20 April Tuesday

കരകയറ്റുമോ കേന്ദ്ര ബജറ്റ് - ജോർജ്‌ ജോസഫ്‌ എഴുതുന്നു

ജോർജ്‌ ജോസഫ്‌Updated: Monday Feb 1, 2021


കർഷക സംഘടനകളുടെ പാർലമെന്റ് മാർച്ച് ഒഴിവാക്കിയിരിക്കുന്ന സാഹചര്യത്തിൽ ബജറ്റ് അവതരണത്തിന്റെ  കാര്യത്തിൽ ധനമന്ത്രി നിർമല സീതാരാമന്‌ ശ്വാസം നേരെവിടാം. കനത്ത കാർമേഘപാളികൾ സാമ്പത്തിക രംഗത്തെയാകെ മൂടിയിരിക്കുന്നതിനാൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറെ  പ്രാധാന്യമുള്ള ഒരു ബജറ്റാണ്  തിങ്കളാഴ്ച അവതരിപ്പിക്കുന്നത്. കാരണം, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ  കണക്കുകൾ പ്രകാരം 2020–- - 21  സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര ഉൽപ്പാദനം 7. 7 ശതമാനം കുറയുമെന്ന് അനുമാനിക്കുന്നു. നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 23. 9 ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോൾ രണ്ടാം പാദത്തിൽ അത് - 7.5 ശതമാനമായി. കഴിഞ്ഞ ഒരു അർധ ദശകത്തിനിടയിൽ ഇന്ത്യൻ സാമ്പത്തികരംഗം എത്തിപ്പെട്ടിരിക്കുന്ന വലിയ വൈതരണിയെയാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ, ഇതെല്ലാം ‘ദൈവത്തിന്റെ വികൃതിയാണ്' എന്ന തരത്തിൽ, സാമ്പത്തികമേഖലയുടെ മുരടിപ്പിനെ കോവിഡിന്റെ കണക്കിൽ ചെലവെഴുതി തടിതപ്പാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പക്ഷേ, വസ്തുതകളും കണക്കുകളും മറിച്ചാണ് പറയുന്നത്.

2017–-18 മുതൽതന്നെ ജിഡിപി വളർച്ചയുടെ തോത് ഇടിയുന്ന പ്രവണതയാണ് പ്രകടമാക്കിയിരുന്നത്. 2016–-17 ൽ 8.3 ശതമാനമായിരുന്ന ജിഡിപി വളർച്ച നിരക്ക് 2017–-18 ൽ ഏഴു ശതമാനത്തിലേക്ക് താഴ്‌ന്നു. 2018–-19ൽ ഇത് 6.1 ശതമാനത്തിലേക്കും 2019–- -20ലെ പ്രാഥമിക കണക്കുകൾ പ്രകാരം 4.2 ശതമാനത്തിലേക്കും താഴ്‌ന്നു. 2020–-21ലെ അഡ്വാൻസ് എസ്റ്റിമേറ്റുകൾ അനുസരിച്ച് ഇത് - 7.7 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. 2020–-21 ലെ വിലയെ അടിസ്ഥാനമാക്കിയുള്ള ഗ്രോസ് വാല്യു ആഡ്‌ഡിന്റെ  (ജിവിഎ) ആദ്യ അനുമാനക്കണക്കുകൾ പ്രകാരം കാർഷികമേഖലയിലും വനം, മത്സ്യബന്ധനം,  ഊർജം  തുടങ്ങിയ രംഗങ്ങളിലും  മാത്രമാണ്  പോസിറ്റീവ് വളർച്ച പ്രകടമായത്. മറ്റെല്ലാ മേഖലയും നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.4 ശതമാനം വളർച്ചയാണ് കാർഷികമേഖലയിൽ കണക്കാക്കിയിരിക്കുന്നത്. 

2008–--09ൽ സമീപകാലത്ത് ലോകം കണ്ട ശക്തമായ ആഗോള സാമ്പത്തികമാന്ദ്യത്തിലും ഉലയാതെ നിന്ന സമ്പദ്ഘടനയാണ് ഇന്ന് ഇത്തരമൊരു പതനത്തിൽ എത്തിപ്പെട്ടിരിക്കുന്നത്‌. കോവിഡ്,  പ്രതിസന്ധിയുടെ ആക്കവും തൂക്കവും കൂട്ടിയിട്ടുണ്ടെങ്കിലും സാമ്പത്തികരംഗത്ത് വരുത്തിവച്ച മൗലികമായ വീഴ്ചകളാണ് ഇന്ത്യൻ സമ്പദ്ഘടനയുടെ ഇന്നത്തെ ദുർഗതിക്ക് കാരണം. കോവിഡ് മഹാമാരിയെ ഏറെക്കുറെ ഒരു അനുഗ്രഹമായി കണ്ട് പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയ അവശ്യ സാധനങ്ങളുടെയടക്കം വിലകൂട്ടി സംഘടിതമായ കൊള്ളയ്‌ക്ക് ഈ പ്രതികൂല സാഹചര്യത്തെ കേന്ദ്രം പ്രയോജനപ്പെടുത്തുന്നു എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത.


 

പ്രതികൂലമായ ഈ സാമ്പത്തിക സാഹചര്യത്തിൽ സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിന് പുതിയ ബജറ്റ് എങ്ങനെ ക്രിയാത്മകമായി പ്രതികരിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് രാജ്യത്തിന്റെ  മുന്നോട്ടുള്ള പോക്ക്. കൂടുതൽ ചെലവഴിച്ചുകൊണ്ട് സാമ്പത്തികമേഖലയെയും വിപണികളെയും ഉത്തേജിതമാക്കുകയെന്ന തന്ത്രത്തിന് ബജറ്റ് എത്രമാത്രം ഊന്നൽ നൽകുമെന്നതാണ് ഇതിലെ  ശ്രദ്ധേയമായ കാര്യം. ലോക രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശുഷ്കമായ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മിക്കവാറും രാജ്യങ്ങൾ ജിഡിപിയുടെ 10 മുതൽ 20 ശതമാനംവരെ പ്രത്യേക സാമ്പത്തിക പാക്കേജായി ജനങ്ങൾക്ക് കൈമാറിയപ്പോൾ സൗജന്യഭക്ഷ്യധാന്യ വിതരണം, ജനങ്ങൾക്ക് നേരിട്ട് പണമെത്തിക്കൽ അടക്കമുള്ള കാര്യങ്ങൾക്ക് കേവലം 1. 7 ലക്ഷം കോടിയാണ് പ്രഖ്യാപിച്ചത്. ജിഡിപിയുടെ ഒരു ശതമാനത്തിലും താഴെ വരുന്ന തുകയാണ് ഇത്. ഇതിന്റെ പകുതി പോലും ചെലവഴിച്ചിട്ടില്ലെന്നത് മറ്റൊരു യാഥാർഥ്യം. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലും കേന്ദ്ര സർക്കാർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ  ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിനടക്കമുള്ള ഉത്തരവാദിത്തങ്ങൾ സംസ്ഥാനങ്ങളുടെ തലയിലിട്ട് മാറിനിൽക്കുന്നു.

കാർഷിക, ഗ്രാമീണമേഖല, ആരോഗ്യം, കുടുംബക്ഷേമം, വിദ്യാഭ്യാസം, ഇതര ക്ഷേമപദ്ധതികൾ എന്നിവയ്ക്ക് പുതിയ ബജറ്റ് എത്രമാത്രം ഊന്നൽ നൽകുന്നുവെന്നതിനെ ആശ്രയിച്ചാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുള്ള ഗതി നിർണയിക്കുക. ഈ മേഖലകളിൽ സർക്കാർ ചെലവുകൾ ഉയർത്തുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ നിർണായകമാണ്. 2020–-21ലെ  ബജറ്റിൽ കൃഷി, ജലസേചനം, ഗ്രാമീണവികസനം, പഞ്ചായത്തിരാജ് തുടങ്ങിയ മേഖലകൾക്കായി നീക്കിവച്ചത് 2.83 ലക്ഷം കോടിരൂപയാണ്. കേൾക്കുമ്പോൾ വലിയ തുകയാണെങ്കിലും 65 ശതമാനത്തിലധികം ജനങ്ങൾ ജീവിക്കുന്ന ഈ മേഖലകൾക്കായി നീക്കിവച്ച തുക  ജിഡിപിയുടെ രണ്ടു ശതമാനത്തിൽ താഴെയാണ്. അതുപോലെ വിദ്യാഭ്യാസത്തിനും ആരോഗ്യ മേഖലയ്‌ക്കുമായി നീക്കിവച്ചത് ഏകദേശം 1. 5 ശതമാനം വീതം തുകയാണ്.


 

കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ കാർഷികമേഖലയെ ബജറ്റ് കാര്യമായി കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിലും പ്രത്യേക കടാശ്വാസപദ്ധതി പോലെയൊന്ന് ആരുംതന്നെ പ്രതീക്ഷിക്കുന്നില്ല. ലോക്‌ ഡൗൺ കാലയളവിൽ ( 2020 ഏപ്രിൽ–-ഒക്ടോബർ) നികുതി, നികുതിയേതര വരുമാനങ്ങളിൽ 15. 8 ശതമാനം ഇടിവാണ് കേന്ദ്രത്തിനുണ്ടായത്. എന്നാൽ, കേന്ദ്രത്തിന്റെ റവന്യൂ ചെലവുകളിലുണ്ടായ വർധന കേവലം 0. 7  ശതമാനം മാത്രമാണ്. മൊത്തം ചെലവിൽ കേന്ദ്ര സർക്കാരിന് ഉണ്ടായ വർധന കേവലം 0. 4 ശതമാനം മാത്രമാണ്.  ഇത് എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് വളരെ കുറവാണ്. ആന്ധ്രപ്രദേശിന്റെ ചെലവ് 54.4 ശതമാനവും തെലങ്കാനയുടെ 7. 4 ശതമാനവും കേരളത്തിന്റെ 6.8 ശതമാനവും കൂടിയിട്ടുണ്ട്. സബ്‌സിഡി ചെലവുകളുടെ വർധനയുടെ കാര്യത്തിൽ കേരളം ഒന്നാമതാണ് –- 217. 5 ശതമാനം. എന്നാൽ, കേന്ദ്രത്തിന്റെ സബ്‌സിഡി ചെലവുകൾ 18.2 ശതമാനം കണ്ട് കുറയുകയാണുണ്ടായത്. ഇത്തരം ചെലവുകൾ ഏറ്റവും ഉയർന്നുനിൽക്കേണ്ടതായ ഒരു ഘട്ടത്തിലാണ് ഇതെന്ന് ഓർക്കണം. കേന്ദ്ര സർക്കാരിന്റെ മൊത്തം അന്തിമ ചെലവുകൾ 2019–-20ലെ 11 .8 ശതമാനത്തിൽനിന്ന് 2020–-21 ൽ 5.8 ശതമാനമായി കുറഞ്ഞിരിക്കുന്നത് ആശങ്കാജനകമാണ്.

നിലവിലെ സാഹചര്യത്തിൽ കൂടുതൽ നികുതിപിരിവ് എന്നത് വലിയ എതിർപ്പ് വിളിച്ചുവരുത്തുമെന്ന് അനുമാനിക്കാൻ കഴിയും. കേരളം, ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലായതിനാൽ ഇതിനു സാധ്യത കുറവാണ്. അതിനാൽ  പ്രത്യക്ഷനികുതി ഉയർത്തുകയെന്ന നിർദേശത്തിന് കൂടുതൽ പ്രാമുഖ്യം കിട്ടുമെന്നാണ് സൂചന. ആദായ നികുതി സെസ്സ് ഒന്നുമുതൽ രണ്ടു ശതമാനംവരെ ഉയർത്തുന്ന നിർദേശമാണ് പൊതുവിൽ ചർച്ച ചെയ്യപ്പെടുന്നത്. നിലവിൽ നാലു ശതമാനമാണ് സെസ്സ്. 2018ലാണ്  ആദായ നികുതി സെസ്സ്  ഈ നിലവാരത്തിലേക്ക് ഉയർത്തിയത്. കോവിഡ് ചെലവുകൾക്ക്, പ്രത്യേകിച്ച് വാക്സിൻ ചെലവുകൾക്ക് പണം കണ്ടെത്തുന്നതിന് സെസ്സിൽ വർധനയുണ്ടാകുമെന്ന് കരുതുന്നു. സെസ്സ് ആറു ശതമാനത്തിലേക്ക് ഉയർത്തിയാൽ ഏതാണ്ട് 15,000 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതിസമ്പന്നരിൽനിന്ന് അധികനികുതിയെന്ന നിർദേശത്തിലേക്ക് ധനമന്ത്രി പോകുന്നതിന് സാധ്യത കുറവാണ്. പകരം മുഴുവൻ ആദായ നികുതിദായകരെയും പിഴിയുക എന്നതായിരിക്കും തന്ത്രം. ഇതിനുപുറമെ,  കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിലൂടെയും അധികവിഭവ സമാഹരണത്തിന് ലക്ഷ്യമിടുമെന്നാണ് വിലയിരുത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top