08 July Wednesday

പക്ഷപാതപരം,ഏകപക്ഷീയം ഈ ഉടമ്പടി

അഞ്ജലി ഗംഗ Updated: Saturday Feb 1, 2020
"നൂറ്റാണ്ടിന്റെ ഉടമ്പടി"യെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ച, ഇസ്രായേൽ പ്രധാനമന്ത്രി  ബെഞ്ചമിൻ നെതന്യാഹു വാനോളം പുകഴ്ത്തിയ ഇസ്രായേൽ -പാലസ്തീൻ സമാധാന ഉടമ്പടി തികച്ചും പക്ഷപാതപരവും ഏകപക്ഷീയവുമാണ്. "നിങ്ങൾ പാലസ്തീനുകാർ കുറച്ചു നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കായി 'സ്വപ്ന സുന്ദര രാഷ്ട്രം' നൽകാൻ അമേരിക്കയും ഇസ്രയേലും തയ്യാറാണ്-' ചുരുങ്ങിയ വാക്കുകളിൽ  അമേരിക്ക തയ്യാറാക്കിയ സമാധാന ഉടമ്പടിയെ ഇങ്ങനെ വിശേഷിപ്പിക്കാം.
 
ട്രംപിന്റെ ഉടമ്പടി അനുസരിച്ചു ജറുസലേമിന്റെ പരമാധികാരം ഇസ്രായേലിനാണ്. അതിനു പകരമായി കിഴക്കൻ ജറുസലേമിൽ പലസ്തീനിന്റെ തലസ്ഥാനം ഉൾപ്പെടുന്ന പുതിയ രാജ്യം ഉണ്ടാക്കാം. അതായത്, ആ നാടിനെക്കുറിച്ചോ, അവരുടെ സംസ്കാരത്തെ കുറിച്ചോ അറിയാത്ത വിദേശി ഒരു മാപ്പെടുത്തു രണ്ട് രാജ്യങ്ങളായി വിഭജിച്ചു പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഈ കഥ നമ്മൾക്ക് സുപരിചിതമാണ്. അതിന്റെ ഭവിഷ്യത്തുകളും നമ്മൾ അനുഭവിച്ചിട്ടുണ്ട്. 
 
നിലവിൽ ഏറ്റവും കൂടുതൽ പലസ്തിൻ പൗരന്മാർ താമസിക്കുന്നത് വെസ്റ്റ് ബാങ്കിലാണ്. പതിറ്റാണ്ടുകളായി അവിടെ താമസമാക്കിയ പൗരന്മാരെ ഇസ്രായേൽ സേന കാലങ്ങളായി നിർബന്ധിതമായി കുടിയൊഴിപ്പിക്കുകയാണ്. ഇപ്പോൾ ട്രംപ് പറയുന്നതനുസരിച്ചു, വെസ്റ്റ് ബാങ്കിലേക്ക് കുടിയേറിയ ഇസ്രായേലുകാർക്ക് ആ സ്ഥലം വിട്ട് പോകേണ്ടി വരുന്നില്ല. കയ്യേറ്റത്തിലൂടെ സ്വന്തമാക്കിയത് നിലനിർത്താമെന്നു സാരം. ഇതെങ്ങനെയാണ് പലസ്തീൻ ജനതയ്ക്ക് സ്വീകാര്യമാകുന്നത്? ഇതുകൂടാതെ, വർഷം മുഴുവനും പച്ചക്കറി കൃഷിക്ക് അനുയോജ്യമായ ജോർദാൻ താഴ്‌വരയും വെസ്റ്റ് ബാങ്ക് കൈക്കലാക്കുന്നതോടു കൂടി പലസ്തീൻ സാമ്പത്തികമായി  ഞെരുങ്ങും. പലസ്തീന്റെ സ്വപ്നമായ സ്വന്തത്ര രാഷ്ട്രത്തിനും ഇതു വെല്ലുവിളിയുയർത്തും.
 
പലസ്തീനികൾക്ക് ട്രംപിന്റെ ഉടമ്പടി  നൽകുന്നത് മൂന്നു സാധ്യതയാണ്. ഒന്ന്,  ഇസ്രായേലിൽ തുടരുക. രണ്ട്, പുതിയ രാജ്യത്തേക്ക് മാറുക. മൂന്നു, മറ്റേതെങ്കിലും രാജ്യത്തു താമസമാക്കുക.
 
എന്നാൽ ഈ നിർദേശങ്ങളോട് പലസ്തീൻ പ്രസിഡന്റ്‌ മഹമൂദ് അബ്ബാസ് പ്രതികരിച്ചത് രൂക്ഷമായാണ്. മുട്ടുകുത്താനോ കീഴടങ്ങാനോ തയ്യാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനോടൊപ്പം, ഉടമ്പടി മാധ്യമങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ പലസ്തീൻ പ്രതിനിധികളാരും തന്നെ മുറിക്കകത്തുണ്ടായിരുന്നില്ല. ട്രംപിന്റെ ഇസ്രായേൽ അനുകൂല നയങ്ങളിൽ പ്രതിഷേധിച്ചു അവർ പരിപാടി ബഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ എതിർപ്പുകളോ, അഭിപ്രായങ്ങളോ ഇത്‌ അവതരിപ്പിക്കുന്ന സമയത്ത്‌ ഉണ്ടായില്ല എന്നതും മനസ്സിലാക്കണം. 
 
ഇപ്പോൾ, രണ്ട് രാജ്യങ്ങളായി വിഭജിച്ചുകൊണ്ടുള്ള  മാപ്പിൽ, ഗോലാൻ കുന്നുകൾ ഇസ്രായേൽ അതിർത്തിക്കുള്ളിലാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്. സിറിയയിൽ നിന്നും പിടിച്ചെടുത്ത ഗോലാൻ കുന്നുകളുടെ അവകാശ തർക്കം നിലനിൽക്കുമ്പോഴാണ് ഇസ്രായേലിനു ഗോലാൻ കുന്നുകളുടെ പരമാധികാരം പതിച്ചു നൽകുന്നത്. നേരത്തേ ഗോലാൻ കുന്നുകളുടെ പരമാധികാരം ഇസ്രായേലിനാണെന്നു ട്രംപ് അംഗീകരിച്ചിരുന്നു. വേറെ ഒരു രാജ്യമോ ഐക്യരാഷ്ട്രസഭയോ ഇതിനെ അനുകൂലിച്ചിട്ടില്ല. റഷ്യ പുതിയ മാപ്പിനെ എതിർത്തു മുന്നോട്ട് വന്നിട്ടുണ്ട്.   സിറിയയിൽ നിന്നും അനധികൃതമായി കൈക്കലാക്കിയ ഗോലാൻ കുന്നുകളുടെ അവകാശം ഇസ്രായേലിനു പതിച്ചു നൽകില്ലെന്ന്‌ റഷ്യ വ്യക്തമാക്കിയിട്ടുണ്ട്‌. പുതിയ മാപ്പ് അനുസരിച്ചു ജൂഡിയ, സമരിയ എന്നീ സ്ഥലങ്ങളുടെ പരമാധികാരവും ഇസ്രായേലിനാണ്. ഇതും ആദ്യമായി അംഗീകരിക്കുന്ന രാജ്യം അമേരിക്കയാണ്. 
 
എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെയൊരു ഉടമ്പടി എന്നതിന് കൃത്യമായ ഉത്തരമുണ്ട്. നിലവിൽ ട്രംപ് സെനറ്റിൽ ഇംപീച്ച്മെന്റ് നേരിടുകയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ തീവ്ര ക്രിസ്ത്യൻ വോട്ടുകളുടെ  ഏകീകരണം നടക്കണമെങ്കിൽ ഇറാനെതിരെയുള്ള യുദ്ധം മാത്രം പോരാ എന്ന് ട്രംപിനറിയാം. ഇസ്രായേൽ അനുകൂല നിലപാടുകൾ നെഞ്ചേറ്റുന്ന തീവ്രമതവിശ്വാസികളുടെ വികാരം വോട്ടായി മാറ്റാനാണ് ട്രംപിന്റെ ശ്രമം.  

നെതന്യാഹവാണെങ്കിൽ  സ്വന്തം രാജ്യത്ത് അഴിമതി അന്വേഷണം  നേരിടുകയാണ്. സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിനാൽ, മൂന്ന് തവണയാണ് ഇസ്രായേലിൽ തിരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ ഈ ഉടമ്പടി ട്രമ്പിനും നെതന്യാഹുവിനും വ്യക്തിപരമായി നേട്ടമുണ്ടാക്കാനാണ് ഇപ്പോൾ അവതരിപ്പിച്ചതെന്ന വാദത്തിനു തർക്കമില്ല.  പലസ്തീനോ അവരുടെ പൗരന്മാർക്കോ ഈ ഉടമ്പടികൊണ്ട് യാതൊരു ഗുണവും ചെയ്യില്ല എന്നത് നൂറു ശതമാനം ഉറപ്പുള്ളതുമാണ്.

താഴെ കാണുന്നത്‌ വർഷങ്ങളായി ഇസ്രായേൽ കൈക്കലാക്കിയ ഭൂമിയാണ്. പലസ്‌തീൻ പൗരൻമാർ താമസിക്കുന്ന സ്ഥലത്തു നിന്നുമവരെ കുടിയൊഴിപ്പിച്ച്‌ വേറെ ഒരു രാജ്യത്ത്‌ പറിച്ചു നടണമെന്നു ആഗ്രഹിക്കുന്നവർക്കു മാത്രമേ ട്രംപിന്റെ നയങ്ങളോടു യോജിക്കാൻ കഴിയൂ. അങ്ങനെ എങ്കിൽ നിങ്ങൾ മർദ്ദിതരുടെ പക്ഷം ചേരുന്നുവെന്നു നിസ്സംശയം പറയാം.

പ്രധാന വാർത്തകൾ
 Top