13 September Friday

അസമത്വം കുറയ്ക്കാൻ
 പദ്ധതിയെവിടെ

ടി ചന്ദ്രമോഹൻUpdated: Thursday Jul 25, 2024

 

ഇന്ത്യയെ 2047ൽ വികസിത രാജ്യമാക്കുന്നതിനുള്ള പദ്ധതികളടങ്ങിയ ബജറ്റാണ്‌ കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്നാണ്‌ ബിജെപിയും പ്രധാനമന്ത്രി മോദിയും അവകാശപ്പെട്ടത്‌. രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, വിലക്കയറ്റം, വർധിച്ചുവരുന്ന അസമത്വം, കർഷക ആത്മഹത്യ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായ പദ്ധതികളോ നിർദേശങ്ങളോ ബജറ്റിലില്ല. ആഭ്യന്തര മൊത്ത ഉൽപ്പാദന വളർച്ച (ജിഡിപി) ഏഴ്‌ ശതമാനത്തിനു മുകളിൽ എത്തുമെന്നും ഇത്‌ വലിയ നേട്ടമാണെന്നുമുള്ള വാദം വെറും അസംബന്ധമാണെന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയാണെന്നുമാണ്‌ ഒരാഴ്‌ച മുമ്പ്‌ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) പുറത്തുവിട്ട പ്രതിശീർഷവരുമാനം അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്‌. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് മോദി അവകാശപ്പെട്ടുകൊണ്ടിരിക്കെയാണ്‌ ഐഎംഎഫിന്റെ റിപ്പോർട്ട്‌ പുറത്തുവന്നത്‌. റിപ്പോർട്ട്‌ പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കി ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏറെ പിന്നിലാണ്‌. ലക്സംബർഗ് ഒന്നാം സ്ഥാനത്തെത്തിയ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 138. മൊത്ത ആഭ്യന്തര ഉൽപ്പാദനപ്രകാരം വലിയ സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണെങ്കിലും ഇന്ത്യയിലെ വർധിച്ച വരുമാന അസമത്വമാണ് റിപ്പോർട്ട്‌ പ്രതിഫലിപ്പിക്കുന്നത്. പ്രതിശീർഷ ജിഡിപിയാണ് ഒരാൾക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തെ സൂചിപ്പിക്കുന്നത്‌. ലക്സംബർഗിൽ 1,31,380 ഡോളറാണ് (1.10 കോടി രൂപ) ഒരു വ്യക്തിയുടെ പ്രതിശീർഷ വരുമാനമെങ്കിൽ ഇന്ത്യയിൽ 2730 ഡോളറാണ് (ഏകദേശം 2,27,000 രൂപ) പ്രതിശീർഷ വരുമാനം. ജനസംഖ്യയുടെ 70 ശതമാനവും ഈ വരുമാനത്തിന്‌ പുറത്താണെന്നതാണ്‌ യഥാർഥ വസ്‌തുത. മൊത്തം ആഭ്യന്തര ഉൽപ്പാദനം കണക്കിലെടുത്താൽ 28.78 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയുള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 18.53 ലക്ഷം കോടി ഡോളർ സമ്പദ്ഘടനയുള്ള ചൈന രണ്ടാം സ്ഥാനത്തുണ്ട്. ജർമനി (4.59), ജപ്പാൻ (4.11 ) എന്നീ രാജ്യങ്ങൾ ഇന്ത്യക്ക്‌ മുന്നിലാണ്‌. 3.94 ലക്ഷം കോടി ഡോളറാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ മൂല്യം. ഊതിപ്പെരുപ്പിച്ച പ്രഖ്യാപനങ്ങളും കള്ളക്കണക്കുകളും നിരത്തുന്ന ഭരണനേട്ടത്തിന്റെയും ബജറ്റ്‌ പ്രഖ്യാപനങ്ങളുടെയും പൊയ്മുഖമാണ്‌ ഐഎംഎഫ്‌ റിപ്പോർട്ടിലൂടെ അഴിഞ്ഞുവീഴുന്നത്.

അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, വികസനത്തിന്റെ നേട്ടം എല്ലാ വിഭാഗങ്ങൾക്കും എത്തിച്ചെന്നും അവകാശപ്പെടുന്ന പ്രധാനമന്ത്രി പാവപ്പെട്ടവരെ പാടെ മറന്നു. സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനയുക്തി പാവപ്പെട്ടവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക എന്നതാണ്‌. രാജ്യത്തെ മൊത്തം സമ്പത്തിന്റെ മൂന്നു ശതമാനത്തോളംമാത്രം കൈകാര്യം ചെയ്യുന്ന 50 ശതമാനത്തിലേറെ വരുന്ന പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങളിൽ ജിഡിപി വളർച്ച ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ദരിദ്രർ കൂടുതൽ ദരിദ്രരാകുകയാണ്‌. വിലക്കയറ്റം രൂക്ഷമായിരിക്കെ ജനങ്ങളുടെ ക്രയശേഷി കുറയുകയാണ്‌. ആഭ്യന്തരനിക്ഷേപവും ആഭ്യന്തര ഉപഭോഗവും കുറയുകയാണ്‌. രാജ്യത്ത്‌ ഗാർഹിക കടത്തിൽ ഗണ്യമായ വർധനയുണ്ടായി. 101.8 ലക്ഷം കോടി രൂപയാണ്‌ ഗാർഹികതലത്തിലുള്ള കടം. ജിഡിപി വളർച്ചയും കോർപറേറ്റുകളുടെ വൻലാഭവും വികസനത്തിന്റെ ഒരു വശമാണെങ്കിൽ വർധിച്ചുവരുന്ന അസമത്വവും സാമ്പത്തിക ദാരിദ്ര്യവും തൊഴിലില്ലായ്‌മയും കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവും സ്‌ത്രീകളിലെ വിളർച്ചയും വളർച്ചയുടെ മറുവശമാണ്‌.


 

സമ്പദ്‌വ്യവസ്ഥയിൽ വൻ വളർച്ചയെന്ന അമിതമായ പ്രചാരത്തിനിടയിലും ദാരിദ്ര്യം കുറയ്ക്കാൻ സമൂഹത്തിലെ എല്ലാവർക്കും അടിസ്ഥാന മിനിമം വരുമാനം ഉറപ്പാക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ ബജറ്റിൽനിന്ന് പണം കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു വേണ്ടത്‌. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വാർധക്യ സുരക്ഷ, ഭക്ഷണം എന്നിവ സാർവത്രിക വ്യവസ്ഥയാക്കി മാറ്റാനും ശ്രമിക്കുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാവപ്പെട്ടവർ ബിജെപിക്ക്‌ നൽകിയ മുന്നറിയിപ്പും ഇതായിരുന്നു. ഇത്‌ ഉൾക്കൊണ്ട്‌ ഇത്തവണത്തെ ബജറ്റിൽ പാവപ്പെട്ടവർക്ക്‌ അനുകൂലമായ പദ്ധതികളുണ്ടാകുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. ക്ഷേമ പെൻഷൻ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യംപോലും പരിഗണിച്ചില്ല. 60– -79നും ഇടയിൽ പ്രായമുള്ളവർക്ക്‌ 200 രൂപയും 80നു മുകളിലുള്ളവർക്ക്‌ 500 രൂപയുമാണ്‌ ക്ഷേമ പെൻഷനുള്ള പ്രതിമാസ കേന്ദ്രവിഹിതം. അർഹതപ്പെട്ട പത്തു ശതമാനത്തിനു പോലും ഇതുലഭിക്കുന്നില്ല.  ഗ്രാമീണ സമ്പദ്‌‌വ്യവസ്ഥയ്‌ക്ക്‌ കരുത്താകേണ്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്കുള്ള വിഹിതവും വർധിപ്പിച്ചില്ല. പാവപ്പെട്ടവരുടെ കൈകളിൽ പണം എത്തിച്ച്‌ ക്രയശേഷി മെച്ചപ്പെടുത്തി ഉൽപ്പാദനവും തൊഴിലും വർധിപ്പിക്കാതെ സ്ഥിരതയാർന്ന സാമ്പത്തികവളർച്ച കൈവരിക്കാനാകില്ല. കോർപറേറ്റുകളുടെയും സമ്പന്നരുടെയുംമേൽ പുതിയ നികുതി ചുമത്താനോ നിലവിലുള്ളത്‌ കൂട്ടാനോ മുതിർന്നില്ല.

2028ൽ അഞ്ചു ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയോടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും 2047ൽ വികസിത രാജ്യമെന്ന ലക്ഷ്യം കൈവരിക്കാനുമുള്ള സാമ്പത്തിക നയങ്ങളാണ്‌ നടപ്പാക്കുന്നതെന്നും പറയുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അഞ്ചു പതിറ്റാണ്ട്‌ കഴിഞ്ഞാലും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലെത്താൻ കഴിയില്ലെന്നതാണ്‌ യാഥാർഥ്യം. പ്രതിശീർഷ വരുമാനത്തിൽ 138–-ാം സ്ഥാനത്തുള്ള ഇന്ത്യ ബ്രിക്‌സ്‌ കൂട്ടായ്‌മയിലെ ഏറ്റവും ദരിദ്ര രാജ്യമാണ്‌. ജി20ലും സ്ഥിതി ഇതുതന്നെ. ലോകത്തിലെ ഏറ്റവും കൂടുതൽ ദരിദ്രരുള്ള ഇന്ത്യ ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ 111–-ാം സ്ഥാനത്താണ്‌. ഒരു വികസിത രാജ്യത്തിന്റെ പ്രധാന സവിശേഷത ഉയർന്ന പ്രതിശീർഷ വരുമാനമാണ്‌–-- ഐഎംഎഫിന്റെ കണക്കനുസരിച്ച്‌ 21,664 ഡോളർ (18 ലക്ഷം രൂപ). സൃഷ്ടിച്ചെടുക്കുന്ന ജിഡിപി വളർച്ചയുടെ കണക്കുകൊണ്ടുമാത്രം ഉയർന്ന വരുമാനമുള്ള രാജ്യമായി മാറില്ല. വളർച്ചയുടെ നേട്ടം എല്ലാവരിലേക്കും എത്തിച്ച്‌ അസമത്വം കുറച്ചുകൊണ്ടുവന്നാൽ മാത്രമേ വികസിത രാജ്യമാകാനുള്ള വഴിയിലേക്ക്‌ നീങ്ങാനാകൂ. നമ്മുടെ ജനസംഖ്യയുടെ ഒരു ശതമാനം പേർ 40 ശതമാനത്തിലേറെ സമ്പത്ത്‌ കൈയടക്കിവയ്‌ക്കുമ്പോൾ 50 ശതമാനം പേർക്ക്‌ ലഭിക്കുന്നത്‌ മൂന്നു ശതമാനം മാത്രമാണ്‌. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇന്ത്യയിലെ പല വൻകിട കോർപറേറ്റുകളുടെയും വരുമാനം 20 ഇരട്ടിവരെ വർധിച്ചു. 2023–--24ൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ അറ്റാദായം 10.1 ശതമാനമാണ്. 2007-–- 08നു ശേഷമുള്ള ഏറ്റവും ഉയർന്ന ലാഭവിഹിതവും ഏറ്റവും ഉയർന്ന മാർജിനുമാണിത്. ഇന്ത്യൻ കോർപറേറ്റ് മേഖല പണപ്പെരുപ്പത്തിൽനിന്ന് നേട്ടമുണ്ടാക്കുകയായിരുന്നു. അസംസ്‌കൃത വസ്‌തുക്കൾക്കുള്ള ചെലവ് വർധിക്കുന്നതിന്റെ ഭാരം ഉപയോക്താക്കളിൽ അടിച്ചേൽപ്പിച്ച്‌ ലാഭവിഹിതം ഉയർത്തിക്കൊണ്ട് അവർ നേട്ടമുണ്ടാക്കി. സമ്പന്നർ കൂടുതൽ സമ്പന്നരായപ്പോൾ ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനം പ്രതിമാസം ലഭിക്കുന്ന അഞ്ച് കിലോ ഭക്ഷ്യധാന്യത്തെ ആശ്രയിച്ചുകഴിയുകയാണ്‌.

രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിലെ പ്രധാന സംഭാവനയായ കാർഷികമേഖലയ്ക്ക്‌ പ്രോത്സാഹനം നൽകുന്ന പദ്ധതിയോ കടാശ്വാസമോ മറ്റ്‌ ഇളവുകളോ ബജറ്റിൽ ഇല്ല. കർഷകർക്ക്‌ പിഎം കിസാൻ സമ്മാൻ നിധിയിൽനിന്നുള്ള സഹായം വർധിപ്പിച്ചില്ല,

മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ വളർച്ച പ്രധാനമാണെങ്കിലും വളർച്ചയുടെ ഗുണം എല്ലാ വിഭാഗങ്ങളിലും എത്തുന്നില്ല. 50 ശതമാനം ഇന്ത്യക്കാരും ഭക്ഷ്യ അരക്ഷിതാവസ്ഥയും വരുമാന അരക്ഷിതാവസ്ഥയും അഭിമുഖീകരിക്കുകയാണ്‌. ജിഡിപി ഏഴ്‌ ശതമാനത്തിനു മുകളിലാണെന്ന്‌ പറയുമ്പോഴും തൊഴിലില്ലായ്‌മ രൂക്ഷമാകുന്നെന്ന വൈരുധ്യവും നിലനിൽക്കുന്നു. രാജ്യം യഥാർഥത്തിൽ സാമ്പത്തിക വളർച്ച കൈവരിക്കുകയാണെങ്കിൽ ദാരിദ്ര്യം, തൊഴിലില്ലായ്‌മ, ആഭ്യന്തര ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവയിലെല്ലാം പ്രതിഫലിക്കേണ്ടതാണ്‌. ഈ മേഖലകളിലെല്ലാം പിന്നോട്ടടിയാണ്‌ നേരിടുന്നത്‌. രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിലെ പ്രധാന സംഭാവനയായ കാർഷികമേഖലയ്ക്ക്‌ പ്രോത്സാഹനം നൽകുന്ന പദ്ധതിയോ കടാശ്വാസമോ മറ്റ്‌ ഇളവുകളോ ബജറ്റിൽ ഇല്ല. കർഷകർക്ക്‌ പിഎം കിസാൻ സമ്മാൻ നിധിയിൽനിന്നുള്ള സഹായം വർധിപ്പിച്ചില്ല, രാസവള, ഭക്ഷ്യ സബ്‌സിഡികൾക്കുള്ള വിഹിതം കുറച്ചു. കാർഷികോൽപ്പന്നങ്ങൾക്ക്‌ ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്ത്‌ കുറഞ്ഞ താങ്ങുവില നിശ്‌ചയിക്കണമെന്ന ആവശ്യം ഇത്തവണയും നടപ്പാക്കിയില്ല. തൊഴിലവസരം സൃഷ്ടിക്കുന്നതിൽനിന്ന്‌ സർക്കാർ പിന്മാറിക്കൊണ്ട്‌, ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുത്ത്‌ സ്വയംതൊഴിൽ കണ്ടെത്താൻ ഉപദേശിക്കുകയാണ്‌. തൊഴിലവസരം സൃഷ്ടിക്കാനെന്ന പേരിൽ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളാകട്ടെ കോർപറേറ്റുകളെ സഹായിക്കാൻമാത്രം രൂപപ്പെടുത്തിയതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top