30 January Monday

നയം മാറ്റത്തിന് നിർബന്ധിതമായി യു എസ്

വി ബി പരമേശ്വരൻUpdated: Saturday Dec 3, 2022

അമേരിക്ക ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ഉപരോധത്തിന്റെ പൊള്ളത്തരം ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. സ്വന്തം താൽപ്പര്യം ഹനിക്കപ്പെടുമെന്നായപ്പോൾ ഉപരോധത്തിൽ ഇളവ്‌ നൽകാമെന്ന്‌ വന്നിരിക്കുന്നു. എന്നാൽ, അമേരിക്കയുടെ തീട്ടൂരം അതേപടി നടപ്പാക്കുന്ന യൂറോപ്യൻ യൂണിയനും മറ്റും ഈ ഇളവ്‌ അനുവദിക്കാൻ അമേരിക്ക തയ്യാറാകുമോയെന്ന്‌ ഇനിയും വ്യക്തമല്ല. വെനസ്വേലയുടെ കാര്യത്തിലാണ്‌ ഇപ്പോൾ അമേരിക്കയുടെ ഇളവ്‌ പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്‌. അമേരിക്കയുമായി എന്നും നല്ല ഉഭയകക്ഷി ബന്ധം ആഗ്രഹിക്കുന്ന രാജ്യമാണ്‌ തെക്കേ അമേരിക്കയിലെ വെനസ്വേല. എന്നാൽ, വെനസ്വേലയിൽ ഹ്യൂഗോ ഷാവേസ്‌ എന്ന ഇടതുപക്ഷക്കാരൻ പ്രസിഡന്റായതോടെ അമേരിക്ക ആ രാജ്യത്തിനുനേരെ തിരിഞ്ഞു. ശക്തമായ സാമ്പത്തിക ഉപരോധംതന്നെ ആ രാജ്യത്തിനു നേരെ ഏർപ്പെടുത്തി. ഷാവേസിനുശേഷം അധികാരത്തിൽ വന്ന മഡൂറോയോടും ഇതുതന്നെയായിരുന്നു അമേരിക്കയുടെ സമീപനം. 

ക്യൂബയ്‌ക്കുശേഷം ലാറ്റിനമേരിക്കൻ–- കരീബിയൻ മേഖലയിൽ അമേരിക്ക ഏറ്റവും കൂടുതൽ ഇടപെടുകയും അട്ടിമറിക്ക്‌ ശ്രമിക്കുകയും ചെയ്‌ത രാജ്യമാണ്‌ വെനസ്വേല. ആദ്യം ഷാവേസിനെയും പിന്നീട്‌ മഡൂറയെയും അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെടുകയായിരുന്നു. ക്യൂബയ്‌ക്ക്‌ എതിരെ എന്നപോലെതന്നെ കടുത്ത ഉപരോധം ഏർപ്പെടുത്തി സാധാരണ ജനജീവിതത്തെ തകർത്ത്‌ ഭരണമാറ്റമെന്ന അജൻഡ നടപ്പാക്കാൻ വെമ്പിനിൽക്കുന്ന അമേരിക്ക ഇപ്പോൾ വെനസ്വേലൻ എണ്ണയ്‌ക്കായി കൈനീട്ടുകയാണ്‌. ഉക്രയ്‌ൻ യുദ്ധത്തിന്റെ മറവിൽ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ എണ്ണവില കുത്തനെ കൂടി. മുൻ അമേരിക്കൻ പ്രസിഡന്റ്‌  ഡൊണാൾഡ്‌ ട്രംപ്‌ റദ്ദാക്കിയ ഇറാനുമായുള്ള ആണവക്കരാറിൽ വീണ്ടും ഒപ്പുവച്ച്‌ എണ്ണ വ്യാപാരം പുനരാരംഭിക്കാനുള്ള ജോ ബൈഡന്റെ ശ്രമവും ഫലം കണ്ടില്ല. സൗദിയും മറ്റ്‌ എണ്ണ ഉൽപ്പാദക രാഷ്ട്രങ്ങളും എണ്ണ ഉൽപ്പാദനം കുറച്ച്‌ വില വർധിപ്പിക്കുകയും ചെയ്‌തു. ഈ ഘട്ടത്തിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലൻ എണ്ണക്കിണറുകളിലേക്ക്‌ അമേരിക്കൻ കണ്ണ്‌ എത്തുന്നത്‌. തൊട്ടടുത്തുള്ള വെനസ്വേലൻ എണ്ണ ലഭിച്ചാൽ അത്‌ സഹായകരമാകുമെന്ന്‌ കണ്ട ബൈഡൻ, ട്രംപിന്റെ നയങ്ങൾ തുടരുന്നത്‌ താൽക്കാലികമായെങ്കിലും ഉപേക്ഷിച്ച്‌ വെനസ്വേലയുമായുള്ള എണ്ണ വ്യാപാരത്തിന്‌ വഴിതുറന്നു. അമേരിക്കൻ എണ്ണക്കമ്പനി ഭീമനായ ചെവ്റോണിനെ വെനസ്വേലൻ എണ്ണപ്പാടങ്ങളിൽനിന്ന്‌ എണ്ണ ശേഖരിക്കുന്നതിന്‌ ബൈഡൻ അനുമതി നൽകി. എന്നാൽ, അവർ ശേഖരിക്കുന്ന എണ്ണ അമേരിക്കയുമായി മാത്രമേ വ്യാപാരം നടത്താവൂ എന്ന നിബന്ധനയും ഇതോടൊപ്പം വച്ചു. മാത്രമല്ല, ഈ വ്യാപാരംമൂലം വെനസ്വേലയ്‌ക്ക്‌ സാമ്പത്തികനേട്ടം ഉണ്ടാകരുതെന്ന വാശിയും ബൈഡൻ പ്രകടിപ്പിച്ചു. ചെവ്‌റോണിന്‌ വെനസ്വേലൻ പൊതുമേഖലാ എണ്ണക്കമ്പനിയായ പിഡിവിഎസ്‌എ 420 കോടി അമേരിക്കൻ ഡോളർ നൽകാനുണ്ട്‌. അത്‌ എണ്ണ കെെമാറ്റത്തിലൂടെ ഈടാക്കാനാണ്‌ നിർദേശം. അതായത്‌ പുതിയ എണ്ണ വ്യാപാരത്തിലൂടെ ഒരു ഡോളർപോലും വെനസ്വേലയ്‌ക്ക്‌ ലഭിക്കരുതെന്നാണ്‌ ബൈഡന്റെ നിബന്ധന.

എന്നാൽ, അമേരിക്കയുടെ ഈ തീരുമാനം പൊതുവെ മഡൂറോ സർക്കാരിനെ വാഷിങ്‌ടൺ അംഗീകരിക്കുന്നതിന്‌ തുല്യമായാണ്‌ അന്താരാഷ്ട്ര ലോകം വിലയിരുത്തിയത്‌. ഇതുവരെയും അമേരിക്ക മഡൂറോയെ നിയമാനുസൃത ഭരണാധികാരിയായി അംഗീകരിച്ചിരുന്നില്ല. മാത്രമല്ല, ഇടക്കാല പ്രസിഡന്റായി യുവാൻ ഗുഅയ്‌ഡോയെയാണ്‌ ട്രംപിന്റെ അമേരിക്കയും ഇവാൻ ഡുക്കുവിന്റെ കൊളംബിയയും അംഗീകരിച്ചിരുന്നത്‌. മഡൂറോയെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റുകയെന്ന ഈ നയത്തിനാണ്‌ ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്‌. മഡൂറോയെ അംഗീകരിക്കാൻ അമേരിക്ക നിർബന്ധിതമായി.

ഇതോടെ പ്രതിപക്ഷവുമായി തുറന്ന ചർച്ചയ്‌ക്ക്‌ മെക്‌സിക്കോ സിറ്റിയിൽ വേദിയൊരുങ്ങുകയും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഒരു സാമൂഹ്യക്കരാറിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. നോർവെ സംഘമാണ്‌ ചർച്ചയ്‌ക്ക്‌ മധ്യസ്ഥത വഹിച്ചത്‌. വെനസ്വേലയിലെ പാവങ്ങൾക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സേവനവും ഭക്ഷണവും വൈദ്യുതിയും എത്തിക്കുന്നതിന്‌ യുഎൻ നേതൃത്വത്തിൽ ഒരു ഫണ്ട്‌ രൂപീകരിക്കാനാണ് ഈ ചർച്ചയിൽ ധാരണയായത്‌. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായി ആഗോള  ഫിനാൻസ്‌ മൂലധന സ്ഥാപനങ്ങൾ മരവിപ്പിച്ച വെനസ്വേലൻ സമ്പത്ത്‌ ഈ ഫണ്ടിനായി വിനിയോഗിക്കാനാണ്‌ ധാരണ. ഏകദേശം 2000 കോടി  ഈയിനത്തിൽ ഉണ്ടാകുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. മഡൂറോ വിശേഷിപ്പിച്ചതുപോലെ വെനസ്വേലൻ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കുകയായിരുന്നു ഈ സാമൂഹ്യക്കരാർ. കരാറിനെ സുപ്രധാന നാഴികക്കല്ല്‌ എന്നാണ്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ വിശേഷിപ്പിച്ചത്‌. അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശത്തിന്‌ എതിരെ മഡൂറോയും വെനസ്വേലൻ ജനങ്ങളും നടത്തിയ നിരന്തര പോരാട്ടമാണ്‌ വിജയം കണ്ടിട്ടുള്ളത്‌.

അയൽരാജ്യമായ കൊളംബിയയിൽ ഗുസ്‌താവോ പെത്രോയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതാണ്‌ വെനസ്വേലയുടെ പുതിയ വഴിത്തിരിവിന്‌ കാരണമായത്‌. വെനസ്വേലയിലെ ബൊളിവാരിയൻ സർക്കാരിനെ അട്ടിമറിക്കാൻ നേതൃപരമായ പങ്കുവഹിച്ച രാഷ്ട്രങ്ങളായിരുന്നു അമേരിക്കയും കൊളംബിയയും. കൊളംബിയ താവളമാക്കിയാണ്‌ വെനസ്വേലൻ അട്ടിമറിക്ക്‌ അമേരിക്ക കരുക്കൾ നീക്കിയിരുന്നത്‌. എന്നാൽ, കൊളംബിയ ചുവന്നതോടെ അമേരിക്കൻ കുത്തിത്തിരിപ്പുകൾ എളുപ്പമല്ലാതായി. ആഗസ്‌തിൽ ഗുസ്‌താവോ പെത്രോ കൊളംബിയയിൽ അധികാരമേറ്റ ഉടൻതന്നെ ഇരു രാജ്യവും ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുകയും അംബാസഡർമാരെ പരസ്‌പരം നിയമിക്കുകയും ചെയ്‌തു. മാത്രമല്ല 1400 മൈൽ വരുന്ന അതിർത്തിയും തുറന്നിട്ടു. ഇതോടെ ഇരു രാജ്യവും തമ്മിലുള്ള വ്യാപാരം 80 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇരട്ടിയാണ്‌ നാല്‌ മാസത്തിൽ മാത്രമുണ്ടായ വ്യാപാരം. അടുത്ത വർഷം ഇത്‌ 18 കോടി  ഡോളറായി ഉയർത്താനാകുമെന്നാണ്‌ പ്രതീക്ഷ. നവംബറിൽ വെനസ്വേല സന്ദർശിച്ച പെത്രോ കാരക്കാസിൽവച്ച്‌ മഡൂറോയുമായി കൂടിക്കാഴ്‌ച നടത്തി. അതിനുശേഷം സംയുക്ത വാർത്തസമ്മേളനവും സംയുക്ത പ്രസ്‌താവനയും പുറത്തിറക്കി. അതായത്‌, കൊളംബിയയിലെ ഭരണമാറ്റമാണ്‌ അമേരിക്കയെയും മാറിച്ചിന്തിക്കാൻ നിർബന്ധിതമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top