22 June Tuesday

ജനഹൃദയത്തിലിടമില്ലാതെ 
യുഡിഎഫും ബിജെപിയും

കെ ശ്രീകണ്ഠൻUpdated: Thursday May 6, 2021

അഞ്ചുവർഷം പ്രതിപക്ഷത്തിരുന്ന യുഡിഎഫിനോട്‌ കണികപോലും ഉദാരത വേണ്ട എന്ന കേരളീയരുടെ വികാരമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്‌. പുതുയുഗപ്പിറവിയെന്ന്‌ വിശേഷിപ്പിക്കാൻ കഴിയുന്നതോടൊപ്പം ഏറെ രാഷ്‌ട്രീയപ്രാധാന്യവും തെരഞ്ഞെടുപ്പ്‌ ഫലം നൽകുന്നു. കഴിഞ്ഞ തവണത്തെക്കാൾ മികച്ചതും ഉജ്വലവുമായ വിജയവും ഭരണത്തുടർച്ചയും എൽഡിഎഫിന്‌ സമ്മാനിച്ചതാണ്‌ ഏറെ പ്രസക്തം. അതുമാത്രമല്ല ചരിത്രപരമായ ഈ വിധിയെഴുത്തിനെ അവിസ്‌മരണീയമാക്കുന്നത്‌. ദേശീയ രാഷ്‌ട്രീയത്തിൽ പുതിയ അന്തർധാരകൾക്ക്‌ ആക്കം പകരുന്നത്‌ കൂടിയാണ്‌ കേരളത്തിന്റെ വിധിയെഴുത്ത്‌.

ഭരണപക്ഷവും പ്രതിപക്ഷവും മുഖാമുഖം ഏറ്റുമുട്ടുമ്പോൾ ജനവിധി നിർണായകമാകും. മുമ്പ്‌ നടന്ന ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും ഭരണം കൈയാളുന്ന കക്ഷിക്കായാലും മുന്നണിക്കായാലും ജനങ്ങളുടെ തലോടൽ കിട്ടിയ അനുഭവമില്ല. എത്ര ദൗർബല്യമുണ്ടെങ്കിലും പ്രതിപക്ഷത്തോടായിരിക്കും ജനങ്ങളുടെ പൊതുകൂറ്‌. പക്ഷേ, ഈ തെരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമായ യുഡിഎഫിനെയും കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയെയും അതികഠിനമായി ശിക്ഷിക്കാനാണ്‌ കേരളത്തിലെ ജനങ്ങൾ തയ്യാറായത്‌. എന്തുകൊണ്ട്‌ തങ്ങൾ തോറ്റു എന്ന ലളിതമായ ചോദ്യത്തിന്‌ ഉത്തരം തേടാൻപോലും കഴിയാത്തവിധം ദുർവിധിയാണ്‌ ഇരുകൂട്ടർക്കും. ബഹുഭൂരിപക്ഷത്തിന്റെയും മനസ്സിൽനിന്ന് തൂത്തെറിയപ്പെട്ട രാഷ്‌ട്രീയ ശക്തികളായി കോൺഗ്രസും ബിജെപിയും മാറി. യുഡിഎഫ്‌ അഥവാ കോൺഗ്രസ്‌, ദേശീയ ജനാധിപത്യ സഖ്യം അല്ലെങ്കിൽ ബിജെപി ഇരുകൂട്ടർക്കും ജനങ്ങളെ അഭിമുഖീകരിക്കാനോ അവരുടെ ഹൃദയത്തിൽ സ്‌പർശിക്കാനോ കഴിഞ്ഞില്ല എന്നതാണ്‌ വസ്‌തുത. ഇത്തരമൊരു ദയനീയത സ്വന്തം നിലപാടുകളുടെ അനിവാര്യതയാണ്‌ എന്ന യാഥാർഥ്യം കോൺഗ്രസിനും യുഡിഎഫിനും അടുത്തെങ്ങും ഉണ്ടാകില്ല. കോൺഗ്രസിനെയും ബിജെപിയെയും ഒരുതരത്തിലും ഉൾക്കൊള്ളാൻ കഴിയാത്ത വിധം രാഷ്‌ട്രീയ ഔന്നത്യത്തിൽ കേരളം എത്തിച്ചേർന്നുവെന്ന്‌ നിസ്സംശയം പറയാം. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ഉണർവും അതിനോട്‌ ജനങ്ങൾ പുലർത്തുന്ന കൂറും വിശ്വാസവുമാണ്‌ ഇതിന്‌ കാരണം. സ്വന്തം ജീവിതാനുഭവങ്ങളും മാധ്യമങ്ങളുടെ സംഘടിത വ്യാഖ്യാനങ്ങളിലെ പൊള്ളത്തരവും അവർ തിരിച്ചറിഞ്ഞു. എൽഡിഎഫിന്‌ ഒരു രാഷ്‌ട്രീയ ബദൽ ഇല്ലെന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം ഉയർത്തിക്കാട്ടുന്ന സന്ദേശം.

ഉരുൾപൊട്ടലിൽ 
കോൺഗ്രസും ബിജെപിയും
തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ നേതൃതലത്തിലുള്ള ലഹളയും തമ്മിൽത്തല്ലും കോൺഗ്രസിന്റെ സഹജസ്വഭാവമാണ്‌. പക്ഷേ, ഇത്തവണത്തെ കൂട്ടത്തോൽവിയെ തുടർന്ന്‌ ഉരുൾപൊട്ടലാണ്‌ കോൺഗ്രസിലും ബിജെപിയിലും. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രണ്ട്‌ പാർടികളുടെയും സംസ്ഥാന അധ്യക്ഷന്മാർ ഒഴിയണമെന്ന തർക്കമാണ്‌ മുറുകുന്നത്‌. യുഡിഎഫിനെ തറപറ്റിച്ചും ബിജെപിയെ തൂത്തെറിഞ്ഞുമുള്ളതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. അധികാരം മോഹിച്ച കോൺഗ്രസ്‌ നിലംപരിശായപ്പോൾ ബിജെപി വട്ടപ്പൂജ്യമായി മാറി. കഴിഞ്ഞ തവണ ബിജെപി നേടിയ ഏക സീറ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തതാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഫലത്തെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നത്‌. കേരളത്തിലെ വിധിയെഴുത്ത്‌ ദേശീയതലത്തിൽ ബിജെപി വിരുദ്ധ നീക്കങ്ങൾക്ക്‌ വലിയ അളവിൽ ഊർജം പകരുന്നത്‌ അതുകൊണ്ടാണ്‌.


 

അഞ്ചു മാസം മുമ്പുള്ള തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി തങ്ങൾക്ക്‌ ബാധകമല്ലെന്ന മട്ടിൽ വലിയ തയ്യാറെടുപ്പുകളുമായാണ്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിനിറങ്ങിയത്‌. സ്ഥാനാർഥി നിർണയം മുതലുള്ള കാര്യങ്ങൾ ഹൈക്കമാൻഡ്‌ നേരിട്ട്‌ നിയന്ത്രിച്ചു. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നിരന്തരം പ്രചാരണത്തിനെത്തിച്ച്‌ ആളും ആരവവും കൂട്ടി. എഐസിസി ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സംഘം തമ്പടിച്ച്‌ ചർച്ചകളും കൂടിയാലോചനകളും നടത്തി. എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ മത,സമുദായ നേതാക്കളെ സന്ദർശിക്കുന്നത്‌ പതിവായി. കോൺഗ്രസിൽനിന്ന്‌ അകന്നുപോയ വിഭാഗങ്ങളെ തിരികെ എത്തിക്കാൻ ദൗത്യ സംഘങ്ങൾ രംഗത്തിറങ്ങി.

നുണപ്രചാരണങ്ങളിലും ആരോപണങ്ങളിലും വിവാദങ്ങളിലും ദേശീയ നേതാക്കൾ അഭിരമിച്ചു. മതനിരപേക്ഷ വാദിയെന്ന്‌ മേനി നടിക്കുന്ന എ കെ ആന്റണിപോലും ശബരിമല വിഷയം ആളിക്കത്തിക്കാൻ ശ്രമിച്ചത്‌ കേരളീയർ തെല്ല്‌ അമ്പരപ്പോടെയാണ്‌ വീക്ഷിച്ചത്‌. ‘സർവനാശം’ എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ നെഗറ്റീവ്‌ പരാമർശങ്ങൾ അതിരുവിട്ട നീക്കങ്ങളുടെ ചൂണ്ടുപലകയായി. പ്രളയത്തിൽ മുങ്ങിയും കോവിഡ്‌ ഭീതിയിലും കേരളീയർ ദുരിതത്തിലായപ്പോൾ പോലും തിരിഞ്ഞുനോക്കാൻ കൂട്ടാക്കാത്ത ആന്റണിയുടെ രംഗപ്രവേശം വോട്ടർമാർ ഗൗനിച്ചില്ലെന്ന്‌ വ്യക്തം. തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും എല്ലാ കണക്കുകൂട്ടലും പിഴച്ചു. ഒരു മാന്യമായ തോൽവിക്ക്‌ പോലും അർഹതയില്ലാത്ത വിധം യുഡിഎഫും ബിജെപിയും ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ടു.

ശരണം വിളിച്ച പ്രധാനമന്ത്രി
35 സീറ്റ്‌ കിട്ടിയാൽ ഭരണം ഉറപ്പ്‌ എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഉത്തരേന്ത്യൻ രീതിയിൽ കോൺഗ്രസ്‌ എംഎൽഎമാരെ വിലയ്‌ക്ക്‌ വാങ്ങാമെന്നായിരുന്നു കരുതിയത്‌. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും പ്രചണ്ഡമായ പ്രചാരണത്തിനാണ്‌ കേരളം സാക്ഷ്യം വഹിച്ചത്‌. അഹങ്കാരത്തിന്റെ ആൾരൂപങ്ങളായി മാറിയ ബിജെപി നേതാക്കൾ പണക്കൊഴുപ്പിൽ മതിമറന്നു. രണ്ട്‌ മണ്ഡലത്തിൽ ജനവിധി തേടിയ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഹെലികോപ്‌ടറിൽ ആകാശ സഞ്ചാരം നടത്തിയാണ്‌ പ്രചാരണം നടത്തിയത്‌. രാജ്യത്തെ കോവിഡ്‌ ഭീഷണിയും വിലക്കയറ്റവും ദുരിതവും തമസ്‌കരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘ശരണം വിളിച്ച്‌’ രംഗത്തുവന്നത്‌ കേരളീയരെ ഞെട്ടിച്ചു. പത്തനംതിട്ടയിലെ അഞ്ച്‌ സീറ്റിലും എൽഡിഎഫ്‌ ആണ്‌ വിജയിച്ചത്‌. നരേന്ദ്രമോഡിക്കുള്ള കനത്ത പ്രഹരമാണ്‌ ഈ ജനഹിതമെന്ന്‌ നിസ്സംശയം പറയാം.

നാളുകളെണ്ണി മുല്ലപ്പള്ളിയും
ചെന്നിത്തലയും സുരേന്ദ്രനും
കോൺഗ്രസിലും ബിജെപിയിലും നേതൃമാറ്റത്തിന്‌ വേണ്ടിയുള്ള മുറവിളിയും കരുനീക്കങ്ങളും ശക്തമാണ്‌. തങ്ങൾ സ്വയം ഒഴിയില്ലെന്ന നിലപാടിലാണ്‌ മുല്ലപ്പള്ളിയും കെ സുരേന്ദ്രനും. ഇതിനിടെ എ,ഐ ഗ്രൂപ്പ്‌ താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള രഹസ്യയോഗങ്ങളും കൂടിയാലോചനകളും കോൺഗ്രസിൽ ശക്തമായി. പ്രതിപക്ഷ നേതാവ്‌ സ്ഥാനത്ത്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ പദവിയിൽ മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്ത്‌ കെ സുരേന്ദ്രനും ഇനി എത്രനാൾ തുടരുമെന്നതാണ്‌ കൗതുകമുണർത്തുന്നത്‌. രണ്ട്‌ പാർടിയിലും കൂട്ടക്കലാപത്തിനാണ്‌ വഴി തെളിയുന്നത്‌.

യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലും തെരഞ്ഞെടുപ്പ്‌ പരാജയം അസ്വാരസ്യങ്ങൾ ഉയർത്തിയിട്ടുണ്ട്‌. പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ചോദ്യം ചെയ്‌ത്‌ നിരവധി നേതാക്കൾ രംഗത്തുവന്നു. തെരഞ്ഞെടുപ്പിൽ ലീഗിന്‌ വലിയ തോതിൽ തിരിച്ചടി നേരിട്ടുവെന്നാണ്‌ വിലയിരുത്തൽ. കോൺഗ്രസിൽ വിശ്വാസം അർപ്പിച്ച്‌ മുന്നോട്ടുപോകാൻ കഴിയില്ലെന്ന തോന്നലും ലീഗ്‌ നേതാക്കൾ പരസ്‌പരം പങ്കുവയ്‌ക്കുന്നു. ലീഗിനുള്ളിലെ അന്ത‌ച്ഛിദ്രം താമസം കൂടാതെ പൊട്ടിത്തെറിയിലേക്ക്‌ നയിക്കുമെന്നാണ്‌ സൂചന.


 

മൂന്നാംപത്തിയായ 
കേന്ദ്ര ഏജൻസികൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും മാത്രമായിരുന്നില്ല എൽഡിഎഫിനെ നേരിട്ടത്‌. അവർക്കൊപ്പം മൂന്നാം ശക്തിയായി ചില കേന്ദ്ര ഏജൻസികളും ഏതാനും സാമുദായിക സംഘടനാ നേതാക്കളും രംഗത്തുവന്നത്‌ അപ്രതീക്ഷിതമായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ്‌ വേളയിലും ഇതേ ശക്തികൾ ഏകമനസ്സായി എൽഡിഎഫിനെതിരെ പൊരുതിയെങ്കിലും നിരാശരായി. പക്ഷെ അവിടംകൊണ്ട്‌ കാര്യങ്ങൾ അവസാനിച്ചില്ല. യുഡിഎഫും ബിജെപിയും കേന്ദ്ര ഏജൻസികളും സമുദായ നേതാക്കളും ഏതാനും മാധ്യമങ്ങളും ഒരേ മനസ്സോടെയാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രവർത്തിച്ചത്‌. കേന്ദ്ര ഏജൻസികൾ ചോർത്തിക്കൊടുത്ത പ്രതികളുടെ തീർത്തും വിശ്വാസ്യതയില്ലാത്ത മൊഴികൾ പൊടിപ്പും തൊങ്ങലും ചാർത്തി ചില മാധ്യമങ്ങൾ കൊണ്ടാടി. എൽഡിഎഫ്‌ നേതാക്കളെ നിരന്തരം പ്രതിക്കൂട്ടിലാക്കാൻ നുണബോംബുകൾ ഒന്നൊന്നായി പൊട്ടിച്ചു.

മന്ത്രിമാരടക്കമുള്ളവരെ സ്വർണക്കടത്തുകാരായും ഡോളർ കടത്തുകാരായും ചിത്രീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ്‌ വേളയിൽ പുകമറ സൃഷ്‌ടിക്കാൻ ഒരുക്കിയ വിഭവങ്ങൾ ഒന്നിടവിട്ട്‌ ആവർത്തിച്ചുകൊണ്ടിരുന്നു. രഹസ്യവിവരങ്ങളെന്ന മട്ടിൽ ഓരോ ദിവസവും വാർത്തകൾ പുറത്തുവിട്ടു. കേന്ദ്ര ഏജൻസികൾ ഇതിന്‌ കൂട്ടുനിന്നു. സർക്കാരിന്റെ വികസന വാർത്തകളെല്ലാം വിഴുങ്ങിയാണ്‌ നുണപ്രചാരണത്തിന്‌ മാധ്യമങ്ങൾ മുമ്പിട്ടിറങ്ങിയത്‌. ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ്‌ ആഴക്കടൽ മത്സ്യബന്ധന വിവാദം. പ്രചാരണത്തിനെത്തിയ രാഹുൽഗാന്ധി കടലിൽ ചാടി ആഴക്കടൽ വിവാദത്തിന്‌ എരിവ്‌ പകർന്നു. പക്ഷെ ജനവികാരത്തിന്റെ തിരയടിയിൽപ്പെട്ട്‌ തകർന്നടിയാനായിരുന്നു കോൺഗ്രസിന്റെ വിധി. യുഡിഎഫിനും ബിജെപിക്കും ഒപ്പം കേന്ദ്ര ഏജൻസികളുടെയും വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്ന്‌ ജനവിധി തെളിയിച്ചിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top