04 July Saturday

മനുഷ്യനെ മറക്കുന്ന സ്വാർഥമതികൾ - പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌Updated: Monday Apr 20, 2020

കോവിഡിനെ കേരളം പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യുന്നതുസംബന്ധിച്ചാണ്  ബിബിസി, വാഷിംങ്ടൺപോസ്റ്റ്, ട്രിബ്യൂൺ തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രധാന മാധ്യമങ്ങളും ദേശീയമാധ്യമങ്ങളും പ്രത്യേകം ചർച്ച ചെയ്യുന്നത്. കേരള മാതൃകയുടെ സവിശേഷതയും പൊതുജനപങ്കാളിത്തവും പിണറായി വിജയൻ നയിക്കുന്ന സർക്കാരിന്റെ അനിതരസാധാരണമായ നേതൃമികവും ഈ ചർച്ചകളിൽ തെളിഞ്ഞുനിന്നു.

എന്നാൽ, ലോകം കേരള സർക്കാരിനെയും ജനങ്ങളെയും അഭിനന്ദിച്ച്, ഈ മാതൃക സ്വീകരിക്കണമെന്ന് പറയുമ്പോൾ കേരളത്തിൽ ഒരു ചെറുവിഭാഗം സങ്കുചിതമായ രാഷ്ട്രീയതാൽപ്പര്യത്തിനായി ഏതറ്റംവരെയും പോകാൻ തങ്ങൾക്ക് മടിയില്ലെന്ന്‌ തെളിയിക്കാൻ മത്സരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ശ്രമമാണ് ഇപ്പോൾ വിവരശേഖരണവും വിശകലനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ എത്തിനിൽക്കുന്നത്.

ഇതിലൂടെ മൂന്ന്‌ കാര്യമാണ് പ്രതിപക്ഷം ലക്ഷ്യംവയ്ക്കുന്നത്. ഒന്ന്‌, കേരളത്തിനും മലയാളിക്കും മുഖ്യമന്ത്രിക്കും സർക്കാരിനും ലോകവ്യാപകമായി ലഭിച്ച അംഗീകാരത്തിനുമേൽ കരിവാരിത്തേയ്‌ക്കാനുള്ള ശ്രമം. രണ്ട്, ഈ പ്രതിസന്ധി ഘട്ടത്തിലുണ്ടായ അപൂർവമായ ജനകീയഐക്യം തകർക്കാൻ കഴിയുമോയെന്നത്. ഇതിന്റെയെല്ലാം ഫലമായി തങ്ങൾക്ക് എന്തെങ്കിലും രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കഴിയുമോയെന്നതാണ് അടുത്തത്.  ഇതിനപ്പുറത്ത് മനുഷ്യജീവനോ മനുഷ്യകുലത്തിന്റെ നിലനിൽപ്പോ ഇവരുടെ അജൻഡയിലില്ല. ഫലത്തിൽ കേരളത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് രമേശ്‌ ചെന്നിത്തലയും കൂട്ടരും നടത്തുന്നത്‌.ഇതുപോലൊരു മഹാമാരിയെ നേരിടുന്നതിന് ലോകത്തിന്‌ മുൻമാതൃകകളില്ല. ശാസ്ത്രസാങ്കേതിക വിദ്യയിലും അതിന്റെ പ്രയോഗത്തിലും പ്രതിസന്ധിഘട്ടങ്ങളെ നേരിടുന്നതിലും ലോകത്തെ നയിക്കുന്നുവെന്ന് പറയുന്ന പല രാജ്യങ്ങൾക്കും ഈ സാഹചര്യത്തെ നേരിടാൻ കഴിഞ്ഞിട്ടില്ല. അത്തരം സൗകര്യങ്ങൾ ഒന്നുമില്ലാതെതന്നെ ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് എങ്ങനെ മനുഷ്യനെ രക്ഷപ്പെടുത്താമെന്നതായിരുന്നു കേരളത്തിലെ സർക്കാരിന്റെ അന്വേഷണം.

ജനസാന്ദ്രത, പ്രവാസികൾ,  അതിഥിത്തൊഴിലാളികൾ എന്നിങ്ങനെയുള്ള സവിശേഷ സാഹചര്യങ്ങളെയും കേരളം അഭിമുഖീകരിച്ചിരുന്നു. രോഗചികിത്സ, പ്രതിരോധം, മരണനിരക്ക് കുറയ്‌ക്കൽ, സമൂഹവ്യാപനം തടയൽ, സാമ്പത്തികമായ പിന്തുണ നൽകൽ, ഭീതിയിലേക്ക് വീഴാനിടയുള്ള സമൂഹത്തിന് ആത്മവിശ്വാസം പകർന്ന് ഒപ്പം നിർത്തൽ ഇതിലെല്ലാം കേരളം ലോകത്തിന് പുതിയ പാഠം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിനായി കക്ഷിരാഷ്ട്രീയത്തിനും ജാതിമത, പ്രാദേശിക ചിന്തകൾക്കും അപ്പുറത്ത് ലോകത്തെമ്പാടുമുള്ള മലയാളി കാത്തിരുന്നു. ഈ മനുഷ്യനും സർക്കാരുമില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നുവെന്ന് ആത്മഗതംപോലെ ജനം പറയാൻ തുടങ്ങി. ഇത്‌ കക്ഷിരാഷ്ട്രീയത്തിന്റെയും സ്വാർഥ താൽപ്പര്യങ്ങളുടെയും ആൾരൂപങ്ങളായ ചില പ്രതിപക്ഷനേതാക്കളുടെ സമനില തെറ്റിച്ചു. അതാണ് അവരുടെ പ്രതികരണങ്ങളിൽ പ്രതിഫലിച്ചത്.


 

വേണ്ടത്‌ ക്രിയാത്മക പിന്തുണ
ചൂട് കൂടുമ്പോൾ വൈറസ് തന്നത്താൻ ചത്തുപോകുമെന്നും സർക്കാർ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും ഉപദേശിച്ചത് പ്രതിപക്ഷമായിരുന്നു. അടച്ചിടലുകളൊന്നും ആവശ്യമില്ലെന്നും അമേരിക്കൻ മാതൃകയാണ് പിന്തുടരേണ്ടതെന്നും ഉപദേശിച്ചത് നിയമസഭയിൽ പ്രതിപക്ഷനേതാവുതന്നെയായിരുന്നു. സർക്കാരിന്‌ സംഭാവനകൾ നൽകരുതെന്നും എല്ലാം ബിജെപിയുടെ കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു. പ്രവാസികൾ തൊട്ടുകൂടാത്തവരാണെന്ന്  പറഞ്ഞുവച്ചു. ഇതെല്ലാം ജനങ്ങളുടെ മുമ്പിൽ പ്രതിപക്ഷത്തെ അപഹാസ്യമാക്കി. അപ്പോഴാണ് പെട്ടെന്ന് ജനങ്ങൾക്ക് മനസ്സിലാകാൻ ഇടയില്ലെന്ന ധാരണയിൽ വിവരവിശകലനവുമായി ബന്ധപ്പെട്ട സ്പ്രിങ്ക്‌ളറിനെ ഉപയോഗിക്കുന്ന പ്രശ്നം എടുത്തിട്ട് അഴിമതി ആരോപണങ്ങളുമായി രംഗത്തുവന്നത്.

ഐസൊലേഷനിൽ ഇരിക്കുന്നവരിൽനിന്നും മറ്റും സ്വീകരിച്ച വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്പ്രിങ്ക്‌ളറിനെ ചുമതലപ്പെടുത്തിയതിന്‌ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവർക്ക് നൽകിയ വിവരങ്ങൾ ദുരുപയോഗപ്പെടുത്തുമെന്നും ജനങ്ങളുടെ സ്വകാര്യത വിറ്റ് വൻഅഴിമതി നടത്തിയെന്നുമാണ് ആരോപണം. എത്രപേർ മരിക്കുമെന്ന് ആർക്കും പിടിയില്ലാത്തവിധം ലോകം സ്തംഭിച്ചുനിൽക്കുന്ന ഘട്ടത്തിൽ  അടിയന്തരാവശ്യത്തെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നതാണ് പരമപ്രധാനം. സാങ്കേതികതയും നിലപാടുകളും പ്രഥമപരിഗണനയല്ല. നിലവിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിൽത്തന്നെ ഇത്തരം സന്ദർഭങ്ങളിൽ  മാനദണ്ഡങ്ങൾ മാറ്റിവച്ച് തീരുമാനങ്ങൾ എടുക്കുന്നതിനും ആവശ്യമായവ വാങ്ങുന്നതിനും എല്ലാ നിലവാരത്തിലുള്ള സർക്കാരുകൾക്കും പ്രത്യേക അധികാരം നൽകുന്നുണ്ട്. ആദ്യം ജീവൻ രക്ഷിക്കലാണ് പ്രധാനം എന്ന കാഴ്ചപ്പാടുതന്നെയാണ് ഇതിനും അടിസ്ഥാനം. 


 

വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവെന്ന്‌ ബന്ധപ്പെട്ടവർ വിശദീകരിച്ചിട്ടുണ്ട്. എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് തിരുത്തുന്നതിന്‌ സമാധാന അന്തരീക്ഷത്തിൽ കഴിയേണ്ടതുണ്ട്. അതോടൊപ്പം ഇതിനേക്കാൾ നന്നായി വിശകലനം ചെയ്യാൻ കഴിവുള്ള സോഫ്റ്റ്‌വെയറുകളുണ്ടെങ്കിൽ അവയും ഉപയോഗിക്കുന്നതിനും വാതിലുകൾ തുറന്നിടേണ്ടതുണ്ട്. അതിനുവേണ്ടത് ക്രിയാത്മകമായ നിർദേശങ്ങളും പിന്തുണയുമാണ്. സുപ്രീംകോടതിയും ഹൈക്കോടതികളും ലോക്ക്ഡൗൺ കാലത്ത് വീഡിയോ സംവിധാനത്തിലൂടെയാണ് അടിയന്തര പ്രാധാന്യമുള്ള കേസുകൾ കേട്ട് വിധി പറയുന്നത്. സൂം ഉപയോഗിച്ച വീഡിയോ മീറ്റിങ്ങുകളിൽ നടത്തുന്ന സംഭാഷണങ്ങളും സുരക്ഷിതമല്ലെന്ന പരാതി ശക്തമാണ്. കേസിലെ എല്ലാവിവരങ്ങളും പുറത്തുപോയെന്നും രാജ്യസുരക്ഷയെ ബാധിച്ചെന്നുമുള്ള പരാതിയും ഉയർന്നിട്ടുണ്ട്.  പ്രതിരോധമന്ത്രി വിവിധ സേനാവിഭാഗങ്ങളുമായി ചർച്ച നടത്തിയതും ഇതേ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ്. സുരക്ഷിതമായ മറ്റൊരു സംവിധാനം ഒരുക്കിയെടുക്കുന്നതിലുള്ള കാലതാമസമായിരിക്കാം സുരക്ഷാ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സൂം തന്നെയാകട്ടെയെന്ന് കോടതിയും തീരുമാനിച്ചിട്ടുണ്ടാകുക.

ഇപ്പോൾ പ്രധാനം മനുഷ്യജീവൻതന്നെ
അസാധാരണ സാഹചര്യത്തിൽ സർക്കാരുകളും കമ്പനികളും കീഴ്‌വഴക്കങ്ങൾ എല്ലാം ലംഘിച്ച് കൈകോർക്കുകയാണ്. ഏപ്രിൽ പതിനാറിന്റെ  ‘ദി ഇക്കണോമിസ്റ്റ്’ വാരികയിൽ ആപ്പിളും ഗൂഗിളും കൈകോർത്ത് കോവിഡിനെ നേരിടുന്നതിനായി ഒരുക്കിയ സംവിധാനത്തെക്കുറിച്ച്‌ വിശദീകരിക്കുന്നുണ്ട്. മൂന്നര ബില്യൺ ഫോണുകളിലെ സംഭാഷണങ്ങൾവരെ വിശകലനംചെയ്ത്  കോവിഡിനെ കൈകാര്യം ചെയ്യാനുള്ള പ്ലാറ്റ്ഫോമാണ് അവർ വികസിപ്പിച്ചിരിക്കുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ഫോണിൽ നടത്തുന്ന എല്ലാ സംഭാഷണങ്ങളും അവർ അരിച്ചുപരിശോധിക്കുന്നുണ്ട്.

എല്ലാ സ്വകാര്യതകളും ഇല്ലാതാക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നതുകൂടി ഓർക്കേണ്ടതുണ്ട്. ഒരാൾക്ക് ലഭിക്കുന്ന ജി മെയിൽ വായിച്ച് അവസാനഭാഗത്ത് എത്തുമ്പോഴേക്കും അതിന് നമ്മൾ നൽകേണ്ട മറുപടി തയ്യാറാക്കി വച്ചിരിക്കുന്നത് കാണാം. നമ്മൾ വായിക്കുന്നതിനുമുമ്പ് അത് വായിക്കപ്പെട്ടിരിക്കുന്നു.  ഏത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനും ആ ഫോണിലുള്ള എല്ലാ വിവരങ്ങളും അവർക്ക് നോക്കുന്നതിനുള്ള അനുമതി നൽകേണ്ടിവരും. സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ എവിടെ നിൽക്കുന്നുവെന്ന് തുടങ്ങി എല്ലാ വിവരങ്ങളും ഫോൺ ഓഫ് ചെയ്താൽപ്പോലും ആവശ്യക്കാർക്ക് ലഭിക്കുമെന്ന് ഫോണിൽ വരുന്ന പരസ്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഫെയ്‌സ്ബുക്കും വാട്സാപ്പും വിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നെന്ന വാർത്തകളും  ഓർക്കുന്നത് നന്ന്. ഈ സാഹചര്യത്തിൽ  സാധ്യമായ മുൻകരുതലുകളും ജാഗ്രതയും സ്വീകരിക്കേണ്ടതുണ്ട്.


 

കേരളത്തിന്റെ അതിജീവനത്തിനുമാത്രമായി വിവരങ്ങൾ പരിമിതപ്പെടുത്തണമെന്ന വാദവും മാനുഷികമല്ല. കേരളം എങ്ങനെ വിജയിച്ചുവെന്ന വിവരങ്ങൾ  മലയാളിയുടെ ജീവൻമാത്രം രക്ഷപ്പെടുത്തുന്നതിനായിട്ടുള്ളതാകരുത്. ഇത്തരം വിവരങ്ങൾ സാമൂഹ്യമായ പൊതുനന്മയ്‌ക്കായി സുതാര്യമായി ഉപയോഗിക്കാൻ കഴിയുന്ന ഓപ്പൺ ഡാറ്റകളാക്കി മാറ്റണമെന്ന ആവശ്യം പുരോഗമനശക്തികൾ മുമ്പോട്ടുവയ്ക്കുന്ന നിലപാടാണ്. അതോടൊപ്പം ഈ വിവരങ്ങൾ ഏതെങ്കിലും വാണിജ്യതാൽപ്പര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

നമ്മൾ അപകടഘട്ടത്തെ പൂർണമായും മറികടന്നിട്ടില്ലെന്ന യാഥാർഥ്യബോധത്തോടെ ഇടപെടാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. അതിർത്തി സംസ്ഥാനങ്ങളിൽ ഇപ്പോഴും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. പ്രവാസികളായ മലയാളികളെ തിരിച്ചുകൊണ്ടുവരുമ്പോഴത്തെ മുന്നൊരുക്കങ്ങൾക്ക് വിവരവിശകലനം ഏറ്റവും പ്രധാനമായിരിക്കും. ആ പ്രക്രിയ തടസ്സമില്ലാതെ തുടരുകയാണ് വേണ്ടത്. നിലവിൽ സാധ്യമായ എല്ലാ ജാഗ്രതയും സ്വീകരിക്കുകയും ചെയ്യാം. മഹാമാരിക്കെതിരായ യുദ്ധത്തിൽ മാനവകുലം വിജയിച്ചുകഴിഞ്ഞതിനുശേഷം നമുക്ക് ഈ പാഠങ്ങൾ വിലയിരുത്താം. ലോകത്തിനുതന്നെ മാതൃകയായി ഡാറ്റ നയം രൂപീകരിക്കാം. എന്നാൽ, ഇപ്പോൾ പ്രധാനം മനുഷ്യന്റെ ജീവൻ തന്നെയാണെന്ന് ഇനിയെങ്കിലും വിവാദവ്യവസായികൾ തിരിച്ചറിയണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top