24 September Friday

പഠിച്ച പാഠങ്ങളും മറന്ന പാഠങ്ങളും - എ കെ രമേശ് എഴുതുന്നു

എ കെ രമേശ്Updated: Wednesday Sep 15, 2021

കണ്ടാലും പഠിക്കില്ല, കൊണ്ടാലും പഠിക്കില്ല എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടർ, പഠിച്ച പാഠങ്ങൾ (Lessons Learned) എന്ന പേരിൽ ഒരു പദ്ധതിതന്നെ തുടങ്ങുന്നു എന്ന് കേട്ടാൽ എന്തു തോന്നും? എന്തു തോന്നിയിട്ടും കാര്യമില്ല, പദ്ധതി തുടങ്ങിക്കഴിഞ്ഞു. ഒരുകോടി പത്തുലക്ഷം ഡോളർ ചെലവിട്ടുകൊണ്ടുള്ള ഒരു അമേരിക്കൻ പ്രോജക്ടിന്റെ പേര് അതാണ്. "അഫ്ഗാനിലെ നയപരാജയങ്ങൾ കൃത്യമായി കണ്ടെത്താനും അടുത്ത തവണ മറ്റൊരു രാജ്യത്തെ കീഴടക്കുകയോ, തകർന്ന ഒന്നിനെ പുനഃസൃഷ്ടിക്കുകയോ ചെയ്യുമ്പോൾ ആവർത്തിക്കാൻ പാടില്ലാത്തവ ഏതെല്ലാം എന്ന് നിർവചിക്കാനു’മാണത്രെ ഇങ്ങനെയൊരു പദ്ധതി. (so the US would not repeat the mistakes the next time it invaded a country or tried to rebuild a shattered one എന്നുതന്നെയാണ് പ്രയോഗം.) അതിൽ കണ്ടെത്തിയ കാര്യങ്ങൾ മിക്കതും അതീവ രഹസ്യമാക്കിവച്ചതാണ്. പക്ഷേ, അതപ്പടി വാഷിങ്‌ടൺ പോസ്റ്റ് പത്രം പുറത്തുവിട്ടിട്ടുണ്ട്.

അനേക വർഷങ്ങളായി അവർ വിവരാവകാശ നിയമപ്രകാരം നേടിയെടുത്ത രേഖകൾ പറയുന്നത്, അമേരിക്കയുടെ നയരാഹിത്യത്തിന്റെ കഥയാണ്. പൊള്ളപ്പൊങ്ങച്ചങ്ങളുടെ ഊതിവീർപ്പിച്ച ബലൂണുകളാണ് അതുവഴി പൊട്ടിത്തകരുന്നത്. വിയറ്റ്നാം യുദ്ധകാലത്ത് പുറത്തായ പെന്റഗൺ പേപ്പേഴ്സിന് സമാനമാണ് ഈ ലെസ്സൻസ് ലേൺഡ് റിപ്പോർട്ടുകൾ എന്നാണ് വാഷിങ്‌ടൺ പോസ്റ്റ് പറയുന്നത്. അതിൽ നിന്നൊരു വ്യത്യാസം ഈ രേഖകൾക്കുണ്ട്. ഇവയിലൊന്നുംതന്നെ സർക്കാരിന്റെ രഹസ്യരേഖകൾ (Classified) എന്ന ഇനത്തിൽപ്പെടുത്തിയിരുന്നില്ല എന്നതാണത്. പക്ഷേ, വാഷിങ്‌ടൺ പോസ്റ്റ് ഈ രേഖകൾ പ്രസിദ്ധപ്പെടുത്തിയ ഉടനെ മറ്റ് ഫെഡറൽ ഏജൻസികൾ ഇടപെട്ട് ഇതിൽ ചിലതിനെ ക്ലാസിഫൈഡ് രേഖകളാക്കി പ്രഖ്യാപിച്ചുകളഞ്ഞു. അതു പുറത്തുവിട്ടാൽ താലിബാനുമായി നടക്കുന്ന യുദ്ധമവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തകരാറാവും എന്നാണ് യുഎസ്‌ വിദേശവകുപ്പ്‌ പറഞ്ഞത്.

ഭീകരവാദത്തോട് യുദ്ധം പ്രഖ്യാപിച്ചവർ അതിലും വലിയ ഭീകരർക്ക് മുന്നിലേക്ക് ഒരു ജനതയെയാകെ വലിച്ചെറിഞ്ഞ്, തടി രക്ഷിച്ചു പാഞ്ഞു പോകേണ്ടി വന്ന ദയനീയ പരാജയത്തിന്റെ കഥകളാണ് വാഷിങ്‌ടൺ പോസ്റ്റ് പുറത്തു കൊണ്ടുവന്നത്. വിയറ്റ്നാമിലെ അനുഭവം ആവർത്തിക്കുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിന് അന്ന് (2001 ഒക്ടോബർ 11ന്) ബുഷ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു_‘‘ഞങ്ങൾ വിയറ്റ്നാമിൽനിന്ന് വളരെ പ്രധാനപ്പെട്ട ചില പാഠങ്ങളാണ് പഠിച്ചത്. ഇത് (അഫ്ഗാൻ അധിനിവേശം) എത്ര കാലം തുടരും എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ഈ സവിശേഷ യുദ്ധമുന്നണി അൽ ഖായ്ദയെ ന്യായം പഠിപ്പിക്കുന്നതുവരെ തുടരും. അത് ചിലപ്പോൾ നാളെയാവാം, അത് ഒരു മാസത്തിനകമാവാം, അതൊരു വർഷമെടുക്കാം, അല്ലെങ്കിൽ രണ്ടു വർഷം. പക്ഷേ, നാം വിജയിക്കുക തന്നെ ചെയ്യും’’. രണ്ടല്ല, നാലല്ല, എട്ടുമല്ല, വർഷം ഇരുപതുകഴിയുന്നു. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാണ് അഫ്‌ഗാനിൽ തോറ്റ് തുന്നംപാടി പിൻവലിഞ്ഞത്. അവർക്ക് പാഠമൊന്നും പഠിപ്പിക്കാനായില്ല എന്നുമാത്രമല്ല പഠിച്ച പാഠത്തിന്റെ കണക്കെടുത്തതുതന്നെ പുറത്തു പറയാനാകാത്ത ഗതികേടിലാകുകയും ചെയ്തു.

അപ്പോഴാണ് വാഷിങ്‌ടൺ പോസ്റ്റ് കിട്ടിയ കാര്യങ്ങൾ പെട്ടെന്ന് പൊട്ടിച്ച് ഉന്നത കേന്ദ്രങ്ങളെ ഞെട്ടിച്ചത്. 11 ലെസ്സൻസ് ലേൺഡ് റിപ്പോർട്ടുകളാണത്രെ ഇതിനകം തയ്യാറാക്കിയത്. സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ ഫോർ അഫ്ഗാൻ റീ കൺസ്ട്രക്ഷൻ (SIGAR) എന്ന ഏജൻസിയെ അമേരിക്കൻ കോൺഗ്രസ് നിയോഗിച്ചത് യുദ്ധമേഖലയിലെ പാഴ്‌ചെലവും തട്ടിപ്പും അന്വേഷിച്ചുകണ്ടെത്താനാണ്. യുദ്ധമുന്നണിയിൽ പ്രവർത്തിച്ച് നേരിട്ടനുഭവമുള്ള നൂറുകണക്കിന് ഉന്നത സൈനികോദ്യോഗസ്ഥരെയാണ് സിഗാറിന് കീഴിലുള്ള "ലെസ്സൻസ് ലേൺഡ്’ ഉദ്യോഗസ്ഥർ നേരിട്ടുകണ്ട് അഭിമുഖ സംഭാഷണം നടത്തിയത്. പക്ഷേ, ആ അഭിമുഖങ്ങളിൽനിന്ന് 2000 പേജാണത്രെ സിഗാർ ചെത്തിമാറ്റിക്കളഞ്ഞത്. 428 പേരിൽ 62 ആളുകളുടെതൊഴികെ പേരുവിവരങ്ങൾ അവർ മറച്ചുവച്ചു. കോടതി കയറേണ്ടി വന്നപ്പോൾ, അവിടെ പറഞ്ഞ ന്യായം, പേര് പരസ്യപ്പെടുത്തിയാൽ ആ ‘വിസിൽ ബ്ലോവർ’മാർക്ക് പീഡനങ്ങളും മാനഹാനിയും തിരിച്ചടികളും ശാരീരികാക്രമണങ്ങളും ഉണ്ടായേക്കാം എന്നതാണ്.

മൂന്ന്‌ അമേരിക്കൻ ജനറൽമാരുടെ ഉപദേഷ്ടാവായിരുന്ന, നിരവധി തവണ അഫ്ഗാനിലേക്ക് നിയോഗിക്കപ്പെട്ട പട്ടാള കേണൽ ക്രിസ്റ്റഫർ കൊളെന്ദ 2006ൽത്തന്നെ പറയുന്നുണ്ട്, ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ സർക്കാർ ക്ലെപ്റ്റോക്രസി (മോഷണാധിപത്യം)യായി സ്വയം സംഘടിച്ചിട്ടുണ്ട് എന്ന്. ചെറുകിട അഴിമതി തൊലിപ്പുറത്തെ അർബുദമാണെങ്കിൽ മന്ത്രിതല അഴിമതി കുടലിലെ അർബുദമാണ്. രണ്ടും മാറ്റാം. പക്ഷേ, ക്ലെപ്റ്റോക്രസി തലച്ചോറിലെ ക്യാൻസറാണ്. ജഡ്ജിമാരും പൊലീസ് തലവന്മാരും ബ്യൂറോക്രാറ്റുകളും കൈക്കൂലി പിടുങ്ങുമ്പോൾ അഫ്ഗാനികളിൽ പലരും ജനാധിപത്യത്തെ വെറുത്ത് നീതി നടപ്പാക്കാനായി താലിബാനികളായി മാറി എന്നും അദ്ദേഹം എടുത്തുപറഞ്ഞു. പതിനായിരക്കണക്കിന് ഗോസ്റ്റ്(രേഖയിൽ മാത്രമുള്ള) സൈനികരുടെ പേരിൽ അമേരിക്കൻ നികുതിപ്പണം അഴിമതി വീരന്മാർ കുത്തിച്ചോർത്തുകയായിരുന്നുവത്രെ.

സമീപകാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു ലെസ്സൻസ് ലേൺഡ് റിപ്പോർട്ട് നിരീക്ഷിച്ചത് തെറ്റായ കാര്യങ്ങൾ കുറ്റമറ്റ രീതിയിൽ ചെയ്യുന്നതിന്റെ റിസ്കാണ്, നടപ്പാക്കിയ പദ്ധതികളുടെ നിരീക്ഷണവും മൂല്യനിർണയവും (monitoring & evaluating) നടത്തുമ്പോൾ കാണുന്നത് എന്നാണ്. മറ്റൊരു റിപ്പോർട്ടിന്റെ പ്രമേയം അമിതാത്മവിശ്വാസത്തിന്റെ വ്യാപനമാണ് (The pervasiveness of over optimism) എന്നത് ഇതോട് കൂട്ടിവായിക്കാം. നടന്ന അനേകം തട്ടിപ്പുകളിൽ റിപ്പോർട്ട് കണ്ടെത്തിയവയിൽ ചിലതിങ്ങനെ:

(1)    വൈദ്യുതി ഗ്രിഡ് ഉണ്ടാക്കാനായി യുഎസ് സഹായം നൽകിയ 10 കോടി ഡോളർ തട്ടിയ ഒരു അമേരിക്കൻ കരാറുകാരൻ കുറ്റസമ്മതം നടത്തിയത്.
(2)    50കോടി ഡോളറിന്റെ വ്യോമ ഒഴിപ്പിക്കൽ കരാറിൽ തട്ടിയ 11 ദശലക്ഷം ഡോളർ കരാറെടുത്ത അമേരിക്കക്കാരനിൽനിന്ന് പിഴയായി തിരിച്ചു പിടിച്ച കാര്യം.
(3)   അജ്ഞാതരായ അഫ്ഗാൻ പൗരന്മാരെ ഒരു സൈനിക സ്ഥാപനത്തിലേക്ക് കടത്തിവിട്ട് മോഷണ പരമ്പരതന്നെ നടത്തിയ ഒരു അമേരിക്കൻ കരാറുകാരന് 51 മാസം തടവും മൂന്നു വർഷത്തെ നല്ല നടപ്പും ഒന്നേമുക്കാൽ ലക്ഷം ഡോളർ നഷ്ടപരിഹാരവും വിധിച്ചത്.
(4)   കാണ്ഡഹാർ വിമാനത്താവളത്തിലേക്ക് സാധനങ്ങൾക്ക് ഓർഡർ കൊടുത്ത് തട്ടിപ്പുനടത്തിയ സീനിയർ സപ്ലൈ സാർജന്റ്‌ കുറ്റമേറ്റ് പറഞ്ഞത്.


വിയറ്റ്നാമിൽനിന്ന് ഏറെ പഠിച്ചുവെന്ന് അമർത്തിപ്പറഞ്ഞവർക്ക് അവിടെപ്പറ്റിയ തെറ്റുകളേക്കാൾ എത്രയോ മടങ്ങാണ് ഇപ്പോൾ അഫ്ഗാനിൽ പറ്റിയത് എന്ന കാര്യമാണ് പുറത്താകുന്നത്. വിയറ്റ്നാം യുദ്ധകാലത്ത് മെക്കോങ് നദീമുഖത്ത് ജോലിക്കാരുടെ പട്ടികയിൽ പേരുണ്ടായിരുന്ന സൈനികരിൽ നാലിലൊന്നും കൃത്രിമപ്പട്ടികയിൽപ്പെട്ടതായിരുന്നുവെങ്കിൽ, അഫ്ഗാനിസ്ഥാനിലെ അത്തരം സൈനികരുടെ എണ്ണം അതിലേറെ വന്നേക്കാം. വിയറ്റ്നാം യുദ്ധകാലത്ത് സൈനികരെക്കൊണ്ട് മണൽച്ചാക്കുകൾക്കുനേരെ കണക്കറ്റ വെടിവയ്‌പുകൾ നടത്തിച്ച് അതിനുപയോഗിച്ച വെടിയുണ്ടയുടെ കൂട് തൂക്കി വിറ്റ അമേരിക്കൻ പട്ടാള ജനറൽമാരെക്കുറിച്ചുള്ള വാർത്തകളാണ് വന്നത്‌. അഫ്ഗാനിസ്ഥാനിൽ സൈനിക ക്യാമ്പുകളിൽ അനധികൃതമായി ആളെക്കയറ്റിച്ച് ജനറേറ്ററുകളും വാഹനങ്ങളും കടത്തിക്കൊണ്ടുപോയ അനുഭവങ്ങളാണ് "പഠിച്ച പാഠങ്ങളി"ൽ നാം വായിക്കുന്നത്. പുതിയ പാഠങ്ങൾ പഠിക്കാൻ ശ്രമിക്കുന്നതനുസരിച്ച് പഴയ പാഠങ്ങൾ മറന്നുപോയതിന്റെ കഥയാണ് അഫ്ഗാനിൽ തോറ്റ അമേരിക്കയ്‌ക്ക് പറയാനുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top