04 August Wednesday

ജനങ്ങളുടെ വികാരം മറന്ന്‌ പ്രതിപക്ഷം - ദിനേശ് വർമ എഴുതുന്നു

ദിനേശ് വർമUpdated: Friday May 21, 2021

ഭരണചരിത്രത്തിൽ ഉജ്വല പാഠമെഴുതിച്ചേർക്കാനൊരുങ്ങുന്ന രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ‌് ബഹിഷ്കരിച്ച‌് പ്രതിപക്ഷം സ്വയം പരിഹാസ്യരായി. ജനാധിപത്യത്തിൽ ചട്ടപ്രകാരം ജനങ്ങൾക്കായി നടത്തുന്ന ചടങ്ങുകളിൽ കക്ഷിരാഷ‌്ട്രീയ പരിഗണനകൾ മാറ്റിവയ്ക്കലാണ‌് കീഴ‌്‌വഴക്കം. എന്നാൽ, വ്യാഴാഴ‌്ച നടന്ന രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ നേതാവോ, സഭയിലെ മുതിർന്ന അംഗങ്ങളിലൊരാളായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയോ പങ്കെടുത്തില്ല. പ്രതിപക്ഷത്തെ പ്രതിനിധാനംചെയ്യാൻപോലും ആരുമില്ലാതായത‌് സത്യപ്രതിജ്ഞകളുടെ ചരിത്രത്തിൽത്തന്നെ അപൂർവം.

യുഡിഎഫ‌് കൺവീനർ എം എം ഹസനും പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയും നേരത്തേ പ്രഖ്യാപിച്ചത‌് തങ്ങൾ വീടുകളിലിരുന്ന്‌ സത്യപ്രതിജ്ഞ കാണുമെന്നാണ‌്. കോവിഡ‌് മാനദണ്ഡം പാലിക്കാനാണെന്ന്‌ ഇവർ വ്യാഖ്യാനിച്ചെങ്കിലും ജനവിധി അംഗീകരിക്കാൻ പ്രതിപക്ഷം ഇനിയും തയ്യാറായിട്ടില്ലെന്നതാണ് ഇത‌ു കാണിക്കുന്നത്.കോവിഡ‌് മാനദണ്ഡം പാലിച്ച‌് ഹൈക്കോടതിയുടെ നിർദേശപ്രകാരം നേരത്തേ നിശ്ചയിച്ചിരുന്നതിനേക്കാൾ പങ്കാളിത്തം കുറച്ചാണ‌് ചടങ്ങ‌് നടത്തിയത‌്.

യുഡിഎഫിലെതന്നെ പല നേതാക്കൾക്കും ബഹിഷ്കരണ തീരുമാനത്തിൽ നീരസമുണ്ട‌്. സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രതിപക്ഷ നേതാക്കൾ സഹകരിച്ച ചരിത്രമാണ്‌ കേരളത്തിലുള്ളത്‌. ഒടുവിൽ 2011ൽ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനും 2016ൽ പ്രതിപക്ഷ നേതാവ്‌ ഉമ്മൻചാണ്ടിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച്‌ ആശംസ അറിയിച്ചിരുന്നു. അത് ബഹിഷ്കരണത്തിന്‌ ന്യായീകരണമാകില്ല.

ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനും നിർണായക പങ്കുണ്ടെന്ന കാര്യം യുഡിഎഫ‌് നേതാക്കൾ മറന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അടിസ്ഥാനരഹിത അഴിമതിയാരോപണങ്ങൾ ഉന്നയിച്ച‌് പ്രതിപക്ഷം സ്വയം പരിഹാസ്യരായ അനുഭവങ്ങൾ ഒട്ടേറെയാണ്. എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കുന്നത്‌ പ്രതിപക്ഷമാണ്‌ എന്നതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അവ വെറുതെ തള്ളിക്കളയുകയായിരുന്നില്ല. ഓരോ ആരോപണത്തെയും കുറിച്ച്‌ അന്വേഷിച്ചശേഷം വസ്തുതകൾ ജനങ്ങളോട്‌ വിശദീകരിച്ചു. ഏതെങ്കിലും തലത്തിൽ ക്രമക്കേടോ പിഴവോ വന്നിട്ടുണ്ടോയെന്ന്‌ പരിശോധിച്ച്‌ നടപടികളെടുത്തു. അത്‌ ജനാധിപത്യത്തിലെ മര്യാദ കൂടിയാണ്‌. ഈ മര്യാദയാണ്‌ സർക്കാരിനെത്തന്നെ ബഹിഷ്കരിക്കുക വഴി പ്രതിപക്ഷം കാറ്റിൽ പറത്തിയത്‌.

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ പോലുമാകാത്തവിധം പാർടിക്കകത്ത്‌ ഏറ്റുമുട്ടൽ തുടരുന്നതിന്റെ പ്രതിഫലനമായും ഇതിനെ പലരും വ്യാഖ്യാനിക്കുന്നുണ്ട്‌. എന്നാൽ, മുതിർന്ന ഒരംഗത്തെ ചടങ്ങിൽ പങ്കെടുപ്പിച്ചെങ്കിലും ജനാധിപത്യ ചടങ്ങിന്റെ ഭാഗമാകാമായിരുന്നുവെന്നും രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top