18 May Tuesday

വിഷു... (‘വിത്ത്’ ‘ഷു’ഗർ ) - വയലാർ ശരച്ചന്ദ്ര വർമ്മ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

മധുരാഘോഷമാണ്‌ വിഷുവും
വെയിൽപ്പൊന്നുരച്ചു ചേർത്ത വിയർപ്പുതുള്ളികൾ നുണഞ്ഞ മണ്ണ്‌, അധ്വാനത്തിനു പ്രതിഫലമായി വിളകളുടെ സമൃദ്ധി കണിയാക്കുന്ന മധുരമുള്ള സുദിനം. ക്രമം തെറ്റിയ പ്രകൃതിയുടെ മുഖം വാടാത്ത പകലും രാത്രിയുമൊന്നിച്ചിരുന്നു സമത്വത്തിന്റെ മധുരസദ്യയുണ്ണുന്ന സുദിനം. വിശ്വാസികൾ കണ്ണുകളിൽ കൃഷ്ണനീലിമയുടെ മഷി പുരട്ടി സന്തോഷാശ്രുക്കളെ മധുരിപ്പിച്ചു പൊഴിക്കുന്ന ദിനം. വെള്ളരിപ്പൂവും അവളുടെ കുഞ്ഞും വെള്ളിമത്താപ്പു കത്തിക്കുന്ന സുദിനം. എല്ലാപേരും ചേർന്നു വിളക്കത്തു നാണയം വാങ്ങുമ്പോൾ വിളക്കു കെടുത്തി ആദ്യമായി അവൾ നാണിച്ചു നൽകിയ വിഷുക്കൈനീട്ടം അവൻ പ്രണയപൂർവം വാങ്ങിയ ഓർമകൾക്കിനിപ്പുള്ള സുദിനം. പൊട്ടിച്ചിരികളുടെ പൂത്തിരികളുള്ള സുദിനം.

മീനച്ചൂടിൽ ഭൂമിയുരുകി വറ്റാതിരിക്കുവാൻ, കടലിന്റെ മനസ്സു തുടിപ്പിച്ചു നീരാവി കോരിയെടുത്ത്‌ മഴയാക്കുവാൻ, ഇനിയും മണ്ണു പൂത്തു കായ്ക്കുവാൻ, മണ്ണറിയുന്നവർ സൂര്യന്‌ പ്രാർഥനാമധുരം നിവേദിച്ചു തുടങ്ങുന്ന സുദിനം. കണിക്കൊന്നകൾ കർണനെപ്പോലെ പവൻ കുണുക്കുകളെ നിർലോഭം ദാനം ചെയ്യുന്ന സുദിനം.

മഴയുടെ സ്വന്തം നാടായ മലയാളക്കര നിർമിക്കപ്പെടുംമുമ്പേ വിഷുവുണ്ടായിരുന്നുവെന്ന ഐതിഹ്യപ്പെരുമ നിരത്തി അഭിമാനച്ചമയം സ്വയമണിഞ്ഞു കുംഭ കുലുക്കുന്നവർക്കും ഇതു മധുരപ്പായസ ദിനം. വിഷ്ണുവിന്റെ വരാഹാവതാര കാലത്ത്‌ സൂകരരൂപം പൂണ്ട ഹിരണ്യാക്ഷാസുരൻ ഭൂമിയെ കട്ടെടുത്തു കൈവശപ്പെടുത്തിയ സമയത്ത്‌ തേറ്റ കൊണ്ടു ഭൂമിദേവി ഗർഭം ധരിച്ചു പ്രസവിച്ച നരകാസുരവധവുമായി ബന്ധപ്പെട്ട ഒരു പുരാണകഥ ഓർമയിലില്ലാത്ത കൈനീട്ടം പോലെ വിഷുവിനെ ഓർമിപ്പിക്കാൻ ശ്രമിക്കുന്നു. പിന്നീട്‌ കേരളമുണ്ടായെന്ന കണക്കുപിശക്‌ ചേർന്ന പരശുരാമകാലഘട്ടത്തിന്‌ (പരശുരാമനു മുമ്പുണ്ടായിരുന്ന വാമനാവതാരം, കേരളം ഭരിച്ചിരുന്ന മഹാബലിയെ സുതലത്തിലേക്കയച്ചതായും പുരാണം പറയുന്നു) ശേഷം വന്ന ശ്രീരാമാവതാരകാലത്തു രാവണനെ വധിച്ച പിറ്റേന്നാൾ സൂര്യൻ ആശ്വാസത്തോടെ നേരെ കിഴക്കുദിച്ച നാളാണ്‌ വിഷുവെന്നും എഴുതപ്പെട്ടിട്ടുണ്ട്‌. ഏച്ചുകെട്ടിയതെന്ന പോലെ എനിക്കു തോന്നിയതുകൊണ്ടാകാം പന്തികേടിന്റെ പ്രമേഹം വിഷുമധുരത്തെ ആക്രമിക്കുന്നപോലെ.

പ്രഭാതഗോപുരവാതിൽ തുറന്നു പണ്ടു മനുഷ്യൻ വരുന്നതിനുമുമ്പ്‌ പുഴകളും മലകളും പൂവനങ്ങളുമൊക്കെ സ്ത്രീധനമായി (പിതാവ്‌ മകൾക്കു നൽകുന്ന ധനം. ഇവിടെ പ്രപഞ്ചപിതാവ്‌ മകളായ ഭൂമിക്കു നൽകിയത്‌. ഭർത്താവിന്റെ അവകാശമല്ല)കിട്ടിയ ഭൂമിയെ മനുഷ്യൻ ചിന്തയിലൂടെ പഠിച്ചധ്വാനിച്ചു ഋതുഭംഗികൾക്കനുസരിച്ചു സനാഥയാക്കി. വസന്തവും ഗ്രീഷ്മവും വർഷവും ശരത്തും ഹേമന്തവും ശിശിരവുമൊക്കെ ആഘോഷവേളകളാക്കി. മേടവും അങ്ങനെ അതിലൊന്നായി. പിന്നീടു വന്ന യുദ്ധാധിപത്യ പ്രവണതകൾ ഉണ്ടാക്കിയ ആചാര മാറ്റങ്ങളിലൂടെ സ്വാർഥപരമാക്കിയതോടെ മണ്ണ്‌ അടിമപ്പെണ്ണും മണ്ണിലിറങ്ങിയവർ അടിമകളുമായി. അധിപരുടെ ശിലാരൂപങ്ങൾക്കു പ്രാധാന്യമേറി. ഋതുക്കളുടെ വിളവുകളെല്ലാം കാഴ്ചവസ്തുക്കളായി. കൂട്ടത്തിൽ വിഷു ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളും മത, വാണിജ്യോപാധികളായി. അങ്ങനെ മധുരവും രോഗമുണ്ടാക്കുന്ന കൃത്രിമ രുചികളായി.

"വിഷുപ്പക്ഷിയേതോ കൂട്ടിൽ
വിഷാദാർദ്രമെന്തേ പാടി
നൂറു ചൈത്ര സന്ധ്യാരാഗം
പൂ തൂകാവൂ നിന്നാത്മാവിൽ’...


പ്രകൃതിയെ, മനുഷ്യനെയറിഞ്ഞ ഈ കവിയെപ്പോലെ നമ്മളും വിലപിച്ചു. എങ്കിലും ചേക്കിന്റെ സ്വന്തം കളളനായ മാധവൻ കണ്ട കണി ക്ഷാരത്തെ ചക്കയായത്‌, കളളനെങ്കിലും കൃഷിയുടെ വിഷുവിന്റെ കൈനീട്ടം തന്ന ഒരു തൃപ്തിയുണ്ടായി.

മാനുഷരെല്ലാരും ഒന്നുപോലെയായിരുന്ന കാലത്തിനെ മഴുവെറിഞ്ഞു സ്വന്തമാക്കിയ കഥ വീണ്ടും എഴുതുന്നു. പണമാണ്‌ ആയുധമെന്ന വ്യത്യാസംമാത്രം. പ്രകൃതിയെ ആർഭാടം മലിനപ്പെടുത്തുന്നു. മണ്ണ്‌ യന്ത്ര ഭീതിയിലായി. ലാഭ മോഹികളിടുന്ന വിത്തുകൾക്കുമാത്രം മാതാവാകേണ്ടി വരുമോ എന്ന ആശങ്കയും. വിയർപ്പിന്റെ ഗന്ധം ഇല്ലാതായി ഇന്ധന നാറ്റമേറ്റു ശ്വാസം മുട്ടേണ്ടിവരുമോ എന്ന്‌ വരണ്ട ചുണ്ടുകളുരുവിടുന്ന പോലെ. മാറ്റം വേണം, നാറ്റമില്ലാതെ. കൂനിന്മേൽ കുരുവെന്ന പോലെ രണ്ടാം വിഷുവാഘോഷവും മറ്റൊരു സ്വാർഥ സന്തതിയായ അണുവിന്റെ നിബന്ധനയിൽ.

കാലം മാറും...വിഷു വരും... എന്ന കക്കാട്‌ കവിത മനസ്സിനു വാക്സിനാകട്ടെ

മണ്ണിൻ ജീവിതവനികയിൽ മുഴുവൻ പൊന്നു വിളയട്ടെ. എന്റെയും നിന്റെയും കൈയിൽ പൂത്തിരി തെളിയട്ടെ. ഇനി വരും വിഷുപ്പുലരികൾ നല്ല നാണയങ്ങൾ നൽകട്ടെ. അതുപയോഗിച്ചു മണ്ണിനെ ജീവനുള്ളതാക്കാം. ഉഴുതു കുഴച്ചുമറിച്ച്‌ വിതച്ചു നനച്ചു വിളയിച്ചിനിയും കൊയ്യുന്നതു കണി കാണാം. വിഷു...വിത്തൗട്ട്‌ ഷുഗറല്ലാതെ "വിത്ത് ഷുഗറു’ള്ള ആഘോഷമാക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top