10 July Friday

'ബിജെപിയുടെ മാസ്ക്': ഒരു രാഷ്ട്രീയ വിവാദത്തിന്റെ ഓര്‍മ്മയ്ക്ക്

വി ബി പരമേശ്വരൻUpdated: Monday May 4, 2020

വി ബി പരമേശ്വരൻ

വി ബി പരമേശ്വരൻ

ഇരുപത്തിമൂന്ന്‍ വര്‍ഷം മുമ്പ് ബിജെപിയില്‍ കത്തിപ്പടര്‍ന്ന  രാഷ്ട്രീയ മാസ്ക് വിവാദത്തെപ്പറ്റി വി ബി പരമേശ്വരന്‍ എഴുതുന്നു

ഇപ്പോൾ മാസ്‌ക്കാണ്‌ താരം. മുഖാവരണം ഇല്ലാതെ പുറത്തിറങ്ങിയാൽ ശിക്ഷിക്കപ്പെടുന്ന കാലം. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലും മാസ്‌ക്ക്‌ ഒരു കാലത്ത്‌ കോളിളക്കം സൃഷ്ടിച്ചിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ ക്കുറിച്ചായിരുന്നു മാസ്‌ക്ക്‌ പ്രയോഗം വന്നത്‌. ബജെപിയുടെ മാസ്‌ക്ക്‌ മാത്രമാണ്‌ വാജ്‌പേയി എന്നായിരുന്നു ആ വിവാദ പ്രസ്‌താവന. അത്‌ നടത്തിയതാകട്ടെ ബിജെപിയിലെ ശക്തനായ ജനറൽ സെക്രട്ടറി കെ എൻ ഗോവിന്ദാചാര്യയും. ബിജെപിയിൽ ശക്തൻ അദ്വാനിയാണെന്നും വാജ്‌പേയി മാസ്‌ക്ക്‌ മാത്രമാണെന്നുമായിരുന്നു ഗോവിന്ദാചാര്യയുടെ പ്രസ്‌താവനയുടെ അർഥം.

ബിജെപിയെ ആർഎസ്‌എസുമായി ബന്ധിപ്പിക്കുന്ന അന്നത്തെ സുപ്രധാന കണ്ണിയായിരുന്നു തമിഴ്‌ ബ്രാഹ്‌മണനായ ഗോവിന്ദാചാര്യ. പാർടിയിലെ എണ്ണപ്പെട്ട ബുദ്ധീജീവി. ബിജെപിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്തുന്നതിന്‌ ‘സോഷ്യൽ എഞ്ചിനീയറിങ്ങ്‘‌ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌.കച്ചവട വിഭാഗമായ ബനിയകളുടെയും ബ്രാഹ്‌മണരുടെയും പാർടിയായ ബിജെപിയെ മറ്റുപിന്നോക്ക സമുദായങ്ങളിലേക്കും ദളിതരിലേക്കും ഇറക്കികൊണ്ടുവരാനായിരുന്നു സോഷ്യൽ എഞ്ചിനീയറിങ്ങിന്‌ തുടക്കമിട്ടത്‌. അതിന്റെ ഫലമായാണ്‌ പിന്നോക്ക വിഭാഗക്കാരായ കല്യാൺസിങ്ങും ഉമാഭാരതിയും ശിവരാജ്‌ സിങ്ങ്‌ ചൗഹാനും എന്തിനധികം പറയുന്നു നരേന്ദ്ര മോഡി പോലും ബിജെപി നേതൃനിരയിലേക്ക്‌ ഉയർന്നത്‌.

എന്നാൽ ദക്ഷിണേന്ത്യൻ ബ്രാഹ്‌മണനായ ഗോവിന്ദാചാര്യയാണ്‌ ഉത്തരേന്ത്യൻ ബ്രാഹ്‌മണനായ വാജ്‌പേയിയെ മാസ്‌ക്ക്‌ അഥവാ മുഖൗട്ട എന്ന്‌ വിശേഷിപ്പിച്ചത്‌. സംഭവം ഇങ്ങനെയാണ്‌. 1997 സെപ്‌തംബർ 18 ന്‌ ന്യൂഡൽഹിയിലെ അശോകാ റോഡിലെ 14ാം നമ്പർ വസതിയിലുള്ള ബിജെപി കേന്ദ്ര ആഫീസിലേക്ക്‌ രണ്ട്‌ ബ്രിട്ടീഷ്‌ നയതന്ത്ര പ്രതിനിധികൾ എത്തുന്നു. ഗോവിന്ദാചാര്യയുമായി മണിക്കുറുകളോളാം സംസാരിക്കുന്നു. എന്നാൽ ഈ സംസാരത്തിന്റെ ഉള്ളടക്കം ലോകം അറിയുന്നത്‌ രണ്ടാഴ്‌ചക്ക്‌ ശേഷമാണ്.‌ കൃത്യമായി പറഞ്ഞാൽ ഒക്ടോബർ ആറിന്‌ പഞ്ചാബ്‌ കേസരി ഉൾപ്പെട പ്രമുഖ ഹിന്ദി ദിനപത്രങ്ങളിൽ ഈ കൂടിക്കാഴ്‌ചയെക്കുറിച്ച്‌ റിപ്പോർട്ടുകൾ വന്നു. മുൻ പ്രധാനമന്ത്രി വാജ്‌പേയിയെ മാസ്‌ക്ക്‌ എന്ന്‌ ഗോവിന്ദാചാര്യ വിളിച്ചുവെന്നായിരുന്നു ആ വാർത്ത. ‘‘ബിജെപിയുടെ ആന്തരിക ശക്തി വാജ്‌പേയിയല്ല, ഒരു മാസ്‌ക്ക്‌ മാത്രമാണദ്ദേഹം. അരങ്ങിൽ മാത്രമേ ഒരു മാസ്‌ക്കിന്റെ ആവശ്യം വരാറുള്ളു. ’’എന്ന്‌ ഗോവിന്ദാചാര്യ ബ്രിട്ടീഷ്‌ നയതന്ത്ര പ്രതിനിധികളോട്‌ പറഞ്ഞുവെന്നായിരുന്നു ആ വാർത്ത.

ഗോവിന്ദാചാര്യ

ഗോവിന്ദാചാര്യ


സംഘടനാപരമായി കെട്ടുറപ്പുള്ള ബിജെപിയിൽ ഒരു ബോബിടുന്നതിന്‌ സമാനമായിരുന്നു ഈ വാർത്ത. ബിജെപിയുടെ സ്ഥാപക പ്രസിഡന്റും (ബിജെപിയുടെ)പ്രഥമ പ്രധാനമന്ത്രിയുമായ വാജ്‌പേയിയെ പാർടിയുടെ മുഖാവരണം മാത്രമായി  ജനറൽ സെക്രട്ടരി തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. സ്വാഭാവികമായും പല വ്യാഖ്യാനങ്ങളും ഇതേക്കുറിച്ചുണ്ടായി. പാർടിയിലെ തീവ്രനിലപാടുകാരനായ ലാൽ കൃഷ്‌ണ അദ്വാനിയുടെ വലംകൈയായാണ്‌ ഗോവിന്ദാചാര്യ അറിയപ്പെടുന്നത്‌. അഴകൊഴമ്പനായ, കവിയായ വാജ്‌പേയിയോട്‌ ഗോവിന്ദാചാര്യക്ക്‌ അടുപ്പം കുറവായിരുന്നു. 1992 ലെ ബിജെപി ദേശീയ നിർവാഹകസമിതി യോഗത്തിൽ ഇക്കാര്യം വാജ്‌പേയി തന്നെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഗോവിന്ദാചാര്യയോട്‌ തനിക്ക്‌ ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ വാജ്‌പേയി പറഞ്ഞു.‘ ഒരു നേതാവിനെ ആദരിക്കുന്നതിന്‌(അദ്വാനിയെ) മറ്റൊരു നേതാവിനെ(വാജ്‌പേയിയെ) ഇകഴ്‌ത്തണമൊന്നുണ്ടോ?

1997 ലെ മാസ്ക് വിവാദം ഓര്‍മ്മിപ്പിച്ച് 2007ല്‍ സുരേന്ദ്ര വരച്ച കാര്‍ട്ടൂണ്‍

1997 ലെ മാസ്ക് വിവാദം ഓര്‍മ്മിപ്പിച്ച് 2007ല്‍ സുരേന്ദ്ര വരച്ച കാര്‍ട്ടൂണ്‍

ഏതായാലും രാജ്യത്ത്‌ മാസ്‌ക്ക്‌ വിവാദം കത്തിപ്പടരുമ്പോൾ വാജ്‌പേയി ഇന്ത്യയിലുണ്ടായിരുന്നില്ല. ബൾഗേറിയൻ സന്ദർശനത്തിലായിരുന്നു.  രാജ്യത്ത്‌ തിരിച്ചെത്തിയപ്പോൾ വാജ്‌പേയി തിരിച്ചടിച്ചു. അദ്വാനിക്ക്‌ വിജയദശമി ആശംസകൾ നേർന്നുകൊണ്ടുള്ള കത്തിൽ ഗോവിന്ദാചാര്യയുടെ മുഖാമുഖത്തെക്കുറിച്ച്‌ വാജ്‌പേയി സൂചിപ്പിച്ചു. മാത്രമല്ല ഗോവിന്ദഖാചാര്യയോട്‌ വിശദീകരണവും വാജ്‌പേയി ആവശ്യപ്പെട്ടു. ഈ രണ്ട്‌ കത്തുകളും ബന്ധപ്പെട്ട കേന്ദ്രങ്ങൾ മാധ്യമങ്ങൾക്ക്‌ ചോർത്തി നൽകി. തുടർന്നുള്ള ദിവസങ്ങളിലും ഈ വിഷയം കത്തി നിന്നു. വാജ്‌പേയി പങ്കെടുത്ത എല്ലാ ചടങ്ങുകളും വാർത്തയായി. അടുത്ത ദിവസം ഒരു പുസ്‌തക പ്രകാശന ചടങ്ങിൽ സംസാരിച്ച വാജ്‌പേയി മുതിർന്ന ബിജെപി ആർഎസ്‌എസ്‌ നേതാക്കളെ ഇരുത്തി ഇങ്ങനെ സംസാരിച്ചു.‘ ഒരു മാസ്‌ക്‌‌ മാത്രമായ എന്നെ ഈ ചടങ്ങിലേക്ക്‌ ക്ഷണിച്ചതിൽ ഞാൻ അത്‌ഭുതപ്പെടുന്നു’ എന്നായിരുന്നു വാജ്‌പേയിയുടെ കമന്റ്‌. അവസാനം ഗോവിന്ദാചാര്യ ബിജെപിയിൽ നിന്നും പുറത്തുപേകാൻ നിർബന്ധിക്കപ്പെട്ടു. 2000 മാണ്ടോടെ.  പിന്നീട്‌ വാജ്‌പേയി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിൽ ഗോവിന്ദാചാര്യയെ രജനീഷ്‌ആചാര്യ എന്ന്‍ മാത്രമാണ്‌ പരാമർശിക്കാറുള്ളതെന്ന്‌ മുതിർന്ന മാധ്യമ പ്രവർത്തകർ രേഖപ്പെടുത്തുന്നു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയായി. രണ്ട്‌ വർഷം മുമ്പ്‌ അന്തരിച്ചു. എന്നിട്ടും ഗോവിന്ദാചാര്യ ബിജെപിയിലേക്ക്‌ മടങ്ങിയെത്തിയില്ല.

വാജ്‌പേയി ബിജെപിയുടെ മാസ്‌ക്ക്‌ ആയിരുന്നോ? 1995 മെയ്‌ ഏഴ്‌ലക്കം ഓർഗനൈസർ അതിന്‌ ഉത്തരം നൽകുന്നുണ്ട്‌. ‘ആർഎസഎഎസ്‌ ആണ്‌ എന്റെ ആത്‌മാവ്’‌ എന്നായിരുന്നു വാജ്‌പേയി കുറിച്ചിട്ടത്‌.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top