21 February Thursday

തൊഴിലില്ലായ്മയ്ക്കെതിരെ കൈകോര്‍ക്കാം

പി എ മുഹമ്മദ് റിയാസ്Updated: Saturday Jul 29, 2017

നമ്മുടെ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും യുവജനങ്ങളുടെ തൊഴിലില്ലാപ്പട പെരുകുകയാണ്. കേന്ദ്ര തൊഴില്‍മന്ത്രാലയ ബ്യൂറോ നടത്തിയ അഞ്ചാംവാര്‍ഷിക തൊഴില്‍സര്‍വേ വെളിപ്പെടുത്തിയത് ഇന്ത്യയില്‍ തൊഴില്‍ശേഷിയുള്ള പ്രായപരിധിയില്‍വരുന്ന പത്തില്‍ നാലുപേര്‍ക്കും വര്‍ഷത്തില്‍ ഉപജീവനം കഴിച്ചുകൂട്ടാന്‍ ആവശ്യമായ തൊഴില്‍ ലഭ്യമാകുന്നില്ല എന്നാണ്. 58.3 ശതമാനം ബിരുദധാരികളും 62.4 ശതമാനം ബിരുദാനന്തര ബിരുദധാരികളും ഈ തൊഴിലില്ലാപ്പടയിലുണ്ട്. ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന മറ്റൊരു സര്‍വേ സൂചിപ്പിച്ചത്, രാജ്യത്തെ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വര്‍ഷംതോറും പഠിച്ചിറങ്ങുന്ന 15 ലക്ഷത്തോളം വരുന്ന എന്‍ജിനിയര്‍മാരില്‍, ഒമ്പത് ലക്ഷം പേര്‍ക്കും തൊഴില്‍ കണ്ടെത്താനാകുന്നില്ല എന്നാണ്. ഇതിനു പുറമെ, ഐടിമേഖലയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയതോതിലുള്ള തൊഴില്‍നഷ്ടംകൂടി കണക്കിലെടുത്താല്‍ തൊഴിലില്ലായ്മ എന്ന അപകടകരമായ വ്യാധിയുടെ ആഴം മനസ്സിലാക്കാന്‍ സാധിക്കും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴിയും പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതി വഴിയും സൃഷ്ടിക്കപ്പെട്ടിരുന്ന തൊഴിലിന്റെ എണ്ണത്തില്‍ ഭീമമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. 

എന്താണ് തൊഴിലില്ലായ്മ
തൊഴിലില്ലായ്മയെ നിര്‍വചിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് വര്‍ഷത്തില്‍ വെറും 30 ദിവസത്തെ തൊഴില്‍ ലഭ്യമാണെങ്കില്‍ അയാളെ സര്‍ക്കാര്‍ തൊഴില്‍രഹിതനായി പരിഗണിക്കില്ല. ഈ തലതിരിഞ്ഞ മാനദണ്ഡങ്ങള്‍വഴിയുള്ള കണക്കുകളാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ പരസ്യപ്പെടുത്തുന്നത്. നേരത്തെ ഒരു വര്‍ഷം 183 ദിവസത്തെ തൊഴില്‍ ലഭിച്ചിരുന്നവരെമാത്രമേ തൊഴിലുള്ളവരായി പരിഗണിച്ചിരുന്നുള്ളൂ. ഇതനുസരിച്ചു നോക്കിയാല്‍, 2015-16 സാമ്പത്തികവര്‍ഷത്തില്‍, തൊഴില്‍ശേഷിയുള്ള ജനസംഖ്യയുടെ വെറും 60.6 ശതമാനത്തിനുമാത്രമേ തൊഴില്‍ ലഭ്യമായിട്ടുള്ളൂ.

ഗ്രാമീണ തൊഴില്‍പ്രതിസന്ധി
2015-16 കാലയളവില്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ച സര്‍ക്കാര്‍ രേഖപ്പെടുത്തിയത് 1.2 ശതമാനമാണ്. എന്നാല്‍, ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരു കോടി ടണ്ണിന്റെ കുറവുണ്ടായി. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ കാര്‍ഷികവൃത്തിക്കായി ഉപയോഗപ്പെടുത്തുന്ന ഭൂമിയില്‍ അഞ്ചു ലക്ഷം ഹെക്ടറിന്റെ കുറവുണ്ടായി. ഇത് സൂചിപ്പിക്കുന്നത് നമ്മുടെ കര്‍ഷകര്‍ നേരിടുന്ന വരുമാനത്തകര്‍ച്ചയും കടബാധ്യതകളുമാണ്.  തൊഴിലിനായി നഗരപ്രദേശങ്ങളിലേക്ക് പലായനം ചെയ്യുകയാണ് നല്ലൊരു ശതമാനം കര്‍ഷകരും. എന്നാല്‍, സ്ഥിരതയോ, മെച്ചപ്പെട്ട വേതനമോ ഉള്ള തൊഴില്‍നഗരങ്ങളിലും ഇവര്‍ക്ക് ലഭിക്കുന്നില്ല.  കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍വേണ്ടി മുന്നോട്ടുവച്ച ഒറ്റ തെരഞ്ഞെടുപ്പു വാഗ്ദാനവും മോഡി സര്‍ക്കാര്‍ നിറവേറ്റിയില്ല.  

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യവര്‍ഷം, 4.65 കോടി വീടുകളില്‍നിന്നാണ് തൊഴിലുറപ്പു പദ്ധതി പ്രകാരം അപേക്ഷകള്‍ വന്നത്. തൊട്ടടുത്ത വര്‍ഷത്തില്‍ അത് 15 ശതമാനം വര്‍ധിച്ച് 5.35 കോടിയായി. 2016-17ല്‍ ആറ് ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിക്കൊണ്ട് അപേക്ഷകള്‍ 5.69 കോടി കവിഞ്ഞു. നാഷണല്‍ സാമ്പിള്‍ സര്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ 5.1 ശതമാനം വീടുകളില്‍, അതായത് 1.25 കോടി വീടുകളില്‍ വരുമാനമാര്‍ഗമുള്ള ഒരാള്‍പോലും ഇല്ല എന്നാണ്.

തൊഴില്‍രഹിത വളര്‍ച്ചാനയവും കരാര്‍വല്‍ക്കരണത്തിന്റെ ദുരിതങ്ങളും
രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ഏഴ് ശതമാനമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും തൊഴില്‍നിരക്കില്‍ ഒരു ശതമാനമാണ് വര്‍ധന. 2015ലെ തൊഴില്‍മന്ത്രാലയ കണക്കുപ്രകാരം 1.35 ലക്ഷം തൊഴിലുകള്‍മാത്രമാണ് കാര്‍ഷികേതര മേഖലകളില്‍ സൃഷ്ടിക്കാനായത്. 2016ല്‍ 2.3 ലക്ഷം തൊഴിലും. പ്രതിവര്‍ഷം രണ്ടു കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന മോഹന വാഗ്ദാനവുമായി അധികാരത്തിലേറിയ ഒരു സര്‍ക്കാരിന്റെ 'പ്രോഗ്രസ് റിപ്പോര്‍ട്ടാ'ണ് ഇത്. രാജ്യം ഇന്ന് തുടരുന്ന നവലിബറല്‍ മുതലാളിത്ത വികസനപാതയുടെ അനിവാര്യമായ ദുരന്തങ്ങളില്‍ ഒന്നുമാത്രമാണ് ഈ തൊഴില്‍രഹിത വളര്‍ച്ച. അനിയന്ത്രിതമായ യന്ത്രവല്‍ക്കരണത്തിലൂടെ വന്‍കിട വ്യവസായമേഖലകള്‍ ഭീമമായതോതില്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു. എന്നാല്‍, തൊഴിലാളികളുടെ ജോലിസമയം ചുരുക്കാന്‍ കമ്പനികള്‍ തയ്യാറുമല്ല. തൊഴിലിന്റെ വ്യാപകമായ കരാര്‍വല്‍ക്കരണത്തിലൂടെ സ്ഥിരതയും സുരക്ഷിതത്വവുമുള്ള ജോലികളുടെ എണ്ണം അനുദിനം കുറയുകയും വലിയ സാമ്പത്തികലാഭം ഈ വഴി കുത്തകകള്‍ ഉറപ്പു വരുത്തുകയും ചെയ്യുന്നു. കോര്‍പറേറ്റ് മേഖല മുന്നോട്ടുവയ്ക്കുന്ന ലാഭകേന്ദ്രീകൃത വികസന പരിഷ്കാരങ്ങളില്‍ നഷ്ടം സംഭവിക്കുന്നത് തൊഴിലിനും വേതനത്തിനും സാമൂഹ്യസുരക്ഷാ നയങ്ങള്‍ക്കുമാണ്. നിര്‍മാണമേഖല, ബാങ്കിങ്, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയും അസംഘടിതവല്‍ക്കരിക്കപ്പെടുകയും കരാര്‍വല്‍ക്കരിക്കപ്പെടുകയും ചെയ്യുകയാണ്. വ്യവസായമേഖലയില്‍ സ്ഥിരം തൊഴിലാളിക്കും കരാര്‍ തൊഴിലാളിക്കും തമ്മിലുള്ള വേതനവ്യത്യാസം 56 ശതമാനമാണ്. സാങ്കേതിക, സേവന മേഖലകളില്‍ ഈ വ്യത്യാസം ഇതിലും കൂടുതലാണ്. നേഴ്സിങ്, ബിപിഒ, ബാങ്കിങ് മേഖലകളില്‍ സ്ഥിരംതൊഴില്‍ എന്നത് നാമമാത്രമായി. ഇന്ത്യന്‍ തൊഴില്‍മേഖലയുടെ ദയനീയമായ സ്ഥിതിവിശേഷത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഗയ് റൈഡര്‍ പറഞ്ഞത്, സ്ഥിരതയുള്ളതും മാന്യവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍, സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ്.

66.4 ശതമാനം വരുന്ന കരാര്‍ തൊഴിലാളികളുടെയും 84.3 ശതമാനം വരുന്ന ദിവസക്കൂലി വേതന തൊഴിലാളികളുടെയും ശരാശരി വരുമാനം പ്രതിമാസം 7500 രൂപമാത്രമാണ്. സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്ന 67.5 ശതമാനം തൊഴിലാളികളുടെ വരുമാനവും ഏകദേശം ഇത്രതന്നെ വരും. പൊതുമേഖലയില്‍ നിക്ഷേപം നടത്താനുള്ള വിമുഖത, ആ മേഖലയില്‍ സാധ്യമായിരുന്ന തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. പ്രകൃതിവിഭവ സ്രോതസ്സുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നു. തൊഴില്‍നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തി, തൊഴിലാളികള്‍ക്കുമുകളിലുള്ള വന്‍കിട കമ്പനികളുടെ ചൂഷണം ഭീകരമാംവിധം വര്‍ധിപ്പിച്ചുകൊണ്ടാണ് ഈ ഗവണ്‍മെന്റ് ഒരു ചെറു സമ്പന്നവിഭാഗത്തിന്റെ 'വളര്‍ച്ചയും വികസനവും' നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

നോട്ട് നിരോധനത്തെതുടര്‍ന്ന് ലക്ഷക്കണക്കിനു തൊഴിലുകള്‍ നഷ്ടപ്പെട്ടെന്ന്, സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍തന്നെ ഒരു സ്വകാര്യ കുത്തക കമ്പനിയെപ്പോലെ പെരുമാറുന്നു. പൊതുമേഖലയില്‍ അപ്രഖ്യാപിത നിയമനനിരോധനം നില നില്‍ക്കുന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളും ഇതേ നയമാണ് അനുവര്‍ത്തിക്കുന്നത്. ഏറ്റവും വലിയ പൊതുമേഖലാ തൊഴില്‍ ദാതാവായ ഇന്ത്യന്‍ റെയില്‍വേ, വലിയ ഒരു ശതമാനം ജോലികള്‍ കരാര്‍വല്‍ക്കരിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിനു തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പുറത്തുനില്‍ക്കുമ്പോള്‍, റിട്ടയര്‍ചെയ്ത തൊഴിലാളികളെ വീണ്ടും കരാറടിസ്ഥാനത്തില്‍ നിയമിക്കാനും റെയില്‍വേ തയ്യാറായി.

വലിയ പരസ്യപ്രചാരണങ്ങളിലൂടെ പ്രഖ്യാപിച്ച മെയ്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി. 2013-14 കാലഘട്ടത്തില്‍ 45.7 ശതമാനമായിരുന്ന വിദേശനിക്ഷേപം, 2014-15ല്‍ 42.6 ശതമാനത്തിലേക്കും 2015-16ല്‍ വെറും 35.3 ശതമാനത്തിലേക്കും കൂപ്പുകുത്തി. സ്വാതന്ത്യ്രാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും ഭീതിജനകമായ പ്രതിസന്ധിയിലൂടെയാണ് നമ്മുടെ തൊഴില്‍മേഖല കടന്നുപോകുന്നത്. രൂക്ഷമായ കാര്‍ഷികപ്രതിസന്ധിയും സാമ്പത്തികമാന്ദ്യവും അപകടകരമാംവിധം വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയുംകൂടി ചേരുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ഥ്യം, നമുക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നതിനപ്പുറത്തുള്ള സാമൂഹ്യ അരാജകത്വത്തിലേക്കാണ് നമ്മളെ തള്ളിവിടുന്നത്. അതുകൊണ്ടുതന്നെ, ഈ വിഭാഗങ്ങളെയെല്ലാം അണിനിരത്തിക്കൊണ്ടുള്ള വലിയ ബഹുജനമുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമാണ്

പ്രധാന വാർത്തകൾ
 Top