോത്സ്‌നകൾ വിരിഞ്ഞുനിൽപ്പുള്ള വഴിയിലൂടെ മൂന്നോ നാലോ കിലോമീറ്റർ ചെന്നാൽ കാണാവുന്ന ഒരു തടാകമുണ്ട്, നചികേത് താൽ. പ്രശാന്തിയുടെ തദ്ഭാവമാണത്, ഒരുപക്ഷേ, വനാന്തരങ്ങളിലുള്ള ഏതു തടാകത്തെ പോലെയും അവിടെ ജലം ഉറഞ്ഞുപോകാറില്ല.

സമുദ്രനിരപ്പിൽനിന്ന് എണ്ണായിരം അടി ഉയരത്തിൽ മരുവുന്ന നചികേത തടാകം, ഒരു പക്ഷേ, നിങ്ങൾ മനസ്സിലാക്കിയപോലെ നചികേതസ്സിന്റെ പൗരാണികാഖ്യാനവുമായി ബന്ധപ്പെട്ട ഒന്നാണ്. ഇവിടെ നിന്നാണ്, നചികേതസ്സെന്ന ബാലൻ, ലോകത്തെ ഒരു ബാലനേയും പോലല്ലാതെ ഗഹനമായ ഒരു സമസ്യയ്ക്ക് ഉത്തരമാരാഞ്ഞു ചെന്നത്.

നചികേത്‌ താൽ

നചികേത്‌ താൽ

അപൂർവമായി മാത്രം ഹിമാലയ കുതുകികൾ ചെന്നെത്താറുള്ള ആ സരസ്സിൽ നിന്ന് എങ്ങോട്ട് തിരിഞ്ഞുപോയാണ് നചികേതസ് യമന്റെ സവിധം എത്തിയതെന്നറിഞ്ഞുകൂടാ. അതു പക്ഷെ, പ്രധാനമല്ല. നാം ആ പൗരാണികമായ പിൻതുടരലിന്റെ ഭൂമിശാസ്ത്രം പരിഗ്രഹിക്കാൻ തുനിയുകയല്ലല്ലോ. അതിന്റെ സനാതനമായ സത്തയിലേക്കാണല്ലോ കൺപായിക്കുന്നത്.

നചികേതസ്സും യമനും, അവർ സ്ഥലകാലങ്ങളുടെ ഏതു പംക്തികളിൽ വിഹരിച്ചാലും അതു നമ്മെ അലട്ടുന്നില്ല. അവർ തമ്മിൽ സംഭവിച്ചേക്കാവുന്ന സംവാദവും യമന്റെ പ്രീണനവും അതിനോട് ഈ ബാലന്റെ അധൃഷ്യത മുറ്റിയ നിരാസവും മാത്രമാണ് പ്രസക്തം - അന്നത്തെപ്പോലെ ഇന്നും ഒരുപക്ഷേ എന്നും. മരണത്തിന്റെ രഹസ്യമെന്തെന്ന് ആരായുകയാണ് നചികേതസ്സ് ചെയ്തത്, ഏതോ ജന്മാന്തര ജിജ്ഞാസ കൊണ്ടെന്നോണം.

കൗമാരത്തിന്റെ തുടിപ്പുകളിൽ എത്തുന്നതിനു മുമ്പ് ഒരു ബാലന് സ്വരൂപിക്കാവുന്നതല്ല അവ്വിധമൊരു ജിജ്ഞാസ. എത്രയോ വർഷങ്ങൾ ഇവിടെ വാണാൽ പോലും അങ്ങനെയൊരു ചോദ്യം നമ്മിലൊക്കെ അങ്കുരിക്കുമെന്ന് ആരെങ്കിലും കരുതുമോ?

കഠോപനിഷത്ത് ആർഷ ദർശനങ്ങളിൽ വെച്ചൊക്കെ അതിഗഹനമായിത്തീരുന്ന സന്ദർഭമാണിത്. ജീവന്റെ രഹസ്യവും (secret of life) അങ്ങനെയല്ലേ എന്ന് നിങ്ങൾ ഉന്നയിക്കുമോ എന്നറിയില്ല. തീർച്ചയായും അത് ഉന്നയിക്കപ്പെടേണ്ടതാണ്.

മരണം ഒരു അപ്രത്യക്ഷമാണെങ്കിൽ ജീവൻ പ്രത്യക്ഷമാണ്, മൂർത്തതയാണ്; പിന്നീട് വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു manifestation, മൂർത്തിമദ്ഭാവമാണ്; അതിന്റെ എന്തൊക്കെയോ ഗത്യന്തരങ്ങളാണ്, സുഖദുഃഖങ്ങളാണ്.

അനുനിമിഷം അതിന്റെ രഹസ്യങ്ങൾ വെളിപ്പെട്ടുകൊണ്ടിരിക്കയാണ്. അത്തരം വെളിപ്പെടലിലൂടെ ഈ ജൈവപ്രപഞ്ചം ഉയിരാളുകയുമാണ്. മരണത്തിന്, മരണാനന്തരം, അത്തരം ഉയിരാളലുകൾ ഇല്ല. അല്ലെങ്കിൽ മരണാനന്തരം എന്ത് ഉയിരാളലുകളാണ്.

മണികർണികാഘട്ടിനും ദശാശ്വമേധഘട്ടിനും ശേഷം എന്തെങ്കിലും അനന്തരങ്ങൾ ഉണ്ടോ? എല്ലാ മരണാനന്തരങ്ങളും ഒരുപോലെയല്ലേ, ഏതോ നിശൂന്യതയിലൂടെയുള്ള അയനം, അഥവാ അയനമാണെങ്കിൽ, അവിടെയെന്താവും പ്രാണനെ അനുധാവനം ചെയ്യുക, കർമപാശങ്ങളുടെ അനിരോധ്യമായ പ്രേരണകൾ? അങ്ങനെയെങ്കിൽ മാത്രമേ മരണാനന്തര രഹസ്യങ്ങൾ വ്യത്യസ്തമാവുകയുള്ളൂ.

ജീവകാലത്തിൽ അനുഷ്ഠിച്ച കർമങ്ങളുടെ അത്രയും ഒരു പിൻതുടർച്ച! അല്ലെങ്കിൽ വിദുരന്റെ മരണാനന്തരവും അശ്വത്ഥാമാവിന്റെ മരണാനന്തരവും എങ്ങനെയാണ് ഒന്നാവുക? അല്ലെങ്കിൽ ശരഭംഗന്റെ താനാർജിച്ച തപശ്ശക്തിയത്രയും ശ്രീരാമനേകിയ - മരണാനന്തരവും രാവണന്റെ മരണാനന്തരവും എങ്ങനെയാന്ന് ഒന്നാവുക? ഒരു ജന്മംകൊണ്ട് കൃത്യമായി വ്യവഛേദിക്കാവുന്ന ബാക്കിപത്രങ്ങളാണോ അവർ ഓരോരുത്തരും നിവൃത്തിച്ചത്?

സുകൃതം/ദുഷ്‌കൃതം എന്നീ വാക്കുകളുടെ ഗതിഭ്രംശങ്ങളോ ഗതിവേഗങ്ങളോ ഈ ബാക്കിപത്രങ്ങൾക്കായുള്ള വെമ്പലുകളാണ്. സപ്ത സമുദ്രത്തെക്കാൾ അശ്രുക്കൾ നിറഞ്ഞുകിടപ്പുള്ള ഈ ജഗത്തിന്റെ അനാദിയായ താളക്രമം, അങ്ങനയൊരു ചാക്രികതകൊണ്ടു മാത്രമേ നിർധരിക്കാനാവൂ.

അതിനാൽ പൂർവജന്മപുണ്യം, നചികേതസ്സിനെപ്പോലെ ഒരു ബാലനിൽ അവ്വിധം പുനിതമായ ഒരു ജിജ്ഞാസ അങ്കുരിക്കണമെങ്കിൽ, ലോക സംസ്‌കൃതിയിൽ എവിടെയും നാം കണ്ടെത്താത്ത വിധം അഗാധമായ ഒരു ജിജ്ഞാസ -അതിന്റെ മൂലസംവിത് മറ്റെന്താവും?

ഈ ഉപനിഷത് മനനങ്ങളുടെ സാംഗത്യം ഇത്രയേ ഉള്ളൂ, എം ടി വാസുദേവൻ നായർ അവസാനം രചിച്ച വാരാണസി  എന്ന നോവലിന് ആമുഖമായി കുറിച്ച വാക്യങ്ങൾക്ക്‌ ഇരുപതു വർഷമായിരിക്കുന്നു. അത് എം ടി എന്ന എഴുത്തുകാരന്റെ ശീലങ്ങളിൽപ്പെടുന്ന ഒന്നല്ല. നചികേതസ്സെന്ന ബാലന്റെ പ്രാഭവം ഉൾക്കൊണ്ടു തന്നെയാണ് അങ്ങനെയൊരു ഉദ്ധരണിക്ക് അദ്ദേഹം മുതിർന്നത്.

അടുത്ത പേജിൽ സുധാകരന്റെ സ്നേഹകോമളനായ അച്ഛന്റെ കത്തിൽ നചികേതസ്സിനെക്കുറിച്ച് ഒരു സൂചനയുണ്ട് - വിരളമായ ഒരു സൂചന. മൃതിയുടെ രഹസ്യത്തെക്കുറിച്ചാരായലുകൾ ഏതെങ്കിലും നിയതമായ ഒരു കഥാപാത്രത്തിലല്ല, സുധാകരനോ സുമിയോ, ബന്ധിക്കപ്പെടുന്നത്. മറിച്ച് വാരാണസി എന്ന സ്ഥലത്തിന്റെ അവ്യവഹാരികമായ വിസ്തൃതിയുമായാണ്.

കാശിയെക്കാൾ വിസ്‌തൃതമായ എത്രയോ നഗരികൾ ഭാരതത്തിലുണ്ട്. പക്ഷെ മരണത്തിന്റെ സന്നിധിയായി തിരിച്ചറിയുന്ന ഒറ്റ നഗരം കാശിയാണ്. അത് മരണാനന്തരത്തിന്റെ സന്നിധിയെന്ന് ഞാൻ തെളിച്ചുപറയട്ടെ. ഇപ്പോൾ കാഠ്മണ്ഡുവിലെ പശുപതിനാഥ്‌ ക്ഷേത്രത്തെക്കുറിച്ച്‌ നിങ്ങൾ ഓർമിക്കുമോ എന്നു നിശ്ചയമില്ല.

ദിനംപ്രതി ഒരു ചിതയെങ്കിലും എരിയാറുള്ള പശുപതിനാഥന്റെ പുണ്യസ്ഥലിയിൽ, അന്തിമമായ വേർപാടിനെക്കുറിച്ച് അത്രയൊന്നും ഖിന്നനാവാതെ, അത്ഭുതചിത്തനായി ഒന്നിലേറെ തവണ നിന്നത് എത്ര വർഷങ്ങൾക്കു മുമ്പാണ്? അവിടെവെച്ച് ദേഹി വേർപെടുന്നത് ഗംഗയുടെ തീരത്തെന്നതുപോലെ പുണ്യനിർഭരമാണ്. ഒരു ക്ഷേത്രാന്തികത്തിലും അങ്ങനെ ചിത കൊളുത്തപ്പെടാറില്ല.

കാശിയുടെ ശ്‌മശാനഘട്ടങ്ങളൊക്കെയും വിശ്വനാഥ ക്ഷേത്രത്തിനു പുറത്താണ്, ഗംഗയെ അഭിവാദനം ചെയ്തുകൊണ്ട്. എങ്കിലേ ആ വിലയനം സമ്പൂർണമാവൂ എന്ന സകല്പത്താൽ.
ഗംഗാജലത്തിന്റെ പവിത്രതയെക്കുറിച്ച്, അല്ല സ്വയം നവീകരണ ശേഷിയെക്കുറിച്ച്, self restorative, ലോകത്തിലെ മികച്ച hydrologist പറഞ്ഞത് ഈ രചനയിൽ നാം വായിക്കുന്നുണ്ട്.

ഗോമുഖ് എന്ന പിളർപ്പ് പോലെ spout of Ganges ഒരു സമുത്ഭവം ലോകത്തിൽ ഒരു നദിക്കും പ്രദത്തമായിട്ടില്ല. നിരവധി ജൈവമാലിന്യങ്ങൾ ഗംഗയിലേക്ക്‌ പുറന്തള്ളപ്പെടുമ്പോഴും അതിന്റെ ജലഗണങ്ങൾ അവ്യാഖ്യേയമായ നിർമലതയിൽ വർത്തിക്കുകയാണ്. ഇതുപോലെ 'മരണാനന്തരം’ മുറ്റി നിൽക്കുന്ന മറ്റൊരു സ്ഥലസത്തയില്ല.

കഠോപനിഷത്തിന്റെ വല്ലരികൾ അതിനാൽത്തന്നെ കൃത്യമായി വാരാണസിയെ അഭിസംബോധന ചെയ്യുകയാണ്. പശുപതിനാഥിലും, ശവങ്ങൾ, മുഴുവനായി എരിഞ്ഞു തീരുന്നവ, ഒഴുകിപ്പോകുന്ന ഒരു നദിയുണ്ട്, ബാഗ്-മതി. ഗംഗയോളം അധികമല്ലെന്നു മാത്രം.

ദശാശ്വമേധഘട്ട്‌

ദശാശ്വമേധഘട്ട്‌

വിശ്വനാഥ ക്ഷേത്രത്തിലെ സന്ധ്യാനേരത്തെ ആരതി കണ്ടു കഴിയുമ്പോൾ അനന്വയമായ ശാന്തി നിറയാത്ത മനസ്സുകളില്ല. ആ ശാന്തിയോടെ ആ സഹസ്രാരം ദശാശ്വമേധഘട്ടിലൂടെ, മണികർണികാഘട്ടിലൂടെ ചരിക്കാൻ പ്രേരിതരാവുന്നു. വാരാണസിയുടെ അന്തഃശ്രുതികൾ ഏതൊരു ഹിന്ദുവിനെക്കാളും താരള്യത്തിൽ ഉൾക്കൊണ്ട ബിസ്മില്ലാ ഖാൻ തന്റെ ജീവിതാപരാഹ്നം കഴിച്ചുകൂട്ടിയത് ഈ ഗംഗാ തീരത്തായിരുന്നു, ജാഹ്നവിയിലേക്ക് തന്റെ ഷഹനായി പ്രവഹിപ്പിച്ചുകൊണ്ട്.

സമ്പൂർണമായ ഒരു വിലയനം തന്നെയാവണം ദശാശ്വമേധഘട്ടിൽ നിന്നൊക്കെ അദ്ദേഹം എതിർപാർത്തിരിക്കുക. അങ്ങനെ വിലയിക്കുമെന്നോർത്താൽ പിന്നെ അപ്പുറങ്ങളില്ല; പ്രശ്നാതീതമായ ശാന്തി മാത്രം. പക്ഷെ ആ അദ്വൈതിലേക്ക്, രണ്ടല്ലെന്ന സായൂജ്യാവസ്ഥയിലേക്ക്, സീമിതമായ ദൂരമല്ലല്ലോ? നചികേതസ്സിന് അങ്ങനെയൊരു വിസ്മൃതി, ഗംഗാ തീരത്തെ ആരതി ഉളവാക്കുന്ന, അനുഭവിക്കാനായില്ലല്ലോ. അതിനാൽ ആ അറിയായ്മകൾ നിലനിൽക്കുക തന്നെയാണല്ലോ.

മേഘങ്ങൾ ഘനീഭവിച്ചു തുടങ്ങുന്ന മണികർണികയിലെ ആകാശത്തിനു കീഴെ സുധാകരനും സുമിതയും ഹൃദ്യമായൊരു ദൃശ്യം എതിർപാർക്കുന്നുണ്ട്. നാലഞ്ചു ചിതകൾ കത്തിയടങ്ങുകയാണ്, അതിന്റെ അസുഖകരമായ ഗന്ധം അന്തരീക്ഷത്തിൽ ഏല്പിക്കുന്ന കാലാവസ്ഥയുടെ മ്ലാനതയാണ്. പക്ഷെ, ഈ ഉദ്വേഗങ്ങൾക്കിടെ ഒരു കുട്ടി പട്ടം പറത്തി കളിക്കുന്നു; ചിതകൾ എരിഞ്ഞു കഴിഞ്ഞോ എന്ന് തെല്ലും ഗൗനിക്കാതെ.

കാശിയുടെ ഈ മൃതിഘട്ടങ്ങളിൽ ജീവിതം അറുതിയായെന്ന തോന്നൽ അല്ല നമുക്കുളവാകുക. ചിതകളുടെ സമീപം നിർന്നിമേഷനായി വ്യോമസീമയിലേക്കു തന്റെ പട്ടം പറത്തിക്കുന്ന കുട്ടി, ജീവചലനത്തിന്റെ ഒരു കറതീരാത്ത പ്രതീകമാണ്. നിർദ്ദോഷികളായ ഈ കുട്ടികളുടെയൊക്കെ സമപ്രായക്കാരനായിരുന്നു നചികേതസ്സെന്ന്,  നാം ഒരുപക്ഷേ ഞെട്ടലില്ലാതെ ഓർമിച്ചെന്നു വരും; ഈ ചിതാഗ്നി ഹരിശ്ചന്ദ്രന്റെ കാലത്ത് കൊളുത്തപ്പെട്ടതാണെന്ന കഥയേക്കാൾ ദീപ്തമായി.

നിങ്ങളെയല്പം ആശ്ചര്യപ്പെടുത്തിക്കൊണ്ട് മറ്റൊരു കഥ ഇവിടെ തെളിയുന്നു. ചുടലത്തീപോലെ ഇവിടെ കാമാഗ്നിയും ആളിക്കൊണ്ടിരിക്കുന്നു. കുട്ടനീമതം എന്ന അഭിസാരികയുടെ കഥയാണ് അവലംബം. ബുദ്ധന്റെ കാലത്ത് വാസവദത്തയല്ലാതെ മറ്റൊരു വേശ്യ, കൂടുതൽ സമ്പന്നയായൊരു പുരസ്ത്രീ കാമവും വിശപ്പുമാണ്, മനുഷ്യരാശിയെ മാത്രം - തീക്ഷ്ണമായി ത്വരിപ്പിച്ചുകൊണ്ടിരിക്കുന്ന വികാരങ്ങളെന്ന്, ബൃഹദാരണ്യോപനിഷത്തിൽ നിത്യചൈതന്യയതി പറഞ്ഞുറപ്പിച്ചതിൻവണ്ണം.

തുടർന്ന് തക്ഷശിലയിൽ എന്നോ പ്രചരിച്ച ഒരു കഥ നാം വായിക്കുന്നു; വജ്രസേനൻ എന്ന സുമുഖനായ കുതിരക്കച്ചവടക്കാരന്റെയും അവനെ അഗാധമായി ആശിച്ച ശ്യാമ എന്ന പുരവേശ്യയുടെയും. ഈ വജ്രസേനൻ കൊല്ലപ്പെട്ടതിനു ശേഷം, സിദ്ധാർത്ഥനായി പുനർജ്ജനിച്ചു എന്ന വികലമായ ഒരാഖ്യാനം നമുക്കു തള്ളിക്കളയാം. കാരണം ബുദ്ധനോ ജ്ഞാനേശ്വരനോ ശങ്കരാചാര്യർക്കോ കഴിഞ്ഞു പോയ ജന്മങ്ങൾ ഉണ്ടാവാനരുത്.

ജന്മങ്ങളുടെ ആവർത്തനം ഭേദിക്കുന്ന എന്തോ ഒരു ജനിതകം അവരിലൊക്കെ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ, ശ്യാമ എന്ന പുരവേശ്യ യശോധരയായി പിറന്നു എന്ന മിത്ത് വേണമെങ്കിൽ സ്വീകരിക്കാം. അറുതിയെത്താത്ത കാമത്തിന്റെ ഗതി അങ്ങനെയൊക്കെ അവാമല്ലോ. എങ്കിൽ വാസവദത്ത? അവളുടെ കാമാഗ്നി ഉപഗുപ്തന്റെ സാമീപ്യത്തിൽ അന്തിമമായി ശമിപ്പിക്കപ്പെട്ടിരിക്കാം.

അതുകൊണ്ടുതന്നെ, വാസവദത്തയ്ക്ക് പുനർജന്മം ഉണ്ടാവാനിടയില്ല. വൈരാഗിയുടെ സ്ഥായി അവൾ കുറച്ചൊക്കെ, അല്ലെങ്കിൽ അഭിലഷണീയമായിത്തന്നെ കൈവരിച്ചുവല്ലോ. പാരംഗതന്മാർക്ക് മരണത്തിന്റെ രഹസ്യം ലളിതമാണ്, ജന്മാന്തരങ്ങളുടെ അറുതി.

പിന്നീട് ബാക്കിപത്രങ്ങളില്ല. സിദ്ധാർഥന്റെ അർഥസിദ്ധിക്ക്‌ ശേഷം യശോധര ഭിക്ഷുണിയായി തീർന്നതും പുത്രനായ രാഹുൽ സന്യാസിയായി ഭവിച്ചതും സാധാരണമല്ലാത്ത ഭാവാന്തരങ്ങളാണ്. ഒരു ഘട്ടത്തിൽ കണ്ണീർ ചൊരിഞ്ഞ യശോധരയല്ല ഭിക്ഷുണിയായി പരിവർത്തനം ചെയ്തപ്പോൾ ഉളവായിരിക്കുക.

താന്താങ്ങളുടെ ചെറിയ ജീവിതങ്ങളിലൂടെ കാശിയുടെ തുടർച്ചകൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നവരാണ് സുധാകരനും സുമിയും. കാശിയിൽ വെച്ച് ജീവൻ വേർപെട്ടാൽ പുണ്യമെന്ന വിവക്ഷയെ തിരുത്തുന്ന കബീറിന്റെ ഒരു ദോഹയുടെ ചുരുക്കം ഇങ്ങനെ: കാശിയിൽ ഞാൻ ജീവിച്ച വർഷങ്ങളേറെ വൃഥാവിലായിരുന്നു. അതുകൊണ്ട് എനിക്ക് അപ്പുറത്തെ തുകൽപ്പണിക്കാരുടെ, അത്രയൊന്നും സുഗന്ധവാഹിയല്ലാത്ത, ഇടങ്ങളിലേക്ക് പോകേണ്ടതുണ്ട്.

ജീവന്റെ മോക്ഷമെന്നത് ഇരിക്കുന്ന ഇടമെന്നതിലേറെ, അനുവർത്തിക്കുന്ന കർമങ്ങൾക്ക് അനുസാരിയാണ്. കാശിയല്ല മോക്ഷത്തിന്റെ സ്ഥാനം, കാശിയിലേക്കുളള അയനമാണ്  മോക്ഷഗതി എന്ന പഴയൊരു ചൊല്ലുണ്ട്. ഒട്ടേറെ യാതനകൾ സഹിച്ച് കാശിയിൽ എത്തിയിരുന്ന പഴയ തീർഥാടകരെ സംബന്ധിച്ച് ഇതാണ്‌ മോക്ഷം.

പക്ഷെ, ഏതൊരു പ്രാപ്യസ്ഥാനത്തിനും അത് അനുയോജ്യമാണ്, 'ചരൈവേതി, ചരൈവേതി...’ എന്ന മന്ത്രത്തിന്റെ പൊരുളും. ഉത്തരാഖണ്ഡിനും അപ്പുറമുള്ള ഹിമശൃംഗങ്ങളാണ് പ്രസ്തുത മന്ത്രം അർഥമാക്കുന്നത്. അവിടെയെങ്ങും നിയതമായ വിഗ്രഹങ്ങളില്ലല്ലോ. അഥവാ ഉണ്ടെങ്കിൽത്തന്നെ അവയെല്ലാം വ്യോമകേശിനികളാണ്. വാരാണസിയുടെ ശാന്തിദായകമായ മരണത്തിലേക്കു തിരിച്ചുവരിക.

സുധാകരന്റെ സുഹൃത്ത് ഓംപ്രകാശിന്റെ അച്ഛന്റെ നിയോഗം അവ്വിധമായിരുന്നു; മരണത്തെ ശാന്തമായി വരിക്കൽ തന്നെ. ജൈനർക്കിടയിൽ പ്രായോപവേശമെന്നൊരു ഉപായമുണ്ട്. നിർമമതയാർന്ന മരണത്തിന് അത് പലപ്പോഴും നിമിത്തമാവുന്നു. ഭക്ഷണം ത്യജിക്കലാണത്. പതുക്കെപ്പതുക്കെ ദഹനപ്രക്രിയയിലേറെയും സ്വസ്ഥമാകുന്നു. അതുകൊണ്ടു തന്നെ വിസർജ്ജ്യങ്ങൾ കുറഞ്ഞുവരുന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിയവേ ശ്വാസക്രമം നിലയ്ക്കാൻ തുടങ്ങുന്നു.

ചേഷ്ടകളോ വ്യതിക്രമങ്ങളോ ഇല്ലാതെ പ്രാണൻ സമാധാനമായി രന്ധ്രങ്ങൾ ഭേദിച്ചു പുറത്തുപോകുന്നു, ഏതോ അനാദിയിലേക്ക്. അശ്രുക്കളേറെയും അപ്രസക്തമാകുന്ന ജീവൻ വെടിയലാണത്. കാശിയിൽ വെച്ചുതന്നെയാവണമെന്നില്ല അവ്വിധം മരണങ്ങൾ. മറ്റെവിടെ വെച്ചും ആവാം. കാശിയിലാവുമ്പോൾ പക്ഷെ അതിന് പ്രേരണയേറെയാണ്. ജനനത്തിലെന്നപോലെ മരണത്തിനും തയ്യാറെടുപ്പ് ഉചിതമാണ്.

അങ്ങനെയാവുമ്പോൾ മരണത്തെക്കുറിച്ചുള്ള ഭീതികളത്രയും അകലാൻ തുടങ്ങും; "മരണകാലത്തെ ഭയത്തെച്ചിന്തിച്ചാൽ" എന്നത് "മരണകാലത്തെ ലയത്തെച്ചിന്തിച്ചാൽ" എന്നായി മാറിയേക്കാം. ഈവിധം അനായാസമായി അനിവാര്യമായി പര്യവസാനിക്കുകയാണെന്ന അറിവ് എന്തെന്തു സമ്മോഹങ്ങളെ ഒഴിവാക്കുകയില്ല? ദശാശ്വമേധഘട്ടിലെ ചിതാഗ്നി ഹരിശ്ചന്ദ്രന്റെ കാലത്ത് ജ്വലിപ്പിച്ചതാണെന്ന ഒരാഖ്യാനം കൈക്കൊണ്ടാലും ഇല്ലെങ്കിലും നമ്മെ ഉലയ്ക്കുന്ന ഒരു ഉത്തരം ലോഹിതാക്ഷനിൽ നിന്നു നാം കേൾക്കുന്നു.

ഹരിശ്ചന്ദ്രന്റെ മരണകാരണം ആരായുമ്പോൾ നിശ്ശങ്കം ഉരിയാടുന്നു: ദുഃഖം. രോഗമോ ദാരിദ്ര്യമോ ആധിയോ മരണഹേതുവാകാം. പക്ഷെ, ദൈഹികമല്ലാത്ത ദുഃഖം? ദശാശ്വമേധഘട്ടിൽ നിന്ന് സദ്ഗതി തേടി പോകുന്ന മനുഷ്യാത്മാക്കൾ നചികേതസ്സിന്റെ ആരായലുകൾ പങ്കിടുകയില്ല.

അവർ ചെന്നെത്തുന്ന (ആര്?) ശൂന്യതയിൽ അങ്ങനെ അലട്ടിക്കൊണ്ടിരിക്കുന്ന സമസ്യകളൊന്നുമല്ലല്ലോ ദുഃഖം. നിങ്ങളെ ദൈവവുമായി പുനർബാന്ധവത്തിൽ ഏർപ്പെടുത്തുന്നു എന്നാണ് ഡാന്റെ എഴുതിയത്. എങ്കിൽ അത് ജീവന്റെ അർഥദാഹിയായ ഒരു അയനമാണ്‌ കാംക്ഷിക്കുക.

കാമാഗ്നിയുടേയും നഗരമായ വാരാണസിയിൽ അത് എന്തു വ്യത്യസ്തമായ മൃദുലാവിഷ്‌കാരങ്ങൾ (tender streaks) തേടാമെന്നതിന്റെ മാർദ്ദവമുള്ള ഒരു കഥനം നാം കണ്ടെത്തുന്നു. സുധാകരന്റെ സുഹൃത്ത് ജഗദീഷ് സുമിതയെ ധരിപ്പിക്കുന്ന രതികൂജനങ്ങൾ (sensual tones) കൂജനമെന്നത് ഒരു ഏകതാനതയെ മനസ്സിൽ കൊണ്ടുവരുമെങ്കിലും - ഇവിടെ അതിന് സ്വരഭേദങ്ങളുണ്ട്.

കാമാഗ്നിയുടേയും നഗരമായ വാരാണസിയിൽ അത് എന്തു വ്യത്യസ്തമായ മൃദുലാവിഷ്‌കാരങ്ങൾ (tender streaks) തേടാമെന്നതിന്റെ മാർദ്ദവമുള്ള ഒരു കഥനം നാം കണ്ടെത്തുന്നു. സുധാകരന്റെ സുഹൃത്ത് ജഗദീഷ് സുമിതയെ ധരിപ്പിക്കുന്ന രതികൂജനങ്ങൾ (sensual tones) കൂജനമെന്നത് ഒരു ഏകതാനതയെ മനസ്സിൽ കൊണ്ടുവരുമെങ്കിലും - ഇവിടെ അതിന് സ്വരഭേദങ്ങളുണ്ട്.

ഉന്മത്തഭൈരവൻ ഒരു പക്ഷേ അറിയാൻ ശ്രമിച്ച സുരതമാതൃകകൾ - ഇവിടെ കാലഭൈരവന് മറ്റൊരു സ്വരൂപമാണ്. ശിവ പാർവതിമാർക്കു മാത്രമേ അവ്വിധം മൃഗജന്മാവസ്ഥകൾ ഉള്ളൂ. മറ്റൊരു സംസ്‌കൃതിയിലും ശൃംഗാരം ഇത്രയും വൈവിധ്യം കാംക്ഷിച്ച ദേവീദേവന്മാർ ആവിർഭവിച്ചിട്ടില്ല.

അല്ലെങ്കിൽ സൗന്ദര്യലഹരി പോലൊരു സ്തോത്രം മറ്റേതൊരു സംസ്‌കൃതിയിൽ ഉളവായിട്ടുണ്ട്; അമരുകശതകം അതിലും ഉന്മത്തമാണ്. നാം രതിയുടെ ഉന്മീലനത്തിന്റെ മൃദുസ്ഥായികളാണ് ആരാഞ്ഞത്.

എഴുപത്തി ഒമ്പതാം പേജിൽ സുധാകരനും സുമിത നാഗ്‌പാലും പരസ്പരം ഇഴുകിച്ചേരുന്ന മുഹൂർത്തം, അതിന്റെ ചിത്രം നമ്പൂതിരിയുടെ sensual lines, അടുത്ത പേജിലാണ് -   ഉളവാക്കുന്ന ലൈംഗിക മൂർച്ഛയിൽ തന്റെ രതികൂജനം എങ്ങനെയായിരുന്നു എന്ന് നിർലജ്ജം ചോദിക്കുന്നു, സുമിത. സുധാകരന്റെ മറുപടിക്കാണ് നാം കാതോർക്കുക. പൂ വിടരുന്നതു പോലെ പ്രശാന്തം. അപ്പോൾ ശബ്ദമേ ഇല്ലായിരുന്നല്ലോ.

എഴുപത്തി ഒമ്പതാം പേജിൽ സുധാകരനും സുമിത നാഗ്‌പാലും പരസ്പരം ഇഴുകിച്ചേരുന്ന മുഹൂർത്തം, അതിന്റെ ചിത്രം നമ്പൂതിരിയുടെ sensual lines, അടുത്ത പേജിലാണ് - ഉളവാക്കുന്ന ലൈംഗിക മൂർച്ഛയിൽ തന്റെ രതികൂജനം എങ്ങനെയായിരുന്നു എന്ന് നിർലജ്ജം ചോദിക്കുന്നു, സുമിത. സുധാകരന്റെ മറുപടിക്കാണ് നാം കാതോർക്കുക. പൂ വിടരുന്നതു പോലെ പ്രശാന്തം. അപ്പോൾ ശബ്ദമേ ഇല്ലായിരുന്നല്ലോ.

കൂജനം അതിൽത്തന്നെ ഉൾവലിഞ്ഞു പോയല്ലോ. പാപരഹിതമായ ഈ സ്നേഹവക്ഷസ്സ് ഒരു പക്ഷേ മഞ്ഞിലെ വിമലയുടേതിനേക്കാൾ സമാർദ്രമാണ്, ദൈഹികവുമാണ്. അവയവിയായ ഒരു വികാരാധിക്യം, കുറേയൊക്കെ നിരവയവിയായി (subtle streaks) ഭവിക്കുന്നത് നാം മനസ്സിലാക്കുന്നു. മദപാരവശ്യം മൃദുപരവും ആവാമെന്ന് തിരിച്ചറിയുമ്പോൾ ശമത്തിന്റെ മാർഗമാണ് നമുക്കു മുന്നിൽ നിവരുക, ഉടലിൽ എന്തോ വിരിയുന്നതു പോലെ.

ദൈഹികമായ സ്നേഹം പാപമാവുന്നില്ലെന്ന നേർത്തൊരു പ്രമാണം അതിൽ നിന്നൂറി വരുന്നു. പരസ്പരം ഇഷ്ടത്തോടെയുള്ളത്, സംഗമമാണ് - സമ്യക് ഗമനം. അതിൽ വിലക്കുകളില്ല. രതികൂജനങ്ങൾ പങ്കിട്ട സുമിത, സുധാകരനിൽ നിന്നകന്നു പോയി. കാശിയെക്കുറിച്ചും സങ്കടമോചന ക്ഷേത്രത്തെക്കുറിച്ചും അവൾ പുസ്തകമെഴുതി. ഒരേസമയം യാത്രാഖ്യാനവും ചരിത്രാഖ്യാനവുമായി മാറിയ ഒരു കൃതി.

അതു വായിച്ചുകൊണ്ട് സുധാകരൻ ദശാശ്വമേധ ഘട്ടിൽ വീണ്ടും എത്തുന്നു, അവസാനമായി എന്നു പറയുന്നില്ല. വാരാണസി അയാൾക്കൊരു ഇടത്താവളമാണല്ലോ. ആനന്ദവനവും മഹാശ്മശാനവുമായ ഇടത്താവളം. അവിടെ വെച്ച് അയാൾ പണ്ഡിറ്റ്ജിയോട് ആത്മപിണ്ഡം സമർപ്പിക്കട്ടെ എന്നാരായുന്നു.

എന്നിൽ എങ്ങനെയോ അത് കാതരമായ ഒരോർമ ഉണർത്തുന്നു. മുപ്പതിലേറെ വർഷങ്ങൾക്കു മുമ്പ് ബദരീനാഥിൽ വെച്ച് ഞാൻ അങ്ങനെയൊരു സ്വയം സമർപ്പണം ആഗ്രഹിച്ചതാണല്ലോ. പൂജാരി എന്നെ നിരുത്സപ്പെടുത്തുകയായിരുന്നു. നാൽപ്പതു കഴിഞ്ഞതല്ലേയുള്ളൂ ഇനിയും കാത്തിരുന്നുകൂടേ? നിരാമയനായി ഞാൻ ഇപ്പോഴും ചിന്തിച്ചു പോകുന്നു, എന്തിനാണ്‌ ആത്മപിണ്ഡം; അനന്തരാവകാശി എനിക്ക് പിണ്ഡം തരില്ലെന്നു ഭയന്നോ; സൂക്ഷ്മശരീരിയായ ആത്മാവിന്‌ അല്ലെങ്കിൽ പിണ്ഡമെന്തിന്? ശരീരത്തിനല്ലേ അവ്വിധം ഭോജ്യങ്ങൾ.

അങ്ങനെ അർപ്പിച്ചുകൊണ്ടു പിരിയുമ്പോൾ സുധാകരൻ വീണ്ടും സുമിതയെ കണ്ടെത്തുകയാണ്. വാർധക്യത്തിന്റെ പോറലുകൾ ഏറെയേറ്റ ഒരു സുമിത നാഗ്‌പാൽ. അയാൾക്ക് സ്വന്തം ജീവിതം വീണ്ടും ഒരിക്കൽ വിശകലനം ചെയ്യാൻ ദശാശ്വമേധഘട്ടിന്റെ നിശ്ചലതയിൽ ഇപ്പോൾ അയാളിൽ ഔത്സുക്യങ്ങളില്ല, ഔപനിഷദികമോ അല്ലാത്തതോ ആയ. സുമിത നാഗ്‌പാൽ, അവളുടെ മകളാകാം. കൂടെയുള്ള സ്ത്രീക്ക് ഒരു ആരതി ഒഴുക്കണമെന്നു പറയുമ്പോൾ, സുധാകരൻ അല്പം തരളിതനാവുന്നു, ഒരു ഞൊടി മാത്രം.

ഇല്ല, അവൾക്ക് അന്നൊരിക്കൽ, താനുമൊത്ത് ആരതി ഒഴുക്കിയതൊന്നും സ്മൃതിയിലില്ല. ഇവിടെ ഞാൻ ഒരു അഭാവം സൂചിപ്പിച്ചു പോകുന്നു. വാരാണസിയുടെ സമുജ്ജ്വലമായ ദർശനം സന്ധ്യയിലെ ആരതിയാണ്, അതിന്റെ ദീപ്തമായ താളമേളനമാണ്.

ഒരുകുറി നിങ്ങൾ ഇത് ദർശിച്ചിട്ടുണ്ടെങ്കിൽ, കാശിയുടെ പ്രകാശ സത്തയെക്കുറിച്ച്, ഗംഗയുടെ മാറിൽ ഒഴുകിപ്പോകുന്ന ദീപോജ്ജ്വലനങ്ങളെക്കുറിച്ച്‌ അപാരമായ കൃതാർഥതയോടെയേ ഓർത്തു പോകയുള്ളൂ. ഒരു ജന്മത്തിന്റെ ആത്മജ്വലനമാണത്. സുധാകരൻ ഒരിക്കലെങ്കിലും അത് കൺപാർത്തിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോകുന്നു.

എം ടി - ഫോട്ടോ: ബിനുരാജ്‌

എം ടി - ഫോട്ടോ: ബിനുരാജ്‌

ഈ അഭാവം ചൂണ്ടിക്കാട്ടുമ്പോഴും വാരാണസി ഒരു spiritual entity യായി, അധ്യാത്മിക സത്തയായി നമ്മുടെയൊക്കെ ഭാരതീയ മനസ്സിൽ മുദ്രിതമാവുന്നുണ്ട്. രണ്ടാമൂഴത്തിൽ ഹസ്തിനപുരിയോ വീണ്ടും പിറകിൽ മഞ്ഞിൽ അൽമോറയോ മുഖരമാവുന്നതിനേക്കാൾ എത്രയോ സാരവത്തായി ഈ പുണ്യനഗരം ഇവിടെ പ്രദ്യോതമാവുന്നുണ്ട്.

ഗംഗ ആരതിയോളം നിർഭരമായ ഒരർച്ചന നിങ്ങൾക്ക് ലോകത്തെവിടെയും സങ്കല്പിക്കാവതല്ല; ആത്മനിർഭരം എന്നതൊക്കെ ആ സന്ധ്യയിൽ നിന്ന് ഉദ്ഭൂതമായതെന്ന് ഞാൻ പറയും. മറ്റൊരു നദിക്കും അങ്ങനെ അർച്ചന ഏകാറില്ല ഭാരതീയർ. ആ ഒഴുകിപ്പോകുന്ന ചിരാതുകൾ മറ്റേതോ അപാരതയിലേക്കാണ് എന്നൊക്കെ നാം ധരിച്ചു പോകും. അത്രയ്ക്കു ചേതഃസ്പർശിയാണ് ആ ഒഴുക്കിവിടലുകൾ.

ഇന്ദ്രിയാതീതമായ ആ മുഴുകലിൽ നാം ചോദ്യങ്ങൾ വിസ്മരിച്ചു പോകുന്നു. നചികേതസ് അതു കാണാനിട വന്നില്ലല്ലോ. സമുദ്രത്തിലും അപ്പുറമെത്തുന്ന ഒരു ജ്യോതിർലിംഗത്തെക്കുറിച്ച്, എങ്കിൽ, ബാല്യാതീതനായ ആ ബാലൻ തിരിച്ചറിഞ്ഞേനേ. സഗുരാധനയിലൊന്നും തന്നെ അത്തരം അന്വേഷികൾ തല്പരരല്ല, യാജ്ഞവല്‌ക്യനോ, മൈത്രേയിയോ ആകട്ടെ.

ഇവിടെ പിതൃക്രിയകൾക്ക് ശ്രദ്ധയോടെ ഒരുങ്ങുന്ന സുധാകരൻ, എം ടിയുടെ അത്രതന്നെ പരിചിതമല്ലാത്തൊരു ഭാവമൂർച്ഛ അന്തർവഹിക്കുന്നുണ്ട്, ഭക്ത്യുന്മുഖത. കാവിലെ പാട്ടിൽ, ‘തേരിറങ്ങുകംബേ...’ എന്ന കവിതാ പദം തന്റെ ചലച്ചിത്രത്തിന് സർവ്വാത്മനാ സ്വീകരിച്ച എം ടിയിൽ ഭക്തിയുടെ നിറവുകൾ ഒരിക്കലും വിദൂരസ്ഥമായിരുന്നില്ല. വാരാണസി ഒട്ടും സാധാരണമല്ലാത്ത സഞ്ചാരശ്രുതി പകർന്നു തരുമ്പോൾത്തന്നെ അത്തരമൊരു നിറവും ഉൾക്കൊള്ളുന്നുണ്ട്.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top