08 December Thursday

ചാരത്തില്‍ നിന്ന് ഫാസിസം വീണ്ടുമെരിയാന്‍ തുടങ്ങുമ്പോള്‍

വിനീത്‌ രാജൻUpdated: Tuesday Sep 27, 2022

വിനീത്‌ രാജൻ

വിനീത്‌ രാജൻ

ഇറ്റലി അവരുടെ ഭൂതകാലത്തിന്റെ ഏറ്റവുമിരുണ്ട കാലഘട്ടത്തിന്റെ തുടര്‍ച്ചയിലേക്ക് കടക്കുകയാണ്. മുസ്സോളിനിയുടെയും, മുസ്സോളിനിയുടെ സ്വേച്ഛാധിപത്യത്തിന്റെയും പിന്മുറക്കാരിയായി ജോര്‍ജിയ മെലോണി വരുമ്പോള്‍ അസ്വാസ്ഥ്യമുണ്ടാവുന്നത് ചരിത്രത്തിലെ കയ്പ്പുള്ള പാടുകളുടെ ഓര്‍മ്മകളില്‍ നിന്നാണ്. ചരിത്രത്തിലാദ്യമായി ഇറ്റലിയില്‍ ഒരു വനിത പ്രധാനമന്ത്രിയാവുമ്പോഴും അവരുടെ ഇരുണ്ട ഭൂതകാലത്തിന്റെ സ്മരണകള്‍ കൂടി അതോടൊപ്പം ആ ജനതയ്ക്ക് ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. 2014 മുതല്‍ മെലോണി നയിക്കുന്ന ബ്രദേഴ്‌സ് ഓഫ് ഇറ്റലി എന്ന രാഷ്ട്രീയസംഘടനയ്ക്ക് ഇറ്റലിയുടെ ആ കറുത്ത സ്മരണകളുമായി ഒരുപാട് സാമ്യങ്ങളുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിരോധിക്കപ്പെട്ട നാഷണല്‍ ഫാസിസ്റ്റ് പാര്‍ടിയുടെ സ്ഥാനത്ത് രൂപീകരിച്ച പാര്‍ടിയായ ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്മെന്റ് (മോവിമെന്റോ സോഷ്യലി ഇറ്റാലിയാനോ, എംഎസ്‌ഐ) മുതല്‍ ഇറ്റലിയിലെ തീവ്രവലതുപക്ഷത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവുമുള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച് ഒരു ദശകത്തിന് മുമ്പ് രൂപീകരിക്കപ്പെട്ടതാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. ഇപ്പോള്‍, മുസ്സോലിനിയെ അധികാരത്തിലേറ്റിയ 1922 ഒക്ടോബറിലുണ്ടായ മാര്‍ച്ച് ഓഫ് റോമിന്റെ നൂറാം വാര്‍ഷികത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഇറ്റലിയില്‍ ഫാസിസത്തില്‍ വേരൂന്നിയ ഒരു പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയാണ്.

ജോര്‍ജിയ മെലോണി തങ്ങളുടെ ശത്രുക്കളുടെ പട്ടിക മുമ്പ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ‘ലിംഗസ്വത്വത്തെ നശിപ്പിച്ചുകൊണ്ട് സ്ത്രീകളേയും കുടുംബങ്ങളേയും ദ്രോഹിക്കാന്‍ ശ്രമിക്കുന്ന’ എല്‍ ജി ബി ടി ലോബി ഇറ്റലിയില്‍ പിടിമുറുക്കിയിരിക്കുന്നുവെന്ന് മെലോണി പലപ്പോഴായി പറഞ്ഞിരുന്നത് അവര്‍ ആര്‍ക്കെതിരെ എന്നുള്ളതിന്റെ ഒരുദാഹരണമാണ്.
അതുപോലെ കുടിയേറ്റക്കാര്‍ക്കും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്കുമെതിരെയും അവര്‍ അവരുടെ നിലപാട് പരസ്യമായി ആവര്‍ത്തിച്ചിട്ടുണ്ട്. വെള്ളക്കാര്‍ക്ക്, ഇറ്റലിക്കാര്‍ക്ക് കുടിയേറ്റമൊരു ഭീഷണിയാണെന്ന് കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്നവരായിരുന്നു മെലോണിയും സംഘവും.  തന്റെ പാര്‍ടി യാഥാസ്ഥിതിക മനോഭാവമാണ് പുലര്‍ത്തുന്നതെന്നും, ഫാസിസം വെറും ഭൂതകാലം മാത്രമാണെന്നും മെലോണി അവകാശപ്പെടുന്നുണ്ടെങ്കിലും ഇറ്റലിയിലെ നിയോ ഫാസിസ്റ്റ് പാരമ്പര്യവുമായുള്ള ബന്ധം അവരൊരിക്കലും പൂര്‍ണ്ണമായി നിരാകരിച്ചിട്ടില്ലെന്നുള്ളത് ഒരു വസ്തുത തന്നെയാണ്.

ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ ചിഹ്നത്തിലെ ത്രിവര്‍ണ്ണ ജ്വാല ഫാസിസ്റ്റ് പാര്‍ടിയുടെ നിരോധനത്തിന് ശേഷം രൂപീകരിക്കപ്പെട്ട ഇറ്റലിയിലെ തീവ്രവലതുപക്ഷ സംഘടനയായ ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്മെന്റിന്റെ ചിഹ്നത്തെത്തന്നെ പുനരുജ്ജീവിപ്പിച്ചതാണ് എന്ന് കാണുമ്പോള്‍ തന്നെ അവരുടെ ആശയധാര എത്രമാത്രം വലതായിരിക്കുമെന്ന് ചിന്തിക്കാനാവും. ഇരുപത് വര്‍ഷത്തെ മുസോളിനിയുടെ ഭരണത്തില്‍ സഹജമായിട്ടുണ്ടായിരുന്ന അഭിനിവേശങ്ങളെല്ലാം തന്നെ - സാമ്പത്തികയുദ്ധങ്ങളില്‍ പെട്ട 'ബാറ്റില്‍ ഫോര്‍ ബെര്‍ത്' അടക്കം ഇവരെയും ആവേശം കൊള്ളിക്കുന്നുണ്ട്.

രാജ്യത്തെ കുടിയേറ്റക്കാരുടെ ജനനനിരക്ക് വര്‍ദ്ധിക്കുന്നതിനെ കുറിച്ച് ബ്രദേഴ്‌സ് ഓഫ് ഇറ്റലി ആശങ്കപ്പെടുന്നു എന്നാണ് പരസ്യമായവര്‍ പറഞ്ഞിട്ടുള്ളത്. അമ്മമാര്‍ക്ക് വേണ്ടി സാമൂഹികക്ഷേമ സഹായ പദ്ധതികളെ കുറിച്ചും,  പ്രത്യുത്പാദനാവകാശം പരിമിതപ്പെടൂത്തുന്നതിനെ കുറിച്ചുമെല്ലാം അവര്‍ സംസാരിക്കുന്നു. ഇതെല്ലാം ഇറ്റലിയിലെ സഹോദരങ്ങളുടെ ഉത്കണ്ഠകളാണെന്നാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ വാദം.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മ്മനിയില്‍ നാസിസത്തിനെതിരെയുണ്ടായ പോലുള്ള ആശയപ്രചരണങ്ങളോ, ആശയധാരകളൊ വേണ്ട വിധത്തില്‍ ഇറ്റലിയിലുണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ ശീതയുദ്ധകാലത്ത് ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ടിയെ അധികാരത്തില്‍ നിന്ന് തടയാന്‍ സഖ്യകക്ഷികള്‍ ശ്രമിച്ചപ്പോഴും ഇറ്റലിയില്‍ ഫാസിസത്തിനെതിരെ/ഫാസിസ്റ്റുകള്‍ക്കെതിരെ തീരെ ചെറിയ ഇടപെടലുകള്‍ മാത്രമാണുണ്ടായത്. അതുകൊണ്ട് തന്നെ നാഷണല്‍ ഫാസിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടപ്പോള്‍ മുസ്സോളിനിക്കൊപ്പമുണ്ടായിരുന്ന ജോര്‍ജ്ജിയോ അല്‍മിറാന്റെയും സംഘവും ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്മെന്റ് (എം എസ് ഐ) രൂപീകരിച്ചു. 1960-കളോടെ, എം എസ് ഐ രാജ്യത്തെ നാലാമത്തെ വലിയ പാർട്ടിയായി വളര്‍ന്നു. ഇറ്റലിയില്‍ അക്കാലത്ത് ശക്തമായി വന്ന ഇടതുധാരയുടെ സ്വീകാര്യത അധികാരത്തിലേക്ക് അവര്‍ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയില്ലെങ്കിലും ഇറ്റാലിയന്‍ രാഷ്ട്രീയത്തിന്റെ അരികിലൂടെ അവര്‍ മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു.

തീവ്രവലതുപക്ഷത്തെ അധികാരത്തിലെത്തിക്കുക എന്നുള്ള എം എസ് ഐയുടെ രാഷ്ട്രീയലക്ഷ്യം അക്കാലത്ത് നടപ്പായില്ലെങ്കിലും, അത് ഉപേക്ഷിക്കില്ലെന്ന അവരുടെ ഇച്ഛാശക്തി ക്ഷയിച്ചില്ല. സോവിയറ്റ് യൂണിയനിലെയും, കിഴക്കന്‍ യൂറോപ്പിലെയും കമ്മ്യൂണിസത്തിന്റെ തകര്‍ച്ച അവര്‍ക്ക് ചില ഇടങ്ങള്‍ ഇറ്റലിയില്‍ അവശേഷിപ്പിച്ചു. അങ്ങനെ 1994ല്‍ ഫോഴ്സ ഇറ്റാലിയ എന്ന പാര്‍ടിയും നോര്‍ത്തേണ്‍ ലീഗ് എന്ന പാര്‍ടിയും ചേര്‍ന്നുള്ള ഭരണത്തിലെ സഖ്യകക്ഷിയായി 1945-ന് ശേഷം ആദ്യമായി എം എസ് ഐയുടെ നിയോഫാസിസ്റ്റുകള്‍ അധികാരത്തിന്റെ ഇടനാഴികളിലേക്ക് മടങ്ങിയെത്തി.
ഈ കാലയളവിലാണ് തന്റെ കൗമാരകാലത്ത് മെലോണി എം എസ് ഐയുടെ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. തൊട്ടടുത്ത തെരെഞ്ഞെടുപ്പ് കാലത്ത് ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തിനിടയില്‍ മുസ്സോളിനി ഒരു നല്ല രാഷ്ട്രീയക്കാരനായിരുന്നു എന്നും, അദ്ദേഹം ചെയ്ത കാര്യങ്ങളെല്ലാം ഇറ്റലിക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും പറഞ്ഞാണ് മെലോണി തന്റെ നിലപാട് വ്യക്തമാക്കിയത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭയം ജനങ്ങളിലേക്ക് പകര്‍ന്നും, കുടിയേറ്റക്കാരെ പൈശാചികവത്കരിച്ചും പതിയെപ്പതിയെ ഇറ്റലിയിലെ ഇടതുധാരയെ അവര്‍ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചു.

ഫാസിസത്തിന്റെ അക്രമങ്ങളെ അവര്‍ വെള്ളപൂശിക്കൊണ്ടിരുന്നു. മുസ്സോളിനി ആരെയും കൊന്നിട്ടില്ലെന്നവര്‍ ഉറക്കെ പറഞ്ഞു. തടവുകാരൊന്നും തന്നെ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും, ഫാസിസ്റ്റുകള്‍ നടത്തിയ കൂട്ടക്കൊലകളെ അവര്‍ നിഷേധിക്കുകയും ചെയ്തു. ഹോളോകോസ്റ്റിലെ പങ്കാളിത്തം കെട്ടുകഥകളാണെന്ന് അവര്‍ ആളുകള്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. അവരുടെ രാഷ്ട്രീയമായ ഇടപെടലുകളും, പ്രചരണങ്ങളും വലതുപക്ഷ കോണുകളില്‍ അവരെ സ്വീകാര്യയാക്കി മാറ്റി. അങ്ങനെ 2008ലെ സര്‍ക്കാരില്‍ മെലോണി യുവജനകാര്യമന്ത്രിയായി.


ആ കാലഘട്ടത്തില്‍ ഇറ്റലിയെ അവരൊരു പരീക്ഷണശാലയാക്കി മാറ്റുകയായിരുന്നു. കുടിയേറ്റക്കാരിലുണ്ടായ ഉയര്‍ന്ന ജനനനിരക്കും, ഇറ്റലിയില്‍ പ്രായമായിക്കൊണ്ടിരിക്കുന്നവരുടെ ജനസംഖ്യയും വച്ച് അവരൊരു പ്രചരണം നടത്തി. മന്ദഗതിയിലുള്ള ജനസംഖ്യ വര്‍ദ്ധനവ് ഇറ്റലിക്കാരെ രണ്ടോ മൂന്നോ തലമുറകള്‍ക്കുള്ളില്‍ ഇല്ലാതാക്കുമെന്ന തരത്തില്‍ അതോടൊപ്പം പ്രചരിപ്പിച്ചതോടെ ആളുകള്‍ക്കിടയില്‍ അപരഭയം പടരാനാരംഭിച്ചു. കുടിയേറ്റക്കാരെ പലരും ശത്രുതയോടെ കണ്ടുതുടങ്ങി. ആ ഭയത്തിനിടയില്‍ ആര്‍ക്കാണിനി ഈ നാട്ടില്‍ കുഞ്ഞുങ്ങളുണ്ടാവേണ്ടതെന്ന് നമ്മള്‍ തീരുമാനിക്കണമെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നത് ആളൂകള്‍ക്കീടയില്‍ വംശീയമനോഭാവം വളര്‍ത്താനാരംഭിച്ചു.

1927-ൽ മുസ്സോളിനിയുടെ ഒരു പ്രഖ്യാപനമുണ്ടായിരുന്നു, 'തൊട്ടിലുകള്‍ ശൂന്യമാണ്, സെമിത്തേരികള്‍ വികസിക്കുന്നു' എന്നായിരുന്നു അത്. ഇന്നാട്ടിലെ വെളുത്ത പാശ്ചാത്യവംശം നമുക്കറിയാത്ത ഒരു താളത്തില്‍ പെരുകുന്ന മറ്റ് വര്‍ണ്ണവര്‍ഗ്ഗങ്ങളില്‍ മുങ്ങിപ്പോകാം എന്ന് അന്ന് മുസ്സോളിനി പറഞ്ഞു. അതിന്റെ പുതിയകാലത്തെ പുനഃക്രമീകരണമായിരുന്നു മെലോണിയുടെ രാഷ്ട്രീയതന്ത്രം. 'അനിയന്ത്രിതമായ കൂട്ടക്കുടിയേറ്റം' (ൗിരീിേൃീഹഹലറ ാമെെ ശാാശഴൃമശേീി) എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ ട്വീറ്റുകള്‍ പെരുകിക്കൊണ്ടേയിരുന്നു. വിദേശമാതാപിതാക്കള്‍ക്ക് ഇറ്റലിയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന പൗരത്വം വരെ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങി. വിദേശികളുടെ സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള വിദ്വേഷ നിര്‍ദ്ദേശങ്ങളിലേക്ക് കാര്യങ്ങളെ എത്തിച്ചു.
ഇതിനിടയിലാണ് ഫോഴ്സ ഇറ്റാലിയ മറ്റ് സഖ്യകക്ഷികളുമായി ലയിച്ച് പീപ്പിള്‍ ഓഫ് ഫ്രീഡം രൂപീകരിക്കുന്നത്. ഇത് പക്ഷേ നിയോ ഫാസിസ്റ്റുകളുടെ സ്വയംഭരണാവകാശത്തെ നഷ്ടപ്പെടുത്തുകയും അവര്‍ അധികാരത്തില്‍ നിന്ന് മാറേണ്ടി വരുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്തു. 2011ലുണ്ടായ രാഷ്ട്രീയനീക്കങ്ങളുടെ ഫലമായി നിലവിലെ സര്‍ക്കാര്‍ വീഴുകയും പാര്‍ടി ഇല്ലാതാവുകയും ചെയ്തതോടെയാണ് തൊട്ടടുത്ത വര്‍ഷം മെലോണിയുടെ നേതൃത്വത്തില്‍ ബ്രദേഴ്‌സ് ഓഫ് ഇറ്റലി രൂപീകരിക്കപ്പെടുന്നത്.

തീവ്രവലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങളാല്‍ മെലോണി തന്റെ പാര്‍ടിയെ നയിച്ചു. പതിയെ പതിയെ മെലോണൊയുടെ സമീപനം പാര്‍ടിയെ വളര്‍ത്താനുതകുമെന്ന് തെളിയിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ അവരുടെ പാര്‍ടി സ്വീകാര്യത നേടിത്തുടങ്ങി. മുസ്സോളിനിയുടെ
 മുസ്സോളിനി

മുസ്സോളിനി

ചെറുമകൾ റേച്ചെ, ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ സ്ഥാനാര്‍ത്ഥിയായി മറ്റേതൊരു സ്ഥാനാർത്ഥിയെക്കാളും കൂടുതൽ വോട്ടുകൾക്ക് റോമിലെ മുനിസിപ്പൽ കൗൺസിലിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടതെല്ലാം അതിന്റെ പ്രതിഫലനമായിരുന്നു.

ദൈവം, പിതൃഭൂമി, കുടുംബം എന്ന ഫാസിസ്റ്റ് മുദ്രാവാക്യം തന്നെയാണ് മെലോണിയും പാര്‍ടിയും ഉയര്‍ത്തിപ്പിടിക്കുന്നത്. അത് വന്നിട്ടുള്ളതും മുസ്സോളിനിയുടെ ആശയധാരകളില്‍ നിന്ന് തന്നെയാണ് താനും. 1978 മുതൽ ഇറ്റലിയിൽ നിയമവിധേയമായ ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കാൻ മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാർ നീങ്ങുമെന്നാണ് ഇപ്പോള്‍ ഇറ്റലിയിലെ ഒരു വിഭാഗം ജനങ്ങള്‍ ഭയപ്പെടുന്നത്. അതിന്റെ സൂചനകള്‍ തെരെഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ അവര്‍ നല്‍കിയിട്ടുമുണ്ട്. പക്ഷേ, അത്തരമൊരു തീരുമാനത്തിലേക്ക് താനോ ഗവണ്മെന്റോ കടക്കില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം ഇപ്പോഴും അവരെ വിശ്വാസത്തിലെടുക്കാത്തത് അവരുടെ നിയോഫാസിസത്തോടുള്ള താത്പര്യം കൊണ്ട് മാത്രമാണ്. യൂറോപ്യന്‍ യൂണിയനെതിരായിരുന്ന മെലോണി ഇറ്റലിയുടെ പൊതുകറന്‍സിയായ യൂറോയില്‍ നിന്ന് പുറത്തെത്തിക്കുന്നതിനെ കുറിച്ചും, യൂണിയന്‍ വിടുന്നതിനെക്കുറിച്ചുമെല്ലാം പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

പഴയകാല ഫാസിസത്തിന്റെയും, മുസ്സോളിനിയുടെയും ആശയങ്ങളെ പുല്‍കുന്നുണ്ടെങ്കിലും താനോ, തന്റെ പാര്‍ടിയോ ഫാസിസ്റ്റുകളല്ല എന്ന് പ്രഖ്യാപിക്കാന്‍ അവരേറെ ഊര്‍ജ്ജം ചലവിടുന്നുണ്ട്. തങ്ങള്‍ ഫാസിസ്റ്റുകളാണെന്ന പ്രചാരണത്തിനെതിരെ കഴിഞ്ഞ മാസം അവര്‍ അന്താരാഷ്ട്രമാധ്യമങ്ങള്‍ക്ക് വേണ്ടി പുറത്ത് വിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നത് 'ഫാസിസം ചരിത്രത്തിലേക്ക് മാറ്റപ്പെട്ടു' എന്നാണ്. തന്റെ വാദങ്ങള്‍ക്ക് അടിത്തറ നല്‍കാനായി ഹിറ്റ്ലറെ പുകഴ്ത്തി സോഷ്യല്‍ മിഡിയയില്‍ പോസ്റ്റുകളിട്ട ഒരു നേതാവിനെ കഴിഞ്ഞ ആഴ്ച പാര്‍ടിയില്‍ നിന്ന് പുറത്താക്കുകയുമുണ്ടായി. അതുപോലെ ഫാസിസ്റ്റ് സല്യൂട്ട് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്ത പാര്‍ടി സ്ഥാനാര്‍ത്ഥിക്കെതിരെയും നടപടികള്‍ ആരംഭിച്ചതായും അവര്‍ പറയുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും ഇവരെ വിലയിരുത്താന്‍ പര്‍ടി നയങ്ങളോ, പ്രഖ്യാപിത പാര്‍ടി നിലപാടുകളോ ഇല്ലാത്തതുകൊണ്ടും, ഇതുവരെയുള്ള ആ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും മാത്രം മതിയെന്നുമാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. തീവ്ര വലതുപക്ഷ പാര്‍ടികളുടെ ആത്യന്തികമായ ലക്ഷ്യം വംശീയതയാണ്. അവിടെ പൗരത്വം വംശീയതയെ അടിസ്ഥാനമാക്കിയുള്ള തെരെഞ്ഞെടുപ്പായി മാറും. കുടിയേറ്റക്കാര്‍ക്കെതിരെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചുകൊണ്ടും, അവര്‍ക്ക് സ്വാംശീകരിക്കാനോ, തെരെഞ്ഞെടൂക്കാനോ മറ്റൊന്നും ഇല്ലാതാക്കിക്കൊണ്ടും ഒരു ഏകസംസ്കാര രാജ്യമെന്ന സ്വപ്നമാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലിയും മെലോണിയും സ്വപ്നം കാണുന്നത്. മതേതര ഇടതുപക്ഷവും, തീവ്ര ഇസ്ലാമും രാജ്യത്തിന്റെ സംസ്കാരത്തിന്റെ വേരുകള്‍ അടര്‍ത്തുന്നുണ്ടെന്നും, ഇടതുപക്ഷം പിന്തുണയ്ക്കുന്ന കുടിയേറ്റ നയങ്ങള്‍ ഇറ്റലിക്കാരെ ഇല്ലാതാക്കി കുടിയേറ്റജനതയെ രാജ്യത്ത് വളര്‍ത്തുമെന്നും അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുകയാണിപ്പോഴും.

അതുകൊണ്ടൊക്കെയാണ് ഇനി ഇറ്റലിയിലെ രാഷ്ട്രീയം കൂടുതല്‍ മാറാന്‍ പോവുന്നതും. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള തീവ്ര വലതുപക്ഷ ധാരയോടൊപ്പം തന്നെ നില്‍ക്കുന്ന സംഘടന തന്നെയാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലിയും. അവര്‍ നയിക്കുന്ന സര്‍ക്കാരിനും ഇനി അതേ നിലപാടുകള്‍ തന്നെയായിരിക്കുമെന്നതില്‍ തര്‍ക്കമുണ്ടാവേണ്ടതില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top