25 May Saturday

ഇറാൻ: ട്രംപിന്റെ പുതിയ യുദ്ധമേഖല

ഡോ. പി ജെ വിൻസെന്റ് Updated: Saturday Jul 21, 2018

 

ആണവയുദ്ധത്തിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ട കിഴക്കനേഷ്യൻ മേഖലയിൽ സെന്റോസ ഉച്ചകോടിവഴി സമാധാനം പുലരാനുള്ള സാധ്യത തെളിഞ്ഞതിനുപിന്നാലെ ഇറാനിൽ പുതിയ യുദ്ധമേഖല തുറന്ന് സംഘർഷങ്ങൾക്ക് ഇടവേളകളില്ലെന്ന് ഡോണൾഡ് ട്രംപ് ഒരിക്കൽക്കൂടി തെളിയിച്ചു. അമേരിക്കയിൽ മതമൗലികനിലപാടുകൾ പ്രചരിപ്പിക്കുകയും അവ സ്റ്റേറ്റ് പോളിസിയിൽ വിശിഷ്യ, പശ്ചിമേഷ്യൻനയത്തിൽ ഉൾച്ചേർക്കാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്ന പ്രൊട്ടസ്റ്റന്റ് ക്രിയേഷനിസ്റ്റുകളുടെയും ക്രിസ്ത്യൻ സയണിസ്റ്റുകളുടെയും ആശയങ്ങളോട് ഐക്യപ്പെടുന്ന നിലപാടാണ് ട്രംപും അദ്ദേഹത്തിന്റെ നയതന്ത്രസംഘവും പൊതുവിൽ സ്വീകരിക്കുന്നത്. ഇറാൻ ആണവായുധം നിർമിച്ചാൽ ഇസ്രയേലിനെതിരെയാകും അത് പ്രയോഗിക്കുക എന്നതാണ് ഇവരുടെ ആശങ്ക. തന്മൂലം ഇറാന്റെ ആണവനിലയങ്ങളും ഗവേഷണകേന്ദ്രങ്ങളും മിസൈൽ ആക്രമണത്തിലൂടെ തകർക്കണമെന്ന അഭിപ്രായമാണ് ഇവർക്കുള്ളത്. ഇസ്രയേലാകട്ടെ എന്തു വിലകൊടുത്തും ഇറാന്റെ ആണവപദ്ധതി തകർക്കാനുള്ള പരിശ്രമത്തിലുമാണ്.

ഇക്കാര്യത്തിൽ ഒബാമ ഭരണകൂടം സമതുലിതമായ നിലപാടാണ് സ്വീകരിച്ചത്. ഇറാൻ ആക്രമണം പശ്ചിമേഷ്യ മുഴുവൻ ഗ്രസിക്കുന്ന യുദ്ധത്തിലേക്കും ദീർഘകാലം നീണ്ടുനിൽക്കുന്ന ഭീകരാക്രമണങ്ങൾക്കും ഒളിയുദ്ധങ്ങൾക്കും കാരണമാകുകയുംചെയ്യുമെന്ന ശരിയായ നിരീക്ഷണമാണ് ഒബാമ ഭരണകൂടത്തിനുണ്ടായിരുന്നത്. മാത്രമല്ല, ആഗോള ജിഹാദി പ്രസ്ഥാനങ്ങൾക്ക് ശക്തിപ്പെടാനുള്ള സാഹചര്യവും ഇറാൻ ആക്രമണം സൃഷ്ടിക്കും. സൈനികശേഷിയിൽ മേഖലയിലെ വൻശക്തിയായി ഇറാൻ മാറിയിട്ടുണ്ട്. ആഭ്യന്തരമായി ശിഥിലീകരണശക്തികൾ ദുർബലവുമാണ്. ഈ സാഹചര്യത്തിൽ നേരിട്ടുള്ള യുദ്ധവും ഭീഷണിയും ഇറാന്റെ കാര്യത്തിൽ ഫലപ്രദമാകില്ല. നയതന്ത്രമാർഗത്തിലൂടെ ഇറാൻ ആണവ പ്രശ്നം പരിഹരിക്കാൻ അമേരിക്ക മുൻകൈയെടുക്കാൻ കാരണമിതാണ്.

2015ലെ ഇറാൻ ആണവകരാർ സെന്റോസ പ്രഖ്യാപനംപോലെ ആഗോളാടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിലെ 5 സ്ഥിരാംഗങ്ങളും യൂറോപ്യൻ യൂണിയനും ചേർന്ന് ഇറാനുമായുണ്ടാക്കിയ ജ5 + 1 കരാർ പ്രകാരം ഇറാൻ അവരുടെ ആണവപദ്ധതി പടിപടിയായി കുറച്ചുകൊണ്ടുവന്ന് അവസാനിപ്പിക്കാൻ ധാരണയായി. കരാർപ്രകാരമുള്ള തുടർനടപടി ഇറാൻ സ്വീകരിച്ചു. ഉപരോധത്തിൽ ഇളവുവരുത്താൻ അമേരിക്കയും തയ്യാറായി. പശ്ചിമേഷ്യയിൽ ആണവയുദ്ധത്തിനുള്ള സാധ്യത ഏറെക്കുറെ ഇല്ലാതാക്കാൻ ജ5 + 1 കരാറിനു കഴിഞ്ഞു.

2016ലെ തെരഞ്ഞെടുപ്പുവേളയിലും അതിനുമുമ്പും ട്രംപും യാഥാസ്ഥിതികരും റിപ്പബ്ലിക്കന്മാരും ജ5 + 1കരാറിനെ ശക്തമായി എതിർക്കുകയുണ്ടായി. ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ഈ കരാറെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് പറഞ്ഞു. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ടാൽ കരാറിൽനിന്ന് പിൻവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപ് വാക്കുപാലിച്ചു. 2018 മെയ് എട്ടി ന് കരാറിൽനിന്ന് പിൻവാങ്ങുന്ന പ്രഖ്യാപനം അദ്ദേഹം നടത്തി.

ഒരു അന്താരാഷ്ട്ര കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്കും ധാരണയ്ക്കും കടകവിരുദ്ധമാണ്. മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ കാർമികത്വത്തിൽ രൂപപ്പെടുത്തിയ കരാറിൽനിന്ന് പിൻവാങ്ങുകവഴി യുഎൻഒയുടെ പദവിയും പ്രാമാണികത്വവും അംഗീകരിക്കുന്നില്ലെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. കരാറിൽനിന്ന് പിൻവാങ്ങിയ മുറയ്ക്ക് ഉപരോധം കടുപ്പിച്ച് അമേരിക്ക രംഗത്തുവന്നു. യൂറോപ്യൻ യൂണിയനും ചൈനയും റഷ്യയും ജർമനിയുമെല്ലാം അമേരിക്കൻ നടപടിയെ നിശിതമായി വിമർശിച്ചു. എന്നിരുന്നാലും ഉപരോധത്തിന്റെ കാര്യത്തിൽ അമേരിക്കൻ സമ്മർദത്തെ അതിജീവിക്കാൻ ഈ രാഷ്ട്രങ്ങൾക്ക് കഴിയുമോ എന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തിൽ ഇറാനെതിരെ അമേരിക്ക ചുമത്തുന്ന എണ്ണ ഉപരോധം ഫലപ്രദമാകാനാണ് സാധ്യത. ഇതോടൊപ്പം സൗദി നിയന്ത്രണത്തിലുള്ള 'ഒപെക്' രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം കൂട്ടി അന്താരാഷ്ട്ര മാർക്കറ്റിൽ ആവശ്യത്തിലധികം എണ്ണ എത്തിക്കുകയുംചെയ്യും. ഇറാന്റെ എണ്ണ വാങ്ങി അമേരിക്കയുടെ ശത്രുത സമ്പാദിക്കാൻ പൊതുവിൽ എണ്ണ ഇറക്കുമതി രാഷ്ട്രങ്ങൾ തയ്യാറാകില്ല.

ഇന്ത്യയും ഇറാനും സമീപകാലത്ത് സാമ്പത്തികരംഗത്തും പ്രതിരോധമേഖലയിലും അടുത്ത സഹകരണം വളർത്തിയെടുത്തിട്ടുണ്ട്. ഇറാനിൽ ഇന്ത്യ നിർമിക്കുന്ന ഛബഹാർ തുറമുഖം വളരുന്ന ഇന്ത്യ‐ ഇറാൻ സഹകരണത്തിന്റെ പ്രതീകമാണ്. ചൈന കഴിഞ്ഞാൽ ഇറാനിൽനിന്ന് ഏറ്റവുമധികം ക്രൂഡ് ഓയിൽ ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, മാറിയ സാഹചര്യത്തിൽ അമേരിക്കൻ സമ്മർദത്തിനുവഴങ്ങി ഇറാനിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്താൻ ഇന്ത്യ തയ്യാറെടുക്കുകയാണ്.

ഇതോടെ, ഇന്ത്യൻ ഓയിൽ കമ്പനികൾ ഇറാനിൽനിന്നുള്ള വ്യാപാരം കുറച്ചു. എണ്ണ ഇറക്കുമതി ജൂണിൽമാത്രം ഇരുപത്തഞ്ച് ശതമാനം കുറഞ്ഞു. മെയ് മാസത്തിലെ പ്രതിദിന ഇറക്കുമതി  7.70 ലക്ഷം വീപ്പയായിരുന്നത് ജൂണിൽ 5.93 ലക്ഷം വീപ്പയായി. റിലയൻസ് സൗദി അറേബ്യയിൽനിന്ന് എണ്ണ എത്തിക്കാനുള്ള നടപടി സ്വീകരിച്ചു. ബാങ്കുകളും ഉപരോധഭീഷണിയെത്തുടർന്ന് ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സൗദി അറേബ്യ, ഇറാഖ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി വർധിപ്പിക്കാനാണ് ഇന്ത്യൻ പദ്ധതി. ഇറാനുപകരം മറ്റ് രാജ്യങ്ങളിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യുമ്പോൾ വിനിമയം ഡോളറിലാകുന്നതുമൂലം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വർധിക്കും. ഇതോടൊപ്പം 2016ൽ ഒപ്പുവച്ച ഛബഹാർ തുറമുഖ വികസന നിക്ഷേപ ഉടമ്പടിയുടെ ലംഘനമായി ഇന്ത്യൻ നടപടി വ്യാഖ്യാനിക്കപ്പെടുകയുംചെയ്യും. വഴിയടച്ചുനിൽക്കുന്ന പാകിസ്ഥാനെ മറികടന്ന് മധ്യേഷ്യൻ രാജ്യങ്ങളുമായി ഛബഹാർ കേന്ദ്രമായി സമുദ്രമാർഗം ചരക്ക് കടത്തിന് ഗേറ്റ‌്‌വേ സ്ഥാപിക്കുന്നതിന് ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ചേർന്ന് ഒപ്പുവച്ച കരാർ തന്ത്രപരമായും സാമ്പത്തികമായും ഏറെ പ്രാധാന്യമുള്ളതാണ്. പദ്ധതിയിൽ നിക്ഷേപം നടത്താമെന്ന വാഗ്ദാനം പാലിക്കാത്തതിൽ ഇറാന്റെ ഉപസ്ഥാനപതി മസൂദ് റിസ്വാനിയർ റഹാഘി അതൃപ്തി അറിയിച്ചുകഴിഞ്ഞു. എണ്ണ ഇറക്കുമതി കുറച്ചാൽ ഇന്ത്യക്ക് ഇപ്പോൾ നൽകിവരുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ‐അഫ്ഗാനിസ്ഥാൻ‐ഇറാൻ സഹകരണപാത ദുർബലമാകാൻ അമേരിക്കൻ സഖ്യം കാരണമാകും. മാത്രമല്ല, മേഖലയിൽ ചൈന‐പാകിസ്ഥാൻ സഖ്യം ശക്തമായി നിലനിൽക്കുകയാണ്. ഇറാന് ചൈനയുമായി അടുത്ത ബന്ധമാണുള്ളത്. റഷ്യയും ഇറാനും തമ്മിൽ തന്ത്രപരമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഈ സാഹചര്യത്തിൽ അമേരിക്കൻ ഭീഷണിയെ നേരിടാൻ ഇറാൻ ചൈന പക്ഷത്തേക്ക് ചായാനാണ് സാധ്യത. അങ്ങനെ വന്നാൽ ചൈന‐പാകിസ്ഥാൻ‐ഇറാൻ ധാരണ രൂപപ്പെടുകയും അവർക്ക് റഷ്യയുടെ പിന്തുണ ലഭിക്കുകയും ചെയ്യും. മേഖലയിൽ ഇന്ത്യയുടെ പ്രാമാണികത്വം തകരാനും പാകിസ്ഥാന് ശക്തിപ്പെടാനുമുള്ള സാഹചര്യമാണ് ഇതുമൂലമുണ്ടാകുക. ട്രംപിന്റെ ഭ്രാന്തൻനയങ്ങൾക്കുമുന്നിൽ മുട്ടുമടക്കിയാൽ അമേരിക്കയുടെ സാമ്രാജ്യത്വയുദ്ധങ്ങളിൽ ജൂനിയർ പങ്കാളിയായി കൂടേണ്ട ഗതികേട് ഇന്ത്യക്കുണ്ടാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top