20 February Wednesday

ഉത്തര കൊറിയ-അമേരിക്ക തര്‍ക്കം പ്രഹരമേല്‍ക്കുന്നത് ജപ്പാന്

വി ബി പരമേശ്വരന്‍Updated: Friday Sep 1, 2017

എച്ചേഗാര കാസ്ട്രോയുമൊത്ത്

ഉത്തര കൊറിയയുടെ ആണവപദ്ധതിയുടെ പേരില്‍ പ്യോങ്യാങ്ങും അമേരിക്കയും തമ്മിലുള്ള തര്‍ക്കം ഇരു രാജ്യവും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ജപ്പാനീസ് കമ്യൂണിസ്റ്റ് പാര്‍ടി ആവശ്യപ്പെട്ടു. ഇരു രാജ്യവും തമ്മിലുള്ള തര്‍ക്കം സൈനിക ഏറ്റുമുട്ടലിന് വഴിവയ്ക്കുമെന്നും അത് ജപ്പാന്‍കൂടി ഉള്‍പ്പെടുന്ന മേഖലയിലെ സമാധാനാന്തരീക്ഷവും സുരക്ഷയും തകര്‍ക്കുമെന്നും ജപ്പാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ചെയര്‍മാനും പാര്‍ലമെന്റംഗവുമായ കസുയോഷി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തര കൊറിയക്കും അമേരിക്കയ്ക്കും അയച്ച സന്ദേശത്തില്‍ ജപ്പാനീസ് കമ്യൂണിസ്റ്റ് പാര്‍ടി മൂന്ന് നിര്‍ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.

1. യുഎന്‍ പ്രമേയത്തിന് കടകവിരുദ്ധമായി ഉത്തര കൊറിയ അവരുടെ ആണവ മിസൈല്‍ വികസനപദ്ധതിയുമായി മുന്നോട്ടു പോകുന്നതാണ് പ്രശ്നത്തിന്റെ അടിസ്ഥാന കാരണം. അതിനാല്‍ ഉത്തര കൊറിയ യുഎന്‍ പ്രമേയത്തിനു വഴങ്ങി പ്രകോപനപരമായ നടപടികളും ഗുവാമിലേക്കുള്ള സൈനിക നീക്കവും പിന്‍വലിക്കണം.
2. ഉത്തര കൊറിയയും അമേരിക്കയും സംയമനം പാലിക്കാനും ഉഭയകക്ഷി ചര്‍ച്ച നടത്താനും തയ്യാറാകണം. ആണവ-മിസൈല്‍ വിഷയങ്ങള്‍ നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കണം.
3. അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്ന രാജ്യം ജപ്പാനായിരിക്കും. അതിനാല്‍ ഇരു രാജ്യത്തെയും സംഭാഷണത്തിന് പ്രേരിപ്പിക്കാനും പ്രശ്നം സമാധാനപരമായും നയതന്ത്രമാര്‍ഗങ്ങളിലൂടെയും പരിഹരിക്കാനും ജപ്പാന്‍ മുന്‍കൈയെടുക്കണം. സൈനിക പ്രതികരണം പ്രശ്നം വഷളാക്കുകയേയുള്ളൂ.

പാട്രീഷ്യോ എച്ചേഗാര ഇനി ഓര്‍മ
ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനും അര്‍ജന്റീനിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന പാട്രീഷ്യോ എച്ചേഗാര അന്തരിച്ചു. ക്യൂബന്‍ വിപ്ളവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ അടുത്ത സുഹൃത്തുകൂടിയായ പാട്രീഷ്യോ എച്ചേഗാര 1989 മുതല്‍ അര്‍ജന്റീനിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറിയായിരുന്നു. സാന്‍ജുവാന്‍ പ്രവിശ്യയില്‍ 1946 ഒക്ടോബര്‍ 17നു ജനിച്ച പാട്രീഷ്യോ എച്ചേഗാര വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തിയത്. സ്വന്തം താല്‍പ്പര്യങ്ങള്‍ മാറ്റിവച്ച് ലാറ്റിനമേരിക്കന്‍ വിപ്ളവപ്രസ്ഥാനങ്ങള്‍ക്കു വേണ്ടി നിലകൊണ്ട സാര്‍വദേശീയവാദിയായിരുന്നു എച്ചേഗാരയെന്ന് അര്‍ജന്റീനിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ക്യൂബ, വെനസ്വേല, ബൊളീവിയ, നിക്കരാഗ്വ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. അര്‍ജന്റീന പട്ടാളഭരണത്തിലായപ്പോള്‍ രണ്ടു തവണ പാട്രീഷ്യോ എച്ചേഗാര ജയിലിലടയ്ക്കപ്പെട്ടു. സമീപകാലത്ത് വലതുപക്ഷ നവഉദാരവല്‍ക്കരണ ശക്തികള്‍ക്കെതിരെ കിര്‍ച്ചറിനിസവുമായി (അര്‍ജന്റീനിയന്‍ പ്രസിഡന്റായിരുന്ന നെസ്റ്റര്‍ കിര്‍ച്ചിനറും ഭാര്യ ക്രിസ്റ്റീന എലിസബത്ത് ഫെര്‍ണാണ്ടസ് കിര്‍ച്ചിനറും മുന്നോട്ടുവയ്ക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് ആശയം)സഖ്യം സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച നേതാവുകൂടിയായിരുന്നു പാട്രീഷ്യോ എച്ചേഗാരയെന്ന് അര്‍ജന്റീനിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി വിലയിരുത്തി. അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ യുണൈറ്റഡ് ലെഫ്റ്റിന്റെ കൌണ്‍സിലംഗമായി പാട്രീഷ്യോ എച്ചേഗാര പ്രവര്‍ത്തിക്കുകയുണ്ടായി. 

സിറിയന്‍ ഐക്യം കാത്തുസൂക്ഷിക്കണമെന്ന് കമ്യൂണിസ്റ്റ് പാര്‍ടി
എന്തുവിലകൊടുത്തും സിറിയന്‍ ഐക്യം കാത്തുസൂക്ഷിക്കാനായി പൊരുതുമെന്ന് സിറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി അമ്മര്‍ ബാഗ്ദാഷ് വ്യക്തമാക്കി. സിറിയയില്‍ റഷ്യയുടെ നേതൃത്വത്തില്‍ നാല് യുദ്ധതീവ്രത കുറഞ്ഞ മേഖല രൂപീകരിക്കാനുള്ള തീരുമാനം സിറിയയുടെ വിഭജനത്തിലേക്ക് നയിക്കുമോ എന്ന സംശയവും ബാഗ്ദാഷ് പങ്കുവച്ചു. റഷ്യയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷകക്ഷികളുമായി ചര്‍ച്ച നടത്തി നാല് യുദ്ധ തീവ്രത കുറഞ്ഞ മേഖലകള്‍ സൃഷ്ടിക്കാന്‍ മെയ് മാസത്തില്‍ തീരുമാനിച്ചത്. ഇറാന്‍, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളും ഈ തീരുമാനത്തില്‍ പങ്കാളികളാണ്. ഈ മേഖലകള്‍ നിലവില്‍ വരുന്നതോടെ വടക്കന്‍ സിറിയയില്‍ തുര്‍ക്കിക്കും തെക്കന്‍ സിറിയയില്‍ അമേരിക്കയ്ക്കും സ്വാധീനം ലഭിക്കുമെന്നും അത് അന്തിമമായി സിറിയന്‍ വിഭജനത്തിലേക്ക് നയിക്കുമെന്നുമുള്ള സംശയമാണ് കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുവയ്ക്കുന്നത്. 

എന്നാല്‍, സിറിയ വിഭജിക്കപ്പെടുമോ എന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംശയം അസ്ഥാനത്താണെന്ന് സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വിശദീകരിച്ചു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ മാത്രമാണ് തീവ്രത കുറഞ്ഞ യുദ്ധമേഖലകൊണ്ട് അര്‍ഥമാക്കുന്നതെന്നും അസദ് കൂട്ടിച്ചേര്‍ത്തു. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന 'സുരക്ഷിതമേഖല' എന്ന ആശയത്തെ അസദ് രൂക്ഷമായി വിമര്‍ശിച്ചു. തുര്‍ക്കിയുമായി സഹകരണമില്ലെന്നും ടെലിവിഷന്‍ പ്രസംഗത്തില്‍ അസദ് പറഞ്ഞു. ഭീകരവാദത്തെ സഹായിക്കുന്ന നിലപാടാണ് അമേരിക്കയ്ക്കും തുര്‍ക്കിക്കുമുള്ളതെന്ന് പറഞ്ഞ അസദ് റഷ്യയും ഇറാനും ലബനണിലെ ഹിസബുള്ളയുമാണ് യഥാര്‍ഥ സുഹൃത്തുക്കളും സഖ്യകക്ഷികളുമെന്നും കൂട്ടിച്ചേര്‍ത്തു. 

സിയാറ്റിലില്‍ ലെനിന്റെ പ്രതിമ നീക്കിയതില്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് പ്രതിഷേധം
അമേരിക്കയില്‍ കോണ്‍ഫെഡറേറ്റ് നേതാക്കളുടെ പ്രതിമകളും ചിഹ്നങ്ങളും നീക്കുന്നതിനിടയില്‍ സിയാറ്റിലിലെ ലെനിന്‍ പ്രതിമകൂടി നീക്കിയ അധികൃതരുടെ നടപടിയില്‍ റഷ്യന്‍ ഫെഡറേഷനിലെ കമ്യൂണിസ്റ്റ് പാര്‍ടി ശക്തമായി പ്രതിഷേധിച്ചു. അമേരിക്കയില്‍ ശക്തമായി തുടരുന്ന സോവിയറ്റ് വിരുദ്ധ, കമ്യൂണിസ്റ്റ് വിരുദ്ധ, റഷ്യന്‍ വിരുദ്ധ ജ്വരത്തിന്റെ ഫലമാണ് പ്രതിമ നീക്കം ചെയ്യാനുള്ള സിയാറ്റില്‍ മേയര്‍ എഡ്മുറെയുടെ  നടപടിയെന്ന് റഷ്യന്‍ ഫെഡറേഷന്‍ കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറി ദിമിത്രി നോവിക്കോവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അമേരിക്കയെ വിഭജിക്കാന്‍ മുന്നിട്ടിറങ്ങിയ കോണ്‍ഫെഡറേറ്റ് നേതാക്കള്‍ക്കെതിരായ ജനവികാരത്തെ ലെനിനെതിരെ തിരിച്ചുവിട്ടത് വിചിത്രമാണെന്ന് അഭിപ്രായപ്പെട്ട നോവിക്കോവ് ലെനിന്‍ എന്നുംഅടിമത്തത്തെ എതിര്‍ത്ത ആളാണെന്ന് എഡ്മുറയെ ഓര്‍മിപ്പിച്ചു. വ്യക്തിസ്വാതന്ത്യ്രത്തിനും നീതിക്കുംവേണ്ടി നിലകൊണ്ട ലെനിന്റെ ഓര്‍മ കാത്തുസൂക്ഷിക്കാനായി നിര്‍മിച്ച പ്രതിമ നീക്കംചെയ്തത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

പ്രധാന വാർത്തകൾ
 Top