31 October Saturday

പോരാട്ടങ്ങൾക്ക്‌ കരുത്തായ്‌ - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Monday Aug 31, 2020

വിപുലമായ അറിവും അനുഭവങ്ങളും ആദർശനിഷ്ഠ ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു നാല്‌ വർഷംമുമ്പ്‌ വിടപറഞ്ഞ വി വി ദക്ഷിണാമൂർത്തി. കമ്യൂണിസ്റ്റ് പാർടി സംഘാടകൻ, വിദ്യാർഥി-, യുവജന, അധ്യാപക, ട്രേഡ്‌ യൂണിയൻ നേതാവ്, പ്രഭാഷകൻ, പരിഭാഷകൻ, പ്രക്ഷോഭകാരി, പാർലമെന്റേറിയൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഒരു പതിറ്റാണ്ടോളം ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ചു.

പാർടിയെയും നേതാക്കളെയും വളഞ്ഞിട്ടാക്രമിച്ച ശത്രുക്കൾക്കെതിരെ കരുത്തുറ്റ നാവും തൂലികയുമായിരുന്ന അദ്ദേഹം മാർക്‌സിസം- ലെനിനിസത്തിൽ അധിഷ്ഠിതവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളിലൂടെയും സ്‌നേഹമസൃണമായ പെരുമാറ്റത്തിലൂടെയും എല്ലാവരുടെയും പ്രിയപ്പെട്ട മാഷായി മാറി. ‘പ്രചാരകൻ, പ്രക്ഷോഭകൻ, സംഘാടകൻ’ എന്ന ദേശാഭിമാനിയുടെ സുവ്യക്തമായ ദൗത്യം നിർവഹിക്കുന്നതിൽ അദ്ദേഹം കാണിച്ച ആത്മസമർപ്പണതുല്യമായ ഉത്തരവാദിത്തം മാതൃകാപരമാണ്.

പത്രത്തെയും പത്രത്തിന്റെ രാഷ്ട്രീയത്തെയും ഒരുപോലെ അതിന്റെ സൂക്ഷ്‌മാംശത്തിൽ അറിയുന്ന ചീഫ് എഡിറ്ററായിരുന്നു. കേരള ചരിത്രവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാൾവഴികളും മാത്രമല്ല, സാർവദേശീയ- ദേശീയ രംഗത്തെ ചെറുചലനംപോലും സൂക്ഷ്‌മമായി വീക്ഷിച്ച് വിശകലനം ചെയ്യുകയും അത് പത്രത്തിൽ പ്രതിഫലിപ്പിക്കാൻ സദാ ഇടപെടുകയും ചെയ്‌തു.

ദേശാഭിമാനിയെ പൊതുസ്വീകാര്യതയുള്ള പത്രമാക്കി മാറ്റുന്നതിൽ കാര്യമായ പങ്കുവഹിച്ചു. പത്രത്തെ അടിസ്ഥാന രാഷ്ട്രീയ- സാമൂഹ്യമൂല്യങ്ങളിൽ ഉറപ്പിച്ചുനിർത്തുന്നതിലും ശ്രദ്ധിച്ചു. കോഴിക്കോട് ദേശാഭിമാനിയുടെ മാനേജർ എന്ന നിലയിൽ നടത്തിപ്പിന്റെ ഉത്തരവാദിത്തമാണ് പാർടി ആദ്യം ഏൽപ്പിച്ചതെങ്കിലും മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതി. 19 വർഷത്തോളം കോഴിക്കോട് യൂണിറ്റ് മാനേജരായി പ്രവർത്തിച്ചു. ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി മാനേജിങ് ഡയറക്ടറുമായിരുന്നു. ചീഫ് എഡിറ്ററായി ചുമതലയേറ്റതോടെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായി. ദേശാഭിമാനിയെ കേരളത്തിലെ മൂന്നാമത്തെ പത്രമായി ഉയർത്തിയതിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ട്.


 

നന്നേ ചെറുപ്പത്തിൽ പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി കമ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങളിൽ പങ്കാളിയായ അദ്ദേഹം അധ്യാപകനായാണ് പൊതുജീവിതം ആരംഭിക്കുന്നത്. ചെത്തുതൊഴിലാളികൾ, അധ്യാപകർ, ക്ഷേത്രജീവനക്കാർ, തോട്ടംതൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്‌ യൂണിയൻ മേഖലയിലും സജീവമായി ഇടപെട്ടു. ദീർഘകാലം കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് അംഗവുമായിരുന്നു. 1950ൽ 16‐--ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 26 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച് 1982ൽ വടക്കുമ്പാട് ഹൈസ്‌കൂളിൽനിന്ന് സ്വമേധയാ വിരമിച്ചു. അതേവർഷം പാർടി സംസ്ഥാന കമ്മിറ്റി അംഗമായി.

കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. മലബാർ ഐക്യവിദ്യാർഥി സംഘടനയുടെ ആദ്യ ജോയിന്റ് സെക്രട്ടറിയായിരുന്ന ദക്ഷിണാമൂർത്തി കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു. മലബാർ ദേവസ്വത്തിനു കീഴിൽ ജീവനക്കാരെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. മൂന്നുതവണ പേരാമ്പ്രയിൽനിന്ന് നിയമസഭാംഗമായി. 1980‐ -82ൽ സിപിഐ എം നിയമസഭാ വിപ്പായിരുന്നു.

മാർക്‌സിയൻ ദർശനത്തിൽ ആഴത്തിൽ അറിവുനേടിയ അദ്ദേഹം രാഷ്ട്രീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുകയും അതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്‌തു. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അറുപതുകളുടെ ആദ്യപകുതിയിലും പിന്നീടും നടന്ന ആശയസമരത്തിൽ തിരുത്തൽവാദത്തിനും ഇടതുപക്ഷ വ്യതിയാനത്തിനും എതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 1964ൽ കമ്യൂണിസ്റ്റ് പാർടിയിൽ പിളർപ്പുണ്ടായതിനെത്തുടർന്ന് സിപിഐ എമ്മിനൊപ്പം നിന്നു. ആ ഘട്ടത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ജില്ലാ കൗൺസിൽ അംഗമായിരുന്നു. വർഗസഹകരണ പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച്, ഇടത്‌‐വലത് വ്യതിയാനങ്ങൾക്കെതിരെ സൈദ്ധാന്തിക ജാഗ്രത നിലനിർത്താൻ നല്ല രീതിയിൽ ഇടപെട്ടു.

ഇന്ത്യയുടെ നിലനിൽപ്പിനുതന്നെ അനിവാര്യമാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം. അതിനെ തകർക്കാൻ യുഡിഎഫ്‌‐ബിജെപി‐പിന്തിരിപ്പൻ മാധ്യമ മുക്കൂട്ടു കൂട്ടുകെട്ടുണ്ടായിരിക്കുകയാണ്‌.

ദേശാഭിമാനി പത്രാധിപരായിരുന്ന കമ്യൂണിസ്റ്റ്‌ നേതാവിനെ അനുസ്‌മരിക്കുമ്പോൾ ഇടതുപക്ഷവിരുദ്ധ ഹിസ്റ്റീരിയ പരത്താൻ നല്ലൊരു പങ്ക്‌ മാധ്യമങ്ങൾ നടത്തുന്ന വഴിവിട്ട പ്രവർത്തനം കാണാതിരിക്കാനാകില്ല. മതനിരപേക്ഷത, മാനവികത, സാമൂഹ്യസമത്വം, ബഹുസ്വരത, ജനാധിപത്യം ‐ ഇതെല്ലാം ഉൾക്കൊള്ളുന്ന ഇന്ത്യയുടെ നിലനിൽപ്പിനുതന്നെ അനിവാര്യമാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം. അതിനെ തകർക്കാൻ യുഡിഎഫ്‌‐ബിജെപി‐പിന്തിരിപ്പൻ മാധ്യമ മുക്കൂട്ടു കൂട്ടുകെട്ടുണ്ടായിരിക്കുകയാണ്‌. ഇവർ നുണയുടെ എവറസ്റ്റ്‌ കയറി പ്രചരിപ്പിക്കുന്ന കെട്ടുകഥകളുടെ ആഴം എത്ര വലുതാണെന്നും അതിന്റെ അപഹാസ്യത എത്ര തരംതാണതാണെന്നും സെക്രട്ടറിയറ്റിൽ യാദൃച്ഛികമായി ഉണ്ടായ ചെറിയ തീപിടിത്തത്തെ വാർത്താകാട്ടുതീയാക്കിയതിലൂടെ തെളിഞ്ഞു.

ഷോർട്ട്‌സർക്യൂട്ട്‌ കാരണമുണ്ടായ തീയിൽ കത്തിയത്‌ വിരലിലെണ്ണാവുന്ന ഫയലുകളാണ്‌. അതിലെ വിവരങ്ങൾ തിരിച്ചെടുക്കാനാകാത്തവിധം നഷ്ടപ്പെട്ടിട്ടുമില്ല. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ഇ‐ഫയൽ സമ്പ്രദായംവഴി 99 ശതമാനം ഫയലുകളും ഇലക്‌ട്രോണിക്കായി. എന്നിട്ടും എന്തിനാണ്‌ സർക്കാരിനെതിരെ ഹാലിളക്കം നടത്തിയത്‌. ഇത്‌ അസംബന്ധ ജേർണലിസവും നിരുത്തരവാദ രാഷ്‌ട്രീയവുമാണ്‌. ഫയൽ കത്തിച്ചാൽ ഇ‐ഫയൽ കത്തില്ല. അതെല്ലാം മറച്ചുവച്ച്‌ ഒരു ബക്കറ്റ്‌ വെള്ളത്താൽ അണഞ്ഞ തീയുടെ പേരിൽ നാട്ടിലാകെ കലാപം വിതറാൻ കൊണ്ടുപിടിച്ചു പ്രതിപക്ഷം പരിശ്രമിച്ചു. ആദ്യം ചൂട്ടുകത്തിച്ചത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ സുരേന്ദ്രൻ. ആ ചൂട്ടിൽനിന്ന്‌ പന്തം കത്തിച്ചത്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. അവർക്കൊപ്പം അക്രമപാതയിൽ എത്തി എസ്‌ഡിപിഐയും മറ്റ്‌ വർഗീയ തീവ്രവാദികളും. മുഖ്യമന്ത്രിയെ കത്തിക്കും എന്നുവിളിച്ചുപറഞ്ഞ്‌ പൊലീസുമായി ഏറ്റുമുട്ടിയ ഇക്കൂട്ടർ കോവിഡ് പ്രോട്ടോകോൾ ഒന്നും പാലിച്ചില്ല.
ഫാൻ തകരാറ്‌ കാരണം, സെക്രട്ടറിയറ്റിലെ പൊളിറ്റിക്കൽ വിഭാഗത്തിലെ തടിഅലമാര തട്ടിലുണ്ടായ ചെറിയ തീപിടിത്തം കാരണം നയതന്ത്ര സ്വർണക്കടത്ത്‌ കേസിലെ ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ല. നയതന്ത്ര കള്ളക്കടത്തിന്‌ ഉത്തരം പറയേണ്ടത്‌ സംസ്ഥാന സർക്കാരല്ല. കേന്ദ്രസർക്കാരും ആ സർക്കാരിന്റെ വിവിധ വകുപ്പുകളുമാണ്‌. എന്നിട്ടും എൽഡിഎഫ്‌ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കുതിരകയറുകയാണ്‌ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും.

ജനം ടിവി ബിജെപിയുടേതല്ല എന്ന തള്ളിപ്പറയൽകൊണ്ട്‌ ആ പാർടിയും അതിന്റെ ഭരണാധികാരികളും രക്ഷപ്പെടില്ല. ബിജെപിക്ക്‌ തിരിച്ചടിയാകും‌ ഈ കപടതന്ത്രം

രാജ്യദ്രോഹക്കുറ്റം ചുമത്തിയ കള്ളക്കടത്ത്‌ കേസിൽ ബിജെപി ചാനലിന്റെ മേധാവി അനിൽ നമ്പ്യാരെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്‌തപ്പോൾ പുറത്തുവന്ന വിവരങ്ങൾ കേന്ദ്രസഹമന്ത്രി വി മുരളീധരന്റെയും ബിജെപിയുടെയും മുഖം പൊള്ളിച്ചിരിക്കുകയാണ്‌. കസ്റ്റംസ്‌ പിടിച്ചത്‌ നയതന്ത്ര ബാഗേജ്‌ അല്ലെന്നുപറയാൻ കേസിലെ പ്രതിയായ വിവാദ വനിതയെ ജനം ടിവി മേധാവി നിർബന്ധിച്ചതടക്കമുള്ള കാര്യങ്ങളാണ്‌ വെളിച്ചത്തായിരിക്കുന്നത്‌. ബിജെപിയെ സഹായിക്കാനുള്ള സമ്മർദവും ഉണ്ടായി. ഇതുവരെ സംഘപരിവാറിന്റെ ‘കാവി ചാനലി’ലെ സാരഥിയായി കൊണ്ടുനടന്നയാളെ തള്ളിപ്പറയാൻ ജനം ടിവിയെ വാക്കുകൊണ്ട്‌ കൈയൊഴിയുകയാണ്‌ ബിജെപി. ഇതുകൊണ്ട്‌ ‌ബിജെപിയുടെയും കേന്ദ്രസഹമന്ത്രിയുടെയും കോണിയ മുഖം നേരേയാകില്ല. ജനം ടിവി ബിജെപിയുടേതല്ല എന്ന തള്ളിപ്പറയൽകൊണ്ട്‌ ആ പാർടിയും അതിന്റെ ഭരണാധികാരികളും രക്ഷപ്പെടില്ല. ബിജെപിക്ക്‌ തിരിച്ചടിയാകും‌ ഈ കപടതന്ത്രം.

സ്വർണക്കടത്ത്‌ കേസിൽ ഇതിനകം അറസ്റ്റിലായവർ ഒന്നുകിൽ ബിജെപി അല്ലെങ്കിൽ യുഡിഎഫ്‌ അല്ലെങ്കിൽ വർഗീയ തീവ്രവാദികൾ എന്നിങ്ങനെയാണ്‌. എന്നിട്ടും ഉത്സവപറമ്പിൽ കള്ളൻ... കള്ളൻ... എന്നുവിളിച്ച്‌ മാലമോഷ്ടാവ്‌ ഓടുന്ന തറവേല അഭ്യസിക്കുകയാണ്‌ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ഡൽഹിയിൽ ഉപവസിച്ച മന്ത്രി വി മുരളീധരന്റെ യഥാർഥവികാരം സ്വർണക്കടത്ത്‌ കേസിലെ കേന്ദ്ര ഏജൻസികളോടുള്ള വിയോജിപ്പും അതുവഴി കേന്ദ്രമന്ത്രിമാരായ അമിത്‌ ഷാ, നിർമല സീതാരാമൻ എന്നിവരോടുള്ള അതൃപ്‌തിയുമാണ്‌. അത്‌ പരസ്യപ്പെടുത്താൻ വയ്യാത്തതുകൊണ്ടാണ്‌ മുഖ്യമന്ത്രിക്കെതിരെ സമരം നടത്തിയത്‌.

പാമ്പു കടിച്ചവന്റെ തലയിൽ ഇടിവെട്ടേറ്റ അവസ്ഥയിലാണ്‌ കോൺഗ്രസ്‌. സോണിയഗാന്ധിയെ മാറ്റി പുതിയ നേതൃത്വം വരാൻവേണ്ടി തലയെടുപ്പുള്ള 23 മുതിർന്ന നേതാക്കളാണ്‌ കത്തെഴുതിയത്‌.

സംശുദ്ധവും കെട്ടുറപ്പുള്ളതുമായ ഭരണത്തിലൂടെ സംസ്ഥാനത്തെ നയിക്കുന്ന പിണറായി വിജയന്റെ രാജിക്കായി സമരം നടത്തുന്ന കോൺഗ്രസുകാർ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ്‌ ദിനംപ്രതി ഒലിച്ചുപോകുന്നത്‌ അറിയണം. കോൺഗ്രസ്‌ ദേശീയമായി പിളർപ്പിലേക്കോ അല്ലെങ്കിൽ താമരപ്പാർടിയായുള്ള പരിവർത്തനപ്പെടലോ സംഭവിക്കാനുള്ള സാധ്യത രാഷ്‌ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്‌. പാമ്പു കടിച്ചവന്റെ തലയിൽ ഇടിവെട്ടേറ്റ അവസ്ഥയിലാണ്‌ കോൺഗ്രസ്‌. സോണിയഗാന്ധിയെ മാറ്റി പുതിയ നേതൃത്വം വരാൻവേണ്ടി തലയെടുപ്പുള്ള 23 മുതിർന്ന നേതാക്കളാണ്‌ കത്തെഴുതിയത്‌. അതിൽ ഒപ്പിട്ട പ്രവർത്തകസമിതി അംഗം ഗുലാംനബി ആസാദ്‌ കേരളത്തിലെ കോൺഗ്രസിന്റെ സംഘടനാചുമതല നേരത്തേയുള്ള നേതാവും മുകുൾവാസ്‌നിക്‌ ഇപ്പോഴത്തെ ചാർജുകാരനുമാണ്‌. ബിജെപി ബന്ധവും മൃദുഹിന്ദുത്വ നയവുമാണ്‌ പ്രധാന തർക്കവിഷയം.

ഇക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ഏതു ചേരിയിൽ എന്നത്‌ വരുംനാളുകൾ ബോധ്യപ്പെടുത്തും. കോൺഗ്രസ്‌ ഇന്ന്‌ ദേശീയമായി നേരിടുന്നത്‌ കടുത്ത പ്രതിസന്ധിയാണ്‌. ആ പാർടിയുടെ ദുർബലത സംഘടനാപരം മാത്രമല്ല, രാഷ്‌ട്രീയവുമാണ്‌. ഇത്‌ യുഡിഎഫിന്റെ ശക്തിക്ഷയത്തെയും കെട്ടുറപ്പില്ലായ്‌മയെയും വർധിപ്പിക്കും. ഈ ഘട്ടത്തിൽ എല്ലാ അപവാദപ്രചാരണങ്ങളെയും തള്ളി ജനങ്ങളെ അണിനിരത്തി എൽഡിഎഫ്‌ സർക്കാരിനും സിപിഐ എമ്മിനും ശക്തി പകരാൻ ദക്ഷിണാമൂർത്തിയുടെ സ്‌മരണ പ്രചോദനമേകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top