26 June Wednesday

ജനാധിപത്യം അട്ടിമറിക്കുന്നത്- ആര്-?

കോടിയേരി ബാലകൃഷ്ണൻUpdated: Friday May 3, 2019

ലോക‌്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ്- കേരളത്തിൽ സമാധാനപരമായും ജനാധിപത്യബോധം പുലർത്തിയുമാണ് പൊതുവിൽ നടന്നത്-. 77.68 ശതമാനം പേർ വോട്ട്- ചെയ്-തതിൽ തെളിയുന്നത്- കേരളീയരുടെ ജനാധിപത്യത്തോടുള്ള ഉയർന്ന കൂറാണ്. ഇതെല്ലാംകൊണ്ടാകണം കേരളത്തെ പ്രകീർത്തിക്കാൻ തെരഞ്ഞെടുപ്പ്- കമീഷനും മാധ്യമങ്ങളും തയ്യാറായത്-. പക്ഷേ വോട്ടെണ്ണാൻ ആഴ്-ചകൾ ശേഷിക്കുന്നതിന് മധ്യേ, കള്ളവോട്ട്- വിവാദം സൃഷ്ടിച്ച്- സംസ്ഥാനത്തെ കളങ്കപ്പെടുത്താൻ യുഡിഎഫ്-‐ബിജെപി ശക്തികളും അവരുടെ കൂട്ടാളികളായി ഒരു കൂട്ടംമാധ്യമങ്ങളും ഇറങ്ങിത്തിരിച്ചു. ഈ കോലാഹലത്തിൽ സംഭവിക്കാൻ പാടില്ലാത്ത നിർഭാഗ്യകരമായ ചില പക്ഷപാതിത്വവും വീഴ്-ചയും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്- ഓഫീസറിൽനിന്ന‌് ഉണ്ടായി. മാതൃഭൂമി ചാനൽ ആദ്യവും മറ്റ് ചില ചാനലുകളും വലതുപക്ഷ പത്രങ്ങളും പിന്നാലെയും ആളിക്കത്തിച്ച കള്ളവോട്ട്- കോലാഹലം വലതുപക്ഷത്തിന്റെ വറച്ചട്ടിയിൽ ചൂടാക്കിയ വിഷപാനീയമാണ്. ഇത്തരം വിവാദങ്ങൾക്കുപിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില ഗൂഢ അജൻഡകളുണ്ട്-.

ആനുപാതിക പ്രാതിനിധ്യസമ്പ്രദായം നടപ്പാക്കണം

ജനഹിതം ഏറ്റവും നല്ല രീതിയിൽ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ പാർലമെന്ററി ജനാധിപത്യം  നടപ്പാക്കണം എന്നതാണ് സിപിഐ എം കാഴ്-ചപ്പാട്-. അതായത്-, ഓരോ രാഷ്ട്രീയ പാർടിക്കും കിട്ടുന്ന വോട്ട്- എത്രയാണോ, അതിനെ അടിസ്ഥാനമാക്കി പാർലമെന്റിലും നിയമസഭയിലും മറ്റ് സമിതികളിലും പ്രതിനിധ്യം നൽകണം. അതിനായി ആനുപാതിക പ്രാതിനിധ്യസമ്പ്രദായം നടപ്പാക്കണം. ഇന്നാകട്ടെ  ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട്- കിട്ടുന്നവർ എംപിയോ എംഎൽഎയോ പഞ്ചായത്ത്- അംഗമോ ആകും. ഇതിന്റെ ഒരു ന്യൂനത കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിലും തെളിഞ്ഞു. 31 ശതമാനംമാത്രം വോട്ട്- കിട്ടിയ ബിജെപിയാകട്ടെ, വലിയ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ അധികാരത്തിലെത്തി. നിലനിൽക്കുന്ന ഈ സമ്പ്രദായം നേരിട്ടുള്ള തെരഞ്ഞെടുപ്പായതിനാൽ, ഈ ന്യൂനത ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെ, അത്- പ്രകാരം വോട്ടവകാശം സ്വതന്ത്രമായി വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോരാടുന്നവരാണ് കമ്യൂണിസ്റ്റുകാരും എൽഡിഎഫും. അതിനാൽ കള്ളവോട്ടിനെ ഞങ്ങൾ പിന്തുണയ‌്ക്കുന്നില്ല.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി മൂന്നുകോടി മുസ്ലിങ്ങളെയും നാലുകോടി ദളിതരെയും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് 2019 മാർച്ച്- 27ന്റെ ഹിന്ദു പത്രം റിപ്പോർട്ട്- ചെയ്-തതാണ്. 

ഇത്രയേറെപേരെ പുറത്താക്കിയ നടപടി ഏറ്റവും വലിയ ജനാധിപത്യ അട്ടിമറിയാണ്. ഇത്- ചെയ്-തത്- മോഡിഭരണവും സംഘപരിവാറുമാണ്. ഇതിനെ ചോദ്യം ചെയ്യാനും ഈ അനീതിക്കെതിരെ പോരാടാനും തയ്യാറാകാത്ത പ്രസ്ഥാനമാണ് കോൺഗ്രസ‌്-. ഇങ്ങനെ പൗരത്വം അർഹതപ്പെട്ട കോടിക്കണക്കിന് ആളുകൾക്ക്- ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഇല്ലാതാക്കിയതിനെപ്പറ്റി ചാനലുകളിൽ ഒരു "അന്തിച്ചർച്ച'യും  ഇല്ല. ത്രിപുരയിലും പശ്ചിമബംഗാളിലും ഹീനമായ രീതിയിൽ ജനാധിപത്യം അട്ടിമറിച്ചു. സ്വതന്ത്രമായി വോട്ട്- ചെയ്യാൻ അനുവദിച്ചില്ല. ബൂത്തുകൾ കൈയേറി. ഭരണസംവിധാനത്തിന്റെ സംരക്ഷണത്തോടെ വോട്ടർമാരെ ആക്രമിച്ചു. ഇത്തരം ജനാധിപത്യ അട്ടിമറികൾക്കെതിരെ നിശ്ശബ്ദത പുലർത്തുന്ന മാധ്യമങ്ങളാണ് കേരളത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളെ വൻ വിവാദമാക്കിയത്-. സംസ്ഥാനത്ത്- രണ്ടു- കോടി മുപ്പത്തൊന്ന്- ലക്ഷം പേർ വോട്ട്- ചെയ്-തതിൽ അവിടെയും ഇവിടെയും ചെയ്-ത ചില  വോട്ടുകൾ ക്രമവിരുദ്ധമായതോ കള്ളവോട്ടോ ആണെന്ന് ആരോപിച്ച്- കേരളം പൊതുവിൽ ജനാധിപത്യത്തെ അട്ടിമറിക്കുന്ന സംസ്ഥാനമാണെന്ന് വരുത്താനുള്ള ഏറ്റവും നീചമായ ശ്രമമാണ് ഉണ്ടായിരിക്കുന്നത്-. അതിനുവേണ്ടി ബിജെപി‐യുഡിഎഫ്- പിന്തുണയോടെ ഒരു കൂട്ടം മാധ്യമങ്ങൾ കമ്യൂണിസ്റ്റ്- വിരുദ്ധതയുടെ ആറാട്ടുത്സവം നടത്തുകയാണ്.

"ചുവപ്പ്- കണ്ട കാളയെപ്പോലെ' എന്നത്- പഴമൊഴി. ഇന്ന് സിപിഐ എമ്മിനെയും എൽഡിഎഫിനെയും കണ്ട ചാനലുകൾ എന്നതായി പുതുമൊഴി. കള്ളവോട്ടിന്റെ ഉമ്മാക്കി കാട്ടി കമ്യൂണിസ്റ്റ്- പ്രസ്ഥാനത്തിന് മുൻകൈയുള്ള കേരളത്തിന്റെ സ്വഭാവം മാറ്റിമറിക്കാൻ ശത്രുപക്ഷത്തിന് തറയൊരുക്കം നടത്തുകയാണ് ഇക്കൂട്ടർ. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെപ്പറ്റിയുള്ള മുൻകൂർ നിഗമനങ്ങൾക്ക്- ആയുസ്സ‌്- വളരെ കുറവാണ്. 23ന് ഫലം വരും. നല്ല വിജയം എൽഡിഎഫ് പ്രതീക്ഷിക്കുന്നു. ഫലം കാത്തിരിക്കുമ്പോൾത്തന്നെ ഒരുകാര്യം വ്യക്തം; കേരളരാഷ്ട്രീയത്തിലെ ചില യാഥാർഥ്യങ്ങൾക്ക്- പൊളിച്ചെഴുത്തുണ്ടാകില്ല. അതിൽ പ്രധാനം സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ദേശീയപ്രസക്തിയും പ്രാധാന്യവുമാണ്. ഇവിടെ സുവ്യക്തമാകുന്ന ഒരു കാര്യം, എൽഡിഎഫ്- എന്നത്- കേവലം ഒരു തെരഞ്ഞെടുപ്പ്- മുന്നണിയല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗശക്തികളുടെ ബലാബലത്തിൽ മാറ്റം വരുത്തുന്നതിനും ജനങ്ങൾക്ക്- ബൂർഷ്വാ‐ഭൂപ്രഭുത്വ‐വർഗീയ പാർടികളുടെ രണ്ട്- ചേരികളിൽ ഒന്നിന് പകരം മറ്റൊന്ന് എന്ന വിധത്തിൽ തെരഞ്ഞെടുക്കുക എന്ന അവസ്ഥ ഇല്ലാതാക്കുന്നതിനും പോരാടുന്ന പ്രസ്ഥാനമാണ്. അത്- പ്രകാരം ഭരണ വർഗങ്ങളെയും വർഗീയശക്തികളെയും നേരിടാനുള്ള ഒരു സമര മുന്നണികൂടിയാണ് എൽഡിഎഫ്-.

ഈ സമരതന്ത്രത്തിന്റെ ഭാഗമായിക്കൂടിയാണ് എൽഡിഎഫിന് നേതൃത്വം നൽകുന്ന ഇടതുപക്ഷം ലോക‌്സഭാ തെരഞ്ഞെടുപ്പിനെ കണ്ടത്-. കേന്ദ്രത്തിൽ ബിജെപിയുടെ ഭരണം അവസാനിപ്പിക്കുകയും പകരം മതനിരപേക്ഷ‐ജനാധിപത്യ‐ ജനപക്ഷ സർക്കാരിനെ അധികാരത്തിലേറ്റുകയും വേണം. അതിനുവേണ്ടി ഇടതുപക്ഷ സ്വാധീനം പാർലമെന്റിൽ വർധിപ്പിക്കണം. ഈ ലക്ഷ്യമാണ് ഇടതുപക്ഷത്തിന്. നമ്മുടെ രാജ്യത്തെ ഭൗതികസമ്പത്തും മനുഷ്യ മൂലധനവും അടക്കമുള്ള വിഭവങ്ങൾ ഉപയോഗിച്ച്- നല്ലൊരു ഇന്ത്യയെ സൃഷ്ടിക്കണം. അത‌് കൂടുതൽ സൗകര്യങ്ങൾ ജനങ്ങൾക്ക്- നൽകുന്നതാകണം. ഇതിനുള്ള ബദൽനയം ഉൾക്കൊള്ളുന്ന പ്രകടന പത്രികയാണ് സിപിഐ എം സമർപ്പിച്ചത്-. തെരഞ്ഞെടുപ്പ്-ഫലം ആശാവഹമാകുമെന്ന വിശ്വാസമാണ് ഞങ്ങൾക്കുള്ളത്-. കേന്ദ്രത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ മാത്രമല്ല, ആ സർക്കാർ ജനകീയനയം സ്വീകരിക്കുന്നതിലും രാജ്യത്തെ വർഗീയതയെ ചെറുക്കുന്നതിലും സമരശക്തിയും കരുതൽ ശക്തിയുമാണ് ഇടതുപക്ഷം. അങ്ങനെ 17–-ാം ലോക‌്സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയത്തിലും ഇടതുപക്ഷത്തിന്റെ പ്രസക്തി തുടരും.

ഈ പശ്ചാത്തലത്തിൽ വേണം കമ്യൂണിസ്റ്റ്- നേതൃത്വത്തിലുള്ള എൽഡിഎഫിനെയും അതിന്റെ സർക്കാരിനെയും ഒറ്റപ്പെടുത്താനുള്ള ദേശീയമായ കടന്നാക്രമണങ്ങളെ വിലയിരുത്താൻ. തീവ്രവർഗീയ ശക്തികളും നവലിബറലിസത്തിന്റെ ചേരിയും സംയുക്തമായാണ് എൽഡിഎഫിനെ ആക്രമിക്കുന്നത്-. പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനത്തെ വോട്ടെടുപ്പിന് ശേഷവും കേരളത്തെ അപമാനിക്കുന്നതിനുള്ള വായ്-ത്താരി തുടരുന്നത്- വെറുതെയല്ല. കോർപറേറ്റുകളും സാമ്രാജ്യത്വശക്തികളും വർഗീയക്കോമരങ്ങളും ഇടതുപക്ഷത്തിന്റെ ശബ്ദം ഭയപ്പെടുന്നു. ഇക്കൂട്ടരുടെയെല്ലാം ഭീകരമായ കടന്നാക്രമണത്തിലൂടെയാണ് പശ്ചിമബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തെ പിന്തള്ളി പിന്തിരിപ്പൻ ശക്തികൾ മേധാവിത്വം സ്ഥാപിച്ചത്-. 

മുസ്ലിംലീഗുകാർ ചെയ്‌ത കള്ളവോട്ട്‌ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്‌

കമ്യൂണിസ്റ്റ്- സ്വാധീനം ഇന്നും ശക്തമായ കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന ഭരണത്തെയും എൽഡിഎഫിനെയും പിന്തിരിപ്പൻ ശക്തികൾക്ക്- സഹിക്കാനാകുന്നില്ല. ദേശീയമായും സാർവദേശീയമായും കമ്യൂണിസ്റ്റ്- പ്രസ്ഥാനത്തിന് തിരിച്ചടികളുണ്ടായിട്ടുള്ളപ്പോഴും അതിന്റെ പ്രത്യാഘാതങ്ങളെ തരണംചെയ്യാൻ കേരളത്തിലെ കമ്യൂണിസ്റ്റ്- പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്-. സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ്- ഭരണക്രമങ്ങൾ തകർന്നപ്പോൾ മാർക്-സിസം‐ലെനിനിസത്തിനും സോഷ്യലിസത്തിനും ഇനി ജനങ്ങളെ ആകർഷിക്കാൻ ശേഷിയുണ്ടാകില്ലെന്നും കേരളത്തിലെ ചുവപ്പ്- മായാൻ പോകുകയാണെന്നും കിനാവുകണ്ടവർക്ക്- തെറ്റി. എന്നാൽ, പിന്തിരിപ്പൻ ശക്തികൾ അവരുടെ ആവനാഴിയിലെ ആയുധങ്ങളെല്ലാം ഇവിടത്തെ ഇടതുപക്ഷത്തിനെതിരെ ഇപ്പോഴും തീക്ഷ‌്-ണമായി ഉപയോഗിക്കുകയാണ്. ഈ യുദ്ധത്തിലെ പുതിയ തന്ത്രമാണ് എൽഡിഎഫിന് എതിരായ കള്ളവോട്ട്- കോലാഹലം.
എന്നാൽ, "കൊക്കിന് വച്ചത്- കുളക്കോഴിക്ക്- കൊണ്ടു' എന്ന പോലെ എൽഡിഎഫിനെ കുടുക്കാൻ നോക്കിയതിൽ ഇപ്പോൾ വീണിരിക്കുന്നത്- യുഡിഎഫും വിശിഷ്യാ, മുസ്ലിംലീഗുമാണ്. രണ്ടുകോടി മുപ്പത്തൊന്ന്- ലക്ഷം പേർ വോട്ട്- ചെയ്-തിടത്ത്- എൽഡിഎഫുകാർ മൂന്ന് കള്ളവോട്ട്- ചെയ‌്തെന്ന് ആരോപിച്ചുള്ള വാർത്താഭൂകമ്പം സൃഷ്ടിച്ചു.

അവശരായ വോട്ടർമാരുടെ വോട്ട്- ഫോറം എം‐18 പൂരിപ്പിച്ച്- നൽകി നിയമാനുസൃതം സഹായി വോട്ടായി ചെയ്-തതിനെപ്പോലും കള്ളവോട്ടായി ചിത്രീകരിക്കുന്ന സ്ഥിതിയുണ്ടായി. എന്നാൽ, വിദേശത്തുള്ളവരുടെയടക്കം വോട്ടുകൾ കോൺഗ്രസുകാരോടൊപ്പം നിന്ന് മുസ്ലിംലീഗുകാർ ചെയ്-തതിന്റെ ദൃശ്യങ്ങളും വിവരങ്ങളും പീപ്പിൾ ടിവി പുറത്തുകൊണ്ടുവന്നിട്ടുണ്ട്-. കാസർകോട‌്- പാർലമെന്റ്- മണ്ഡലത്തിലെ മുസ്ലിംലീഗ്- കേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ടുണ്ടായി. ലീഗ്- ദേശീയസമിതി അംഗത്തിന്റെ വിദേശത്തുള്ള ഭാര്യയുടെയും മകളുടെയും വോട്ട്- ചെയ്-തു. പാമ്പുരുത്തിയിൽ 28 പ്രവാസികളുടെ വോട്ട്- ലീഗുകാർ ചെയ്-തു. ഒരു ലീഗുകാരൻ അഞ്ച്- വോട്ട്- വരെ ചെയ്-തു. പോളിങ‌്- ബൂത്തിൽ ബഹളം കൂട്ടുകയും അതിനിടെ കള്ളവോട്ടുകൾ ചെയ്യുകയും ചെയ്-തു. ഈ സംഭവങ്ങളിലൊന്നും ഗൗരവത്തോടെ പ്രതികരിക്കാനോ നടപടിയെടുക്കാനോ മുഖ്യ തെരഞ്ഞെടുപ്പ്- ഓഫീസർ തയ്യാറായതായി കാണുന്നില്ല. എന്നാൽ, ഒരുതരം പകയോടുള്ള സമീപനമാണ് എൽഡിഎഫിനോട്- ഉണ്ടായത്-. പക്ഷപാതരാഹിത്യവും സമചിത്തതയുമാണ് തെരഞ്ഞെടുപ്പ്- ഓഫീസറിൽനിന്ന‌് നാട്- പ്രതീക്ഷിക്കുന്നത്-. എൽഡിഎഫിനെതിരെ പരാതി വന്നപ്പോൾ മൂന്നുപേർക്കെതിരെ പരസ്യമായി വിധി പ്രസ്-താവിക്കുകയും പഞ്ചായത്ത്- അംഗത്തിന് അയോഗ്യത കൽപ്പിക്കാൻ നിർദേശം നൽകുകയും ചെയ്-തു മുഖ്യ തെരഞ്ഞെടുപ്പ്- ഓഫീസർ. പഞ്ചായത്ത്- അംഗത്തെ അയോഗ്യയാക്കണമെന്ന നിർദേശം നിയമപരമല്ലെന്ന് നിയമവിദഗ്-ധർതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്-. ഏതെങ്കിലും കുറ്റത്തിന് കോടതി ശിക്ഷിച്ചാലേ അംഗം അയോഗ്യനാകൂ.  ഇതേപ്പറ്റി ബോധമുണ്ടാകേണ്ട ഒരു ഉദ്യോഗസ്ഥൻ എന്തിനാണ് നിയമവിരുദ്ധ കൽപ്പനകൾ നടത്തിയത്-. ഒരു കൂട്ടം മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ്-വിരുദ്ധ തുള്ളലിനൊത്ത്- ആടേണ്ട ആളല്ലല്ലോ മുഖ്യ തെരഞ്ഞെടുപ്പ്- ഓഫീസർ.
കണ്ണൂർ ജില്ലാകലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ്- പഞ്ചായത്ത്- അംഗം ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള നടപടിയെന്നാണ് മുഖ്യതെരഞ്ഞെടുപ്പ്- ഓഫീസർ പറഞ്ഞിട്ടുള്ളത്-. ആക്ഷേപം ഉണ്ടായ പിലാത്തറ സ്-കൂൾ ബൂത്ത്- കാസർകോട‌്‌ ലോക‌്സഭാ മണ്ഡലത്തിലേതാണ്. അവിടത്തെ മുഖ്യറിട്ടേണിങ‌്- ഓഫീസർ കാസർകോട‌് ജില്ലാകലക്ടർ ആണ്. നിയമപരമായി അധികാരപ്പെട്ട ആ ഉദ്യോഗസ്ഥനിൽനിന്ന‌് റിപ്പോർട്ട്- വാങ്ങുന്നതിനുപകരം മറ്റൊരു ലോക‌്സഭാ മണ്ഡലത്തിലെ മുഖ്യവരണാധികാരിയായ കണ്ണൂർ കലക്ടറിൽ നിന്ന‌് റിപ്പോർട്ട്- വാങ്ങുകയായിരുന്നു. കണ്ണൂർ കലക്ടർ ആകട്ടെ ധൃതിപിടിച്ച്- റിപ്പോർട്ട്- നൽകുകയും ചെയ്-തു. ഇതെല്ലാം ദുരൂഹത വർധിപ്പിക്കുന്നതാണ്. പുതിയങ്ങാടി സ‌്കൂളിൽ ലീഗുകാർ നടത്തിയ കള്ളവോട്ടിനെപ്പറ്റി കാസർകോട‌്- ലോക‌്സഭാ മണ്ഡലത്തിലെ മുഖ്യ റിട്ടേണിങ‌്- ഓഫീസറായ കാസർകോട‌് കലക്ടറാണ് അന്വേഷിക്കുന്നത്-. എന്നാൽ, പിലാത്തറയുടെ കാര്യത്തിൽ എന്തിനാണ് മറ്റൊരു ജില്ലാ കലക്ടറെ അന്വേഷണചുമതല ഏൽപ്പിച്ചത്-. ഇതിന്റെ യുക്തിയും ന്യായവും എന്താണ്?

നിയമാനുസൃതമായി പരിശോധിച്ച്- നടപടിയെടുക്കണം

സ്ഥാനാർഥികളുടെ ചെലവ്- പരിശോധിച്ച്- നോട്ടീസ്- അയച്ചതിലും മുഖ്യ തെരഞ്ഞെടുപ്പ്- ഓഫീസർ പക്ഷപാതിത്വം കാട്ടിയിരിക്കുകയാണ്. 70 ലക്ഷത്തിൽ കൂടുതൽ തുക ചെലവഴിച്ചെന്നുപറഞ്ഞ‌് എൽഡിഎഫിന്റെ നിരവധി സ്ഥാനാർഥികൾക്ക്- നോട്ടീസ്- കൊടുത്തിരിക്കുകയാണ്. ഒരു സ്ഥാനാർഥിയുടെ ചിഹ്നം വച്ച്- വാഹനം ഓടിയാൽ, ആ വാഹനം സംസ്ഥാന അഖിലേന്ത്യാനേതാക്കൾ ഉപയോഗിച്ചതാണെങ്കിലും അതിന്റെ ചെലവ്- സ്ഥാനാർഥിയുടെ ചെലവിൽ ഉൾപ്പെടുത്തിയാണ് എൽഡിഎഫ്- സ്ഥാനാർഥികൾക്കെതിരെ നോട്ടീസ്- അയച്ചിരിക്കുന്നത്-. എന്നാൽ, രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ, വിവിധ സംസ്ഥാനങ്ങളിൽനിന്നടക്കം രാഹുലിന്റെ പടവും ചിഹ്നവും വച്ച്- വാഹനങ്ങൾ എത്തുകയും റാലി നടത്തുകയും ചെയ്-തു. റോഡ്- ഷോയ്-ക്ക്- ഉപയോഗിച്ച വാഹനങ്ങളുടെയും മറ്റു പ്രചാരണങ്ങളുടെയും ചെലവ്- സ്ഥാനാർഥി എന്ന നിലയിൽ രാഹുലിന്റെ ചെലവിൽ ഉൾപ്പെടുത്തിയാൽ, 25 കോടി രൂപയിലധികം വരും. ഇതേപ്പറ്റി പരിശോധിക്കാൻ തെരഞ്ഞെടുപ്പ്- ഓഫീസർ തയ്യാറല്ല. എന്നിട്ടാണ് ഇടതുപക്ഷ സ്ഥാനാർഥികൾ കൂടുതൽ ചെലവ്- ചെയ്-തെന്നുപറഞ്ഞ്- നോട്ടീസ്- അയച്ചത്-. ഇത്- ഇരട്ടത്താപ്പാണ്.
തെരഞ്ഞെടുപ്പ്- നിയമാനുസൃതമായിത്തന്നെ നടക്കണമെന്നതാണ് എൽഡിഎഫ് കാഴ്-ചപ്പാട്-. യഥാർഥ വോട്ടർമാർക്ക്- നിർഭയമായി വോട്ട്- ചെയ്യാനുള്ള അവസ്ഥയുണ്ടാകണം. ഒരാൾക്ക്- അവകാശപ്പെട്ട വോട്ട്- മറ്റൊരാൾ ക്രമവിരുദ്ധമായി ചെയ്-തിട്ടുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ നിയമാനുസൃതമായി പരിശോധിച്ച്- നടപടിയെടുക്കണം. എൽഡിഎഫിനെതിരെ ഇന്ന് കള്ളവോട്ട്- ആരോപണം ഉയർത്തുമ്പോൾ, ഇടതുപക്ഷഭരണം പോയശേഷം ബംഗാളിലും ത്രിപുരയിലും ജനാധിപത്യപരമായി വോട്ടെടുപ്പ്-പോലും നടത്താൻ കഴിയാതായിരിക്കുകയാണ്. പോളിങ‌്- ബൂത്തിന്റെ അടുത്തുപോലും വോട്ടർമാർക്ക്- എത്താൻ കഴിയുന്നില്ല. വഴിയിൽവച്ച്- തല്ലിയോടിക്കുന്നു. ബൂത്ത്- പിടിച്ചെടുക്കുകയും  യന്ത്രം കൈക്കലാക്കി കള്ളവോട്ട്- ചെയ്യുകയും ചെയ്യുന്നു. കേരളത്തിലും അത്തരം ഒരു അവസ്ഥ സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ തുടക്കമാണ് കോർപറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ശത്രുചേരിയുടെ കള്ളപ്രചാരവേല. ഇതിൽ കുടുങ്ങാതെ, യഥാർഥ വസ്-തുതകൾ കണ്ടെത്താനും ക്രമവിരുദ്ധകാര്യങ്ങൾ ഇല്ലാതാക്കാനുമുള്ള ഇടപെടലുകളും സംവാദവുമാണ് ആവശ്യം.


പ്രധാന വാർത്തകൾ
 Top