06 December Monday

യുപി നല്‍കുന്ന പാഠം - എളമരം കരീം എഴുതുന്നു

എളമരം കരീംUpdated: Wednesday Oct 14, 2020

രാജ്യത്തെ പൊതുമേഖലയെ പൂർണമായും കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള മോഡിസർക്കാർ നയത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഉത്തർപ്രദേശിലെ വൈദ്യുതിജീവനക്കാരുടെ സമര വിജയം. യുപിയിലെ വൈദ്യുതി ബോർഡിനു കീഴിലുള്ള ‘പൂർവാഞ്ചൽ വൈദ്യുത് വിതരണ നിഗാം ലിമിറ്റഡ്' പരിധിയിൽ വരുന്ന വാരാണസി വിതരണ ശൃംഖല (ഡിസ്കോം) സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു ജീവനക്കാരുടെ സമരം. ഒടുവിൽ സ്വകാര്യവൽക്കരണ നടപടി നിർത്തിവയ്‌ക്കുമെന്ന കരാറിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.

സംഘപരിവാറിന്റെ ‘തീവ്ര ഹിന്ദുത്വ' പരീക്ഷണശാലയായ യുപിയിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖത്തേറ്റ അടിയാണ് തൊഴിലാളി സമരത്തിന്റെ വിജയം. സങ്കുചിത ദേശീയതയും വർഗീയതയും ശ്രീരാമക്ഷേത്രവും ആയുധമാക്കി എന്തും ചെയ്യാമെന്ന ബിജെപിയുടെ അഹന്തയ്‌ക്ക് യുപിയിലെ വൈദ്യുതി ബോർഡ് ജീവനക്കാർ കനത്ത പ്രഹരമാണ്‌ ഏൽപ്പിച്ചത്.

രാജ്യത്തെ വൈദ്യുതി നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ–- ഇലക്ട്രിസിറ്റി അമന്റ്മെന്റ് ആക്ട് 2020; കേന്ദ്ര സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദേശവ്യാപകമായി വൈദ്യുതി വിതരണം സ്വകാര്യകമ്പനികളെ ഏൽപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. വാജ്‌പേയി സർക്കാർ 2003ൽ വരുത്തിയ ഭേദഗതി അനുസരിച്ച് ഉൽപ്പാദനരംഗത്ത് സ്വകാര്യകമ്പനികൾക്ക് അനുമതി നൽകി. പ്രസരണ–- വിതരണ മേഖലകൾകൂടി കോർപറേറ്റുകളെ ഏൽപ്പിക്കലാണ് ഇപ്പോഴത്തെ സർക്കാരിന്റെ ലക്ഷ്യം. തന്ത്രപ്രധാനമേഖലകൾപോലും സ്വകാര്യവൽക്കരിക്കാനാണ് മോഡി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്റെ മറവിൽ വൈദ്യുതി, എണ്ണ, പ്രകൃതിവാതകം, റെയിൽവേ, പ്രതിരോധ ഉൽപ്പന്ന ഉൽപ്പാദനം, കൽക്കരി, ആണവ ഊർജം, ബഹിരാകാശ ഗവേഷണം, തുറമുഖങ്ങൾ തുടങ്ങിയവയെല്ലാം സ്വകാര്യവൽക്കരിക്കാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളികളുടെ സമരം ശക്തിപ്പെട്ടുവരുന്നുണ്ട്.


 

നിയമഭേദഗതിക്ക് കാത്തുനിൽക്കാതെ യുപിയിലെ വൈദ്യുതി വിതരണം സ്വകാര്യസ്ഥാപനങ്ങളെ ഏല്പിക്കാനാണ് ‘യോഗി' സർക്കാർ തീരുമാനിച്ചത്. അതിന്റെ മുന്നോടിയാണ് വാരാണസി ‘ഡിസ്കോം' സ്വകാര്യവൽക്കരണത്തിനുള്ള തീരുമാനമെടുത്തത്. ഈ നടപടി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബോർഡിലെ ജീവനക്കാരും എൻജിനിയർമാരും ഒന്നായി ചേർന്ന് ‘യുപി വൈദ്യുത് കർമചാരി സൻയുക്ത് സംഘർഷ സമിതി' രൂപീകരിച്ച്‌ പ്രക്ഷോഭം ആരംഭിച്ചു. രണ്ടുവർഷംമുമ്പ് യുപി സർക്കാർ വൈദ്യുതിവിതരണം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാൻ നീക്കം നടത്തിയിരുന്നു. അന്നും ജീവനക്കാർ ഒറ്റക്കെട്ടായി സമരത്തിന് സജ്ജമായപ്പോൾ സർക്കാർ പിൻവാങ്ങിയതായിരുന്നു. രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങൾക്കെന്തും ചെയ്യാമെന്ന ഹുങ്കിലാണ് വീണ്ടും സ്വകാര്യവൽക്കരണ നടപടിയുമായി മുന്നോട്ടുവന്നത്.

ജീവനക്കാരുടെ സംയുക്ത സമരസമിതി സമരപരിപാടികളുമായി മുന്നോട്ടു വന്നപ്പോൾ അതിനെ അടിച്ചമർത്താനാണ് യോഗി സർക്കാർ തീരുമാനിച്ചത്. ഒക്ടോബർ അഞ്ചുമുതൽ ‘സമ്പൂർണ ജോലി ബഹിഷ്കരണം' എന്നതായിരുന്നു സമരസമിതി ആഹ്വാനം. ജീവനക്കാരുടെ 18 സംഘടന ചേർന്നാണ് സമരതീരുമാനമെടുത്തത്. സംഘടനകളുമായി ചർച്ച നടത്താൻപോലും സർക്കാർ സന്നദ്ധമായില്ല. ജീവനക്കാർ ജോലി ബഹിഷ്കരിച്ചാലും വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ വേണ്ട എല്ലാ നടപടിയും സ്വീകരിക്കണമെന്ന് സർക്കാർ ബോർഡിനെ അറിയിച്ചു. ജീവനക്കാർ ജോലി ബഹിഷ്കരിച്ചാൽ പട്ടാളത്തെ ഉപയോഗിച്ച് വൈദ്യുതി വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ഭീഷണി മുഴക്കി. ഒക്ടോബർ അഞ്ചുമുതൽ ‘ജോലി ബഹിഷ്കരണം' എന്നതായിരുന്നു സമരസമിതി തീരുമാനിച്ചത്. അതിനുമുമ്പ് ഏതെങ്കിലും ജീവനക്കാരെ അറസ്റ്റ് ചെയ്താൽ ഒറ്റക്കെട്ടായി പണിമുടക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. ജയിൽനിറയ്‌ക്കൽ സമരത്തിനും ജീവനക്കാർ തീരുമാനിച്ചു. ‘തങ്ങൾ ഒറ്റക്കെട്ടാണ്. ഇത് ധർമയുദ്ധമാണ്’–- സമരസമിതി പ്രഖ്യാപിച്ചു.

യുപി വൈദ്യുതി ബോർഡും വിതരണ ശൃംഖലകളും പൊതുമേഖലയിൽ പടുത്തുയർത്തിയതാണ്. ഈ സമ്പത്ത് സ്വകാര്യ കുത്തകകളെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരുടെ സമരസമിതി സെപ്തംബറിൽ സമാധാനപരമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു. ഭഗത്‌സിങ്‌ ജന്മദിനമായ സെപ്തംബർ 28ന് ജീവനക്കാർ വൻ റാലി നടത്തി. അടിച്ചമർത്താൻ ശ്രമിച്ചാൽ രാജ്യത്തെ 30 ലക്ഷം വൈദ്യുതി ജീവനക്കാർ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങുമെന്ന് സംഘടനകളുടെ ഏകോപന സമിതി  പ്രഖ്യാപിച്ചു. ഇതെല്ലാമായിട്ടും ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ തയ്യാറായില്ല. സമരം അടിച്ചമർത്തുമെന്ന ധിക്കാരത്തിൽ ഉറച്ചുനിന്നു. പണിമുടക്കിയാൽ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ ‘പുതിയ ജീവനക്കാരെ' നിയമിക്കാൻ നീക്കം നടത്തി. ‘ക്രിറ്റിക്കൽ പവർ സ്റ്റേഷനുകൾ'ക്ക് സുരക്ഷ ശക്തിപ്പെടുത്തി. യുദ്ധസമാനമായ നിലയിലാണ് തൊഴിലാളിസമരത്തെ നേരിടാൻ ‘യോഗി' സർക്കാർ മുതിർന്നത്. യുപി പവർ കോർപറേഷൻ മാനേജ്മെന്റ് സമരസമിതി നേതാക്കളെ വിളിച്ച് പിന്തിരിയണമെന്ന്‌ ആവശ്യപ്പെട്ടു.


 

ഈ സമ്മർദങ്ങൾക്കൊന്നും വഴങ്ങാതെ സ്വകാര്യവൽക്കരണ നടപടികൾ പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ജീവനക്കാർ പ്രഖ്യാപിച്ചു. എന്തെങ്കിലും സാമ്പത്തിക ആനുകൂല്യത്തിനല്ല; പൊതുമേഖലാ സംരക്ഷണത്തിനാണ് തൊഴിലാളികൾ ഈ നിലപാട് സ്വീകരിച്ചത്. സ്വകാര്യവൽക്കരണത്തെ വൈദ്യുതിമേഖലയിലെ ‘പരിഷ്കരണം' എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്. വൈദ്യുതി വിതരണ ശൃംഖലകൾ, സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

എല്ലാ ഭീഷണികളെയും അധികാരഹുങ്കിനെയും വെല്ലുവിളിച്ചുകൊണ്ട് ഒക്ടോബർ അഞ്ചുമുതൽ സമരസമിതി പ്രഖ്യാപിച്ച ‘ജോലി ബഹിഷ്കരണ' സമരം ആരംഭിച്ചു. കിഴക്കൻ യുപിയിൽ വൈദ്യുതിവിതരണം പൂർണമായും സ്തംഭിച്ചു. ഭീഷണിക്കുമുമ്പിൽ ജീവനക്കാർ മുട്ടുമടക്കില്ലെന്ന് ബോധ്യമായ സർക്കാർ ചൊവ്വാഴ്ച (ഒക്ടോബർ ആറിന്) നേതാക്കളെ ചർച്ചയ്‌ക്ക് വിളിച്ചു. വൈദ്യുതിമന്ത്രി ശ്രീകാന്ത് ശർമ, ധനമന്ത്രി സുരേഷ് ഖന്ന എന്നിവർ സമരനേതാക്കളുമായി ഏകദേശം അഞ്ചു മണിക്കൂർ ചർച്ച നടത്തി. ഒടുവിൽ സ്വകാര്യവൽക്കരണ നടപടി നിർത്തിവയ്‌ക്കാമെന്ന് സർക്കാരിന് സമ്മതിക്കേണ്ടി വന്നു. ഭാവിയിൽ ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചിക്കാതെ സ്വകാര്യവൽക്കരണ നടപടിയൊന്നും സ്വീകരിക്കുന്നതല്ല എന്നും സമ്മതിച്ചു. വ്യക്തമായ എഗ്രിമെന്റുണ്ടാക്കി ഇരുകൂട്ടരും ഒപ്പുവച്ചു. വൈദ്യുതിവിതരണം മെച്ചപ്പെടുത്താനുള്ള നടപടികളുമായി ജീവനക്കാർ സഹകരിക്കുമെന്നും ഈ കാര്യം മാസംതോറും അവലോകനം ചെയ്യുമെന്നും തീരുമാനിച്ചു. ഒരു അച്ചടക്ക നടപടിയും സ്വീകരിക്കുന്നതല്ലെന്നും പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കുമെന്നും സർക്കാർ സമ്മതിച്ചു. സമരസമിതി ഉന്നയിച്ച എല്ലാ ആവശ്യവും അംഗീകരിച്ച് കരാർ ഒപ്പിട്ടതിനുശേഷമാണ് പണിമുടക്ക്‌ അവസാനിപ്പിച്ചത്.


 

യുപി വൈദ്യുതി ജീവനക്കാരുടെ സമരവിജയം രാജ്യത്തെ തൊഴിലാളികൾക്കെല്ലാം ഒരു പാഠമാണ്. തൊഴിലാളികൾ ഒറ്റക്കെട്ടായി നിന്നാൽ ഒരു ശക്തിക്കും–- ഒരു യോഗിക്കും–- അവരെ തോൽപ്പിക്കാനാകില്ല. സ്വകാര്യവൽക്കരണത്തിനെതിരെ കൽക്കരി ഖനനമേഖലയിലും ഓർഡൻസ് ഫാക്ടറികളിലും തൊഴിലാളികൾ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിട്ടുണ്ട്. അത്തരമൊരു ഐക്യം റെയിൽവേയിൽ രൂപംകൊള്ളാത്തതാണ് സ്വകാര്യവൽക്കരണവുമായി മുന്നോട്ട് പോകാൻ സർക്കാരിന് ധൈര്യം നൽകുന്നത്.

മോഡി സർക്കാരിന്റെ തൊഴിലാളി–- കർഷക വിരുദ്ധ നയങ്ങൾക്കും പൊതുമേഖലാ സ്വകാര്യവൽക്കരണത്തിനുമെതിരെ നവംബർ 26ന് തൊഴിലാളികൾ ദേശവ്യാപകമായി പണിമുടക്കാൻ തീരുമാനിച്ചിട്ടുണ്ട്. 10 ദേശീയ ട്രേഡ് യൂണിയനാണ് പണിമുടക്കിന്‌ ആഹ്വാനം നൽകിയത്.     കാർഷികമേഖല കോർപറേറ്റുകൾക്ക് തീറെഴുതിയ നടപടിക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും കർഷകർ സമരത്തിലാണ്. കർഷകസമരത്തെ ഭിന്നിപ്പിക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞിട്ടില്ല. വർഗീയത ഉയർത്തി അധികകാലം ജനങ്ങളെ ഭിന്നിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല. വർഗസമരത്തിന്റെ ചൂടേറ്റാൽ വർഗീയത ഉരുകും, അധ്വാനിക്കുന്ന വർഗത്തിന്റെ ഐക്യത്തിനു മുമ്പിൽ മോഡിയും യോഗിയും തലകുനിക്കേണ്ടി വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top