11 August Tuesday

മുതലാളിത്തരാജ്യങ്ങളെ കാത്തിരിക്കുന്നത്

കെ എസ് രഞ്ജിത്ത്Updated: Wednesday Apr 8, 2020


കോവിഡ് മഹാമാരിയിൽ തകർന്നടിയുന്ന മുതലാളിത്ത സമ്പദ്‌വ്യവസ്ഥകൾ അവശേഷിപ്പിക്കുക കടുത്ത തൊഴിലില്ലായ്മയുടെ ദിനങ്ങൾ. അമേരിക്കയിലെയും ബ്രിട്ടനിലെയും തൊഴിലില്ലായ്‌മാനിരക്കുകൾ 1930കളിൽ ആഗോള സമ്പദ്‌‌വ്യവസ്ഥയെ തകർത്തെറിഞ്ഞ മഹാമാന്ദ്യത്തിന്റെ കാലത്തേക്കാൾ രൂക്ഷമാകുമെന്ന്‌ പഠനങ്ങൾ. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ കുതിച്ചുയരുന്നത് എന്ന്‌, കോവിഡ് സാമ്പത്തികമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പഠനം നടത്തിയ ഡാർട് മൗത്ത് കോളേജ് ഇക്കണോമിക്സിലെ പ്രൊഫസർ ഡേവിഡ് ബ്ലാർച്ച ഫ്ലവറും സ്റ്റെർലിങ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡേവിഡ് ബെല്ലും ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനിലെ തൊഴിലില്ലായ്മനിരക്ക് 21 ശതമാനമാകുമെന്നാണ് നിരീക്ഷണം. 60 ലക്ഷം ജനങ്ങൾ തൊഴിൽരഹിതരാകും.

അമേരിക്കയിൽ  തൊഴിലില്ലായ്മ 32 ശതമാനമാകും. അഞ്ച്‌ കോടിയിലധികം ആൾക്കാർ തൊഴിൽരഹിതരാകും. സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തികതകർച്ചയായ 2008ലേക്കാൾ പത്തുമടങ്ങ് വേഗത്തിലാണ് തൊഴിലില്ലായ്മ കുതിച്ചുയരുന്നത്. ഇത് എത്രകാലം നീണ്ടുനിൽക്കുമെന്നോ നഷ്ടപ്പെട്ട തൊഴിലുകൾ എന്ന് തിരിച്ചുവരുമെന്നോ പ്രവചിക്കാനാകാത്ത സ്ഥിതിയാണ്. മഹാമാന്ദ്യത്തിന്റെ കാലത്ത്‌ അമേരിക്കയിലെ തൊഴിലില്ലായ്മ 24.9 ശതമാനമായി ഉയർന്നിരുന്നു. സാധാരണ കണ്ടുവരുന്ന ചാക്രികക്കുഴപ്പങ്ങളുടെ ഗണത്തിൽനിന്ന്‌ തീർത്തും വിഭിന്നമായിരിക്കും കോവിഡ് ഏൽപ്പിക്കുന്ന സാമ്പത്തികത്തകർച്ച. അടച്ചുപൂട്ടലും സാമൂഹ്യഅകലം പാലിക്കലും ഇന്ന് ലോകരാഷ്ട്രങ്ങൾ എല്ലാം ഒരേപോലെ നടപ്പാക്കിവരികയാണ്. തൊഴിൽ സ്ഥാപനങ്ങളുടെ നടത്തിപ്പിനെയാണ് ഇത്‌ നേരിട്ട് ബാധിച്ചിരിക്കുന്നത്. തൊഴിൽമേഖലകൾ എല്ലാം നിശ്ചലമായി. ചെറിയ പ്രതിസന്ധികളിൽക്കൂടി കടന്നുപോയിക്കൊണ്ടിരുന്ന സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടലിലേക്ക്‌ നീങ്ങി. ബാക്കിയുള്ളവ എന്ന് തുറക്കുമെന്ന്‌ പ്രവചിക്കാനാകാത്ത സ്ഥിതി.


 

എല്ലാത്തരത്തിലുള്ള ഉൽപ്പന്നങ്ങളുടെയും ആവശ്യകത കുത്തനെ ഇടിഞ്ഞു.  ജീവൻ നിലനിർത്താൻ പാടുപെടുകയാണ് ലോകജനത. ആ ഘട്ടം കഴിഞ്ഞിട്ടുവേണം സാമ്പത്തികപ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലാക്കാൻ. മാന്ദ്യങ്ങളുടെ ബെഞ്ച് മാർക്കായി കണക്കാക്കുന്നത് 1930 കാലത്തെ മഹാമാന്ദ്യത്തെയാണ്. ഇത് അരങ്ങേറിയ 1929–-1932 കാലയളവിൽ അമേരിക്കയിലെ തൊഴിലില്ലായ്മ 3.2 ശതമാനത്തിൽനിന്ന്‌ 24.9 ശതമാനമായി ഉയർന്നിരുന്നു. തൊഴിൽരഹിതരുടെ എണ്ണമാകട്ടെ 1.6 ദശലക്ഷത്തിൽനിന്ന്‌ 12.8 ദശലക്ഷത്തിലേക്കും. ബ്രിട്ടനിൽ ഇതേകാലയളവിൽ തൊഴിലില്ലായ്മനിരക്ക് 7.2 ശതമാനത്തിൽനിന്ന്‌ 15.4 ശതമാനമായി. 23 ദശലക്ഷം പേർ തൊഴിൽരഹിതരായി. എല്ലാ മുതലാളിത്തരാഷ്ട്രങ്ങളിലും ഇതായിരുന്നു സ്ഥിതി . (അന്ന് ആകെ അപവാദമായി നിന്നത് സോവിയറ്റ്‌ യൂണിയൻ മാത്രമായിരുന്നു ) ഇതുമായി താരതമ്യം ചെയ്യുമ്പോൾ 2008–-10 മാന്ദ്യകാലത്തെ തൊഴിലില്ലായ്മ നിസ്സാരമാണ്. 2008 ജനുവരിക്കും 2009 ഒക്ടോബറിനുമിടയിൽ അഞ്ച്‌ ശതമാനം വർധനയാണ് തൊഴിലില്ലായ്മനിരക്കിലുണ്ടായത്. ബ്രിട്ടനിൽ 5.2 ശതമാനയിരുന്ന തൊഴിലില്ലായ്മനിരക്ക് എട്ട്‌ ശതമാനമായി (ശക്തമായ ആഭ്യന്തര കമ്പോളമുണ്ടായിരുന്ന ചൈനയെ ഈ മാന്ദ്യം കാര്യമായി ഏശിയില്ല).

തൊഴിൽരഹിതരുടെ എണ്ണം നിർണയിക്കാനാകില്ല
അമേരിക്കയിൽ മാർച്ച് 28ന്‌ അവസാനിച്ച ആഴ്ചയിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിതർ  66 ലക്ഷമാണ്. ഒരുമാസത്തെ വർധനയുടെ തോതെടുക്കുകയാണെങ്കിൽ കഴിഞ്ഞ 60 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ വർധനയാണ് മാർച്ചിലുണ്ടായിരിക്കുന്നത്. 3.5 ശതമാനത്തിൽനിന്ന്‌ 4.4 ശതമാനത്തിലേക്ക്. കോവിഡ്മൂലം അപകടത്തിലാകുന്ന തൊഴിലുകളെ  സംബന്ധിച്ച് ഫെഡറൽ റിസർവ് പുറത്തിറക്കിയ എസ്റ്റിമേറ്റ്  പ്രകാരം 2020 രണ്ടാം പാദത്തിൽ അമേരിക്കയിലെ തൊഴിലില്ലായ്‌മ 32 ശതമാനത്തിലെത്തും. ഒരു ഹ്രസ്വകാലയളവിൽ ബ്രിട്ടനിൽ ഇത് 50 ശതമാനമായി ഉയരാം. ഇന്നുള്ള 3.9 ശതമാനം തൊഴിലില്ലായ്മ 21 ശതമാനയായി ഉയരുകയാണെങ്കിൽ തൊഴിൽരഹിതരുടെ എണ്ണം 1.34 ദശലക്ഷത്തിൽനിന്ന്‌ 6 ദശലക്ഷമാകും.

കോവിഡ് ഭീഷണി ഒഴിഞ്ഞ്‌ സമ്പദ്‌വ്യവസ്ഥകൾ പൂർവസ്ഥിതി പ്രാപിക്കുന്ന കാലത്ത്‌ തൊഴിൽമേഖലയിലെ ഈ തകർച്ച അവസാനിക്കും. പക്ഷേ, ഈ കാലയളവിൽ തകർച്ചയുടെ സമ്പൂർണഭാരം ഏറ്റുവാങ്ങേണ്ടിവരിക അധ്വാനിക്കുന്ന ജനവിഭാഗങ്ങളായിരിക്കും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top