22 October Friday

വാക്സിൻ അസമത്വത്തിനെതിരെ പ്രതിരോധം - ഡോ. ബി ഇക്ബാൽ

ഡോ. ബി ഇക്ബാൽUpdated: Wednesday Sep 22, 2021

കോവിഡ് വാക്സിൻ ലഭ്യതയുടെ കാര്യത്തിൽ ധനിക, ദരിദ്രരാജ്യങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയെ വാക്സിൻ വർണവിവേചന (Vaccine Apartheid)മെന്നും വാക്സിൻ അസമത്വമെന്നുമാണ് ജനകീയാരോഗ്യ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ലോകം കോവിഡ് കാലത്ത് ധാർമിക പരാജയമെന്ന അത്യാപത്തിന്റെ വക്കത്താണെന്നാണ് (Catastrophic Moral Failure) ഈ സ്ഥിതിവിശേഷം സൂചിപ്പിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയിട്ടുള്ളത്.

വാക്സിൻ ഉൽപ്പാദനത്തിൽ മേധാവിത്വം വഹിക്കുന്നത് സമ്പന്നരാജ്യങ്ങളാണ്. ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന വാക്സിനുകളിൽ വലിയ പങ്ക് വികസിതരാജ്യങ്ങൾ വാങ്ങി ശേഖരിക്കുകയാണ്. കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന 1250 കോടി ഡോസിൽ 640 കോടിയും 13 ശതമാനം വരുന്ന സമ്പന്ന രാജ്യങ്ങൾ മുൻകൂർ വാങ്ങിക്കഴിഞ്ഞു. ഓസ്‌ട്രേലിയയും ക്യാനഡയും ജനസംഖ്യയേക്കാൾ അഞ്ചിരട്ടി വാങ്ങിക്കൂട്ടി. സാമ്പത്തികമായി പിന്നാക്ക രാജ്യങ്ങൾക്ക് വാക്സിൻ ലഭിക്കുന്നതിന് ഇത്തരത്തിലുള്ള വാക്സിൻ ദേശീയത തടസ്സം സൃഷ്ടിക്കും. 2021 ജനുവരി ഒന്നിന്‌ ലോകവ്യാപകമായി അഞ്ചരക്കോടി ഡോസ് വാക്സിൻ വിതരണം ചെയ്യപ്പെട്ടപ്പോൾ ദരിദ്ര രാജ്യമായ ഗിനിയ (Guinea)ക്ക് ലഭിച്ചത് കേവലം 55 ഡോസ്‌ മാത്രമായിരുന്നു. വിലയുടെ കാര്യത്തിലും അവികസിത രാജ്യങ്ങൾ പ്രതിസന്ധി നേരിടുകയാണ്. കമ്പനികൾ വിവിധ രാജ്യത്തിന്‌ നിശ്ചയിച്ചിട്ടുള്ള കരാർവില രഹസ്യമാണ്. എങ്കിലും യൂണിസെഫ് വില സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയ്‌ക്കുള്ള ഓക്സ്ഫെഡ് ആസ്‌ട്ര സെനക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഡോസിന് രണ്ട് ഡോളറിന് നൽകുമ്പോൾ, ഇതേ വാക്സിൻ ദക്ഷിണാഫ്രിക്കയ്‌ക്കും ഉഗാണ്ടയ്‌ക്കും ഇരട്ടി വിലയ്‌ക്കാണ് നൽകുന്നത്. 60–-80 ശതമാനം ലാഭവിഹിതവുമായി അമേരിക്കൻ കമ്പനികളായ മൊഡോണയും ഫൈസർ ബയോൺടെക്കും അവരുടെ വാക്സിൻ അമേരിക്കയടക്കമുള്ള സമ്പന്നരാജ്യങ്ങൾക്ക് ഒരു ഡോസിന് 15.25–-19.50 ഡോളറിന് വിൽക്കുമ്പോൾ മറ്റു രാജ്യങ്ങൾക്ക് നൽകുന്നതോ 25–-37 ഡോളറിനും.

വാക്സിൻ സാർവദേശീയത
കോവിഡ് മരുന്നുകളെയും സാങ്കേതങ്ങളെയും സംബന്ധിച്ചുള്ള വിജ്ഞാനം പങ്കിടുന്നതിനായി ലോകാരോഗ്യ സംഘടന രൂപീകരിച്ചിട്ടുള്ള സി ടാപ്പുമായി (C -TAP COVID-19 Technology Access Pool) സഹകരിക്കുന്നതിൽ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ വിസമ്മതിച്ചിരിക്കയുമാണ്. സമ്പന്നരാജ്യങ്ങൾക്ക് അനുകൂലമായ വാക്സിൻ വ്യവഹാരത്തിന്റെ ഫലമായി എൺപത്തഞ്ചോളം ദരിദ്ര രാജ്യങ്ങൾക്ക് 2023നു മുമ്പ്‌ കോവിഡ് വാക്സിൻ ലഭിക്കാൻ സാധ്യതയില്ലെന്നും തന്മൂലം ഒഴിവാക്കാവുന്ന 25 ലക്ഷം കോവിഡ് മരണം വികസ്വര രാജ്യങ്ങളിൽ സംഭവിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

വാക്സിൻ ദേശീയതകളുടെ സ്ഥാനത്ത് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് സംരംഭത്തിലൂടെ വികസ്വര രാജ്യങ്ങൾക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കാൻ നടത്തുന്ന ശ്രമങ്ങളെ വാക്സിൻ സാർവദേശീയത (Vaccine Internationalism)യെന്ന് വിശേഷിപ്പിക്കാവുന്നതാണ്. കോവിഡ് ചികിത്സയ്‌ക്കും രോഗനിർണയത്തിനും പ്രതിരോധത്തിനുമുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും സന്തുലിതവും തുല്യവുമായ കോവിഡ് സാങ്കേതികവിദ്യാ ലഭ്യത എല്ലാ രാജ്യത്തിനും ഉറപ്പാക്കുന്നതിനുമായി ലോകാരോഗ്യ സംഘടന, ഗാവി (GAVI: The Global Alliance for Vaccines and Immunizations), സെപി (CEPI: The Coalition for Epidemic Preparedness Innovations) എന്നീ പ്രസ്ഥാനങ്ങളുമായി ചേർന്ന് ആക്ട്‌ (ACT: The Access to COVID-19 Tools Acceleratory) എന്ന പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്. ആക്ടിന്റെ വാക്സിൻ ഗവേഷണത്തിനും വാക്സിന്റെ നീതിയുക്തമായ വിതരണത്തിനുമായുള്ള വിഭാഗമാണ് കോവാക്സ് (Covax). 2017 മുതൽ സ്വിറ്റ്സർലൻഡ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന സെപിയും രണ്ടായിരത്തിൽ സ്ഥാപിച്ച ഗാവിയും പൊതുസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നു. അഫ്ഗാനിസ്ഥാൻ, അംഗോള, ബംഗ്ലാദേശ്, ബൊളീവിയ, കെനിയ തുടങ്ങിയ 63 ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് 23.7 കോടി കോവിഷീൽഡ് വാക്സിനും 12 ലക്ഷം ഫൈസർ ബയോൺ ടെക്‌ വാക്സിനും 2021 ഫെബ്രുവരി അവസാനത്തോടെ കോവാക്സ് സംവിധാനത്തിലൂടെ വിതരണം ചെയ്തു.

അമേരിക്കയിലെ ജോൺസൺ ആൻഡ്‌ ജോൺസൺ വികസിപ്പിച്ചെടുത്തിട്ടുള്ള ഒറ്റ ഡോസ് വാക്സിൻ ജാൻസൺ (Janssen) വിവിധ രാജ്യത്തിലുള്ള വാക്സിൻ നിർമാണ കമ്പനികൾ വഴിയാണ് നിർമിക്കുന്നത്. ജോൺസൺ കമ്പനി വാക്സിൻ ഉൽപ്പാദിപ്പിക്കുന്നില്ല. എന്നാൽ, കേവലം 13 ശതമാനംപേർ മാത്രം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള ഇന്ത്യക്കോ, മൂന്നു ശതമാനംപേർക്കു മാത്രം രണ്ട് ഡോസും നൽകാൻ കഴിഞ്ഞിട്ടുള്ള ദക്ഷിണാഫ്രിക്കയ്‌ക്കോ വാക്സിൻ നൽകാതെ ഈ രാജ്യങ്ങളിൽ നിർമിക്കുന്ന വാക്സിൻ 50 ശതമാനത്തിലേറെ രണ്ട് ഡോസും നൽകി കഴിഞ്ഞിട്ടുള്ള അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ സമ്പന്ന രാജ്യങ്ങൾക്ക് വിൽക്കാനാണ് ജോൺസൺ ആൻഡ്‌ ജോൺസൺ തീരുമാനിച്ചിട്ടുള്ളത്.

പുരോഗമനപ്രസ്ഥാനങ്ങളുടെ ആഗോള കൂട്ടായ്മയായ പ്രോഗ്രസീവ് ഇന്റർനാഷണൽ (Progressive International) ആരോഗ്യമേഖലയിലെ വൻകിട മരുന്നുനിർമാണ കമ്പനികളുടെ സ്വാധീനം നിയന്ത്രിക്കാൻ അവരുടെ സർക്കാരുകളുടെമേൽ സമ്മർദം ചെലുത്താനുള്ള ജനകീയപ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്. എല്ലാ രാജ്യത്തിനും കോവിഡ് വാക്സിൻ നിർമിക്കാനാകണമെന്നും വാക്സിൻ അസമത്വം ഒഴിവാക്കി എല്ലാവരും പങ്കിടണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ബ്രിട്ടൻ, ക്യാനഡ, ന്യൂസിലൻഡ് എന്നീ വികസിത രാജ്യങ്ങളിൽനിന്നും ക്യൂബ, ബൊളീവിയ, അർജന്റീന, മെക്സിക്കോ, കെനിയ തുടങ്ങിയ വികസ്വര രാജ്യങ്ങളിൽനിന്നുമുള്ള സഖ്യസംഘടനകൾ പ്രോഗ്രസീവ് ഇന്റർനാഷണലിന്റെ സംരംഭത്തിന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

വാക്സിനുമേലുള്ള പേറ്റന്റ് നിബന്ധനയും കുത്തക വിപണനാധികാരവും നീക്കംചെയ്ത് ഉൽപ്പാദിപ്പിക്കാൻ മറ്റുള്ളവർക്ക് അധികാരം നൽകേണ്ടത് വാക്സിൻ സാർവദേശീയത വളർത്തിയെടുക്കാൻ ആവശ്യമാണ്. യൂറോപ്യൻ വാക്സിൻ ഇനിഷ്യേറ്റീവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി എന്നിവരുടെ സഹകരണത്തോടെ ഓപ്പൺ വാക്സ് (OpenVax)) എന്നൊരു സംരംഭത്തിന് തുടക്കംകുറിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top