11 July Saturday

പ്രവാസികള്‍ക്ക് സംരക്ഷണ കവചം ഒരുക്കി കേരള സര്‍ക്കാര്‍

കെ സി സജീവ് തൈക്കാട്Updated: Thursday May 28, 2020

ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കയാണ്.  ലോകത്തിന്‍റെ എല്ലാ കോണിലും മലയാളികളുടെ സാന്നിദ്ധ്യമുണ്ട്.  പ്രവാസ ലോകത്ത് ചരിത്രം രചിച്ചിട്ടുള്ളവരാണ് മലയാളികള്‍.  ഏതു ഭൂഖണ്ഡമെടുത്താലും മലയാളികളുടെ സാന്നിദ്ധ്യമുണ്ട്.  ചൈനയിലെ വുഹാനില്‍ വൈറസ് ബാധയുണ്ടായപ്പോള്‍ തന്നെ അവിടെ നിന്നും മടങ്ങി വന്ന നമ്മുടെ നാട്ടുകാരായ വിദ്യാര്‍ത്ഥികള്‍ക്കും ഈ വൈറസ് ബാധ ഉണ്ടായി.  പ്രവാസികളായ നമ്മുടെ സഹോദരങ്ങള്‍ നാട്ടിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്ന സാഹചര്യം ഉള്ളതുകൊണ്ടാണ് ഇത് ആമുഖമായി സൂചിപ്പിക്കേണ്ടി വരുന്നത്.  സ്വാഭാവികമായും ഇവരില്‍ ചിലര്‍ക്ക് വൈറസ് ബാധ ഉണ്ടായേക്കാം.  കേരളം എങ്ങനെയാണ് ഈ പ്രതിസന്ധിയെ അതിജീവിക്കുന്നത്?  ലോകത്തിനുതന്നെ മാതൃക ആയിക്കൊണ്ട് കേരളത്തിലെ കൊറോണ വ്യാപനം തടഞ്ഞു നിര്‍ത്താന്‍ ആരോഗ്യ വകുപ്പിനും ഭരണസംവിധാനത്തിനും കഴിഞ്ഞു.  നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സംരക്ഷണ കവചം ഒരുക്കിക്കൊണ്ട് കേരള സര്‍ക്കാര്‍ എല്ലാവിധ തയ്യാറെടുപ്പുകളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും, പോലീസ് റവന്യൂ തദേശസ്വയംഭരണ വകുപ്പുകളും, കേരളത്തിലെ പ്രവാസികാര്യ വകുപ്പും, നോര്‍ക്കയും പഴുതടച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.  മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വിമാനത്തവളം മുതല്‍ അവരുടെ ക്വാറന്‍റൈന്‍ കഴിയുന്നതുവരെയുള്ള എല്ലാ ഉത്തരവാദിത്വങ്ങളും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടന്നു വരുന്നു.  ഇത് നമ്മുടെ രാജ്യത്തുമാത്രമല്ല ലോകത്തിനാകെത്തന്നെ മാതൃകയാണ്.

കഴിഞ്ഞ ധനകാര്യ വര്‍ഷം 86 ബില്യന്‍ യു.എസ് ഡോളറിന് സമാനമായി 4.5 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ നാട്ടിലേക്കയച്ചത്.  യാഥാര്‍ത്ഥ്യം ഇതെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രവാസികളെയും പ്രവാസിമേഖലയെയും പാടെ അവഗണിച്ചിരിക്കുകയാണ്.  ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.   അതുപോലെ പ്രവാസികളുടെ മടക്ക യാത്രയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വേണ്ടത്ര ശ്രദ്ധ കേന്ദ്രം നല്‍കുന്നില്ല.  ആത്യന്തികമായി ഈ നാട് പ്രവാസികള്‍ക്കുകൂടി അവകാശപെട്ടതെന്നുള്ള പരിഗണന പോലും നല്‍കുന്നില്ല.  കുവൈറ്റ്-ഇറാഖ് യുദ്ധ കാലത്ത് മുന്‍ പ്രധാനമന്ത്രി വി.പി സിംഗിന്‍റെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി എടുത്ത നിലപാട് ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്.  ഈ ആപത്ഘട്ടത്തില്‍ പോലും പ്രവാസികളെ സഹായിക്കുന്നതിന് പകരം വിമാന ടിക്കറ്റ് അടക്കം വര്‍ധിപ്പിക്കുകയാണ് കേന്ദ്ര വ്യോമയാന വകുപ്പ് ചെയ്തത്.

കേരളത്തിലാണെങ്കില്‍ ഒട്ടനവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും.  നോര്‍ക്ക റൂട്ട്സ്, നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ്, ലോക കേരള സഭ, കെഎസ്എഫ്ഇ  തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി പല പദ്ധതികളും ഈ ഘട്ടത്തില്‍ നടപ്പിലാക്കിവരുന്നു.

ഈ കൊറോണ കാലഘട്ടത്തില്‍ നോര്‍ക്ക റൂട്ട്സ് എടുത്ത ഏറ്റവും പ്രധാനപ്പെട്ട നടപടികള്‍ ചുവടെ ചേര്‍ക്കുന്നു.

► നോര്‍ക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇരട്ടിയാക്കി.  അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക.  അപകടമരണം സംഭവിച്ചാല്‍ നല്‍കിവരുന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷ രണ്ടു ലക്ഷത്തില്‍ നിന്നും നാലു ലക്ഷവും പരിക്കേറ്റവര്‍ക്ക് ഉള്ള പരിരക്ഷ 2 ലക്ഷം രൂപ വരെയും ഉയര്‍ത്തി.  പരിരക്ഷാ വര്‍ദ്ധനവിന് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരിക്കും.   ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യം പ്രവാസികള്‍ക്ക് ലഭിക്കും.

► ആറുമാസത്തിലധികം ആയി വിദേശത്ത് താമസിക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ അല്ലെങ്കില്‍ ജോലി വിസ ഉള്ള പ്രവാസികള്‍ക്ക് അംഗത്വ കാര്‍ഡിന് അപേക്ഷിക്കാം.

മാത്രവുമല്ല നോര്‍ക്ക വിദ്യാര്‍ത്ഥി തിരിച്ചറിയല്‍ കാര്‍ഡുടമകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ പരമാവധി നാലു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു.  ഈ ആനുകൂല്യം വിദ്യാര്‍ത്ഥി കാര്‍ഡുടമകള്‍ക്കും ലഭിക്കും.  വിമാന യാത്രാക്കൂലി ഇളവും വിദ്യാര്‍ത്ഥി കാര്‍ഡുടമകള്‍ക്ക് നല്‍കും.  വിദേശരാജ്യങ്ങളില്‍ പഠിക്കുന്നവര്‍ക്കും വിദേശപഠനത്തിനുള്ള അഡ്മിഷന്‍ നടപടി പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് നോര്‍ക്ക വിദ്യാര്‍ത്ഥി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്.  315 രൂപ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.  ഇതൊരു പ്രധാന നടപടിയായി കണക്കാക്കേണ്ടതാണ്.

► നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റ് ഫോര്‍ റിട്ടേര്‍ഡ് എമിഗ്രന്‍സ് (ചഉജഞഋങ) പദ്ധതി വിപുലീകരിക്കുകയും 30 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ അനുവദിക്കുകയും പലിശയില്‍ 3% സബ്സിഡിയും ഈ പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്ന പ്രവാസികളുടെ സംരംഭങ്ങള്‍ക്ക് ലഭിക്കും. ഇത് പ്രവാസി പുനരധിവാസത്തിന്‍റെ ഏറ്റവും ഉദാത്തമായ ഒരു മാതൃകയാണ്.  വിദേശത്ത് 2 വര്‍ഷത്തില്‍ കൂടുതല്‍ പണി എടുക്കുകയും നാട്ടില്‍ തിരിച്ചെത്തിയതുമായ പ്രവാസികള്‍ക്ക് കൊറോണ രോഗം പിടിപെട്ടിട്ടുണ്ടെങ്കില്‍ സാന്ത്വന പദ്ധതിയില്‍പെടുത്തി അവര്‍ക്ക് 10000 രൂപയുടെ അടിയന്തര സഹായവും, ജനുവരി 1 മുതല്‍ നാട്ടില്‍ മടങ്ങി വന്ന് തൊഴില്‍ വിസ ഉള്ളവര്‍ക്ക് ലോക്ക്ഡൗണ്‍ കാരണം തിരികെ പോകാന്‍ കഴിയാത്തവര്‍ക്ക് 5000 രൂപയുടെ ആശ്വാസ ധനവും നോര്‍ക്ക റൂട്ട്സ് നല്‍കുന്നു.  മാത്രവുമല്ല ലോക്ക്ഡൗണ്‍ കാരണം മരുന്ന് ലഭ്യമാകാതെ വിദേശത്ത് അകപ്പെട്ടവര്‍ക്കായി ഡി.എച്ച്.എല്‍ കൊറിയര്‍ കമ്പനിയുമായി ധാരണയിലെത്തി 25% ഡിസ്കൗണ്ടില്‍ ഡോര്‍ ടു ഡോര്‍ സംവിധാനത്തിലൂടെ പ്രവാസികളുടെ കൈകളില്‍ മരുന്ന് എത്തിക്കാന്‍ നോര്‍ക്ക റൂട്ട്സിനു സാധിച്ചു.

► നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് വഴി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ള പ്രവാസികള്‍ക്ക് ആര്‍ക്കെങ്കിലും ലോകത്തെവിടെ വച്ചായാലും കോറോണ രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ ആശ്വാസ ധനമായി 10000 രൂപയും പെന്‍ഷന്‍ ലഭിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അഡ്വാന്‍സ് ആയി നല്‍കുകയും അതോടൊപ്പം തന്നെ 1000 രൂപയുടെ ആശ്വാസ ധനവും നല്‍കി കഴിഞ്ഞു.  വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കിവരുന്ന ഇതര ആനുകൂല്യങ്ങളായ പ്രസവ ധനസഹായം, ചികിത്സാ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ധനസഹായം എന്നിവ എല്ലാ കുടിശ്ശികയും തീര്‍ത്ത് ഈ കാലയളവില്‍ കൊടുക്കാന്‍ കഴിഞ്ഞു.  പ്രവാസികള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന കുടിശ്ശിക വരുത്തി അംഗത്വം റദ്ദായവര്‍ക്കുള്ള പിഴപ്പലിശ മുഴുവനായി ഒഴിവാക്കികൊണ്ട് ഉത്തരവ് ആവുകയും 6 മാസത്തിനുള്ളില്‍ കുടിശ്ശിക അടച്ചു തീര്‍ക്കുന്നവര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുകയും ചെയ്യും.  ഇതുവഴി വലിയ സാമ്പത്തിക നഷ്ടമാണ് വെല്‍ഫെയര്‍ ബോര്‍ഡിന് ഉണ്ടാകുന്നത് എന്നിരുന്നാലും കേരളത്തിന്‍റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ  പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡിന്‍റെയും പ്രവാസി അനുകൂല നിലപാടിന്‍റെ ഒരു ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കാം.

► വിദേശ രാജ്യങ്ങളില്‍ ഉള്ള ലോക കേരള സഭാംഗങ്ങളുടെ സഹകരണത്തോടു കൂടി വിവിധ രാജ്യങ്ങളിലായി ഹെല്‍പ്പ് ഡെസ്കുകളും മെഡിക്കല്‍ ടീമുകളും പ്രവര്‍ത്തിച്ചു വരുന്നു.  ലോക കേരള സഭയെ വിമര്‍ശിച്ചവര്‍ക്കുള്ള ഒരു മറുപടിയായി ഇതിനെ കണക്കാക്കാം.  ഇതോടൊപ്പം കേരള സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനമാനിച്ച് വിവിധ മലയാളി സംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്.

► കെഎസ്എഫ്ഇ ജീവനം സൗഹൃദ പാക്കേജ് കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ വരെ സ്വര്‍ണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കും.  ആയത് നാലുമാസത്തേക്ക് 3% വും  തുടര്‍ന്ന് സാധാരണ നിരക്കിലുമായിരിക്കും പലിശ.  നോര്‍ക്ക ഐഡിയുള്ള ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്ന പ്രവാസി കേരളീയര്‍ക്കും ഇതേ വായ്പ ലഭിക്കും.

► പ്രവാസി ചിട്ടിയിലെ അംഗങ്ങള്‍ക്ക് 3% പലിശനിരക്കില്‍ 1.5 ലക്ഷം രൂപ വരെ വായ്പ നല്‍കും.  10000 രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പ നിലവിലുള്ള പലിശ നിരക്കില്‍ നിന്നും ഒരു ശതമാനം കുറച്ച് 8.5 ശതമാനം പലിശ നിരക്കില്‍ ലഭ്യമാകും.

► മുതിര്‍ന്ന ഐ.എ.എസ് ആഫീസര്‍ ആയ വിശ്വനാഥ സിന്‍ഹയുടെ നേതൃത്വത്തില്‍ 10-ഓളം ഐ.എ.എസുകാരെ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റില്‍ കേരളത്തിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്‍റുകളെയും കോര്‍ത്തിണക്കിക്കൊണ്ട് ഒരു വാര്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു.  ഇതര സംസ്ഥാനങ്ങളില്‍ ഉള്ളവരുടെയും വിദേശത്ത് നിന്ന് വരുന്നവരുടെയും യാത്രയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം വഹിക്കുന്നത് ഈ വാര്‍ റൂം മുഖാന്തിരമാണ്.  വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരുടെ യാത്ര സുഖകരമാക്കുന്നതിന് ഈ വാര്‍ റൂം ഏറെ സഹായകരമാണ്.

► പ്രവാസികളെ അവഗണിക്കുകയും അവരെ സംരക്ഷിക്കുന്നതിനായി ഒരു നടപടിയും കൈക്കൊള്ളാതെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ പോലും പ്രവാസികളെ സംരക്ഷിക്കുകയും അവരുടെ പുനരധിവാസം ഉറപ്പാക്കാനും വേണ്ടി ക്രിയാത്മകമായിട്ടുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേരള സര്‍ക്കാരിനെയും വിശിഷ്യ മുഖ്യമന്ത്രിയെയും കൃതാര്‍ത്ഥയോടുകൂടിയാണ് ലോകത്താകമാനം പണിയെടുക്കുന്ന പ്രവാസി സമൂഹം നോക്കിക്കാണുന്നത്.

(ലേഖകൻ കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടറാണ്‌.)
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top