29 July Thursday

നേതൃമാറ്റവും തലമുറമാറ്റവും - കെ ശ്രീകണ്‌ഠൻ എഴുതുന്നു

കെ ശ്രീകണ്‌ഠൻUpdated: Tuesday May 25, 2021

പ്രതിപക്ഷ നേതൃപദവിയിലെ പറിച്ചുനടീൽ കേരളത്തിലെ കോൺഗ്രസിനെ എത്രത്തോളം പിടിച്ചുലയ്‌ക്കുമെന്നതിന്റെ പൂർണചിത്രം കാണാനിരിക്കുന്നതേയുള്ളൂ. ശൈലി മാറ്റം, നേതൃമാറ്റം എന്നീ മുറവിളികളാണ്‌ ഇതിനുമുമ്പ്‌ പലപ്പോഴും കോൺഗ്രസിൽ ഉയർന്നുവന്നിട്ടുള്ളതെങ്കിൽ ഇക്കുറി അതിന്‌ തലമുറമാറ്റം എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. അളമുട്ടിയാൽ ചേരയും കടിക്കും എന്ന മട്ടിലാണ്‌ മുമ്പൊക്കെ കോൺഗ്രസിലെ രാഷ്‌ട്രീയ നീക്കങ്ങൾക്ക്‌ തുടക്കംകുറിച്ചിട്ടുള്ളത്‌. ആർ ശങ്കറിന്റെയും കെ കരുണാകരന്റെയുമൊക്കെ പതനത്തിന്‌ വഴിവച്ചത്‌ പാർടിക്കുള്ളിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റുകളാണ്‌. പക്ഷേ, രമേശ്‌ ചെന്നിത്തലയുടെ കാര്യത്തിലാകട്ടെ വലിയ അടിയൊഴുക്കാണ്‌ സംഭവിച്ചത്‌. അതാകട്ടെ ഒച്ചയും ബഹളവും കൂടാതെയായിരുന്നൂവെന്നതാണ്‌ ആശ്ചര്യം. അനുകൂലിച്ചവരും എതിർത്തവരും ആരൊക്കെയെന്ന്‌ തിരിച്ചറിയാൻ ക്ഷണനേരംപോലും നൽകാതെ പ്രതിപക്ഷ നേതാവിന്റെ കസേരയിൽനിന്ന്‌ രമേശ്‌ ചെന്നിത്തലയെ പൊക്കിമാറ്റി. 

വി ഡി സതീശനും രമേശ്‌ ചെന്നിത്തലയും തമ്മിൽ തലമുറകളുടെ അന്തരമൊന്നുമില്ല. കൂടാതെ, ഇരുവരും ഒരേ ഗ്രൂപ്പുകാരും. ഗ്രൂപ്പ്‌ ശ്രേണിയിലെ ഒരു ഇളമുറക്കാരനായിപ്പോലും സതീശനെ പരിഗണിക്കാൻ കഴിയില്ല. ചെന്നിത്തലയുടെ പിറകിൽനിന്ന സതീശനെ എടുത്തുയർത്തി അദ്ദേഹത്തിന്‌ മുന്നിൽ നിർത്തിയശേഷം ‘തലമുറമാറ്റം’ എന്ന്‌ വിശേഷണം നൽകിയിരിക്കുകയാണ്‌. കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷത്തെ വളരെ പണിപ്പെട്ട്‌ നയിച്ച ചെന്നിത്തലയോട്‌ ഹൈക്കമാൻഡ്‌ കുറച്ചുകൂടി കരുണ കാണിക്കണമായിരുന്നൂവെന്ന പൊതുവികാരമാണ്‌ ഇപ്പോൾ ഉയരുന്നത്‌. യഥാർഥത്തിൽ ഹൈക്കമാൻഡിനെ മുൻനിർത്തി തയ്യാറാക്കിയ ദുരന്തപര്യവസായിയായ തിരക്കഥയാണ്‌ തലമുറമാറ്റം. ഒരു വാക്ക്‌ പറഞ്ഞിരുന്നെങ്കിൽ താൻ ഒഴിയുമായിരുന്നല്ലോയെന്നാണ്‌ ചെന്നിത്തല സ്വകാര്യം പറയുന്നത്‌. ശരിക്കും ഈ മനോഭാവമായിരുന്നോ അദ്ദേഹത്തിന്‌? പ്രതിപക്ഷ നേതാവിന് പിന്നാലെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും തെറിക്കുമെന്ന്‌ ഉറപ്പാണ്‌. ഇത്തരം ബൈപാസ്‌ ശസ്‌ത്രക്രീയകൾക്ക്‌ കേരളത്തിലെ കോൺഗ്രസിനെ ഉത്തേജിപ്പിക്കാൻ കഴിയുമോയെന്നതാണ്‌ പ്രസക്തം. കഴിഞ്ഞ കാല അനുഭവങ്ങൾ കണക്കിലെടുത്താൽ അതിന്‌ സാധ്യത വിരളമാണ്‌.

ആർ ശങ്കർമുതൽ ഉമ്മൻചാണ്ടിവരെയുള്ളവരെ ഇളക്കി പ്രതിഷ്‌ഠിച്ചിട്ട്‌ രക്ഷപ്പെടാത്ത ചരിത്രം മുമ്പിലുള്ളപ്പോൾ ഇപ്പോഴത്തെ മുഖംമാറ്റംകൊണ്ട്‌ പ്രത്യേകിച്ച്‌ ഗുണം ചെയ്യില്ല. കാരണം, തെരഞ്ഞെടുപ്പ്‌ തിരിച്ചടിയുടെ വിശദമായ പരിശോധനയ്‌ക്ക്‌ മുതിരാതെയാണ്‌ തലമുറമാറ്റം എന്ന ഒറ്റമൂലി പരീക്ഷണം. മുഖമല്ല, നയമാണ്‌ കോൺഗ്രസിനെയും യുഡിഎഫിനെയും ചരിത്രത്തിലെ ഏറ്റവും ദയനീയ തോൽവിയിലെത്തിച്ചത്‌. ജനങ്ങൾ നൽകിയ ഈ ആഘാതം കോൺഗ്രസ്‌ നേതൃത്വത്തെ ഇതുവരെ അസ്വസ്ഥരാക്കിയിട്ടില്ല. അത്തരത്തിലുള്ള അശാന്തത കോൺഗ്രസിനെ സംബന്ധിച്ച്‌ അസംഭവ്യമാണെന്ന്‌ ഗതകാല അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഉമ്മൻചാണ്ടി, ചെന്നിത്തല നേതൃദ്വയത്തിന്‌ കഴിയാത്ത മുന്നേറ്റം വി ഡി സതീശന്‌ കാഴ്‌ചവയ്‌ക്കാനും കഴിയില്ല. കോൺഗ്രസ്‌ ഐതിഹാസികമായി തിരിച്ചുവരുമെന്നൊക്കെയുള്ള സതീശന്റെ പ്രഖ്യാപനം വീരവാദമായി കരുതാം.

കടൽക്കിഴവനെന്ന്‌ വിളിച്ചത്‌ 
ആർ ശങ്കറെ
കോൺഗ്രസ്‌ നേതാവും മുഖ്യമന്ത്രിയുമായിരുന്ന ആർ ശങ്കറെ ‘കടൽക്കിഴവൻ’ എന്ന്‌ പരിഹസിച്ചാണ്‌ നേതൃത്വത്തിൽനിന്ന്‌ നിഷ്‌കാസിതനാക്കിയത്‌. ശങ്കറെ മാത്രമല്ല, അറുപത്‌ വയസ്സ്‌ പിന്നിട്ടവർ നേതൃത്വം ഒഴിയണമെന്ന്‌ ആവശ്യപ്പെട്ട്‌ എ കെ ആന്റണി അടക്കമുള്ള അന്നത്തെ യുവതുർക്കികൾ വൻകലാപം അഴിച്ചുവിട്ടു. അറുപതുകളിലെത്തിയവർ ഒന്നൊഴിയാതെ സ്ഥാനം ഒഴിയണമെന്ന്‌ വാദിച്ചവർ പിന്നീട്‌ അതേപദവികളിൽ എത്തിയപ്പോൾ ആ മാതൃക പിന്തുടർന്നില്ലെന്ന്‌ കാണാം. 37–-ാം വയസ്സിൽ മുഖ്യമന്ത്രി കസേരയിൽ എത്തിയ എ കെ ആന്റണി 80 കടന്നിട്ടും രാജ്യസഭാ അംഗമാണ്‌. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നിങ്ങനെ അധികാര സ്ഥാനങ്ങൾ മാറിമാറി കൈയാളുന്ന അദ്ദേഹത്തിന്‌ തലമുറമാറ്റ വാദത്തിന്‌ ഒരു സ്ഥാനവുമില്ല. അറുപതിലെത്തിയ ആർ ശങ്കർ ‘കടൽക്കിഴവൻ’ ആണെങ്കിൽ 80 കഴിഞ്ഞിട്ടും അധികാരസ്ഥാനത്ത്‌ തുടരുന്ന ആന്റണിക്ക്‌ ചേരുന്ന വിശേഷണമെന്താണ്‌.

കെ കരുണാകരൻ 1967ൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോൾ പ്രായം 48 ആണ്‌. രമേശ്‌ ചെന്നിത്തല ഈ പദവിയിൽ എത്തിയത്‌ അറുപത്‌ വയസ്സിലും. അമ്പത്തേഴുകാരനായ വി ഡി സതീശൻ പ്രതിപക്ഷ നേതാവ്‌ ആകുമ്പോൾ എങ്ങനെ തലമുറമാറ്റമാകും.


 

‘തിരുത്തൽവാദി’യായ 
ചെന്നിത്തല
ജനവികാരം എതിരാകുമ്പോഴും തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമ്പോഴും ഉയരുന്ന എല്ലാ ചോദ്യത്തിനും ഉത്തരമാണ്‌ നേതൃമാറ്റം. മുമ്പ്‌ പലപ്പോഴും ശൈലി മാറ്റം, നേതൃമാറ്റം, തിരുത്തൽവാദം എന്നൊക്കെ പേരുകളിലാണ്‌ ഈ നാടകീയത അരങ്ങേറിയിട്ടുള്ളത്‌. 1992ൽ കെ കരുണാകരനെതിരെ ‘തിരുത്തൽവാദം’ എന്ന പേരിൽ കലാപക്കൊടി ഉയർത്തിയ മൂന്ന്‌ നേതാക്കളിൽ ജീവിച്ചിരിപ്പുള്ള ഏകയാൾ രമേശ്‌ ചെന്നിത്തലയാണ്‌. അന്തരിച്ച ജി കാർത്തികേയൻ, എം ഐ ഷാനവാസ്‌ എന്നിവരാണ്‌ മറ്റ്‌ രണ്ടുപേർ. കരുണാകരന്റെ പിന്തുണയിൽ മകൻ കെ മുരളീധരൻ അപ്രമാദിയായി വളർന്നുവരുന്നതിലുള്ള പ്രതിഷേധമാണ്‌ തിരുത്തൽവാദികളെ കൊട്ടാരവിപ്ലവത്തിന്‌ പ്രേരിപ്പിച്ചത്‌. കെ കരുണാകരന്റെ ഉറ്റ അനുയായികളും ഐ ഗ്രൂപ്പിന്റെ അമരക്കാരുമായിരുന്ന മൂന്ന്‌ പേരും അദ്ദേഹവുമായി ഇടഞ്ഞു. തിരുത്തൽവാദികളെ മുഖവിലയ്‌ക്ക്‌ എടുക്കാതെ കരുണാകരൻ മുന്നോട്ടുപോയി. ഇതോടെ എ ഗ്രൂപ്പ്‌ ക്യാമ്പുമായി അടുപ്പത്തിലായ തിരുത്തൽവാദികൾ അവർക്കൊപ്പം കരുണാകരവിരുദ്ധ നീക്കങ്ങളിൽ സജീവമായി.

1995ലാണ്‌ നേതൃമാറ്റ ആവശ്യമുയർന്നത്‌. എ കെ ആന്റണിയുടെ ആശീർവാദത്തോടെയായിരുന്നു കരുണാകരനെ പുറത്താക്കാനുള്ള നീക്കം നടന്നത്‌. എംഎൽഎമാരുടെ മനോഹിതം അറിയുന്നതിന്‌ ഹൈക്കമാൻഡ്‌ പ്രതിനിധികൾ അന്നും തലസ്ഥാനത്ത്‌ എത്തി. എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട്‌ അഭിപ്രായം തേടിയ ഹൈക്കമാൻഡ്‌ സംഘം നൽകിയ റിപ്പോർട്ടാണ്‌ കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നതിൽ കലാശിച്ചത്‌.

ആന്റണിയുടെ വരവും 
പ്രതിച്ഛായ നഷ്ടവും
കെ കരുണാകരനെ ഇറക്കിയതിനുശേഷം എ കെ ആന്റണി വിമാനം ചാർട്ട്‌ ചെയ്‌താണ്‌ ഡൽഹിയിൽനിന്ന്‌ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ എത്തിയത്‌. ഇപ്പോഴത്തെ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ഒറ്റയ്‌ക്കൊരു വിമാനത്തിലുള്ള ആന്റണിയുടെ വരവ്‌ സങ്കൽപ്പിക്കാൻപ്പോലും കഴിയുമെന്ന്‌ തോന്നുന്നില്ല. പക്ഷേ, അന്ന്‌ അധികാരഹുങ്കിൽ കോൺഗ്രസിന്‌ അതിനപ്പുറം ചെയ്യാനും മടിയുണ്ടായിരുന്നില്ല. 1995ൽ മുഖ്യമന്ത്രിയായ ആന്റണി മാസങ്ങൾ പിന്നിട്ടപ്പോൾ പ്രതിപക്ഷ നേതാവായി. അഞ്ചു വർഷം കഴിഞ്ഞ്‌ ആന്റണി വീണ്ടും മുഖ്യമന്ത്രിയായെങ്കിലും മൂന്ന്‌ വർഷത്തിനുള്ളിൽ പ്രതിച്ഛായ ചർച്ചയ്‌ക്ക്‌ തുടക്കമായി. അധികം വൈകാതെ ആന്റണിക്ക്‌ സ്ഥാനം നഷ്‌ടമായി.

2005ൽ ഉമ്മൻചാണ്ടി ആന്റണിയുടെ പകരക്കാരനായെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവായി. നേതൃമാറ്റവും തലമുറമാറ്റവും കോൺഗ്രസിനെ ഒരു കരയ്‌ക്കും അടുപ്പിച്ചില്ലെന്നാണ്‌ ഇതെല്ലാം തെളിയിക്കുന്നത്‌.
കോൺഗ്രസിന്റെ കൂട്ടായ നേതൃത്വമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ചുക്കാൻ പിടിച്ചത്‌. അതിൽ രാഹുൽ ഗാന്ധിമുതൽ എ കെ ആന്റണിവരെയുള്ളവർ കണ്ണികളായിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും തലയിൽ കെട്ടിവയ്‌ക്കുന്നവർ കാണാതെ പോകുന്നത്‌ ഇതൊക്കെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top