12 September Thursday

വയനാട്‌ ദുരന്തം: പ്രധാനകാരണം തീവ്രമഴയും 
ഭൂമിയുടെ ചരിവും

പ്രൊഫ. വി ഗോപിനാഥന്‍Updated: Monday Aug 5, 2024

എല്ലാം അറിയുകയും കാണുകയും മനസ്സിലാക്കുകയും വേണം. വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ ഗൗരവമുള്ള ഒരു കാര്യമാണിത്. 460 കോടി വർഷംമുമ്പുണ്ടായ ഭൂമിയിൽ വളരെ അടുത്തകാലത്ത് അതായത് 10 ലക്ഷം വർഷംമുമ്പ് ഉടലെടുത്ത മനുഷ്യരാണ് ഇതിനൊക്കെ കാരണമെന്ന് പറയാനാകില്ല. ഇതിലും ഭയാനകമായ ഉരുൾപൊട്ടലും ഭൂകമ്പവും സുനാമിയും അഗ്നിപർവത സ്‌ഫോടനങ്ങളും വെള്ളപ്പൊക്കവും കടലാക്രമണവും അതിജീവിച്ചാണ് ഭൂമി നിലനിൽക്കുന്നത്.

അസംഖ്യം ജീവജാലങ്ങൾക്ക് ജീവൻ നൽകി. ചിലതിനെയൊക്കെ നാമാവശേഷമാക്കി ചില പുതിയ ജീവജാലങ്ങൾ ഉണ്ടായി. കടൽ കരയായും കര കടലായും മാറി. പർവതങ്ങളും മരുഭൂമികളും പ്രത്യക്ഷപ്പെട്ടു. നദികൾ വഴിമാറി ഒഴുകിയും വയലുകളും സമതലങ്ങളും ഉണ്ടായും ഇല്ലാതായും വൻകര വിഭജനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഉണ്ടായ കൂട്ടത്തിൽ ബുദ്ധിമാനായ മനുഷ്യരുടെ ആവിർഭാവം പലപ്പോഴും പ്രകൃതിദുരന്തങ്ങൾക്ക് ആക്കംകൂട്ടിയെന്ന് പറയേണ്ടി വരും.

ദുരന്തം ആവർത്തിക്കുന്നു. കഴിഞ്ഞ വേനലിലെ കടുത്തചൂടും വേനൽമഴയുടെ അഭാവവും വരാനിരുന്ന ദുരന്തത്തിലേക്കാണ് വിരൽചൂണ്ടിയത്‌. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും ഉപരിതല ചൂട് കൂടിയത് കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്ന ന്യൂനമർദങ്ങളാണ് വൻതോതിൽ കട്ടിയുള്ള മേഘക്കൂട്ടങ്ങൾക്ക് കാരണമായത്. അന്തരീക്ഷത്തിലേക്ക് തള്ളിയ ഹരിതഗൃഹ വാതകങ്ങളും നിർമാണപ്രവർത്തനങ്ങളിൽനിന്ന്‌ ഉണ്ടായ മാലിന്യക്കൂമ്പാരങ്ങളും വാഹനസമുച്ചയങ്ങളും ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങളും അന്തരീക്ഷത്തിൽ പൊടിപടലങ്ങളും ആഗോളതാപനത്തിനു വഴിയൊരുക്കി. സമുദ്രത്തിന്റെ ഉപരിതലത്തിൽ ചൂടുകൂടി. സമുദ്രജലത്തിൽനിന്ന് ഉരുണ്ടുകൂടിയ മേഘങ്ങളിൽ വിസ്ഫോടനമുണ്ടായി. കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് ഇത് പ്രധാന കാരണമാണ്.

കേരളത്തിന്റെ ഭൂപ്രകൃതി

കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള ചരിവ് ഇത്തരം ദുരന്തങ്ങൾക്കുള്ള പ്രധാന കാരണമാണ്. കൂടുതൽ കൂടുതൽ ഉരുൾ പൊട്ടൽ സംഭവിക്കാവുന്ന തരത്തിലുള്ളതാണ് വയനാട് അടക്കമുള്ള മലനാട്ടിൽ ഭൂപ്രകൃതി. പശ്ചിമഘട്ടം സംരക്ഷിച്ചു നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രൊഫ. മാധവ് ഗാഡ്ഗിലും കസ്തൂരി രംഗനും റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. അത്‌ നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്.

ഭൂമി ഉണ്ടായതിനുശേഷം ഏറെക്കാലം വെയിലും മഴയുമേറ്റ് നിലനിന്ന പ്രദേശമാണ് പ്രീകാംബ്രിയൻ ശിലാപടലങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഷീൽഡ് ( Indian Shield Area) അഥവാ ഇന്ത്യൻ കവചം. ഇവിടെ നൈസും (Gneiss) ഷിസ്റ്റും (Schist) ചാർണക്കൈറ്റുമൊക്കെയാണ് (Charnockite) കാഠിന്യമുള്ള കരിങ്കൽ ശിലകൾ. പലതരം ധാതുക്കളടങ്ങിയതുകൊണ്ടാണ് വിവിധ പേരിൽ അറിയപ്പെടുന്നത്. പ്രീകാംബ്രിയൻ ശിലാപടലങ്ങൾ എന്നുപറയുന്നത് ആഗ്നേയശിലകളും കായാന്തരശിലകളും അടങ്ങിയതാണ്. 60 കോടി മുതൽ 420 കോടി വർഷംമുമ്പ് പല കാലഘട്ടത്തിലായി ഉണ്ടായ പാറകളാണ്‌ അവ. ഇതാണ് പശ്ചിമഘട്ടത്തിലെ മലനിരകളിലും മറ്റും കാണുന്ന ശിലകൾ. ഭൂമിയുടെ അകക്കാമ്പിലുണ്ടാകുന്ന ചലനങ്ങൾ, പർവതീകരണചലനങ്ങൾ എന്നിവയൊക്കെ ഉണ്ടാക്കിയ സമ്മർദങ്ങൾ ഈ പാറക്കൂട്ടങ്ങളിൽ ധാരാളം വിള്ളലും ഭ്രംശമേഖലകളും സൃഷ്ടിച്ചു.

ദീർഘകാലത്തെ വെയിലും മഴയും മൂലമുള്ള പ്രവർത്തനവും രാസപ്രവർത്തനവും മൂലം ഭൗമശിലകൾക്ക് നിരന്തരമായി സംഭവിക്കുന്ന വിഘടനപ്രക്രിയയെ അപക്ഷയമെന്ന് പറയുന്നു (Weathering). രാസപ്രവർത്തനം കൂടാതെയുള്ള ഭൗതികാപക്ഷയം (Mechanical Weathering) മൂലം വലിയ പാറകൾ പൊട്ടി പല കഷണമായി ചെറുതാകുന്നു. ശിലകൾ സമ്മർദത്താൽ ചെറിയ കഷണങ്ങളാകുന്നു. ഭൂമിയുടെ പ്രതലത്തിൽ തുടങ്ങി ക്രമേണ താഴോട്ട് ഇത് സംഭവിക്കുന്നു. ശാലകളുടെ ഘടക പദാർഥങ്ങൾ രാസപ്രക്രിയക്ക് വഴങ്ങുമ്പോൾ അവ മാറ്റത്തിനു വിധേയമാകുന്നു. ചിലത് പെട്ടെന്നും മറ്റു ചിലത്‌ സമയമെടുത്തും മാറും. വെള്ളാരംകല്ലുകൾ (Quartz) പോലുള്ളവ കാഠിന്യമേറിയതാണ്. രാസാപക്ഷയം (Chemical Weathering) മൂലം ജലം, ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുമായി സംയോജിച്ചു രാസമാറ്റങ്ങളുണ്ടാകുന്നു. കരിങ്കല്ലുകൾ മാറി ഭൂമിക്കു മുകളിൽ ഒരു പുതപ്പുപോലെ വെട്ടുകല്ലുകൾ (Laterite) രൂപപ്പെടുന്നത് അങ്ങനെയാണ്. ഇത് പൊടിഞ്ഞും ഭൗതികാപക്ഷയംവഴി ചെറിയ തരികളായി മാറിയ പാറക്കഷണങ്ങളുംകൂടിയാണ് മേൽമണ്ണ് ഉണ്ടാകുന്നത്. പല തരത്തിലുള്ള ലവണങ്ങൾ, ഇലകളൊക്കെ കൂടി ഫലഭൂയിഷ്ടതയുള്ള മണ്ണാക്കി മാറ്റി.

അതിലാണ് ചെടികളും മരങ്ങളും സൂഷ്മജീവികളും കാടും ഉണ്ടായത്. ആഗ്നേയശിലകളുടെയും കായാന്തരശിലകളുടെയും അവസാദശിലകളുടെയും ലക്ഷക്കണക്കിനു വർഷത്തെ പ്രവർത്തനം വഴിയുണ്ടാകുന്ന മണ്ണ് മഴ വരുന്ന അവസരത്തിൽ ജല പൂരിതങ്ങളാകും. പാറയുടെ സ്വഭാവവും ഘടനയും അനുസരിച്ചാണ് പലതരത്തിലും ആഴത്തിലും മണ്ണുണ്ടാകുന്നത്. ക്വാർട്സ് തരികൾ കുറച്ചുകൂടി കാഠിന്യമുള്ളതാണ്. കളിമണ്ണിന് ജലം ശേഖരിക്കാനുള്ള കഴിവുണ്ട്. അതിശക്തമായി ചെയ്യുന്ന മഴ കളിമണ്ണിനുണ്ടാക്കുന്ന ഭാരക്കൂടുതൽ അവിടെ സമ്മർദം ചെലുത്തും. അതിനടിയിൽ ഉരുളൻ കല്ലുകളായും വലിയ പാറക്കഷണങ്ങളുമായും സ്ഥിതിചെയ്യുന്ന പ്രീകാംബ്രിയൻ പാറക്കൂട്ടങ്ങൾ കീഴ്‌ക്കാംതൂക്കായി കിടക്കുന്ന ചരിവിൽനിന്ന് അതിശക്തമായ മലവെള്ളപ്പാച്ചിലിൽ താഴോട്ടുപതിക്കും.

ഉരുളൻ കല്ലുകൾ, പാറക്കഷണങ്ങൾ, മണ്ണ് എന്നിവ ശക്തമായ മഴയിൽ കുന്നിനുമുകളിൽനിന്ന് താഴോട്ട് പതിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസത്തെയാണ് വൻതോതിലുള്ള നഷ്ടം ((Mass Wasting)),  ഉരുൾപൊട്ടൽ ((Landslides) ) എന്നൊക്കെ പറയുന്നത്. ചരിവ് 30 ഡിഗ്രിയിലും താഴെയാകണം അതാണ് സുരക്ഷിതമായ പ്രദേശം. സാധാരണഗതിയിൽ ഒരുവർഷം 3500 മില്ലിമീറ്റർ മഴ പെയ്തിടത്ത് ഒറ്റദിവസംകൊണ്ട് അഞ്ഞൂറും അറുനൂറും മില്ലിമീറ്റർ മഴ. കാലാവസ്ഥാ വ്യതിയാനമാണ് മേഘവിസ്പോടനത്തിന് വഴിയൊരുക്കിയത്. മുകളിലെ മണ്ണും പാറക്കല്ലും മരങ്ങളും ഭൂമിയുടെ ഗുരുത്വാകർഷണ ഫലമായി അതിശക്തമായ മഴയിൽ താഴോട്ടുപതിച്ചു. താഴ്‌വാരത്തിലെ റിസോർട്ടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളും കുത്തിയൊലിച്ചു. കൊടുംവനത്തിലും ഒരുപാട് നാളുകളായി ആയിരക്കണക്കിന് ചെറുതും വലുതുമായ ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നുണ്ട്.

എന്താണ് ഈ അവസ്ഥയിൽ 
ചെയ്യേണ്ടത്   

ഭൂമി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ നാം പഠിക്കണം. ഭൂമിയെക്കുറിച്ചുള്ള പരിമിതമായ അറിവും അറിവില്ലായ്മയുമാണ് ദുരന്തത്തിന്റെ ആക്കംകൂട്ടുന്നത്. ദുരന്തം മുന്നിൽക്കണ്ട് ഭൂമിയെ തരംതിരിക്കണം. ഉപയോഗം പരിമിതപ്പെടുത്തണം. മനുഷ്യനില്ലാതെയും ഭൂമിക്ക് നിലനിൽക്കാം. എത്രയോ പ്രളയങ്ങൾ ഇതിഹാസങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. വികസനം വേണം. അത് ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടാകണം.

ആറുവരിപ്പാതയും അതിവേഗ റെയിൽപ്പാതയും പരിസ്ഥിതിക്ക് കോട്ടംതട്ടാതെ നടപ്പാക്കണം. കരിങ്കൽ ഖനനവും മണൽഖനനവും വെട്ടുകല്ല്‌ ഖനനവും മറ്റു ഖനനങ്ങളും സുരക്ഷിതമേഖലകളിൽ നിയമങ്ങൾ പാലിച്ചുമാത്രമേ ആകാവൂ. ദുരന്തങ്ങൾ മുന്നിലുണ്ടെന്നു കണ്ടാൽ അവിടങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ പാടില്ല. മഴവെള്ളത്തിന് സുഗമമായി ഒഴുകിപ്പോകാനുള്ള കനാലുകളും ഡ്രെയിനേജുകളും നിരന്തരമായി നിരീക്ഷിക്കണം. മനുഷ്യജീവിതം ശാശ്വതമല്ല എന്നാണ് ഭൂഗർഭശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്. എന്നാലും ഉള്ളിടത്തോളം കാലം നിലനിൽപ്പിനാവശ്യമായ കരുതലുകളൊക്കെ നമുക്കെടുക്കാം.

(സംസ്ഥാന പരിസ്ഥിതി അവലോകന കമ്മിറ്റി അംഗവും മുൻ ഉത്തരമേഖലാ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും കാസർകോട് ഗവ. കോളേജിലെ മുൻ ജിയോളജി വകുപ്പുമേധാവിയും പ്രിൻസിപ്പലുമായിരുന്നു ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top