31 January Tuesday

മായില്ല; മുത്തച്ഛമുഖം ; ഓർമകളൊന്നും അണഞ്ഞിട്ടില്ല

രാജേഷ് കടന്നപ്പള്ളിUpdated: Tuesday Nov 1, 2022


പ്രസിദ്ധമായ പയ്യന്നൂർ കോറോം പുല്ലേരി വാധ്യാരില്ലത്തെ പൂമുഖത്ത് നിറചിരിയുമായി വരവേൽക്കാൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയില്ലെങ്കിലും ആ ഓർമകളൊന്നും അണഞ്ഞിട്ടില്ല. മലയാള സിനിമയുടെ മുത്തച്ഛ മുഖപ്രസാദമായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ കേരളപ്പിറവി ദിനം ആഘോഷത്തിമിർപ്പിൽ അലിയും.

തുലാമാസത്തിലെ തിരുവോണമാണ് ജന്മദിനം. മുത്തച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ സംഗതി കെങ്കേമമാക്കും. ബന്ധുക്കളും സുഹൃത്തുക്കളും പരിചിതരും ആരാധകരും പുല്ലേരിയില്ലത്ത്  നിറയും. ഇല്ലത്തെത്തിയവരെയെല്ലാം നിറചിരിയോടെ വരവേൽക്കും. അനുഗ്രഹവാക്കുകൾ ചൊരിയും. ഉലകനായകൻ കമലഹാസൻ, പ്രിയ നേതാവ് പിണറായി വിജയൻ, സിനിമാരംഗത്തെ പ്രമുഖർ... പിറന്നാൾ ദിനത്തിൽ വിളി പതിവാണ്. എല്ലാവരും വിളിച്ച് ആശംസയർപ്പിച്ചതിനെക്കുറിച്ച് വാതോരാതെ പറയും. അഭ്രപാളിയിൽ തിളങ്ങിനിൽക്കുമ്പോഴും ജീവിതലാളിത്യം കൈവിടാറേയില്ല. "റെഡ് ഷെൽട്ടറിൽ ഉണ്ണി' എന്ന ജീവചരിത്രത്തിന്റെ അവതാരികയിൽ മഹാനടൻ മമ്മൂട്ടി കുറിച്ചത് "പച്ച മണ്ണിന്റെ ഗന്ധവും പഴച്ചാറിന്റെ മാധുര്യവുമാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി'.

എ കെ ജിക്ക് പ്രിയപ്പെട്ട ഉണ്ണിയാണ്. തിരിച്ച് ഗോപാലേട്ടനും. "മൈ ഡിയർ ഡിയർ ഉണ്ണി' എന്നാണ് കത്തിൽ എ കെ ജി സംബോധന ചെയ്യുക. എ കെ ജിയുടെ കത്തുകൾ നിധിപോലെ സൂക്ഷിച്ചിരുന്നു. എൺപത്തിയാറാമത്തെ വയസ്സിൽ സിനിമയിൽ എത്തി. ദേശാടനത്തിലെ അഭിനയത്തികവ് മലയാളിയുടെ മുത്തച്ഛ സങ്കൽപ്പത്തിന്റെ മുഖശോഭയായി മാറി. പിന്നീട് തിരക്കുള്ള നടനായി നിറഞ്ഞാടി. തമിഴ്, തെലുങ്ക് ചിത്രങ്ങളിലടക്കം പതിനാറോളം സിനിമ. കല്യാണരാമനിലെ മുത്തച്ഛന്റെ കോമാളിത്തം പ്രേക്ഷകർ അത്ര വേഗത്തിൽ മറക്കില്ല. അനുഭവങ്ങളുടെ സാഗരമായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ്, സി എച്ച് ഗോവിന്ദൻ നമ്പ്യാർ അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കളുമായി സൗഹൃദം. എ കെ ജി, എ വി കുഞ്ഞമ്പു, സി എച്ച് കണാരൻ, കെ പി ആർ ഗോപാലൻ, കേരളീയൻ അടക്കം കമ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിയുമ്പോൾ സംരക്ഷണം നൽകി.

ഈശ്വരവിശ്വാസിയായ കമ്യൂണിസ്റ്റാണെന്നാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പരിചയപ്പെടുത്തുക. ജീവിതാന്ത്യംവരെ കമ്യൂണിസ്റ്റ് സഹയാത്രികനായി ജീവിച്ചു. പിറന്നാൾദിനത്തിൽ കുടുംബാംഗങ്ങൾ ഒത്തുകൂടും. മകൻ ഭവദാസന്റെ കൊച്ചുമകൾ നിഹാരികയുടെ ജന്മദിനവും അന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top