കേരളം ആരോഗ്യപരിപാലന രംഗത്ത് നേടിയ പുരോഗതി സമാനതകളില്ലാത്തതാണ്. ഒരു ദേശത്തിന്റെ പുരോഗതിയുടെ സൂചകം അതിന്റെ ആരോഗ്യമുള്ള ജനതയാണ് എന്ന ലക്ഷ്യത്തോടെ എല്ലാ വിഭാഗത്തിനും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കിയാണ് എൽഡിഎഫ് സർക്കാർ നടപടികൾ കൈക്കൊണ്ടിട്ടുള്ളത്. മഹാമാരിയിലും കേരളം പതറാതെ പിടിച്ചുനിന്നത് ആരോഗ്യമേഖലയിൽ നടപ്പാക്കിയ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ടാണ്. അങ്ങനെയാണ് പൊതുജനാരോഗ്യ രംഗത്തെ "കേരള മോഡൽ' വീണ്ടും ചർച്ചയായത്. സംസ്ഥാനത്തെ 5,409 ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. 140 നിയോജകമണ്ഡലങ്ങളില്‍ തയ്യാറായിട്ടുള്ള ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും നടന്നു.
എൽഡിഎഫ് അധികാരത്തിൽ വന്നശേഷം വലിയ കുതിപ്പാണ് ആരോഗ്യമേഖലയിൽ പ്രകടമായത്. ആരോഗ്യകേന്ദ്രങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനും രോഗീസൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ആരംഭിച്ച "ആർദ്രം' പദ്ധതി ആരോഗ്യകേന്ദ്രങ്ങൾക്ക് പുതിയ മുഖം നൽകി.
കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള സേവനങ്ങൾ ഒരുക്കി മെച്ചപ്പെട്ട ആരോഗ്യ സൂചകങ്ങൾ കൈവരിക്കാൻ സാധിച്ചതിനാലാണ് കേരളത്തിലെ ആരോഗ്യസംവിധാനം മാതൃകയായി ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നത്. സാമൂഹ്യ സാംസ്‌കാരിക ഘടകങ്ങളും ഈ നേട്ടത്തിന് കാരണമായിട്ടുണ്ട്. ആരോഗ്യ അനുബന്ധ മേഖലയിലെ പ്രശ്‌നങ്ങൾകൂടി പരിഹരിച്ചതിലൂടെയാണ് മെച്ചപ്പെട്ട ആരോഗ്യസൂചകങ്ങൾ നേടാൻ സാധിച്ചത്. എന്നാൽ, നമ്മുടെ ആരോഗ്യമേഖല ഇന്ന് നേരിടുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. വർധിച്ചുവരുന്ന രോഗാതുരത, ജീവിതശൈലീ രോഗങ്ങൾ, ലഹരിയുടെ ഉപയോഗം, മഹാമാരികളും പകർച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും നേരിടാൻ നമ്മുടെ ആരോഗ്യമേഖല ശാക്തീകരിക്കേണ്ടത് ഒരു അനിവാര്യതയാണ്. ഇതിനായി പ്രാഥമിക ആരോഗ്യസംവിധാനങ്ങളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യവുമായാണ് ആർദ്രം മിഷൻ നിലവിൽ വന്നത്. കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു. എന്നാൽ, ഉപകേന്ദ്രങ്ങളെക്കൂടി ശാക്തീകരിക്കേണ്ടതുണ്ട്.
ആരോഗ്യ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രദേശത്തെ ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യത്തോടെ ജീവിക്കാൻ സഹായകമായ പ്രവർത്തനങ്ങൾ നടത്തി രോഗാതുരത കുറയ്ക്കുക എന്നതാണ് നയസമീപനം. ആരോഗ്യവർധക സേവനങ്ങൾ, രോഗപ്രതിരോധം, രോഗനിരീക്ഷണം, രോഗനിയന്ത്രണം, മാതൃ-ശിശു ആരോഗ്യം മുതലായ മേഖലകളിലെ ഇടപെടലുകളുടെ ഒരു കേന്ദ്രബിന്ദുവായി ആരോഗ്യ ഉപകേന്ദ്രങ്ങളെ മാറ്റുന്നതിനും അവയെ ശാക്തീകരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
ജനകീയാരോഗ്യ കേന്ദ്രങ്ങളും ആർദ്രം മിഷനും
പ്രാഥമികാരോഗ്യ കേന്ദ്രംമുതൽ ജില്ലാ ആശുപത്രികൾവരെ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്നതിനായി 1996ൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം ആരോഗ്യമേഖലയ്‌ക്ക് കരുത്തു പകർന്നു. കൂടാതെ, ജനപിന്തുണയോടു കൂടിയും തദ്ദേശഭരണസ്ഥാപന വിഹിതവും ഉപയോഗിച്ച് ആരോഗ്യകേന്ദ്രങ്ങൾ മെച്ചപ്പെടുത്താനായി. അധികാര വികേന്ദ്രീകരണം താഴെത്തട്ടിലുള്ള ആരോഗ്യസംവിധാനങ്ങളിലും രോഗപ്രതിരോധരംഗത്തും പ്രകടമായ മാറ്റം കൊണ്ടുവന്നു. സൗജന്യമായി മികച്ച ചികിത്സയും മരുന്നും ലാബ് സൗകര്യവും ഡയാലിസിസ് സൗകര്യങ്ങളും ലഭ്യമായപ്പോൾ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ എത്തിച്ചേരുന്നവരുടെ എണ്ണവും കൂടി വന്നു.
സമഗ്ര പ്രാഥമിക ആരോഗ്യപരിരക്ഷ താഴെത്തട്ടിൽ എത്തിക്കുക എന്നതാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ഇതിനായി ആർദ്രം മിഷനിലൂടെ ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി നവീകരിച്ച് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ജനസൗഹൃദ സ്ഥാപനങ്ങളായി മാറ്റുകയും ചെയ്യുന്നു.
രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ വാർഷിക ആരോഗ്യ പരിശോധന, അർബുദ നിയന്ത്രണ പദ്ധതി, ഹെൽത്തി ലൈഫ് ക്യാമ്പയിൻ, വയോജന -സാന്ത്വന പരിചരണ പരിപാടി, രോഗനിർമാർജന പ്രവർത്തനങ്ങൾ, ഏകാരോഗ്യം എന്നീ പദ്ധതികളുടെ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടപ്പാക്കേണ്ടത് ജനകീയാരോഗ്യ കേന്ദ്രങ്ങളാണ്.
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കി ഉപകേന്ദ്രങ്ങളെ ജനസൗഹൃദ സ്ഥാപനങ്ങളാക്കുന്നു. ആഴ്ചയിൽ ആറു ദിവസവും രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളായി ഉപകേന്ദ്രങ്ങൾ മാറുന്നു. പകൽ ഒമ്പതുമുതൽ ഒന്നുവരെ ഫീൽഡ് തല ക്ലിനിക്കുകളും രണ്ടുമുതൽ നാലുവരെ സ്ഥാപനതല ക്ലിനിക്കുകളും പ്രവർത്തിക്കുന്നു.
ജെഎച്ച്‌ഐ, ജെപിഎച്ച്‌എൻ എംഎൽഎസ്‌പി, ആശാ പ്രവർത്തകർ എന്നിവർ ഒരു ടീമായി സേവനങ്ങൾ ഏകോപിപ്പിക്കുന്നു. സേവനങ്ങളിലും പ്രവർത്തനങ്ങളിലും പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നു. ഒമ്പത് ലാബ് പരിശോധന, 36 മരുന്ന് അടക്കമുള്ള സേവനങ്ങൾ നൽകുന്നു.
ജനകീയാരോഗ്യ ക്ലബ്ബുകൾ
ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും. ജീവിതശൈലീരോഗ നിയന്ത്രണം, വയോജന ആരോഗ്യം, കൗമാര ആരോഗ്യം, ബോധവൽക്കരണ പ്രവർത്തനങ്ങൾ, മാനസിക ഉല്ലാസം, വ്യായാമം, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താം. രോഗപ്രതിരോധ, ആരോഗ്യവർധക സേവനങ്ങൾ, പ്രാഥമിക ചികിത്സ, പുനരധിവാസ സേവനങ്ങൾ, സാന്ത്വന പരിചരണം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തണം.
നടത്തം, വിനോദങ്ങൾ, യോഗ, ജിം, സൈക്ലിങ്, നീന്തൽ തുടങ്ങിയവയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുന്നു. പൊതുജനങ്ങളുടെ ആഹാരശീലം ആരോഗ്യകരമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തും. ലഹരി ഉപയോഗത്തിന് എതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പാക്കും. രോഗംമൂലവും മറ്റു പ്രശ്നങ്ങൾമൂലവും പ്രയാസപ്പെടുന്നവർക്ക് മാനസിക സാമൂഹ്യ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തും. ജീവിതശൈലീരോഗ ബാധിതരിൽ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താനുള്ള പിന്തുണ സഹായികളെ കണ്ടെത്തുക. ജീവിതശൈലീരോഗ അവബോധ ക്ലാസുകൾ നടത്തും. മാതൃ– -ശിശു ആരോഗ്യപ്രവർത്തനം നടത്തി ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശാസ്ത്രീയമായ മാലിന്യനിർമാർജനം പഠിപ്പിക്കുകയും അതിനുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. സ്‌കൂൾ ആരോഗ്യ ക്ലബ്ബുകൾ സജീവമാക്കും. സാന്ത്വന പരിചരണം സ്വീകരിക്കുന്നവർക്കും അതിദരിദ്രർക്കും ഭക്ഷണം, മരുന്ന്, കുടുംബത്തിന്റെ സുരക്ഷ, സാമൂഹ്യപിന്തുണാ സൗകര്യം എന്നിവയും ലഭ്യമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..