20 February Wednesday

വിവേകാനന്ദന്റെ മതദര്‍ശനവും മതവിമര്‍ശനവും

സുനില്‍ പി ഇളയിടംUpdated: Monday Dec 25, 2017

 

ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് അരങ്ങേറിയത് വിവേകാനന്ദനെ മുന്‍നിര്‍ത്തിയാണ്. നവോത്ഥാനത്തിന്റെ ഹൃദയമായി നിലകൊണ്ട പ്രബുദ്ധതാപരമായ മൂല്യങ്ങള്‍ക്കെതിരെ, മതപരമായ പുനരുജ്ജീവനത്തിന്റെ കേന്ദ്രബിംബമായി വിവേകാനന്ദനെ അവതരിപ്പിക്കാനും ആ പ്രതീതിയെ കാലംതോറും വളര്‍ത്തിക്കൊണ്ടുവരാനും ഹിന്ദുത്വശക്തികള്‍ക്ക് വലിയൊരളവോളം കഴിഞ്ഞു. അതുകൊണ്ട് അത്യസാധാരണമായ രീതിയില്‍ മത യാഥാസ്ഥിതികത്വത്തെയും ആചാരവ്യവസ്ഥയെയും വെല്ലുവിളിച്ച ഒരാളെത്തന്നെ, മതപുനരുത്ഥാനത്തിന്റെയും ഹിംസാത്മകമായ വര്‍ഗീയതയുടെയും പ്രചാരണോപാധിയാക്കുന്നതില്‍ അവര്‍ വലിയതോതില്‍ വിജയിക്കുകയും ചെയ്തു. ഇന്ന് വിവേകാനന്ദനെപ്പറ്റിയുള്ള സാമാന്യധാരണ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച പ്രബുദ്ധതാപരമായ മൂല്യങ്ങളെയും വിമര്‍ശനാത്മക സമീപനങ്ങളെയും മുന്‍നിര്‍ത്തുന്ന ഒന്നല്ല; മറിച്ച് ഹൈന്ദവ മതനവീകരണത്തിന്റെയും ഹിന്ദുജന ജാഗരത്തിന്റെയും മാതൃകാബിംബം എന്ന നിലയിലാണ്. ഇത്രത്തോളം ഗുരുതരമായ തലകീഴ്മറിയലിന് വിധേയമായ നവോത്ഥാന നായകന്‍ ഏറെയില്ല എന്നുതന്നെ പറയാം.

അതിവിപുലവും സങ്കീര്‍ണവുമായ നവോത്ഥാനപ്രക്രിയയില്‍, ജ്ഞാനോദനമൂല്യങ്ങളെ മതനവീകരണപരമായി ഉപയോഗിക്കാനുള്ള നാനാതരം ശ്രമങ്ങളുടെ കേന്ദ്രമായിരുന്നു വിവേകാനന്ദന്‍. ആധുനികമൂല്യങ്ങളോട് ഒത്തിണക്കമുള്ള ഒരു ഹിന്ദുമതത്തിന്റെ സംസ്ഥാപനമായിരുന്നു അദ്ദേഹത്തിന്റെ വിശാലമായ താല്‍പ്പര്യം. അതുകൊണ്ടുതന്നെ, ജാതിനശീകരണപരമായ വിപ്ളവാത്മക വീക്ഷണങ്ങള്‍ക്കപ്പുറം, മതനവീകരണപരമായ പരിഷ്കരണ നിലപാടുകളാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. അത്തരമൊരു നിലപാടിന്റെ ചരിത്രപരമായ പരിമിതികള്‍ വിവേകാനന്ദന്റെ വീക്ഷണങ്ങളിലും കണ്ടെത്താനാകും. പക്ഷേ, അതേസമയത്തുതന്നെ, ജ്ഞാനോദയ മൂല്യങ്ങളുടെ വിമര്‍ശനാത്മകശേഷിയെ തന്റെ കാലത്തെ മറ്റേതൊരു പരിഷ്കര്‍ത്താവിനേക്കാളും ശക്തമായും തീവ്രമായും ആചാരബദ്ധമായ മതജീവിതത്തിനെതിരെ പ്രയോഗിക്കാനും വിവേകാനന്ദന് കഴിഞ്ഞിരുന്നു. ഇരുപുറങ്ങളിലേക്ക് ചായുന്ന വിരുദ്ധപ്രവണതകളില്‍നിന്ന്, ഈ വിമര്‍ശനാത്മക സമീപനത്തെ കണ്ടെടുത്ത് പുനഃസ്ഥാപിക്കുന്നതിലൂടെ മാത്രമേ വിവേകാനന്ദന്റെ നവോത്ഥാന പാരമ്പര്യത്തെ നമുക്ക് ഉയര്‍ത്തിപ്പിടിക്കാനാകൂ.

ഒരു ഭാഗത്ത്, മതത്തിന്റെ സ്വരൂപം എന്തായിരിക്കണം എന്നതുമുതല്‍ വ്യത്യസ്ത മതങ്ങളോട് പുലര്‍ത്തേണ്ട നിലപാടുവരെയുള്ള കാര്യങ്ങളിലും മറുഭാഗത്ത്, ശങ്കരാചാര്യരെ കുറിച്ചുള്ള വിമര്‍ശനാത്മക വീക്ഷണം മുതല്‍ ബുദ്ധനോടുള്ള ഹൃദയംഗമമായ സ്നേഹഭാവംവരെയുള്ള കാര്യങ്ങളിലും വിവേകാനന്ദന്‍ നവോത്ഥാനത്തിന്റെ പ്രകാശപൂര്‍ണമായ വഴിതന്നെയാണ് പിന്‍പറ്റുന്നത്. ഹിന്ദുത്വം പില്‍ക്കാലത്ത് സ്വാംശീകരിച്ച് തങ്ങളുടെ ഹിംസാത്മക പ്രയോഗങ്ങള്‍ക്ക് മറയാക്കി നിര്‍ത്തിയ വിവേകാനന്ദനെയല്ല, ആധുനികമായ യുക്തിബോധത്തിന്റെ പ്രകാശത്തില്‍ ഭൂതകാലത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന വിവേകാനന്ദനെയാണ് നാം അവിടെ കാണുക. ഇന്ന് സംഗതമാകുന്ന ഈ വിവേകാനന്ദ പാരമ്പര്യവും മറ്റൊന്നല്ല.

നവോത്ഥാന പാരമ്പര്യം പൊതുവെ പരിഗണിക്കാന്‍ ശ്രമിച്ചതുപോലെ, മതത്തെ അതിന്റെ മൂലതത്ത്വമായും അതു പകരുന്ന അനുഭൂതിയായും പരിഗണിക്കാനാണ് വിവേകാനന്ദന്‍ ശ്രമിച്ചത്. 'മതം ഗ്രന്ഥങ്ങളിലല്ല; ദേവാലയങ്ങളിലല്ല. അത് സാക്ഷാല്‍ അനുഭവമാണ് എന്ന് മനസ്സിലാക്കുമ്പോഴേ മതകാര്യങ്ങളിലുള്ള വഴക്കും തര്‍ക്കവും കലഹവും ശമിക്കുകയുള്ളൂ'”എന്ന് അദ്ദേഹം എഴുതുന്നത് അതുകൊണ്ടാണ്. ഇതിനപ്പുറം കടന്ന് ആചാരബദ്ധവും യാഥാസ്ഥിതികവുമായ മതസങ്കല്‍പ്പത്തെ അദ്ദേഹം കടന്നാക്രമിക്കുകയും ചെയ്യുന്നുണ്ട്. 'വിധവയുടെ കണ്ണീരൊപ്പാനോ, അഗതിയുടെ വായ്ക്ക് ഒരപ്പക്കഷ്ണം കൊടുക്കാനോ കഴിയാത്ത ഒരീശ്വരനിലോ മതത്തിലോ ഞാന്‍ വിശ്വസിക്കുന്നില്ല' എന്ന പ്രഖ്യാപനം അതിന്റെ തെളിവാണ്. പരമ്പരാഗതവും ഔപചാരികവുമായ മതബോധത്തേക്കാള്‍ ഭേദം നിരീശ്വരത്വമാണെന്നും അദ്ദേഹം പറയുന്നുണ്ട്.“'ആധുനിക കാലങ്ങളില്‍ പാശ്ചാത്യലോകത്ത് വേറൊരുതരം നാസ്തികവര്‍ഗം നിലവില്‍ വന്നിട്ടുള്ളതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ ഭൌതികവാദികളെയാണ് ഉദ്ദേശിക്കുന്നത്. അവര്‍ മതവിശ്വാസികളായ നാസ്തികരേക്കാള്‍ ഭേദമാണ്. ഇവരാകട്ടെ നെറികെട്ടവര്‍, മതത്തെപ്പറ്റി പറയുകയും കലഹിക്കുകയും ചെയ്യുന്നവര്‍. എന്നാലും അത് വേണ്ടാത്തവര്‍. ഒരിക്കലും സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കില്ല. മനസ്സിലാക്കാന്‍ ശ്രമിക്കില്ല.' മതത്തിന്റെ പേരില്‍ കലഹത്തിനൊരുങ്ങുന്നവര്‍ താണതരം ഈശ്വരവിരോധികളാണെന്നാണ് വിവേകാനന്ദന്‍ ഇവിടെ പറയുന്നത്. അവരേക്കാള്‍ ആദരണീയരായി ഭൌതികവാദികളെ അദ്ദേഹം പരിഗണിക്കുകയും ചെയ്യുന്നുണ്ട്.

'മതവിശ്വാസികളായ നാസ്തികര്‍'’എന്ന ഈ കല്‍പ്പന, വാസ്തവത്തില്‍ ഇന്ന് ഏറ്റവും ഇണങ്ങുന്നത് ഹിന്ദുത്വവാദികള്‍ക്കാണ്. മതത്തെ ആചാരമായി മാത്രം കാണുകയും അതിന്റെ യഥാര്‍ഥാനുഭവം അല്‍പ്പംപോലും കൈവരാത്തവരാണ് മതത്തിന്റെ പേരില്‍ കലാപത്തിനൊരുങ്ങുന്നത് എന്ന വിവേകാനന്ദന്റെ പ്രസ്താവന ആദ്യം ചെന്നുപതിക്കുന്നത് ഹിന്ദുവാദികളിലാണ്. വേദങ്ങളെയും മതഗ്രന്ഥങ്ങളെയും മറ്റും പരമപവിത്രമായി കാണുന്ന ആചാരപരതയെയും വിവേകാനന്ദന്‍ കര്‍ക്കശമായി വിമര്‍ശിച്ചിട്ടുണ്ട്.“'ഈശ്വരജ്ഞാനം മുഴുവന്‍ ഈ ഗ്രന്ഥത്തിലോ, ആ ഗ്രന്ഥത്തിലോ അടങ്ങിയിരിക്കുന്നു എന്നു പറയുന്നതിനേക്കാള്‍ ഭയങ്കരമായ ഈശ്വരനിന്ദ മറ്റെന്തുണ്ട്? ഈശ്വരനെ അനാദ്യനെന്ന് വര്‍ണിക്കുകയും അതോടൊപ്പം ഈശ്വരനെ ചെറിയൊരു പുസ്തകത്തില്‍ തിക്കിക്കൊള്ളിക്കുകയും ചെയ്യാന്‍ മനുഷ്യന്‍ എങ്ങനെ ധൈര്യപ്പെടുന്നു? ഈശ്വരജ്ഞാനം ഒരു പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്നിട്ട് അനേകലക്ഷം പേരെ കൊന്നുകളഞ്ഞിട്ടുണ്ട്. ഈ കൊല്ലുംകൊലയുമെല്ലാം പണ്ടേ കഴിഞ്ഞുപോയതാണ്. എങ്കിലും ലോകം ഇപ്പോഴും ഗ്രന്ഥവിശ്വാസത്തില്‍ ഭയങ്കരമായി കുടുങ്ങിക്കിടക്കുകയാണ്'. ഇങ്ങനെ വിശദീകരിച്ചതിനുശേഷം സമകാലിക ലോകത്തിലെ മതം കൂടുതല്‍ ആചാരപരവും യാഥാസ്ഥിതികവുമായി മാറുകയാണെന്ന വിമര്‍ശനവും വിവേകാനന്ദന്‍ ഉയര്‍ത്തുന്നുണ്ട്. 'ഇന്നു നിലവിലുള്ള മതങ്ങളില്‍ വ്യാപിച്ചുവരുന്നവയെല്ലാം മുഴുത്ത മതഭ്രാന്തുള്ളവയാണ്. ഒരു മതസമ്പ്രദായം എത്രമാത്രം മറ്റു സമ്പ്രദായങ്ങളെ വെറുക്കുന്നുവോ അത്രമാത്രം അതിന് വിജയമുണ്ടാകുന്നു. അത്രമാത്രം ആളുകള്‍ അതില്‍ ചേരുകയും ചെയ്യുന്നു'. ഏറ്റവും കടുത്ത ഒരു മതവിമര്‍ശകന്റെ സ്വരത്തിലാണ് വിവേകാനന്ദന്‍ സമകാലികമായ മതജീവിതത്തെ ഇവിടെ വിലയിരുത്തുന്നത്.

മതത്തെക്കുറിച്ചുള്ള ഈ വിമര്‍ശനാത്മക ധാരണ ഇന്ത്യയിലെ മതജീവിതത്തെയും മതദര്‍ശനങ്ങളെയും കുറിച്ചുള്ള വിശകലനങ്ങളിലും അദ്ദേഹം പിന്തുടരുന്നുണ്ട്. ഇന്ത്യയിലെ മതദര്‍ശനവും മതാചരണവും തമ്മിലുള്ള വൈരുധ്യത്തെ അദ്ദേഹം എപ്പോഴും എടുത്തുകാട്ടിയിരുന്നു. 'ആത്മവത്സര്‍വ ഭൂതേഷു'’(സര്‍വഭൂതങ്ങളെയും സ്വാത്മാവിനെപ്പോലെ ദര്‍ശിക്കണം) എന്നത് പുസ്തകങ്ങളില്‍ മാത്രം വര്‍ത്തിച്ചാല്‍ മതിയോ? ദരിദ്രര്‍ക്ക് ഒരപ്പക്കഷ്ണം കൊടുക്കാന്‍ സാധിക്കാത്തവരാണോ മോക്ഷം നല്‍കാന്‍ പോകുന്നത്? അന്യന്റെ നിശ്വാസത്താല്‍ അശുദ്ധരാകുന്നവര്‍ക്ക് മറ്റുള്ളവരെ പരിശുദ്ധരാക്കാന്‍ സാധിക്കുമോ?' ഹിന്ദുമതത്തിലെ ആചാര-അന്ധവിശ്വാസ ഭ്രാന്തുകള്‍ക്കെതിരായ ഈ വിമര്‍ശനം അദ്ദേഹം പിന്നീട് വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'സര്‍വമനുഷ്യവര്‍ഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദ്വൈതം ഒരുകാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടില്ല... നേരെ മറിച്ച് ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തിട്ടുണ്ടെങ്കില്‍ അത് ഇസ്ളാമാണ്. ഇസ്ളാം മാത്രം. അതുകൊണ്ട് പ്രായോഗിക ഇസ്ളാമിന്റെ സഹായമില്ലാതെ വേദാന്തസിദ്ധാന്തങ്ങള്‍, അവ എത്രയും സൂക്ഷ്മങ്ങളും അത്ഭുതങ്ങളുമായിക്കൊള്ളട്ടെ, ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ വിലയില്ലാത്തതാണെന്ന് എനിക്ക് ഉറച്ച സമ്മതം വന്നിട്ടുണ്ട്'. ഹൈന്ദവവര്‍ഗീയവാദികള്‍ക്ക് നടുക്കം ഉളവാക്കുന്ന വിധത്തില്‍ വേദാന്തത്തിന്റെയും ഇസ്ളാമിന്റെയും സംയോഗമാണ് നമുക്കാവശ്യം എന്നും വിവേകാനന്ദന്‍ പ്രഖ്യാപിക്കുന്നു.

പ്രായോഗിക ഇസ്ളാമിന്റെ പിന്തുണയില്ലാതെ വേദാന്തം മനുഷ്യരാശിക്ക് ഗുണകരമാകില്ലെന്ന് വിലയിരുത്താന്‍ പോന്ന ഈ വിമര്‍ശനാവബോധം അദ്വൈതത്തിന്റെ പരമാചാര്യനായ ശങ്കരനെക്കുറിച്ചുള്ള വിലയിരുത്തലിലും കാണാം. 'ശങ്കരന് വല്ല കുറവും ഉണ്ടായിരുന്നുവെങ്കില്‍ അത് ബുദ്ധനൊത്ത അത്യാശ്ചര്യകരമായ ഹൃദയത്തിന്റേതായിരുന്നു. വെറും ശുഷ്കജ്ഞാനം!'”ശങ്കരന്റെ അഗാധമായ പാണ്ഡിത്യത്തെയും ദര്‍ശനശേഷിയെയും മാനിക്കുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ നിലപാടുകള്‍ പലതും അദ്വൈതത്തിന്റെ അന്തസ്സന്തയ്ക്ക് നിരക്കുന്നതല്ല എന്നതായിരുന്നു വിവേകാനന്ദന്റെ വിമര്‍ശനത്തിന്റെ കാതല്‍. 'ശങ്കരന്റെ ബുദ്ധി ക്ഷുരധാരാസമം. ചിന്തകന്‍, പണ്ഡിതന്‍ ഒക്കെ ശരി. പക്ഷേ, ഉദാരത വളരെയേറെയൊന്നുമുണ്ടായിരുന്നില്ല. ഹൃദയവും സങ്കുചിതമായിരുന്നു എന്നു തോന്നുന്നു... തര്‍ക്കത്തില്‍ തോറ്റ എത്ര ശ്രമണന്മാരെ തീയിലിട്ടു ചുട്ടെരിച്ചു! വാദത്തില്‍ തോറ്റെന്ന് പറഞ്ഞ് തീയില്‍ ചാടാന്‍ മാത്രം മണ്ടന്‍മാരായിരുന്നു ആ ബൌദ്ധന്മാരും! ശങ്കരന്റെ ഇത്തരം പ്രവൃത്തികള്‍ക്ക് മതഭ്രാന്തെന്നല്ലാതെ എന്താണ് പറയേണ്ടത്?'”

ഇങ്ങനെ വിവിധ വിഷയങ്ങളില്‍, ആധുനികമായ യുക്തിചിന്തയെയും വിമര്‍ശനാവബോധത്തെയും പിന്‍പറ്റിക്കൊണ്ടാണ് വിവേകാനന്ദന്‍ തന്റെ നവോത്ഥാനവീക്ഷണം ആവിഷ്കരിച്ചത്. ഇതില്‍നിന്നും ഭിന്നമായ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും ചിലപ്പോഴൊക്കെ അദ്ദേഹത്തില്‍ കാണാനായേക്കും. പക്ഷേ, അതിലെല്ലാം ഉപരി സാര്‍വത്രികമായ മാനവികമൂല്യങ്ങള്‍ക്കുവേണ്ടി വാദിക്കുകയും മതജീവിതത്തെ അതിനു കീഴെ മാത്രം പരിഗണിക്കുകയും ചെയ്ത ഒരാളായിരുന്നു വിവേകാനന്ദന്‍. 'വേദങ്ങളോ ബൈബിളോ ഖുറാനോ ഇല്ലാത്ത ഒരിടത്തേക്ക് മനുഷ്യരാശിയെ നയിക്കുകയാണ് നമുക്ക് വേണ്ടത്. ഇത് ചെയ്യേണ്ടത് വേദങ്ങളെയും ഖുറാനെയും ബൈബിളിനെയും തമ്മില്‍ രഞ്ജിപ്പിച്ചുകൊണ്ടാണ്. ഏകത്വമെന്ന മതത്തിന്റെ വ്യത്യസ്ത പ്രകാശങ്ങള്‍ മാത്രമാണ് മതങ്ങളെന്ന് മനുഷ്യവര്‍ഗത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു' എന്ന് അദ്ദേഹം പ്രസ്താവിക്കുന്നത് അതുകൊണ്ടാണ്. വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ സ്മരണകള്‍ ഇരമ്പുന്ന ഈ സന്ദര്‍ഭത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതും മറ്റൊരു വീക്ഷണമല്ല

പ്രധാന വാർത്തകൾ
 Top