09 August Sunday

വിരൽ മിന്റ് സ്ട്രീറ്റിന്റെ പടിയിറങ്ങുമ്പോൾ

ജോർജ്‌ ജോസഫ്‌Updated: Saturday Jun 29, 2019


കാലാവധി പൂർത്തിയാക്കാൻ ആറുമാസം ശേഷിക്കെ വിരൽ ആചാര്യ റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ സ്ഥാനം ഒഴിഞ്ഞത്  സാമ്പത്തിക വൃത്തങ്ങളിൽ സൃഷ്ടിച്ച  അമ്പരപ്പ്  ചെറുതല്ല. സർക്കാരുമായി പല വിഷയങ്ങളിലും  ഭിന്നാഭിപ്രായം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള രാജിയാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.  രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള  ഒരു ഉന്നത പ്രൊഫഷണലിന്റെ    വിടവാങ്ങൽ അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്. മോഡിയുടെ ആദ്യ റൗണ്ടിൽ രണ്ട‌് റിസർവ് ബാങ്ക് ഗവർണർമാർക്ക്, രഘുറാം രാജനും ഉർജിത് പട്ടേലിനും സ്ഥാനം ഒഴിയേണ്ടതായിവന്നു. റിസർവ് ബാങ്കിനുമേൽ സർക്കാർ,  പ്രത്യേകിച്ച് ധനവകുപ്പ് ഏൽപ്പിച്ച സമ്മർദങ്ങൾക്ക് വഴങ്ങാനാകാതെയാണ് ഇവർ സ്ഥാനമൊഴിഞ്ഞത്. ഈ രണ്ട‌് സാമ്പത്തികവിദഗ്ധർക്കും മോഡി ഭരണത്തിന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങി, ആർബിഐയുടെ സവിശേഷമായ സ്വയംഭരണാവകാശം അടിയറവയ‌്ക്കാൻ കഴിയുമായിരുന്നില്ല. രാജ്യത്തിന്റെ  സാമ്പത്തികനില തകരാറിലാക്കുന്ന  സർക്കാരിന്റെ നീക്കങ്ങളുടെ അപകടം ഒഴിവാക്കുന്നതിനുകൂടിയായിരുന്നു ഇരുവരുടെയും സ്ഥാനത്യാഗം.  റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി, ഇക്കണോമിക് ആൻഡ് പോളിസി റിസർച്ച‌് എന്നീ ഡിപ്പാർട്ട‌്മെന്റുകളുടെ  ചുമതല വഹിച്ചിരുന്ന  വിരൽ ആചാര്യയും സമാനമായ സാഹചര്യത്തിലാണ് രാജി വച്ചൊഴിയുന്നത്. 

മോഡിയുടെ കഴിഞ്ഞ ഭരണത്തിന്റെ അവസാനമാസങ്ങളിൽ റിസർവ് ബാങ്കിന്റെ കരുതൽശേഖരത്തിൽനിന്ന്  മൂന്നുലക്ഷം കോടി രൂപ സർക്കാരിന് കൈമാറണമെന്ന് ധനവകുപ്പ് ശഠിച്ചിരുന്നു. ഏറെ വിമർശനങ്ങൾ ഈ നീക്കം ക്ഷണിച്ചുവരുത്തിയപ്പോൾ ഒരു സമിതിയെ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നിയോഗിച്ചു.   റിസർവ് ബാങ്കിന്റെ ക്യാപ്പിറ്റൽ റിസർവ് സംബന്ധിച്ച റിപ്പോർട്ട് ബിമൽ ജലാന്റെ നേതൃത്വത്തിലുള്ള പ്രസ‌്തുത കമ്മിറ്റി ഉടൻ സമർപ്പിക്കാനിരിക്കുകയാണ്. സമിതിയിലെ ആറ് അംഗങ്ങളിൽ അഞ്ചുപേരും ഇത് ഘട്ടംഘട്ടമായി കൈമാറാം എന്ന അഭിപ്രായക്കാരാണ്. എന്നാൽ, ധനകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ് ഇത് ഒറ്റത്തവണയായി നൽകണമെന്നും ശക്തമായി വാദിക്കുന്നു. ഈ ഭിന്നതയിൽ തട്ടി സമിതിയുടെ റിപ്പോർട്ട് സമർപ്പണം നീണ്ടുപോകുകയാണ്. 

ജൂണിലെ കണക്ക് പ്രകാരം റിസർവ് ബാങ്കിന്റെ മൂലധന റിസർവ് 9 .6 ലക്ഷം കോടി രൂപയാണ്. രൂപയുടെ നിമ്നോന്നതങ്ങൾ, ബോണ്ടുകളുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ്, പൊതുധന വിപണിയിലെ ഇടപെടലുകൾ, വിദേശവ്യാപാര കമ്മിയും അനുബന്ധമായ പ്രശ്നങ്ങളും എന്നിവയടക്കം   നിരവധി സന്ദിഗ്ധഘട്ടങ്ങളിലെ പ്രവർത്തനം ഈ റിസർവിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതുകൊണ്ട് ഇതിന്റെ ഗണ്യമായ ഭാഗം എടുക്കുന്നത്   അടിയന്തരസാഹചര്യങ്ങളിൽ സങ്കീർണമായ പ്രതിസന്ധി ഉടലെടുക്കുന്നതിന് കാരണമാകും. ആചാര്യ അടക്കമുള്ള ഭൂരിഭാഗം ബാങ്കിങ്, സാമ്പത്തിക വിദഗ്ധരും   ഇതിനെ എതിർക്കുമ്പോൾ സർക്കാരിന് ഇക്കാര്യത്തിൽ നിർബന്ധബുദ്ധിയാണ്. ധനകമ്മി കുറച്ചു കാണിക്കുന്നതിനാണ്  ഈ പണം കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്. കിട്ടാക്കടംമൂലം പ്രതിസന്ധിയിലായ ബാങ്കുകളുടെ മൂലധനം ഉയർത്തുന്നതിനും ഇത് ഉപയോഗിക്കാമെന്നാണ് മറ്റൊരു  കണക്കുകൂട്ടൽ. അതായത് നിരവ് മോഡിമാരും മെഹുൽ ചോക്‌സിമാരും തട്ടിയെടുത്ത കോടികൾക്ക് പിഴ ഒടുക്കുന്നത് റിസർവ് ബാങ്കിന്റെ കരുതൽ പണം എടുത്താണെന്ന് അർഥം.

 

ഉർജിത് പട്ടേൽ ഈ നീക്കങ്ങളെ ശക്തമായി പ്രതിരോധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ഡിസംബറിൽ ആറുപേരടങ്ങിയ സമിതിക്ക് രൂപം നൽകിയത്. അഞ്ചുലക്ഷം കോടി രൂപ വരെ കേന്ദ്രത്തിന് കൈമാറുന്നതിന് അനുകൂലമായ നിലപാടാണ് ഈ  സമിതിക്കുള്ളതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇത് ഒറ്റയടിക്ക് വേണമെന്ന കേന്ദ്രത്തിന്റെ നിർബന്ധബുദ്ധിയും ഘട്ടംഘട്ടമായി കൈമാറാമെന്ന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവുമാണ് റിപ്പോർട്ട് സമർപ്പണം വൈകിക്കുന്നത്. ഇതിന്മേൽ ഒരു സമവായമുണ്ടാക്കി അടുത്തമാസത്തോടെ റിപ്പോർട്ട് വരുമെന്നാണ് സൂചനകൾ. റിപ്പോർട്ട് വരുന്നതിന് മുമ്പുതന്നെ വിരൽ ആചാര്യ ഒഴിയുന്നുവെന്നതാണ് അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തെ പ്രസക്തമാക്കുന്നത്.

കേന്ദ്രസർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നടത്തിയ ഈ നീക്കങ്ങളെ എതിർക്കുന്നതിന് ഉർജിത് പട്ടേലിനൊപ്പം ശക്തമായി നിലയുറപ്പിച്ചതും വിരൽ ആചാര്യയാണ്. പലപ്പോഴും ഇത് പൊതു സമൂഹത്തിൽ ചർച്ചയാക്കുന്ന തരത്തിലുള്ള ഇടപെടലുകളും അദ്ദേഹം നടത്തി. വായ‌്പാനയത്തിന്റെ കാര്യത്തിലെ  കേന്ദ്രസർക്കാർ നിർദേശങ്ങളിലും അദ്ദേഹം അതൃപ്തി പ്രകടമാക്കിയിരുന്നു. വായ‌്പാ നയ അവലോകനത്തിനായി മോഡി ഭരണം   മോണിറ്ററി പോളിസി കമ്മിറ്റിയെ (എംപിസി) നിയോഗിച്ചത്  ആർബിഐയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പോലും സർക്കാർ സ്വാധീനം നിഴലിക്കുന്ന വിധത്തിലായിരുന്നു. എംപിസി രൂപീകരിക്കുന്നതിന് മുമ്പുതന്നെ രഘുറാം രാജൻ കളം ഒഴിഞ്ഞതും വിരലിന്റെ രാജിയുടെ പശ്ചാത്തലത്തിൽ പ്രത്യേകം പ്രസ‌്താവ്യമാണ്. 

കിട്ടാക്കടം വൻതോതിൽ കുമിഞ്ഞുകൂടിയതിനെ തുടർന്ന് 11 പൊതുമേഖലാ ബാങ്കുകൾക്കെതിരെ റിസർവ് ബാങ്ക് എടുത്ത തിരുത്തൽ നടപടി (പിസിഎ)  കേന്ദ്ര ഭരണകൂടശക്തികളെ വല്ലാതെ പ്രകോപിപ്പിച്ചു. കിട്ടാക്കടത്തിന് ആവശ്യമായ കരുതൽ വയ‌്ക്കാത്ത ബാങ്കുകൾക്ക‌് നിക്ഷേപം സ്വീകരിക്കുന്നതിനോ  കൂടുതൽ വായ‌്പ നൽകുന്നതിനോ ഇതുവഴി കഴിയുമായിരുന്നില്ല. എന്നാൽ, ആർബിഐ ഡയറക്ടർ ബോർഡ് യോഗത്തിൽ സർക്കാർ നോമിനികൾ ഇതിനെ ശക്തമായി എതിർത്തു. പിസിഎയിൽ ഇളവ് നൽകണമെന്ന ആവശ്യം ഇവർ മുന്നോട്ടുവച്ചു. ഇതിനെ തുറന്ന‌് എതിർത്ത് രംഗത്ത് വന്നവരുടെ മുൻനിരയിൽ വിരൽ ആചാര്യ ഉണ്ടായിരുന്നു. 2018 ഒക്ടോബർ 12ന‌് ബോംബെ ഐഐടിയിൽ  നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: - സാമ്പത്തികമായി   പരിതാപകരമായ സാഹചര്യത്തിലുള്ള ബാങ്കുകളുടെ കാര്യത്തിൽ പിസിഎ ചട്ടക്കൂട‌് അവശ്യം വേണ്ടതാണ്. ഇതിൽ ഏതെങ്കിലും വിധത്തിലുള്ള ഇളവുകൾ നൽകുന്നത് അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ മാറ്റും.   സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള റിസർവ് ബാങ്കിന്റെ  സ്വാതന്ത്ര്യത്തിൽ കേന്ദ്രസർക്കാർ കൈകടത്തുകയാണെന്നും റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

എന്നാൽ,  റിസർവ് ബാങ്കിനെ വരുതിക്ക് നിർത്തുക എന്ന ലക്ഷ്യത്തോടെ  ആർഎസ‌്എസ‌് ആഭിമുഖ്യമുള്ള    എസ്  ഗുരുമൂർത്തി, സഹകാർ ഭാരതി എന്ന  സംഘടനയുടെ രക്ഷാധികാരികൂടിയായ സതീഷ് മറാത്തെ എന്നിവരെ ബോർഡിൽ ഉൾപ്പെടുത്തുകയായിരുന്നു സർക്കാർ ചെയ‌്തത‌്. റിസർവ് ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായായിരുന്നു ഇത്തരം ഒരു രാഷ്ട്രീയനിയമനം.  ഭരണഘടനാസ്ഥാപനങ്ങളെയും സ്വയംഭരണ സ്ഥാപനങ്ങളെയും വരുതിക്ക് നിർത്താനുള്ള അപകടകരമായ നീക്കങ്ങളുടെ ഭാഗമായിരുന്നു ഇത്. ഗുരുമൂർത്തി,  സ്വദേശി ജാഗരൺ മഞ്ചിന്റെ കൺവീനറായിരുന്നെങ്കിൽ  എബിവിപിയുടെ സജീവ പ്രവർത്തകനായിരുന്നു മറാത്തെ.

എന്നാൽ, ഉർജിത് പട്ടേലിന്റെ പിന്തുടർച്ചക്കാരനായി റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തെത്തിയ ശക്തികാന്ത ദാസ് പിസിഎയിൽ സർക്കാർ താൽപ്പര്യങ്ങൾ അനുസരിച്ചുള്ള ഇളവുകൾ നൽകുകയായിരുന്നു. സ്വാഭാവികമായും ബാങ്കിങ് മേഖലയുടെയും സാമ്പത്തിക രംഗത്തിന്റെയും ഉത്തമതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഇത്തരം നിലപാടുകളുമായി ഒത്തുപോകുക വിരലിനെ പോലെ ഒരു സാമ്പത്തിക വിദഗ്ധനെ  സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം കാര്യങ്ങൾ അദ്ദേഹത്തെ സമ്മർദത്തിലാഴ‌്ത്തിയിരുന്നുവെന്നതും അത് രാജിയിലേക്ക് നയിച്ചുവെന്നതും പൊടുന്നനെ  വിട വാങ്ങുന്നതിൽനിന്ന‌്  വ്യക്തമാണ്.

ആചാര്യ ആഗസ‌്തിൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ  സ‌്റ്റേൺ സ‌്കൂൾ ഓഫ് ബിസിനസിൽ അധ്യാപകനായി മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 2020 ഫെബ്രുവരിയിലാണ് അദ്ദേഹം സ്ഥാനമൊഴിയേണ്ടിയിരുന്നത്. ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ രാജിവച്ചത് വ്യക്തിപരമായ കാരണത്താലാണ് എന്നാണ് റിസർബാങ്ക് ഔദ്യോഗികമായി നൽകിയ  വിശദീകരണം. സ്വാഭാവികമായും ഇത് സാമാന്യ പ്രൊഫഷണൽ മര്യാദയാണ്. അങ്ങനെതന്നെയാണ് ഉർജിത് പട്ടേലും വ്യക്തമാക്കിയിരുന്നത്. അധ്യാപനരംഗത്തേക്ക് മടങ്ങിപ്പോകുന്നു എന്നാണ് രഘുറാം രാജൻ പറഞ്ഞത്. പക്ഷേ,  അതുകൊണ്ട് ഇവർ ഉന്നയിച്ച  സെൻട്രൽ ബാങ്കിങ്ങിന്റെ അടിസ്ഥാനതത്വങ്ങളിലും സ്വയംഭരണാവകാശത്തിലും ഉണ്ടായിരിക്കുന്ന നൈതികപ്രശ്നങ്ങൾ അവഗണിക്കപ്പെടേണ്ട വിഷയങ്ങളല്ല. കാരണം,  അത് പണവ്യവസ്ഥയുടെയും സമ്പദ‌്‌വ്യവസ്ഥയുടെയും നിലനിൽപ്പിന്റെ  പ്രശ്നംകൂടിയാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top