03 December Friday
ഇന്ന് സംസ്ഥാന കായിക ദിനം

മെഡലുകൾ കേരളത്തെ തേടിവരണം - കായികമന്ത്രി വി അബ്ദുറഹിമാൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

കോവിഡാനന്തരം കായികമേഖലയുടെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്തേണ്ടതിന്റെ ആവശ്യകത എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു.  ഈ സാഹചര്യത്തിൽ, ആരോഗ്യക്ഷമത കൈവരിക്കാൻ കായികപ്രവർത്തനങ്ങളിലും  മറ്റു ഫിസിക്കൽ ആക്റ്റിവിറ്റികളിലും കൂടുതലായി ഏർപ്പെടുമെന്ന് നമുക്ക് ഒറ്റക്കെട്ടായി തീരുമാനിക്കാനുള്ള അവസരമാണ് കേരള കായികദിനം.
കേരളത്തിന്റെ കായികവികസനത്തിന് അടിത്തറ പാകിയ വ്യക്തിയാണ് കേണൽ ഗോദവർമ രാജ എന്ന ജി വി രാജ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനം കേരള കായികദിനമായി ആചരിക്കുന്നത്. കളികളെ ജനകീയമാക്കി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പുതിയ സാഹചര്യങ്ങളിൽ ആ മാതൃക കൂടുതൽ ഫലപ്രദമായി എങ്ങനെ നടപ്പാക്കാം എന്നാണ് ആലോചിക്കുന്നത്. അതിനു സഹായകമായ പദ്ധതികളും പരിപാടികളുമാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്‌.

കായികസാക്ഷരതയിൽ കേരളത്തെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2022 ജനുവരിയിൽ സംസ്ഥാനത്ത് പുതിയ കായികനയം നടപ്പാക്കും. മുഴുവൻ ജനങ്ങളെയും കായികപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും അതിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുകയുമാണ് കായികനയത്തിന്റെ അടിസ്ഥാനമായി നിശ്ചയിച്ചിരിക്കുന്നത്.  കായികസാക്ഷരതയും കായികപ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്നതിലൂടെ സംസ്ഥാനത്ത് ഒരു ഉയർന്ന കായികസംസ്‌കാരം വളർത്തിയെടുക്കാനാകും. അതിലൂടെ മുഴുവൻ ജനങ്ങളുടെയും ക്ഷേമവും സന്തോഷവും (വെൽനസ് ആൻഡ്‌ ഹാപ്പിനസ്) എന്ന മഹത്തായ ലക്ഷ്യം യാഥാർഥ്യമാക്കാനും സാധിക്കും. ഒപ്പം, ലോകനിലവാരമുള്ള കായികതാരങ്ങളെ നേടിയെടുക്കാനുള്ള പരിശീലന പരിപാടികളും ടൂർണമെന്റുകളും സംഘടിപ്പിക്കും. ഉന്നതമായ കായികസംസ്‌കാരം നടപ്പാകുന്നതിലൂടെ മെഡലുകൾ കേരളത്തെ തേടിവരുന്ന നാളുകൾ നമുക്ക് സൃഷ്ടിക്കാനാകും.

പ്രീ പ്രൈമറി തലംമുതൽ ആരംഭിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി കായികസാക്ഷരത കുട്ടികളിൽ വളർത്തിയെടുക്കുകയും അവ നിലനിർത്താനുള്ള ശ്രമം ഉണ്ടാകുകയും വേണം. അതുകൊണ്ടുതന്നെ, കുട്ടികളിലും ചെറുപ്പക്കാരിലും കായികസാക്ഷരത സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനും നിലവിലെ കായിക വിദ്യാഭ്യാസ സമ്പ്രദായം കാലോചിതമായി പരിഷ്‌കരിക്കാനും ആവശ്യമായ പദ്ധതികൾ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കി വരുന്നുണ്ട്.

കൂടുതൽപേരെ കളിക്കളങ്ങളിലേക്ക് എത്തിക്കുക എന്നതാണ് കായികവളർച്ചയ്ക്ക്  ഏറ്റവുംപ്രധാനം. കായികമേഖലയുടെ പ്രചാരത്തിനും ജനകീയതയ്ക്കും പ്രഥമസ്ഥാനമാണ് നൽകുന്നത്. പഞ്ചായത്ത്/ മുനിസിപ്പൽതല സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. താഴേത്തട്ടിൽ സ്‌പോർട്‌സ് കൗൺസിലുകൾ നിലവിൽ വരുന്നതോടെ സംസ്ഥാനത്താകെ കായികപ്രവർത്തനങ്ങൾ വ്യാപകമാക്കാനും സജീവമാക്കാനും കഴിയും. എല്ലാ പഞ്ചായത്തിലും കളിക്കളം എന്ന ഗവൺമെന്റിന്റെ പ്രഖ്യാപനവും നടപ്പാക്കുകയാണ്.

അതിന്റെ ഭാഗമായി സർവേ നടപടികൾ പൂർത്തിയാകുന്നു. മെച്ചപ്പെട്ട കായികസംസ്‌കാരം വളർത്തുന്നതിൽ ഗ്രാമീണ കളിക്കളങ്ങൾ പ്രധാനമാണ്. കേരളത്തിന്റെ തനത് കായികഇനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്. കളരി ഉൾപ്പെടെയുള്ള ആയോധനകലകൾ പ്രോത്സാഹിപ്പിക്കും. യോഗ കൂടുതൽ ജനകീയമാക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ലളിതമായ ഉപകരണങ്ങളിലൂടെ ജനങ്ങളെ വ്യായാമത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വാട്ടർ സ്‌പോർട്‌സ് ഉൾപ്പെടെ കേരളത്തിന്റെ സാധ്യതയ്ക്ക് അനുസരിച്ചുള്ള സ്‌പോർട്‌സ് ടൂറിസം പ്രോത്സാഹിപ്പിക്കും.

1000 കോടിരൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് സംസ്ഥാനത്ത് കായികമേഖലയിൽ പുരോഗമിക്കുന്നത്. ഈ കളിക്കളങ്ങൾ നല്ല നിലയിൽ പ്രയോജനപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. കോഴിക്കോടും മൂന്നാറിലും അന്താരാഷ്ട്ര നിലവാരമുള്ള കായികസമുച്ചയങ്ങൾക്കും പദ്ധതി തയ്യാറാകുന്നുണ്ട്. കളിക്കളങ്ങളുടെ പരിപാലനത്തിന് സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ സ്ഥാപിച്ചത് നിർണായക ചുവടുവയ്‌പാണ്.


 

കളിക്കളങ്ങളിൽ കൂടുതൽപേരെ എത്തിക്കുക എന്നതിനൊപ്പം പ്രധാനമാണ് വിവിധ കായികഇനങ്ങളിൽ കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കുകയെന്നത്. ഇതുസംബന്ധിച്ച് വിവിധ കായിക അസോസിയേഷനുകളുമായി ദേശീയതലത്തിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ദേശീയ മത്സരങ്ങൾ നടത്താൻ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ തയ്യാറായത് ഇതിന്റെ ഭാഗമാണ്.

കായിക പരിശീലനത്തിൽ വലിയ മാറ്റങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുകയാണ്. സ്‌പോർട്‌സ് ഹോസ്റ്റലുകളുടെ നിലവാരം ഉയർത്തി. ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ ഏറ്റവും വലിയ ഉദാഹരണമാണ്. കുട്ടികളുടെ സെലക്‌ഷൻ പ്രക്രിയയിലും പരിഷ്‌കാരം വരുത്തുകയാണ്. കായികമേഖലയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സെലക്‌ഷനിലും സർട്ടിഫിക്കറ്റ് വിതരണത്തിലും ഉൾപ്പെടെ ഈ രംഗത്തുള്ള ദുഷിച്ച പ്രവണതകൾ അവസാനിപ്പിക്കാൻ ഇതു വഴിയൊരുക്കും.

സ്‌പോർട്‌സ് സയൻസ്, സ്‌പോർട്‌സ് മെഡിസിൻ, സ്‌പോർട്‌സ് സൈക്കോളജി, സ്‌പോർട്‌സ് ന്യുട്രിഷൻ തുടങ്ങിയ നവീനസങ്കേതങ്ങൾ നമ്മുടെ കായികമേഖലയിലും നടപ്പാക്കുകയാണ്. കണ്ണൂരിലും തൃശൂരും സ്‌പോർട്‌സ് മെഡിസിൻ കേന്ദ്രങ്ങൾ ഉടൻ തുറക്കും. സംസ്ഥാന ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളിൽ കളിക്കും കളിക്കാർക്കുമായിരിക്കും പ്രഥമ പരിഗണന. ആ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള കായികവികസനമാകും നടപ്പാക്കുന്നത്. ഈ കായികദിനാചരണം അതിനുള്ള ഊർജം പകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top