31 July Saturday

വാക്സിൻ: അവഗണിക്കപ്പെടുന്ന പൊതുമേഖല

ഡോ. ബി ഇക്ബാൽUpdated: Saturday May 22, 2021

രാജ്യം കോവിഡ്‌ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി നടപ്പാക്കുകയും ത്വരിതഗതിയിൽ വാക്സിൻ വിതരണം പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. വിദഗ്ധർ മൂന്നാം തരംഗസാധ്യത പ്രവചിച്ചിരിക്കുകയുമാണ്. ഇനിയൊരു കോവിഡ് തരംഗം സംഭവിച്ചാൽ വലിയ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടും. അനേകർ മരിക്കുന്നതും ലക്ഷക്കണക്കിന് രോഗികളുടെ ദുരിതങ്ങളും മാത്രമല്ല പ്രശ്നങ്ങൾ. സാമ്പത്തികവും സാമൂഹ്യവുമായ വലിയ അസ്ഥിരതയിലേക്ക് രാജ്യം പതിക്കുമെന്നുറപ്പാണ്. രോഗവ്യാപനം നിയന്ത്രണവിധേയമായിയെന്ന് മിഥ്യാധാരണ സൃഷ്ടിച്ച അമിതമായ ആത്മവിശ്വാസമാണ് രാജ്യത്തെ അപകടസ്ഥിതിയിലേക്ക് നയിച്ചത്. രോഗബാധ ശമിച്ചെന്ന അതിരുകടന്ന വിശ്വാസത്തെ തുടർന്ന് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിച്ച ഇന്ത്യ–-- ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരം കാണാൻ മാസ്ക് പോലും ധരിക്കാതെ 2,70,000 പേരാണ് ഗുജറാത്തിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ എത്തിയത്.

ലോകാരോഗ്യ സംഘടനയുടെ കോവാക്സ് വാക്സിൻ പദ്ധതിയുടെയും വാക്സിൻ നയതന്ത്രത്തിന്റെയും ഭാഗമായി സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വിദേശങ്ങളിലേക്ക് അഞ്ചു കോടി ഡോസ് കയറ്റുമതി ചെയ്തതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ‘വാക്സിൻ ഗുരു’ എന്ന ബിജെപി അനുകൂല മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നു. ഉചിതമായ വാക്സിൻ നയം രൂപീകരിക്കുന്നതിൽ കേന്ദ്ര സർക്കാർ മാപ്പർഹിക്കാത്ത അലംഭാവമാണ് കാട്ടിയത്. വാക്സിൻ വിതരണം ആരംഭിച്ചാൽ 3-4 മാസത്തിനകം പൂർത്തിയാക്കിയില്ലെങ്കിൽ അവശ്യമായ സാമൂഹ്യ പ്രതിരോധം (ഹേർഡ് ഇമ്യൂണിറ്റി) വളർത്തിയെടുത്ത് രോഗത്തെ പ്രതിരോധിക്കാൻ കഴിയാതെ വരും. മാത്രമല്ല, വൈറസുകൾ വാക്സിനെടുത്തവരിലുള്ള രോഗപ്രതിരോധശേഷിയിൽനിന്ന്‌ രക്ഷപ്പെടുന്നതിനായി ജനിതകവ്യതിയാനത്തിലൂടെ എസ്കേപ്പ് മ്യൂട്ടന്റുകൾ സൃഷ്ടിക്കും. അതോടെ വാക്സിനുകൾ ഫലപ്രദമല്ലാതാകും. ഇവയെല്ലാം മുൻകൂട്ടി കണ്ട് ഉചിതമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം തയ്യാറായില്ല.


 

18 വയസ്സിനു മുകളിലുള്ള 95 കോടി പേർക്കായി 190 കോടി ഡോസാണ് നമുക്ക്‌ ആവശ്യമായിട്ടുള്ളത്. ആരോഗ്യമന്ത്രി ഹർഷ് വർധൻ നൽകിയ വിവരമനുസരിച്ച് മെയ് 15 വരെ 18 കോടി പേർക്കാണ് നൽകിയിട്ടുള്ളത്. ഇതിൽ 14 കോടിയും ആദ്യ ഡോസ് മാത്രവുമാണ്. നമുക്കിനി 172 കോടി ഡോസ് കൂടിവേണ്ടിവരും. ഇപ്പോൾ സിറം ഇൻസ്റ്റിറ്റ്യൂട്ടും ബാരത് ബയോടെക്കും ചേർന്ന് കേവലം എട്ട്‌ കോടി ഡോസ് മാത്രമാണ്‌ ഉൽപ്പാദിപ്പിക്കുന്നത്. റഷ്യയുടെ സ്പുട്‌നിക് ഇന്ത്യയിൽ മാർക്കറ്റ് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഏതാനും ഇന്ത്യൻ കമ്പനികൾ താമസിയാതെ പരീക്ഷണഘട്ടത്തിലുള്ള വാക്സിനുകൾ മാർക്കറ്റ് ചെയ്ത് തുടങ്ങുമെന്നും മറ്റ് വിദേശ കമ്പനികൾക്കുകൂടി അനുമതി നൽകുന്നതോടെ അവശ്യത്തിലേറെ വാക്സിൻ ലഭിക്കുമെന്നുമാണ് നീതിആയോഗ് അംഗം വി കെ പോൾ പ്രസ്താവിച്ചിരിക്കുന്നത്. ഇതെല്ലാം കേവലം സാധ്യതകൾ മാത്രമാണ്. അതേയവസരത്തിൽ ഉൽപ്പാദനം വർധിപ്പിക്കാൻ സഹായകരമായ പൊതുമേഖലാ കമ്പനികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി നടപടി സ്വീകരിക്കാൻ കേന്ദ്രം തയ്യാറാവുന്നതുമില്ല. പകരം 18-–-44 വയസ്സ് പ്രായമുള്ളവർക്ക് സംസ്ഥാന സർക്കാരും സ്വകാര്യമേഖലയും വാക്സിൻ വാങ്ങിനൽകണമെന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്.

വാക്സിൻ ഫാക്ടറികൾ 
അടച്ചുപൂട്ടുന്നു
വികസ്വര രാജ്യങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകളും വാക്സിനുകളും മിതമായ വിലയ്‌ക്കു നൽകി ‘വികസ്വര രാജ്യങ്ങളുടെ ഫാർമസി’, ‘പാവപ്പെട്ടവരുടെ മരുന്നുകട’ എന്നെല്ലാമുള്ള ഖ്യാതി ഇന്ത്യൻ ഔഷധമേഖല കൈവരിച്ചിരുന്നു. ഇതിനുള്ള പ്രധാന കാരണം ഇന്ത്യൻ ഡ്രഗ്സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്‌ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ആന്റി ബയോട്ടിക്സ് എന്നീ പൊതുമേഖലാ മരുന്നുകമ്പനികളും പൊതുമേഖലാ വാക്സിൻ ഫാക്ടറികളുമായിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 2008 ജനുവരി 15 മുതൽ പ്രശസ്തമായ മൂന്ന്‌ വാക്സിൻ ഫാക്ടറി അടച്ചുപൂട്ടാൻ ഇന്ത്യൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഉത്തരവിട്ടതിനെ തുടർന്ന് രോഗപ്രതിരോധം അവതാളത്തിലായി. ബ്രിട്ടീഷ് ഭരണകാലത്ത് 1904ൽ സ്ഥാപിച്ച കസൌളിയിലെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും 1907 ൽ സ്ഥാപിച്ച കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടും തമിഴ്നാട്ടിൽ 1948 ൽ ഇന്ത്യാ സർക്കാർ വെല്ലൂരിലെ ഗിണ്ടിയിൽ ആരംഭിച്ച ബിസിജി വാക്സിൻ ലബോറട്ടറിയുമാണ് നിർത്തലാക്കിയത്. ആറ്‌ വാക്സിനു പുറമെ പേപ്പട്ടി വിഷത്തിനും ടൈഫോയിഡ്, മഞ്ഞപ്പനി (യെല്ലോ ഫീഫർ) തുടങ്ങിയവയ്‌ക്കും വാക്സിനുകളും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഏതാണ്ട് 1000 കോടി രൂപയ്‌ക്കുള്ള വാക്സിനുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ഫാക്ടറികൾ അടച്ചുപൂട്ടുന്നതിന് ബാലിശമായ വാദങ്ങളാണ് ഡ്രഗ്സ് കൺട്രോളറും അന്നത്തെ ആരോഗ്യ മന്ത്രി അൻപുമണി രാംദാസും മുന്നോട്ടുവച്ചത്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമുള്ള ഉത്തമ നിർമാണരീതികൾ (ഗുഡ്‌ മാനുഫാക്‌ചറിങ്‌ പ്രാക്ടീസസ്‌ ) പിന്തുടരാത്തതുകൊണ്ടാണ് നിർത്തലാക്കുന്നത്‌ എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. സർക്കാർ വഴിയുളള സൗജന്യ വാക്സിനുകൾ അമിതവിലയ്‌ക്ക് വൻകിട സ്വകാര്യ കമ്പനികളിൽനിന്ന്‌ വാങ്ങാൻ സർക്കാർ ഏജൻസികളും ജനങ്ങളും നിർബന്ധിതരായി. 

വാക്സിൻ ഫാക്ടറികൾ പൂട്ടിയതിനെതിരെ പ്രതിഷേധം അലയടിച്ചു. പാർലമെന്റിന്റെ ഇരുസഭയിലും പാർലമെന്റംഗങ്ങൾ ഇടപെടുകകൂടി ചെയ്തതിനെ തുടർന്ന് അമർസിങ്‌ എംപി അധ്യക്ഷനായുള്ള ആരോഗ്യ കുടുംബക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റിയെ ഇക്കാര്യം പഠിക്കാൻ നിയോഗിച്ചു. ഫാക്ടറികൾ സന്ദർശിച്ച് പരിശോധന നടത്തി 2009 ഫെബ്രുവരി 18ന്‌ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന് വലിയ തിരിച്ചടിയായി. ലോകാരോഗ്യ സംഘടന വാക്സിൻ ഫാക്ടറിയിലെ അടിസ്ഥാന സൗകര്യത്തിലുള്ള ചില കുറവ്‌ ചൂണ്ടിക്കാട്ടിയതല്ലാതെ പ്രവർത്തനം നിർത്തണമെന്ന്‌ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തി. അടച്ചുപൂട്ടിയ സർക്കാർ ഫാക്ടറിയിലെ സൗകര്യം പോലുമില്ലാത്ത ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡിൽനിന്ന്‌ വിലകൂടിയ വാക്സിൻ വാങ്ങിയതിനെയും കമ്മിറ്റി വിമർശിച്ചു. ഇതേ തുടർന്ന് തുറന്നു പ്രവർത്തിപ്പിക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും ഫാക്ടറിയിലെ അപര്യാപ്‌തതകൾ പരിഹരിക്കാനുള്ള നടപടികൾ മേക്ക് ഇൻ ഇന്ത്യ എന്ന പരിപാടിയിലൂടെ ദേശീയ സ്വയംപര്യാപ്തയെക്കുറിച്ച് ആഹ്വാനം നടത്തുന്ന എൻഡിഎ സർക്കാരും സ്വീകരിച്ചില്ല. കസൌളിയിലെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും മാത്രമാണ് പരിമിതമായ തോതിൽ വാക്സിൻ നിർമാണം പുനരാരംഭിച്ചിട്ടുള്ളത്. ബിസിജി വാക്സിൻ ഫാക്ടറി ഉൽപ്പാദനം ആരംഭിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പൊതുമേഖലാ കമ്പനികൾ ഉൽപ്പാദനം കുറച്ചതോടെ സ്വകാര്യ കമ്പനികളിൽനിന്ന്‌ വൻവിലയ്‌ക്കാണ് ദേശീയ ഇമ്യൂണൈസേഷൻ പദ്ധതിക്കുള്ള വാക്സിനുകൾ വാങ്ങിക്കൊണ്ടിരിക്കുന്നത്.

എച്ച്എൽഎൽ 
ബയോടെക് ലിമിറ്റഡ്
സ്‌തുത്യർഹമായ സേവനം നടത്തിവരുന്ന പൊതുമേഖലാ വാക്സിൻ ഫാക്ടറികൾക്ക് പകരമായി തമിഴ്നാട്ടിലെ ചെങ്കൽപെട്ടിൽ ഉന്നതനിലവാരം പുലർത്തുന്ന വാക്സിൻ പാർക്ക് ആരംഭിക്കുമെന്നും അന്നത്തെ ആരോഗ്യ മന്ത്രി അവകാശപ്പെട്ടിരുന്നു. സ്വകാര്യ -പൊതു സംയുക്തസംരംഭമായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റെക്സ്‌ ലിമിറ്റഡിന്റെ നേതൃത്വത്തിൽ വാക്സിൻ നിർമാണകേന്ദ്രം ആരംഭിക്കാനുള്ള നീക്കം എങ്ങുമെത്തിയില്ല. 2012ൽ യുപിഎ സർക്കാരിന്റെ കാലത്ത് ചെങ്കൽപെട്ടിൽ 100 ഏക്കർ വാങ്ങി എച്ച്എൽഎൽ ബയോടെക് ലിമിറ്റഡ് (HBL:HLL Biotech Limited: എച്ച് ബി എൽ) എന്നപേരിൽ വാക്സിൻ ഗവേഷണത്തിനും ഉൽപ്പാദനത്തിനും വേണ്ടിയുള്ള സമഗ്ര വാക്സിൻ സമുച്ചയം (Integrated Vaccine Complex) സ്ഥാപിക്കാനുള്ള പ്രവർത്തനം ആരംഭിച്ചിരുന്നു. 600 കോടി ചെലവിലുള്ള എച്ച്ബിഎൽ നിർമാണം ഇഴഞ്ഞുനീങ്ങിയതിനെ തുടർന്ന് പൂർത്തിയാക്കാൻ വേണ്ട ചെലവ് 2019ൽ 904 കോടിയായി പുതുക്കി. ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ഹർഷ് വർധൻ സമുച്ചയം സന്ദർശിക്കുകയും സ്വകാര്യ ഏജൻസികൾക്ക് വാക്സിൻ ഉൽപ്പാദനത്തിനായി എച്ച്ബിഎൽ കൈമാറാൻ തീരുമാനിക്കുകയുമാണ്‌ ഉണ്ടായത്.

പൊതുമേഖലാ കമ്പനികൾ
വീണ്ടും അവഗണനയിലേക്ക്
രണ്ടാം തരംഗം നേരിടുന്ന അവസരത്തിൽ വാക്സിൻ ഉൽപ്പാദനം നിലവിലുള്ള പൊതുമേഖലാ ഔഷധക്കമ്പനികളിലൂടെ വർധിപ്പിക്കാനുള്ള വലിയൊരു അവസരമാണ് മോഡി സർക്കാരിന് മുന്നിലുള്ളത്. ഐസിഎംആറും ഭാരത് ബയോടെക്കും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവാക്സിന്റെ ബൗദ്ധിക സ്വത്തവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന് ഇതുവരെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഐസിഎംആറിന്റെ പങ്കാളിത്തത്തോടെ ഭാരത് ബയോടെക് ഉൽപ്പാദിപ്പിച്ചുവരുന്ന കോവാക്സിൻ സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശം കേന്ദ്ര സർക്കാരിനും അവകാശപ്പെട്ടതാണ്. ഒരു സാങ്കേതിക തടസ്സവുമില്ലാതെ സാമ്പത്തികസഹായം നൽകി നവീകരിച്ചാൽ പൊതുമേഖലാ കമ്പനികളിലൂടെ വൻതോതിൽ കോവാക്സിൻ ഉൽപ്പാദിപ്പിച്ച് വാക്സിൻ ക്ഷാമം പരിഹരിക്കാൻ കഴിയും.

മോഡി സർക്കാർ പക്ഷേ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താതെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 3500 കോടിയും ഭാരത് ബയോടെക്കിന് 1500 കോടിയും നൽകുകയാണ്‌ ഉണ്ടായത്. ചെറുകിട പൊതുമേഖലാ കമ്പനികളായ മഹാരാഷ്ട്രയിലെ ഹാഫ്ക്കിൻ ബയോ ഫാർമസ്യൂട്ടിക്കൽ കോർപറേഷനും (65 കോടി) ഹൈദരാബാദിലെ നാഷണൽ ഡെയറി ഡെവലപ്‌മെന്റ് ബോർഡിന് കീഴിലുള്ള ഇന്ത്യൻ ഇമ്യൂണോളജിക്കൽ ലിമിറ്റഡിനും (60 കോടി) ബുൽന്ദ്ഷഹറിലെ ഭാരത് ഇമ്യൂണോളജിക്കൽസ്‌ ആൻഡ്‌ ബയോളജിക്കൽസ് ലിമിറ്റഡിനും (30 കോടി) തുച്ഛമായ സാമ്പത്തികസഹായം ചെയ്യാൻ മാത്രമാണ് തീരുമാനമായിട്ടുള്ളത്. ഭാരത് ബയോടെക്കിന്റെ ബംഗളൂരുവിലെ പുതിയ കേന്ദ്രത്തിന് 65 കോടി രൂപകൂടി നൽകാനും തീരുമാനിച്ചിരിക്കുന്നു. അപ്പോഴും പ്രമുഖ പൊതുമേഖലാ ഔഷധക്കമ്പനികൾ അവഗണിക്കപ്പെട്ടിരിക്കയാണ്. ഇതിനെല്ലാം പുറമേ ആര്‌ ഉൽപ്പാദിപ്പിച്ചാലും 18-–-45 വയസ്സുവരെയുള്ളവർക്കുള്ള വാക്സിൻ സംസ്ഥാന സർക്കാരുകൾ വിലനൽകി വാങ്ങേണ്ടിയും വരും.

കോവിഡ് രണ്ടാംതരംഗം നിലനിൽക്കുകയും മൂന്നാംതരംഗ സാധ്യത പ്രവചിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പൊതുമേഖലാ കമ്പനികളെ അവഗണിച്ച് സംസ്ഥാന സർക്കാരിന്റെമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്രത്തിന്റെ ജനവിരുദ്ധ നയം തുറന്നുകാട്ടി വമ്പിച്ച ജനകീയ പ്രക്ഷോഭം ഉയരേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top