ലൗ ജിഹാദ് എന്ന സംഘപരിവാറിന്റെ സാങ്കൽപ്പികമായ ഒരു ആശയത്തെ ആസ്പദമാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവൺമെന്റുകൾ താലിബാൻ സ്റ്റൈൽ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗവൺമെന്റാണ് അവസാനമായി ഇങ്ങനെ ഒരു ഓർഡിനൻസ് നവംബർ 24ന് പുറപ്പെടുവിച്ചത്. ഇത് പ്രാബല്യത്തിൽ വന്നതിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ "ലൗ ജിഹാദ്' വേട്ട സംസ്ഥാനത്ത് ആരംഭിച്ചു. സംഭവം ഇത്രയേ ഉള്ളൂ, മുസ്ലിം പുരുഷന്മാർ ഹിന്ദുസ്ത്രീകളെ പ്രേമിച്ച് വിവാഹം കിഴിച്ചാൽ അത് "ലൗ ജിഹാദ്' ആണ്. അതിനെ നിരോധിക്കണം. ഉപരോധിക്കണം. പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ പരസ്പരസമ്മതമൊന്നും യോഗിയുടെ ഈ നിയമത്തിന് ബാധകമല്ല. ബറേലിയിലും ലഖ്നൗവിലും മുറാദാബാദിലും അലിഗഢിലും ഒട്ടേറെ യുവതീയുവാക്കളെ ഈ വിവാഹനിയമപ്രകാരം ഇതിനുള്ളിൽത്തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ അവരുടെ വിവാഹം മുടക്കിയിട്ടുണ്ട്. ഈ നിയമത്തിന്റെ പേര് ഉത്തർപ്രദേശ് പ്രൊഹിബിഷൻ ഓഫ് റിലീജ്യൻ ഓർഡിനൻസ് എന്നാണ്. ഇത് നിയമസഭ പാസാക്കി നിയമം ആകാനിരിക്കുന്നതേയുള്ളൂ. അതിന് യോഗിയുടെ ഭൂരിപക്ഷം നോക്കുമ്പോൾ ഒട്ടും പ്രയാസവുമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും കർണാടകവും ഹരിയാനയും അസമും ഇതേ നിയമങ്ങൾ കൊണ്ടുവരാൻ തയ്യാറാകുകയാണ്.
എന്താണ് ഈ രീതിയിലുള്ള നിയമങ്ങളുടെ ഭരണഘടനാ സാധുത ? എന്താണവയുടെ നീതിന്യായ വ്യവസ്ഥപ്രകാരമുള്ള അംഗീകാരം? എന്താണിവയുടെ രാഷ്ട്രീയ --- മത ധ്രുവീകരണ പ്രസക്തി?.ഈ കരിനിയമം പുരുഷമേധാവിത്വ സവർണ അധീശത്വത്തിന്റെ അടയാളമാണ്. അതിൽ രാഷ്ട്രീയവും മതവെറിയുമുണ്ട്. അതുപോലെതന്നെ, അസ്ഥാനത്തായ മത അസന്തുലിതാശങ്കയും ഇതിന് സംഘപരിവാറിന്റെയും കാവിവിജിലാന്റെ സംഘങ്ങളുടെയും ഭരണകക്ഷിയുടെയും പൊലീസിന്റെയും ഭാഗികമായി ജുഡീഷ്യറിയുടെയും ഒത്താശയുണ്ട്. അതുകൊണ്ടാണ് വിശ്വഹിന്ദുപരിഷത്തും രാഷ്ട്രീയ സ്വയം സേവക് സംഘും ബജ്രംഗ്ദളും അതുപോലുള്ള സംഘപരിവാർ സംഘടനകളും എതിർക്കുന്നതും തടയുന്നതും.
ഹിന്ദുയുവതിയെ മുസ്ലിം പരസ്പര ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ ഈ നിയമാനുസരണം മതപരിവർത്തനവും ഹിന്ദുമതത്തെ ഇല്ലാതാക്കാനുള്ള ഇസ്ലാമിന്റെ വിശുദ്ധ യുദ്ധവുമാണ്. സവർണനും അവർണനും വിവാഹം കഴിക്കുന്നത് അയിത്തവുമാണ് ഈ മതവാദികൾക്ക്. ഇവർക്ക് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ബാധകമല്ല(സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായപൂർത്തിയായ വ്യക്തികളുടെ അവകാശം). ഇവയ്ക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 25 മുതൽ 28 വരെയുള്ള ഭാഗങ്ങളും ബാധകമല്ല. ഇതെല്ലാം മത --- വ്യക്തി സ്വാതന്ത്ര്യങ്ങളെ സംബന്ധിക്കുന്നതാണ്. ശരിയാണ് യോഗിയുടെ ഓർഡിനൻസ് നിരോധിക്കുന്ന മതപരിവർത്തനത്തിനായിട്ടുള്ള വിവാഹത്തെയും(ലൗ ജിഹാദ്) മറ്റ് പ്രലോഭനങ്ങളെയുമാണ്. ഇവിടെയാണ് ഈ നിയമം ദുരുപയോഗപ്പെടുന്നത്. ഇവിടെയാണ് ഇതിന്റെ രാഷ്ട്രീയലക്ഷ്യം തെളിഞ്ഞുവരുന്നത്.
പരസ്പരം ഇഷ്ടപ്പെട്ടിട്ടുള്ള വിവാഹങ്ങളാണ് തട്ടിക്കൊണ്ടുപോയി എന്ന പേരിലും ലൗ ജിഹാദ് എന്ന പേരിലും അധികാരികളുടെ മുമ്പാകെ സത്യംചെയ്തു പറഞ്ഞാലും നിരാകരിച്ച് പീഡിപ്പിക്കുന്നത്. പ്രായപൂർത്തിയായ സ്ത്രീപുരുഷന്മാർക്ക് സ്വമനസ്സാ വിവാഹംചെയ്തു ജിവിക്കാനുള്ള ഭരണഘടനാനുസൃതമായ അവകാശമാണ് ഇവിടെ ലൗ ജിഹാദ് എന്ന പേരിൽ യോഗിയും സംഘപരിവാറും നിഷേധിക്കുന്നത്. പ്രലോഭനങ്ങൾകൊണ്ടും സമ്മർദംകൊണ്ടും നടത്തുന്ന നീക്കങ്ങളെ തടയാൻ വേറെ എത്രയോ നിയമങ്ങൾ ഇന്ത്യൻ നിയമസംഹിതയിലുണ്ട്. അതുകൊണ്ടാണ് യോഗിയുടെ ഈ ഓർഡിനൻസിന്റെ രാഷ്ട്രീയലക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നത്.
എന്താണ് "ലൗ ജിഹാദ്' ? അതിന് വ്യക്തമായ നിർവചനം ഇല്ല. അത് സംഘപരിവാറിന്റെ ഒരു സാങ്കൽപ്പിക സൃഷ്ടിയാണ്
യോഗിയുടെ ഈ ഓർഡിനൻസും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വരാൻ പോകുന്ന ഇതുപോലുള്ള നിയമങ്ങളും വ്യക്തി സ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള ഭരണഘടനാനുസൃതമായ അവകാശത്തെയും ചോദ്യം ചെയ്യുന്നതാണ്, അവഹേളിക്കുന്നതാണ്. ഇവ വ്യക്തികളെ, പ്രത്യേകിച്ചും ഹിന്ദുസ്ത്രീകളെ, സ്വന്തമായി തീരുമാനം എടുക്കാൻ കഴിവില്ലാത്ത, കബളിപ്പിക്കപ്പെടാൻ സദാ സാധ്യതയുള്ളവരായി ചിത്രീകരിക്കുന്നു. ഇത് വ്യക്തിനിന്ദയാണ്. നാനാത്വത്തിൽ ഏകത്വം എന്നും ജാതിമത, വർഗ, വർണ, ഭാഷാവ്യത്യാസമില്ലാതെ മനുഷ്യൻ ഒന്നായി ജീവിക്കാനുള്ള ദേശീയോദ്ഗ്രഥനപരമായ ആധുനിക ചിന്താഗതി കാറ്റിൽപ്പറത്തിക്കൊണ്ടാണ് യോഗിയെപ്പോലുള്ള ഭരണാധികാരികൾ ഇത്തരം ശിലായുഗ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത്. ഇതാണ് കാവിനിയമം എങ്കിൽ ഇത് നഗ്നമായ കരിനിയമം ആണെന്നു പറയേണ്ടി വരും.
എന്താണ് "ലൗ ജിഹാദ്' ? അതിന് വ്യക്തമായ നിർവചനം ഇല്ല. അത് സംഘപരിവാറിന്റെ ഒരു സാങ്കൽപ്പിക സൃഷ്ടിയാണ്.
കേന്ദ്ര ആഭ്യന്തര ഉപമന്ത്രി കിവിൻ റെഡ്ഢി പാർലമെന്റിൽ വെളിപ്പെടുത്തിയത് ഇത് എന്താണെന്ന് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ലെന്നും ഇങ്ങനെ ഒന്ന് ഇന്ത്യയിൽ നിലവിലില്ലെന്നുമാണ്. ഇതാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിലപാട്. "ലൗ ജിഹാദി’ന്റെ വാസ്തവം അന്വേഷിച്ചറിയാനായി കേന്ദ്ര ഗവൺമെന്റ് നിയമിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) ലൗ ജിഹാദ് വിദേശ സഹായത്താൽ നടത്തുന്ന ഒരു ഭീകരഗൂഢസംഭവം ആണെന്നതിനാൽ സത്യം ഇല്ലെന്നാണ് കണ്ടെത്തിയത്. ഇത് നവംബർ 24ന് പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. "ലൗ ജിഹാദ്' ഒരു വിദേശ ഗൂഢാലോചന ആണെന്നും അതിൽ വിദേശ ഫണ്ട് വരുന്നുണ്ടെന്നും ഇതിലൂടെ മതപരിവർത്തനം നടത്തി മുസ്ലിം ജനസംഖ്യ ഉയർത്തുകയാണ് ലക്ഷ്യമെന്നുമാണ് പ്രചാരണം. ഇതുതന്നെ ക്രിസ്ത്യാനികളുടെ നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചും സംഘപരിവാർ പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷേ, വാസ്തവം സ്വാതന്ത്ര്യലബ്ധിക്കു മുമ്പും പിമ്പും ക്രിസ്ത്യൻ ജനസംഖ്യ രണ്ട് ശതമാനത്തിനടുത്തു നിൽക്കുന്നുവെന്നതാണ്.
യോഗി ആദിത്യനാഥിന്റെ നിയമപ്രകാരം "ലൗ ജിഹാദ്'10 വർഷംവരെ തടവും പിഴയുമാണ് ശിക്ഷ. പുരുഷൻ സ്ത്രീയെ വശീകരിച്ചതാണോ മറിച്ചാണോ എന്നും തീരുമാനിക്കുന്നത് ഭരണാധികാരികളാണ്. മതപരിവർത്തനം നടത്തിയോ അത് നിർബന്ധപൂർവമാണാ എന്നു തീരുമാനിക്കേണ്ടത് ഭരണകർത്താക്കൾ. അതുപോലെ, കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നോ എന്നും കാലാവധിയായ രണ്ടു മാസത്തിനുള്ളിൽ ജില്ലാ മജിസ്ട്രേട്ട് തീരുമാനിക്കണം.
സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും ഒട്ടുമിക്ക കല്യാണങ്ങളിലും കൈമാറുന്ന പണം ഈ പരിധിയിൽ വരുമോ. പരസ്പരം ഇഷ്ടപ്പെട്ടാണ് കല്യാണം കഴിച്ചതെന്ന് സ്ത്രീയും പുരുഷനും മജിസ്ട്രേട്ടിനോട് പറഞ്ഞാലും ഇതുപോലുള്ള നിയമങ്ങൾ കാരണം അവയൊന്നും വിലപ്പോകില്ല. ഇനി മതപരിവർത്തനം സ്വമേധയാ ആണെങ്കിൽ അത് ഭരണഘടനാനുസൃതമാണ്. ഇവിടെ ഉയരുന്ന ചോദ്യം പരസ്പരം ഇഷ്ടപ്പെട്ട് സ്നേഹിച്ച് വിവാഹം കഴിക്കുന്നവർ എന്തിന് മതം മാറണം എന്നുള്ളതാണ്.
‘ലൗ ജിഹാദി’ന് എതിരെ വിധി പുറപ്പെടുവിച്ചിട്ടുള്ളത് പ്രധാനമായും രണ്ടു ഹൈക്കോടതിയാണ്. ഒന്ന് കേരള ഹൈക്കോടതി. കേരള ഹൈക്കോടതിയുടെ ഹാദിയ കേസിലെ വിധി സുപ്രീംകോടതി തള്ളി. രണ്ട് അലഹബാദ് ഹൈക്കോടതി. മതപരിവർത്തനത്തിനായിട്ടുള്ള വിവാഹം നിയമവിരുദ്ധമാണെന്നായിരുന്നു ആ വിധി. പക്ഷേ, ഇതിനെ നവംബർ 23ന് യോഗിയുടെ ഓർഡിനൻസ് വരുന്നതിനുമുമ്പ് അതേ അലഹബാദ് ഹൈക്കോടതിതന്നെ ചീത്തനിയമം എന്നുപറഞ്ഞ് തള്ളി.
ജാതിമത ഭാഷാഭേദമെന്യേ ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തിയായവർക്ക് ഭരണഘടനയുടെ 21–-ാം ആർട്ടിക്കിൾ ഉറപ്പുനൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻവിധി തള്ളിക്കളഞ്ഞത്. പക്ഷേ ഇതൊന്നും യോഗിയുടെ കിരാത നിയമം കൊണ്ടുവരാൻ ശ്രമിക്കുന്ന ഇതര ബിജെപി സംസ്ഥാന ഗവൺമെന്റുകൾക്ക് ബാധകമല്ല. ഒരു പൊലീസ് കോൺസ്റ്റബിളിനും ആരെയും ഇൗ കുറ്റം ചുമത്തി തെരുവിൽനിന്നോ വീട്ടിൽനിന്നോ അറസ്റ്റ് ചെയ്യാം. വാറന്റും ജാമ്യവുമില്ല. നിരപരാധിത്വം തെളിയിക്കേണ്ടത് പ്രതിയാക്കപ്പെട്ടയാളാണ്. സാധാരണഗതിയിൽ പ്രോസിക്യൂഷനാണ്. ‘ലൗ ജിഹാദ്’ നിയമങ്ങൾ വ്യക്തി–-മത–-ജീവിത സ്വാതന്ത്ര്യത്തിനു മേലുള്ള സ്റ്റേറ്റിന്റെ കടന്നുകയറ്റമാണ്. അത് ഭരണഘടനാവിരുദ്ധമാണ്. ജനാധിപത്യ ലംഘനമാണ്. മനുഷ്യാവകാശ ധ്വംസനമാണ്. സുപ്രീംകോടതി ഇതിനെ ചവറ്റുകൊട്ടയിൽ എറിയണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..