18 May Tuesday

ബർദ്വമാനിൽ മുഴങ്ങുന്നത്‌ - ഗോപി കൊൽക്കത്ത എഴുതുന്നു

ഗോപി കൊൽക്കത്തUpdated: Saturday Apr 17, 2021

കൃഷിയും വ്യവസായവും ഒരുപോലെ വികസിച്ച, വിപ്ലവപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായിരുന്ന ബർദ്വമാനിന്റെ മണ്ണിൽ വീണ്ടും ചെങ്കൊടി ഉയർത്താനുള്ള പോരാട്ടമാണ് പശ്‌ചിമബംഗാളിൽ അരങ്ങേറുന്നത്. ‘ലാൽമട്ടീർ ലാൽ ദുർഗ’ – ചുവന്ന മണ്ണിലെ ചുവന്ന ദുർഗ എന്നായിരുന്നു ബർദ്വമാനെ വിശേഷിപ്പിച്ചിരുന്നത്‌. വിശാലമായ നെൽപ്പാടങ്ങളുടെയും വൻ ഇരുമ്പുരുക്കു ശാലകളുൾപ്പെടെ അനേകം വ്യവസായ യൂണിറ്റുകളുടെയും നിരവധി കൽക്കരി ഖനികളുടെയും നാടുകൂടിയാണിത്. കൃഷിയും വ്യവസായവും ധാതു സമ്പത്തുക്കളും സമ്പന്നമാക്കിയും വിശാലമായ ബർദ്വമാൻ ജില്ല ഇപ്പോൾ പശ്ചിമ, പൂർവ എന്നീ രണ്ടു ജില്ലയിലായി. പശ്ചിമ ഭാഗം വ്യവസായ ധാതുമേഖലയും പൂർവ ജില്ല കാർഷികസമ്പന്നവുമാണ്. ജില്ലയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളായ കുൾടി, ഹിരാപുർ, ബരാബണി, ജാമുരിയമുതൽ ദുർഗാപുർ അസൺസോൾവരെയുള്ള വിസ്തൃതമായ ഭാഗമാണ് വ്യവസായമേഖല. ചിത്തരജ്ഞൻ ലോക്കോമോട്ടീവ്, ദുർഗാപുർ സ്‌റ്റീൽ പ്ലാന്റ്‌, ഇന്ത്യൻ അയൺ ആൻഡ്‌ സ്‌റ്റീൽ ഫാക്ടറി തുടങ്ങി വൻ വ്യവസായശാലകളും നിരവധി ഇടത്തരം ചെറുകിട വ്യവസായങ്ങളും ഈ ഭാഗത്തുണ്ട്‌. കൽക്കരി, ധാതുസമ്പത്ത് എന്നിവയ്ക്കും ഇവിടം പ്രസിദ്ധമാണ്.

ബർദ്വമാന്റെ നിറം എന്നും ചുവപ്പായിരുന്നു. കർഷക പോരാട്ടങ്ങളുടെയും തൊഴിലാളി പ്രക്ഷോഭങ്ങളുടെയും കഥകളാണ് പറയാനുള്ളത്. ഈ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സിപിഐ എം ആയിരുന്നു ഇവിടത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനം. 2011 വരെ ഇടതുപക്ഷത്തോടു മാത്രമേ ഇവിടം കൂറുപുലർത്തിയിട്ടുള്ളൂ. ബംഗാളിലൊട്ടാകെ സിപിഐ എമ്മിനെതിരെ ആഞ്ഞടിച്ച അപവാദപ്രചാരണത്തിന്റെ ഫലമായി ഈ രണഭൂമിയിലും പാർടിക്ക്‌ കാര്യമായ ക്ഷീണം സംഭവിച്ചു. ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി ശക്തമായ തിരിച്ചുവരവിനുള്ള പ്രവർത്തനങ്ങളാണ് ഇടതുപക്ഷം ഇപ്പോൾ നടത്തുന്നത്. അത് തെരഞ്ഞെടുപ്പ് രംഗത്തും വ്യക്തമായി പ്രതിഫലിക്കുന്നു.

ബംഗാളിനെ വ്യാവസായികമായി പുനരുദ്ധരിക്കാനായി ഇടതുമുന്നണി സർക്കാർ നടത്തിയ എല്ലാ വികസന പ്രവർത്തനത്തിനും മമത വന്നതോടെ തടയിട്ടു. മമത അധികാരത്തിലേറിയതോടെ ബർദ്വമാന്റെ ചിത്രം ആകെ മാറി. ഒരു പുതിയ വ്യവസായംപോലും ഉയർന്നിട്ടില്ല. മാത്രമല്ല, പലതും പൂട്ടി. ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടക്കുന്ന സ്ഥലമായി. വ്യവസായ കാർഷിക തകർച്ചയ്ക്കും തൊഴിലില്ലായ്‌മയ്‌ക്കുമെതിരെ വൻപ്രക്ഷോഭങ്ങളാണ് സിപിഐ എമ്മും ഇടതുമുന്നണിയും സംഘടിപ്പിച്ചത്.


 

ഹിന്ദി ഭാഷക്കാരും ന്യൂനപക്ഷങ്ങളും ധാരാളം അധിവസിക്കുന്ന ഭാഗങ്ങളാണ് അസൺസോൾ, ദുർഗാപുർ ഏരിയ. ഏതാനും വർഷങ്ങളായി വർഗീയവിദ്വേഷം ഇളക്കിവിട്ട് ബിജെപി നേട്ടമുണ്ടാക്കി. രണ്ടു തവണ അസൺസോൾ ലോക്‌സഭാ സീറ്റിൽ ബിജെപിയുടെ ബാബുൾ സുപ്രിയയാണ് ജയിച്ചത്. വർഗീയലഹളകൾ തുടർ സംഭവമായി. ലഹള അവസാനിപ്പിക്കാനും സമാധാനം സംരക്ഷിക്കാനും സിപിഐ എം പ്രവർത്തകരാണ് മുന്നിൽ പ്രവർത്തിച്ചത്.

പശ്ചിമ ബർദ്വമാനിൽ ഒമ്പതും പൂർവ ബർദ്വമാനിൽ പതിനാറും നിയമസഭാ സീറ്റുകളാണുള്ളത്. 2016ൽ മമതാ തരംഗത്തിലും ഇതിൽ ആറു സീറ്റിൽ ഇടതുമുന്നണി വിജയിച്ചു. മമതയുടെയും ബിജെപിയുടെയും വാഗ്ദാനങ്ങളിലും പ്രലോഭനങ്ങളിലും അകപ്പെട്ട ജനങ്ങൾ സത്യാവസ്ഥ മനസ്സിലാക്കിക്കഴിഞ്ഞു. ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന രണ്ടു മണ്ഡലമാണ് ജാമുരിയ, ബർദ്വമാൻ സൗത്ത് എന്നിവ. രണ്ടിടത്തും വനിതകളാണ്‌ സിപിഐ എമ്മിന്റെ സ്ഥാനാർഥികൾ. ജാമുരിയയിൽ ജെഎൻയു യൂണിയൻ ചെയർമാനും സംഘപരിവാരിന്റെ ആക്രമണത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുകയും ചെയ്യുന്ന ഐഷി ഘോഷാണ് സ്ഥാനാർഥി. ജാമുരിയയുടെ കമ്യൂണിസ്റ്റ്‌ പാരമ്പര്യം ഐഷിയിലൂടെ നിലനിർത്താനുള്ള പോരാട്ടമാണ് അരങ്ങേറുന്നത്. തൃണമൂലുകാർ കൊലപ്പെടുത്തിയ സിഐടിയു നേതാവായിരുന്ന പ്രദീപ് തായുടെ മകളായ പൃഥാ താ പൂർവ ബർദ്വമാൻ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥിയാണ്.ഒരു കാലത്ത് കൃഷിക്കാരും തൊഴിലാളികളും നെഞ്ചേറ്റിയ ചെങ്കൊടി ലാൽ ദുർഗയെന്ന ബർദ്വമാനിൽ വീണ്ടും പാറിക്കാനുള്ള പോരാട്ടത്തിലാണ്‌ ഇടതുമുന്നണി പ്രവർത്തകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top