ബ്രിട്ടണില്‍ ലിസ് ട്രസിന്റെ ഭരണം അവസാനിച്ചിരിക്കുന്നു. ബ്രിട്ടണിന്റെ അധികാരിയായി കേവലം ആറാഴ്ച മാത്രം കഴിഞ്ഞപ്പോഴേയ്ക്കും അധികാരം നഷ്ടപ്പെട്ട അവരുടെ രാഷ്ട്രീയമായ തകര്‍ച്ച ദ്രുതഗതിയിലായിരുന്നു. തന്റെ എല്ലാ അജണ്ടകളും പരാജയപ്പെട്ട്, സ്വന്തം പാര്‍ടി തന്നെ എതിരായിക്കഴിഞ്ഞ അവര്‍ കഴിഞ്ഞ ദിവസം തന്റെ രാജി പ്രഖ്യാപിച്ചു. രാജിക്കായി എതിര്‍പാര്‍ടിക്കാരും ഒപ്പമുണ്ടായവരുമെല്ലാം മുറവിളി കൂട്ടിയിട്ടും, ആ രാഷ്ട്രീയപ്രക്ഷുബ്‌ധതയെ ഒരളവില്‍ കൂടുതല്‍ എതിരാടാനാവാതെയായിരുന്നു അവരുടെ പതനം. പുറത്തേയ്ക്കുള്ള വഴിയല്ലാതെ മറ്റൊന്നും തന്നെ മുന്നിലില്ലാത്ത ഒരവസ്ഥയിലേക്കെത്തി ഒടുവില്‍ അവരുടെ പോരാട്ടം അവസാനിച്ചു.
ആരായിരുന്നു ലിസ് ട്രസ്, എങ്ങിനെയായിരുന്നു അവര്‍ പ്രധാനമന്ത്രിയായത്?
2019-ലെ തെരെഞ്ഞെടുപ്പില്‍ വിജയിച്ച ബോറിസ് ജോണ്‍സണ് പകരക്കാരിയായാണ് ലിസ് ട്രസ് സെപ്തംബര്‍ ആറിന് അധികാരത്തിലേക്കെത്തിയത്. തുടര്‍ച്ചയായ അഴിമതികളുടെ പേരില്‍ സ്ഥാനമൊഴിയേണ്ടി വന്ന ബോറിസിന് പകരക്കാരിയാവുക എന്നത് ഒട്ടും തന്നെ എളുപ്പമായിരുന്നില്ല അവര്‍ക്ക്. വോട്ടര്‍മാരുടെ തെരെഞ്ഞെടുപ്പായിരുന്നില്ല ലിസ് ട്രസ് എന്നതായിരുന്നു ഒരു കാരണം. പകരം, ബോറീസിന്റെ പകരക്കാരനെ കണ്ടെത്താന്‍ അവരുടെ പാര്‍ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ടിയിലെ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ തെരെഞ്ഞെടുപ്പിലൂടെയായിരുന്നു അവര്‍ അധികാരത്തിലേക്കെത്തിയത്.
ലെവി അടയ്ക്കുന്ന ഏതാണ്ട് ഒന്നരലക്ഷത്തിലധികം വരുന്ന പാര്‍ടി അംഗങ്ങള്‍ക്കായിരുന്നു വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരുന്നത്. അവര്‍ ഒരിക്കലും ബ്രിട്ടണിലെ അറുപത്തേഴ് ദശലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ പ്രതിനിധികളല്ലാത്ത ഒരു വിഭാഗമാണ്. അതുമല്ല, അതിനകത്തെ പുരുഷന്മാരുടെയും, പ്രായമായവരുടെയും, മധ്യവര്‍ഗ്ഗക്കാരുടെയും, വെളുത്ത വര്‍ഗ്ഗകാരുടെയുമെല്ലാം എണ്ണം രാജ്യത്തെ ജനസംഖ്യയിലെ ശരാശരി വച്ച് നോക്കുമ്പോള്‍ കൂടുതലായിരിക്കുകയും ചെയ്യും. ആ താത്പര്യങ്ങള്‍ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്യും.
നാല്പത്തേഴുകാരിയായ ട്രസ്, ബോറിസ് ജോണ്‍സന്റെ വിദേശകാര്യസെക്രട്ടറിയും, ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്നവരുമായിരുന്നു. പിന്നീട് അവര്‍ ആ നിലപാടില്‍ നിന്ന് പിന്നോട്ട് പോയെന്നതും ഒരു വസ്തുതയാണ്. അവരുടെ മുന്‍കാലങ്ങളില്‍ മിതവാദിയായിരുന്നെങ്കിലും പിന്നീട് കൂടുതല്‍ വലത് നയങ്ങളിലേക്കാണവര്‍ മാറിയത്. കണ്‍സര്‍വേറ്റീവ് പാര്‍ടിയിലംഗമാവുന്നതിനും മുമ്പ് അവരുടെ പഠനകാലത്ത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സെന്ററിസ്റ്റ് ലിബറല്‍ ഡെമോക്രേറ്റ് അംഗമായിരുന്നു ലിസ് ട്രസ്.
എന്താണ് സംഭവിച്ചത്
അധികാരത്തിലേറിയ ട്രസിന് ഒന്നും അത്ര എളുപ്പമായിരുന്നില്ല. രാഷ്ട്രം വിപത്കരമായ ഒരു സാമ്പത്തികചിത്രത്തിലേക്ക് ഉറ്റ് നോക്കിയിരിക്കുമ്പോഴാണ് അവരിലേക്ക് അധികാരം വരുന്നത്. ഊര്‍ജ്ജപ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമായിരുന്നു അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഒക്ടോബറില്‍ അതിന്റെ വ്യാപ്തി വര്‍ദ്ധിക്കുമെന്നും ക്രമേണ ജനുവരിയിലെത്തുമ്പോഴേക്കും അത് രൂക്ഷമാവുമെന്നുമുള്ള കണക്കുകള്‍ അവര്‍ക്ക് മുന്നിലെത്തി. നിലവില്‍ പണപ്പെരുപ്പത്തിലും മറ്റ് വെല്ലുവിളികളിലും പെട്ട് നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ഈ വാര്‍ത്തകള്‍ കൂടി പുറത്ത് വന്നതോടെ തങ്ങളുടെ സ്ഥിരതയില്ലായ്മയെ പറ്റി ബോധ്യമായി. വീടുകളിലേക്ക് വേണ്ട വൈദ്യുതിയിലും മറ്റും ഇതിന്റെ സൂചനകളെത്തി. അതിനെ മറികടക്കാന്‍ അവര്‍ നടത്തിയ സാമ്പത്തികപരിഷ്കാരങ്ങളും തിരിഞ്ഞുകൊത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി വന്നു.
നികുതി വെട്ടിക്കുറയ്ക്കൽ, നിയന്ത്രണങ്ങൾ നീക്കൽ, കടമെടുക്കൽ എന്നിവയ്ക്കായി അവർ പ്രഖ്യാപിച്ച പദ്ധതികൾ ആഗോള നിക്ഷേപകരെ ഭയപ്പെടുത്തി. ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം യുഎസ് ഡോളറിനെതിരെ റെക്കോർഡ് താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവൺമെന്റ് ബോണ്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ചുവടുവച്ചു. വിപണികളെ ശാന്തമാക്കുന്നതിനുള്ള അസാധാരണമായ ഇടപെടലുകള്‍ ഉണ്ടായെങ്കിലും ഒന്നും വേണ്ട രീതിയില്‍ ഗുണം നല്‍കിയില്ല.
ഇതിനിടയില്‍ ഉയര്‍ന്ന വരുമാനമുള്ള ആളുകളെ അവര്‍ വിമര്‍ശിച്ചു. ഏറ്റവുമൊടുവില്‍ എല്ലാ നികുതിയിളവുകളും പിന്‍വലിക്കാന്‍ അവര്‍ നിര്‍ബന്ധിതയായി. സഖ്യകക്ഷിയിലെ ചാന്‍സിലറായിരുന്ന ക്വാസി ക്വാര്‍ടെംഗിനെ പുറത്താക്കി. അതിനെല്ലാം പുറമെ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ടിക്കനുകൂലമായ സാമ്പത്തികനയങ്ങള്‍ സ്വീകരിക്കുക കൂടി ചെയ്തതോടെ ലിസ് ട്രസ് പലരുടേയും കണ്ണിലെ കരടായി മാറി.
അധികാരത്തിന് ഭീഷണി
അവസാനസമയത്ത് ജനങ്ങള്‍ക്ക് പ്രഖ്യാപിച്ച ഇളവുകള്‍ക്കൊന്നും തന്നെ സ്വന്തം പാര്‍ടിയ്ക്കകത്ത് നിന്നുണ്ടായ കലാപത്തെ ചെറുക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. ബോറിസ് ജോണ്‍സണെ അട്ടിമറിച്ചതിന്റെ അതേ ശക്തിയിലത് ലിസ് ട്രെസിനെതിരെയും രൂപം കൊണ്ടു.
ബോറിസ് ജോണ്‍സന്റെ അഴിമതികള്‍ക്ക് ശേഷം കൺസർവേറ്റീവുകളുടെ ജനപ്രീതി കുറയുന്നതായി പല സര്‍വ്വേകളിലും തെളിഞ്ഞ് വന്നിരുന്നു. അതോടൊപ്പം ലിസ് ട്രസിന്റെ ഇടര്‍ച്ച കൂടി ഉണ്ടായതോടെ ഉണ്ടായിരുന്ന ജനപ്രീതി കൂടുതല്‍ താഴ്ചകളിലേക്കെത്തി. ഇക്കഴിഞ്ഞ ആഴ്ച ഒരു സ്വകാര്യ ഏജന്‍സി നടത്തിയ വോട്ടെടുപ്പില്‍ ഒരു പ്രധാനമന്ത്രിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും കുറഞ്ഞ റേറ്റിംഗ് ആണ് രേഖപ്പെടുത്തിയത്. അറുപത് ശതമാനത്തിലേറെ കണ്‍സര്‍വേറ്റീവുകളടക്കം എഴുപത് ശതമാനം ആളുകള്‍ ട്രസിനെ അംഗീകരിക്കുന്നില്ല എന്ന ആ കണക്ക് കൂടി വന്നതോടെ രംഗം പിന്നെയും വഷളായി.
ഇന്ന് തെരെഞ്ഞെടുപ്പ് നടന്നാല്‍ അമ്പത്താറ് ശതമാനം ആളുകള്‍ ലേബര്‍ പാര്‍ടിക്ക് വോട്ട് ചെയ്യുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ടിക്ക് വെറും ഇരുപത് ശതമാനം മാത്രമേ വോട്ട് ലഭിക്കൂവെന്ന കണക്കും ട്രസിനെതിരെയുള്ള അവരുടെ പാര്‍ടിയിലെ അതൃപ്തി വര്‍ദ്ധിപ്പിച്ചു. എങ്കിലും അതിലൊന്നും താന്‍ തളരില്ലെന്നായിരുന്നു അവരുടെ നിലപാട്. പാര്‍ലിമെന്റില്‍ എല്ലാവരുടെയും എതിര്‍പ്പിനെ മറികടന്ന് താനൊരു പോരാളിയാണെന്നും, എല്ലാം ഉപേക്ഷിച്ചിറങ്ങിപ്പോവില്ലെന്നും അവര്‍ പ്രഖ്യാപിച്ചു.
അതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലേക്ക് കടന്നു. ബ്രിട്ടന്റെ ആഭ്യന്തര മന്ത്രി സ്വെല്ല ബ്രവര്‍മാന്‍ ഒരു ഇമെയില്‍ ബ്രീച്ചുമായി ബന്ധപ്പെട്ട് രാജിവച്ചു. തന്റെ രാജിക്കത്തില്‍ ഈ ഗവണ്മെന്റിന്റെ പോക്കില്‍ തനിക്കാശങ്കയുണ്ടെന്ന് പറഞ്ഞ് അവര്‍ ട്രെസിനെതിരെ വലിയൊരായുധം പ്രയോഗിച്ചു. പിന്നീടങ്ങോട്ട് പാര്‍ലിമെന്റില്‍ അതിനാടകീയമായ സംഭവങ്ങളുടെ ഘോഷയാത്രയായിരുന്നു. ഒടുവില്‍ കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ പരസ്യമായി ട്രെസ് രാജിവച്ചൊഴിയണമെന്ന് ആവശ്യപ്പെട്ടു. ഉന്നതരുടെ രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മാധ്യമങ്ങളിലെല്ലാം വാര്‍ത്തകളായി മാറി. അതോടെ പിടിച്ചുനില്‍ക്കാന്‍ ട്രെസിന് സാധിക്കാതെ വന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം തന്റെ രാജിക്കത്ത് രാജാവിന് കൈമാറിയതായി അവർ പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..