04 February Saturday

പ്രവചനങ്ങൾ പിഴച്ചു ;
 റിപ്പബ്ലിക്കൻ സുനാമിയില്ല

വി ബി പരമേശ്വരൻUpdated: Saturday Nov 12, 2022


അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രവചന വിദഗ്‌ധർ വിഭാവനം ചെയ്‌തതുപോലെ റിപ്പബ്ലിക്കൻ സുനാമി ഉണ്ടാകുകയോ ഡെമോക്രാറ്റുകൾ തകർന്നടിയുകയോ ചെയ്‌തില്ല. അമേരിക്കൻ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ രണ്ട്‌ വശങ്ങളാണ്‌ ഇരു പാർടിയുമെങ്കിലും തീവ്രവലതുപക്ഷ സ്വഭാവം റിപ്പബ്ലിക്കൻമാരുടെ മുഖമുദ്രയാണ്‌. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 100 അംഗ സെനറ്റിൽ 35 സീറ്റിലേക്കും 39 സംസ്ഥാന ഗവർണർ പദവിയിലേക്കുമാണ്‌ നവംബർ എട്ടിന്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇതിൽ ജനപ്രതിനിധി സഭയിലേക്ക്‌ നേരിയ ഭൂരിപക്ഷം നേടാൻ മാത്രമേ റിപ്പബ്ലിക്കൻ പാർടിക്ക്‌ കഴിയൂവെന്നാണ്‌ ഇതുവരെയുള്ള ഫലങ്ങൾ സൂചിപ്പിക്കുന്നത്‌ (ഇത്‌ എഴുതുമ്പോൾ 33 സീറ്റിന്റെ ഫലം അറിയാനുണ്ട്‌). ഭൂരിപക്ഷം ലഭിക്കാൻ 218 സീറ്റ്‌ ലഭിക്കണം. ഇപ്പോൾ റിപ്പബ്ലിക്കന്മാർക്ക്‌ 210ഉം ഡെമോക്രാറ്റുകൾക്ക്‌ 192 സീറ്റുമാണ്‌ ഉള്ളത്‌. സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക്‌ ഉണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെട്ട്‌ ഡെമോക്രാറ്റുകൾ നേരിയ ഭൂരിപക്ഷം കരസ്ഥമാക്കുമെന്നാണ്‌ കരുതുന്നത്‌. അരിസോന, നെവാഡ ഫലങ്ങൾ വരാനുണ്ട്‌. ജോർജിയയിൽ സെനറ്റ്‌ സീറ്റിൽ ഇരു സ്ഥാനാർഥികൾക്കും 50 ശതമാനം വോട്ട്‌ കിട്ടാത്തതിനാൽ ഡിസംബറിൽ വീണ്ടും വോട്ടെടുപ്പ്‌ നടക്കും. ഗവർണർമാരിൽ മുൻതൂക്കം ഡെമോക്രാറ്റുകൾക്കാണ്.

തെരഞ്ഞെടുപ്പിന്‌ മുമ്പുള്ളഎല്ലാ അഭിപ്രായ വോട്ടെടുപ്പുകളും പ്രവചിച്ചത്‌ റിപ്പബ്ലിക്കന്മാർക്ക്‌ പാർലമെന്റിലെ ഇരുസഭയിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു. എന്നാൽ, ഫലം നിരാശാജനകമായിരുന്നു. 2024ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിനിൽക്കുന്ന റിപ്പബ്ലിക്കൻ പാർടിയിലെ ‘മെയ്‌ക്ക്‌ അമേരിക്ക ഗ്രേറ്റ്‌ എഗെയ്‌ൻ’(മാഗ) എന്ന തീവ്രവലതുപക്ഷ വിഭാഗം നേതാവ്‌ ഡോണൾഡ്‌ ട്രംപിന്റെ കണക്കുകൂട്ടലുകളാണ്‌ പിഴച്ചത്‌. നവംബർ 15നു വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന്‌ മുൻ പ്രസിഡന്റുകൂടിയായ ട്രംപ്‌ പറഞ്ഞത്‌ രണ്ടാംവട്ടം മത്സരം ലക്ഷ്യംവച്ചായിരുന്നു. ആ ശ്രമത്തിനാണ്‌ മങ്ങലേറ്റത്‌. മാത്രമല്ല, ട്രംപിന്റെ നാടായ ഫ്‌ളോറിഡയിൽനിന്ന്‌ റിപ്പബ്ലിക്കൻ പാർടി ടിക്കറ്റിൽ റോൺ ഡി സാന്റിസ്‌ വൻഭൂരിപക്ഷത്തോടെ വിജയിച്ചത്‌ ട്രംപിന്‌ ഭീഷണിയാണ്‌.  ട്രംപിന്റെ പിന്തുണയില്ലാതിരുന്നിട്ടും 20 ശതമാനം കൂടുതൽ വോട്ട്‌ നേടിയാണ്‌ ഡി സാന്റിസ്‌ വിജയിച്ചത്‌.  ട്രംപിനെ എതിർക്കുന്നവർ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നയാളാണ്‌ സാന്റിസ്‌.

ട്രംപ്‌ വായിക്കുന്ന ‘ന്യൂയോർക്ക്‌ പോസ്റ്റ്‌’ പത്രം അതിന്റെ കവർ പേജായി സാന്റിസിന്റെയും കുടുംബത്തിന്റെയും പടം കൊടുത്തുവെന്ന്‌ മാത്രമല്ല, അമേരിക്കയുടെ ഭാവിയാണ്‌ സാന്റിസ്‌ എന്ന അർഥത്തിൽ ‘ഡിഫ്യൂച്ചർ’ എന്ന തലക്കെട്ടാണ്‌ നൽകിയത്‌.  ട്രംപിനുള്ള വ്യക്തമായ സന്ദേശമായിരുന്നു അത്‌. ഏതായാലും ഒരു പ്രസിഡന്റിന്റെ ഭരണകാലത്തിന്റെ പാതിസമയത്ത്‌ നടന്ന കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ മുഖം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ജോ ബൈഡനായി. രണ്ടാം ലോകയുദ്ധത്തിനുശേഷം നടന്ന 19 ഇടക്കാല തെരഞ്ഞെടുപ്പിൽ 16ലും അധികാരത്തിലിരുന്ന പ്രസിഡന്റിന്റെ കക്ഷിക്ക്‌ പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഒബാമയ്‌ക്ക്‌ 63 സീറ്റും ട്രംപിന്‌ 40 സീറ്റുമാണ്‌ ജനപ്രതിനിധി സഭയിൽ കുറഞ്ഞിരുന്നത്‌. എന്നാൽ, ബൈഡൻ മുൻ സീറ്റുകൾ നിലനിർത്തുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. അതിനാൽ 2024ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ മത്സരിക്കാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്‌. അടുത്തവർഷം ആദ്യം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്‌ ബൈഡൻ പറഞ്ഞുകഴിഞ്ഞു. 

തെരഞ്ഞെടുപ്പിൽ വിലക്കയറ്റവും കുറ്റകൃത്യങ്ങളുടെ വർധനയും ജോ ബൈഡന്റെ ജനപ്രതീക്കുറവുമാണ്‌ റിപ്പബ്ലിക്കൻ പാർടി പ്രധാന വിഷയമാക്കിയിരുന്നത്‌. അമേരിക്കയിൽ വിലക്കയറ്റം പ്രധാന വിഷയമാണെന്നതിൽ തർക്കമില്ല. ഭക്ഷ്യവസ്‌തുക്കൾക്ക്‌ 13 ശതമാനമാണ്‌ വിലക്കയറ്റം. 31 ശതമാനം ജനങ്ങളാണ്‌ ഇത്‌ പ്രധാന വിഷയമായി കണ്ടത്‌. എന്നാൽ, കോവിഡ്‌കാലത്ത്‌ ബൈഡൻ പ്രഖ്യാപിച്ച പാക്കേജാണ്‌ (ഇതിന്റെ ഗുണം ഭൂരിപക്ഷവും കോർപറേറ്റുകൾക്കായിരുന്നു)  വിലക്കയറ്റത്തിന്‌ കാരണമെന്ന റിപ്പബ്ലിക്കന്മാരുടെ ആഖ്യാനത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന്‌ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കി. കോർപറേറ്റുകളുടെ ലാഭാർത്തിയാണ്‌ വിലക്കയറ്റത്തിനു കാരണമെന്ന്‌ അമേരിക്കൻ ജനങ്ങൾക്ക്‌ അറിയാമായിരുന്നു. കുറ്റകൃത്യങ്ങളും ആക്രമണങ്ങളും ബൈഡന്റെ കാലത്ത്‌ വർധിച്ചുവെന്നതായിരുന്നു റിപ്പബ്ലിക്കന്മാരുടെ മറ്റൊരു പ്രചാരണം. എന്നാൽ, ട്രംപിസത്തിന്റെ   മുഖമുദ്രയായ തീവ്രദേശീയതയും കുടിയേറ്റ–-മുസ്ലിം വിരുദ്ധതയുമാണ്‌ ആക്രമണം വർധിക്കാൻ കാരണമായത്‌. മാത്രമല്ല, തോക്കുകൾ നിരോധിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ അംഗീകരിക്കാൻ ട്രംപ് തയ്യാറായിരുന്നുമില്ല. റിപ്പബ്ലിക്കന്മാരുടെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നർഥം. അതുകൊണ്ടുതന്നെ ട്രംപ്‌ പിന്തുണച്ച സ്ഥാനാർഥികളെ ജനങ്ങൾ തോൽപ്പിച്ചു.

തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വിഷയങ്ങൾ ഇടതുപക്ഷം ലോകവ്യാപകമായി ഉയർത്തുന്ന മുദ്രാവാക്യങ്ങളാണ്‌ എന്നുകാണാം. ആരോഗ്യ സേവനങ്ങൾ സൗജന്യമാക്കുക. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കുക, തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക  തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ ഭൂരിപക്ഷം സ്ഥാനാർഥികളും വിജയിച്ചു. പെൻസിൽവാനിയയിൽനിന്നും സെനറ്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ജോൺ ഫെറ്റർമാൻ അതിൽ ഒരാളാണ്‌. ഡെമോക്രാറ്റിക് പാർടിയിലെ സോഷ്യലിസ്റ്റ്‌ വിഭാഗം നേതാവ്‌ ബെർണി സാൻഡേഴ്സിന്റെ പിന്തുണയോടെ മത്സരിച്ചയാളാണ്‌ ഫൈറ്റർമാൻ. അതുപോലെ ജനപ്രതിനിധി സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സമ്മർ ലീ (പെൻസിൽവാനിയ), ഗ്രെഗ്‌ കാസർ (ടെക്‌സാസ്‌), ഡെലിയ റവിറേസ്‌ (ഇല്ലിനോയിസ്‌), മാക്‌സവെൽ ഫ്‌റോസ്‌റ്റ്‌ എന്നിവരും ഡെമോക്രാറ്റിക് പാർടിയിലെ പുരോഗമനവാദികളാണ്‌. അൽപ്പമെങ്കിലും ഇടതുപക്ഷ സ്വഭാവം കാണിക്കുന്ന ‘സ്‌ക്വാഡ്‌’ എന്നു വിളിക്കപ്പെടുന്ന ഈ വിഭാഗത്തിന്റെ സംഖ്യ ജനപ്രതിനിധി സഭയിൽ 12 ആയി ഉയർന്നുവെന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്‌.

അടുത്തകാലത്താണ്‌ വലതുപക്ഷ സ്വഭാവമുള്ള സുപ്രീംകോടതി ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന്‌ പ്രഖ്യാപിച്ചത്‌. ഇതിനെതിരെ വൻപ്രതിഷേധമാണ്‌ അമേരിക്കയിൽ എങ്ങും ഉയർന്നത്‌. ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുമെന്ന്‌ ഡെമോക്രാറ്റുകൾ പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കന്മാർ അതിനെ എതിർക്കുകയും ചെയ്‌തു. അതുകൊണ്ടുതന്നെ സ്‌ത്രീവോട്ടർമാരിൽ ഭൂരിപക്ഷവും പ്രത്യേകിച്ചും 35 വയസ്സിന്‌ താഴെയുള്ളവർ ഇക്കുറി ഡെമോക്രാറ്റുകൾക്ക്‌ വോട്ട്‌ ചെയ്‌തു. വിദ്യാർഥികൾക്ക്‌ കടാശ്വാസം ബൈഡൻ പ്രഖ്യാപിച്ചതും യുവതയുടെ വോട്ട്‌ നേടാൻ സഹായിച്ചു. കുട്ടികൾക്ക്‌ കടാശ്വാസം നൽകുന്നത്‌ ‘മോശം നയവും രാഷ്ട്രീയവും’ ആണെന്നായിരുന്നു റിപ്പബ്ലിക്കന്മാരുടെ ആക്ഷേപം. അതായത്‌ ഡെമോക്രാറ്റുകളുടെ കോർപറേറ്റ്‌ പ്രീണന അജൻഡയല്ല മറിച്ച്‌ നാമമാത്രമെങ്കിലും സ്വീകരിച്ച ജനപക്ഷ അജൻഡകളാണ്‌ മുൻവിജയം ആവർത്തിക്കാൻ ബൈഡന്‌ കരുത്തുനൽകിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top