11 August Thursday
വാഗൺ കൂട്ടക്കൊലയ്ക്ക് 100 വർഷം

സ്വാതന്ത്ര്യസമരഗാഥയിൽനിന്ന് മായ്ക്കാനാകാത്ത മരണവണ്ടി

ഡോ. പി ശിവദാസൻUpdated: Friday Nov 19, 2021

വാഗൺ കൂട്ടക്കൊല ആകസ്‌മിക സംഭവമായിരുന്നോ? അല്ല, കൃത്യമായ ഗൂഢാലോചനയോടെ ബ്രിട്ടീഷ്‌ ഭരണകൂടം നടപ്പാക്കിയ കൂട്ടക്കുരുതിയായിരുന്നു അത്‌. പൈശാചികമായ ആ കൂട്ടക്കൊല നടന്നിട്ട്‌ ഇന്ന്‌ 100 വർഷം. 1921 നവംബർ 19നായിരുന്നു ‘വാഗൺ ട്രാജഡി’ എന്ന്‌ ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയ വാഗൺ കൂട്ടക്കൊല. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ ബ്രിട്ടീഷുകാർക്കെതിരെ നെഞ്ചൂക്കോടെ പോരാടിയ 70 ധീരദേശാഭിമാനികളാണ്‌ മരിച്ചു വീണത്‌

‘വാഗൺ ട്രാജഡി' എന്ന പേരിൽ ബ്രിട്ടീഷ് ഭരണാധികാരികൾ രേഖപ്പെടുത്തിയ മലബാർ കലാപവുമായി ബന്ധപ്പെട്ട കൂട്ടക്കൊല നടന്നിട്ട് നൂറ് വർഷം തികയുകയാണ്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത സംഭവമായിരുന്നു റെയിൽവേ വാഗണിൽ വായു കിട്ടാതെ എഴുപതു തടവുകാർ മരണപ്പെട്ട ഈ സംഭവം. ജൻമിത്തത്തിനും ബ്രിട്ടീഷ് വാഴ്ചയ്‌ക്കുമെതിരെ അണിനിരന്നവരും നിരപരാധികളുമായിരുന്നു ജീവവായു കിട്ടാതെ മരണംവരിച്ച ഇവരിൽ ഭൂരിപക്ഷവും. തെക്കൻമലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടി താൽക്കാലിക കോടതികളിൽ വിചാരണ ചെയ്ത 200 തടവുകാരെയാണ് 1921 നവംബർ 19ന് തിരൂരിലേക്ക് നടത്തിയും മർദിച്ചും കൊണ്ടുവന്നത്.

മുറിവേറ്റവരും തളർന്നവരുമായ ഇവരിൽ നൂറ് തടവുകാരെ ബെല്ലാരി ജയിലിലേക്ക് ട്രെയിനിൽ കൊണ്ടുപോകാൻ, കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട സ്പെഷ്യൽ കമീഷണർ എ ആർ നാപ്പ് ഉത്തരവ് നൽകി. വായുസഞ്ചാരമില്ലാത്ത എൽവി: 1711 എന്ന വാഗൺ രാത്രി 7.15ന് തിരൂരിൽനിന്ന് മദ്രാസിലേക്ക് പോകുന്ന 77–-ാം നമ്പർ വണ്ടിയിൽ കൂട്ടിച്ചേർത്താണ് കൊണ്ടുപോകാൻ തീരുമാനിച്ചത്.  മൂന്ന് മുറിയുള്ള വായു കയറാത്ത ഈ ചരക്കുവണ്ടിയിൽ ഇടിച്ചുകയറ്റിയതു കാരണം ഉടനെതന്നെ മരണം നടന്നുതുടങ്ങിയിരുന്നു.

നിർത്തിയ എല്ലാ സ്റ്റേഷനിലും ദാഹജലത്തിനായി ഈ മനുഷ്യർ വാഗൺ ഭിത്തിയിൽ ആഞ്ഞടിച്ച് കരഞ്ഞു. നവംബർ 20 പുലർച്ചെ 12.30ന് വണ്ടി കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ വാഗൺ തുറന്നപ്പോൾ 56 പേർ മരിച്ചതായി കണ്ടെത്തി. കോയമ്പത്തൂർ മിലിറ്ററി ആശുപത്രിയിലെ ഡോക്ടർമാർ മരണകാരണം ജീവവായു നിഷേധിക്കപ്പെട്ടതാണെന്ന് റിപ്പോർട്ട് ചെയ്തു. മത്തി വറ്റിച്ചതുപോലുള്ള മനുഷ്യരുടെ ഭീകരമായ കാഴ്ച കാണാനിടവന്ന ഓടിക്കൂടിയ ജനങ്ങളിലൂടെ ഈ ദാരുണവാർത്ത പുറംലോകമറിഞ്ഞു. പിന്നീട് ആശുപത്രിയിലും ജയിലിലുമായി 14 പേർകൂടി മരണപ്പെട്ടതോടെ വാഗൺ കൂട്ടക്കൊലയിലെ ഇരകളുടെ എണ്ണം എഴുപതായി.

മലബാർ കലാപത്തെക്കുറിച്ചും വാഗൺ കൂട്ടക്കൊലയെക്കുറിച്ചും പറയുമ്പോൾ ഒരു കാര്യം നമ്മൾ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌.   ആഗോള മൂലധനശക്തികൾ ഇന്ത്യയിൽ പ്രവേശിച്ചതിനുശേഷമാണ് വർഗീയ ചേരിതിരിവുണ്ടാക്കിയുള്ള ഭരണകൂട ചൂഷണങ്ങൾ ആരംഭിക്കുന്നത്. കാർഷിക വ്യവസ്ഥയിലെ അമിതമായ സാമ്രാജ്യത്വ–--ജൻമിത്ത ചൂഷണം നിക്ഷേപ മുതലാളിത്തത്തിന്റെ തണലിൽ മൂർധന്യാവസ്ഥയിലെത്തിയത് ഒന്നാം ലോകയുദ്ധകാലത്താണ്. യുദ്ധഫണ്ടുപിരിവും സാമ്പത്തികരംഗത്തെ മരവിപ്പും നിശ്ചലമാക്കിയത് കർഷകരുടെയും തൊഴിലാളികളുടെയും തകർന്നുകിടക്കുന്ന ജീവിതമായിരുന്നു. ഏറനാട്, വള്ളുവനാട് മേഖലയിലെ റബർ തോട്ടങ്ങൾ അടച്ചുപൂട്ടിയത് ഭൂരിഭാഗംവരുന്ന  മാപ്പിള വിഭാഗത്തിൽപ്പെട്ട തൊഴിലാളികളെ ദുരിതത്തിലാക്കി.  ഇവരുടെ അതിദാരിദ്ര്യമാണ് സാമ്രാജ്യത്വത്തിനും അവർക്ക് ചൂട്ടുപിടിച്ച ജൻമിത്തത്തിനുമെതിരായ കലാപം സൃഷ്ടിച്ചത്. ദേശീയവും അന്തർദേശീയവുമായ ഘടകങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള വർഗീയ വ്യാഖ്യാനങ്ങൾ ഈ കലാപത്തിന്റെ സ്വഭാവം സംബന്ധിച്ച പഠനങ്ങളെ വഴിതെറ്റിക്കുന്നവയാണ്. മലബാർ കലാപകാലത്ത് നിരവധി പേരെ  അടച്ചിട്ട വാഗണുകളിൽ കൊണ്ടുപോയിരുന്നതായി സർക്കാർ സമ്മതിച്ചതോടെ ബ്രിട്ടീഷ് ക്രൂരതകളിൽ പലതും വെളിച്ചം കണ്ടിട്ടില്ലെന്ന ആരോപണം ഉയർന്നു. വാഗൺ കൂട്ടക്കൊലയിൽ  മരണപ്പെട്ടവരിൽ ഹിന്ദു വിഭാഗത്തിപ്പെട്ടവരുമുണ്ടായിരുന്നു. കാർഷിക പോരാട്ടത്തിൽ നിരവധി ഹിന്ദു വിഭാഗക്കാരും പങ്കെടുത്തിരുന്നതായി ഇത് തെളിയിക്കുന്നു.

ബ്രിട്ടീഷ് റെയിൽവേ വിഭാഗം ഉടനെ നടത്തിയ അന്വേഷണത്തിൽ റീവ് എന്ന റെയിൽവേ ഇൻസ്പെക്ടർ കൃത്യവിലോപം കാണിച്ചതായി കണ്ടെത്തി. വിദേശത്തെ പത്രങ്ങളും ജനാധിപത്യവാദികളും അന്താരാഷ്ട്ര തലത്തിൽ ബ്രിട്ടനെ വിമർശിച്ചതോടെ മദ്രാസ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പക്ഷേ, അന്വേഷണസമിതിയുടെ തലവനായി നിയമിക്കപ്പെട്ടത് ഈ കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദിയായ എ ആർ നാപ്പിനെത്തന്നെയാണ്. അന്വേഷണ കമീഷൻ അംഗങ്ങളിൽ മഞ്ചേരി രാമയ്യർ ഒഴിച്ചുള്ള രണ്ടു പേർ ബ്രിട്ടീഷ് അനുകൂലികളായിരുന്ന മലബാറിലെ പ്രമാണികളായിരുന്നു. എ ആർ നാപ്പ്, തടവുകാരെ അനുഗമിച്ച സർജന്റ്‌ ആൻഡ്രൂസ്, പൊലീസ് മേധാവി ഹിച്ച്കോക്ക് എന്നിവരെ കുറ്റവിമുക്തരാക്കുന്നതായിരുന്നു നാപ്പ് തയ്യാറാക്കിയ റിപ്പോർട്ട്.

കമീഷൻ റിപ്പോർട്ട് സംഭവം നടന്നതിന്‌ എട്ട് മാസം കഴിഞ്ഞാണ് ലണ്ടനിൽ പ്രസിദ്ധീകരിച്ചത്. സാമ്രാജ്യത്വവാദത്തെ നിയമത്തിന്റെ പിൻബലത്തിൽ എതിർത്ത ഒരേ ഒരാൾ കമീഷൻ അംഗമായിരുന്ന മഞ്ചേരി രാമയ്യരായിരുന്നു. നാപ്പ് റിപ്പോർട്ടിൽ  രാമയ്യരുടെ വാദം വിയോജനക്കുറിപ്പായി മാത്രമാണ് പ്രസിദ്ധീകരിച്ചത്. കരുതിക്കൂട്ടിയ കൊലപാതകമാണിതെന്ന് വാദിച്ച രാമയ്യരുടെ കുറിപ്പ് അനുബന്ധമായി ചേർക്കേണ്ടി വന്നു.

അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് മദ്രാസ് നിയമസഭ നാപ്പ് കമീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുമ്പോൾ മലബാർ കലാപ പോരാളികളുടെ ജീവത്യാഗത്തെ അപമാനിക്കുന്നതിന് സഭാനാഥനായി നിയോഗിക്കപ്പെട്ടത് എ ആർ നാപ്പ്‌ തന്നെയായിരുന്നു. ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയും വർണവിദ്വേഷവും ചൂണ്ടിക്കാട്ടിയ നിയമസഭയിലെ ഇന്ത്യക്കാരായ അംഗങ്ങൾ എ ആർ നാപ്പിനെ "ഡയർ ഓഫ് മലബാർ' എന്നാണ് വിളിച്ചത്. മരണപ്പെട്ടവർക്ക് 300 രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ നിർബന്ധമായി. ഈ ഘട്ടത്തിൽ  ഇന്ത്യക്കാരന്റെ വില 300 രൂപയാണോയെന്ന് രോഷത്തോടെ സഭയിൽ സംസാരിച്ചത് കോയമ്പത്തൂർകാരനായ ആർ കെ ഷൺമുഖം ചെട്ടിയാണ്‌. കലാപത്തിൽ പങ്കാളികളായതിന് കൊല്ലപ്പെട്ട എല്ലാവർക്കും വലിയ തുക പിഴയായി താൽക്കാലിക കോടതികൾ അടിച്ചേൽപ്പിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അനുവദിച്ച 300 രൂപ പിഴയിൽനിന്ന് കുറവുവരുത്തുക മാത്രമാണ് ബ്രിട്ടീഷ് സർക്കാർ ചെയ്തത്.

മലബാറിലെ കലാപത്തിൽ പങ്കെടുത്ത് മരണം വരിച്ച ആ ദേശാഭിമാനികൾക്കായി  ശബ്ദമുയർത്തിയത് മഞ്ചേരി രാമയ്യരും ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ഹിന്ദു സമുദായാംഗങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ പടവാളുകളായിരുന്ന നാട്ടുഭാഷാ പത്രങ്ങളുമായിരുന്നു. കന്നുകാലികളെപ്പോലും കയറ്റാൻ കഴിയാത്ത ലഗേജ് വാനിൽ മലബാറിലെ നിരപരാധികളായ മനുഷ്യരെ  കുത്തിനിറച്ച് ശ്വാസം മുട്ടിച്ചു കൊന്നതിന് 1890ലെ ഇന്ത്യൻ റെയിൽവേ നിയമമനുസരിച്ച് കടുത്ത ശിക്ഷ അർഹിക്കുന്നുവെന്ന് വാദിച്ചത് മലയാളിയായ മഞ്ചേരി രാമയ്യരായിരുന്നു.

1921നുശേഷം നടന്ന സ്വാതന്ത്ര്യസമരത്തെ മുന്നോട്ടു നയിച്ചത് വാഗൺ കൂട്ടക്കൊലയിലടക്കം വീരമൃത്യു വരിച്ച ദേശാഭിമാനികളുടെ ഓർമകളാണ്‌. 1931ൽ നടന്ന വടകര രാഷ്ട്രീയ സമ്മേളനത്തിന്റെ മുഖ്യ വേദിയിൽ വാഗൺ കൂട്ടക്കൊലയെ അനുസ്മരിച്ച് ഒരു റെയിൽവേ വാഗണിന്റെ ചിത്രം വരച്ചിരുന്നതായി രേഖകളുണ്ട്. ആ ചിത്രത്തിനു താഴെ ‘മരണവണ്ടി മറക്കുമോ' എന്നെഴുതിയിരുന്നത് സ്വാതന്ത്ര്യസമരത്തിന്റെ അവിഭാജ്യ ഘടകമായ മലബാർ കലാപത്തെ ആർക്കും തേച്ചുമായ്ച്ചു കളയാൻ കഴിയാത്ത സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായിരുന്നെന്ന് തെളിയിക്കുന്നു.

(കോഴിക്കോട് സർവകലാശാലയിൽ ചരിത്രവിഭാഗം അധ്യാപകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top