19 April Friday

അമേരിക്കയ‌്ക്ക‌ു വഴങ്ങി മോഡി സർക്കാർ

പ്രകാശ്‌ കാരാട്ട്‌Updated: Thursday Aug 2, 2018


അമേരിക്കയുടെയും ഇന്ത്യയുടെയും പ്രതിരോധ‐വിദേശ മന്ത്രിമാർ പങ്കെടുക്കുന്ന യോഗം സെപ്തംബർ ആറിന് ഡൽഹിയിൽ ചേരും.  ഈ യോഗത്തെ 2 പ്ലസ് 2 എന്ന പേരിലാണ് അറിയപ്പെടുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വളർത്തുന്നതിൽ നിർണായക പങ്കുള്ള യോഗമാണിത്. കഴിഞ്ഞ വർഷംവരെ എല്ലാ വർഷവും ഇരു രാഷ്ട്രങ്ങളിലെയും വിദേശമന്ത്രിമാരുടെയും വാണിജ്യമന്ത്രിമാരുടെയും യോഗമാണ് നടക്കാറുണ്ടായിരുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിർദേശമനുസരിച്ചാണ് ഇതിൽ മാറ്റംവരുത്തി വാണിജ്യമന്ത്രിമാരുടെ യോഗത്തിനു പകരം പ്രതിരോധമന്ത്രിമാരെ ഉൾപ്പെടുത്തിയത്. അതായത്, ഇരു രാഷ്ട്രങ്ങളുടെയും വിദേശനയവും പ്രതിരോധ തന്ത്രവും അമേരിക്കൻ സഖ്യത്തിന്റെ തന്ത്രപ്രധാന ചട്ടക്കൂടുമായി കണ്ണിച്ചേർക്കപ്പെടുകയാണെന്നു സാരം.

വ്യാപാരവാണിജ്യ ബന്ധങ്ങളേക്കാൾ അമേരിക്ക മുൻഗണന നൽകുന്നത് തന്ത്രപ്രധാന പ്രതിരോധ ബന്ധത്തിനാണെന്നും ഇത് സൂചിപ്പിക്കുന്നു. 2 പ്ലസ് 2 യോഗം ചേരുന്നതിന് ആറുമാസത്തെ കാലവിളംബമുണ്ടായിട്ടുണ്ട്. ഇതിന് ഒന്നാമത്തെ കാരണം അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റിന് (അമേരിക്കൻ വിദേശമന്ത്രി) സ്ഥാനചലനമുണ്ടായതാണ്. തുടർന്ന് ജൂലൈ ആദ്യം യോഗം നിശ്ചയിച്ചപ്പോൾ അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റിനെ സംഭാഷണത്തിനായി ട്രംപ് ഉത്തര കൊറിയയിലേക്ക് അയക്കുകയും ചെയ്തു. 

അടുത്ത മാസം ആറിന് നടക്കുന്ന യോഗത്തിൽ വിദേശമന്ത്രി സുഷ‌്മ സ്വരാജും പ്രതിരോധമന്ത്രി നിർമല സീതാരാമനും ഇന്ത്യയെ പ്രതിനിധാനംചെയ്യും. സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മെക്ക് പോംപിയോവും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും അമേരിക്കയെ പ്രതിനിധാനംചെയ‌്തും പങ്കെടുക്കും.  ഇവർ തമ്മിലുള്ള ആദ്യ യോഗമാണ് ഡൽഹിയിൽ ചേരുന്നത്.

പുതിയ ഈ വേദിയിലൂടെ അമേരിക്ക ഇന്ത്യയെ അവരുടെ ഭൗമരാഷ്ട്രീയ തന്ത്രത്തോട് അടുപ്പിക്കുകയാണ്. ഏഷ്യ പസഫിക‌് മേഖലയിലെ അമേരിക്കൻ തന്ത്രവുമായി ആഴത്തിൽ സഹകരിക്കാനുള്ള മോഡി സർക്കാരിന്റെ സന്നദ്ധതയുടെ പശ്ചാത്തലത്തിലാണ് ഇത്. ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി അമേരിക്ക വിവിധ നടപടി സ്വീകരിക്കുകയുണ്ടായി. ഹവായ് കേന്ദ്രമാക്കി നേരത്തെ നിലവിലുള്ള പസഫിക‌് മിലിട്ടറി കമാൻഡിന്റെ പേര് ‘ഇന്തോ പസഫിക് കമാൻഡ്' എന്നാക്കി. പസഫിക് കമാൻഡിന്റെ കീഴിലുള്ള ഇന്ത്യാ സമുദ്രമേഖലയിൽ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഓർമപ്പെടുത്താനായിരുന്നു ഈ പേരുമാറ്റം.

സൈനിക സൗകര്യങ്ങൾ പരസ്പരം കൈമാറുന്ന  ലോജിസ്റ്റിക‌്സ് എക്‌സേഞ്ച് കരാറിൽ (എൽഇ) 2016ൽ ഒപ്പിട്ട മോഡി സർക്കാർ അടുത്ത സൈനിക കരാറായ കമ്യൂണിക്കേഷൻസ് കേപ്പബിലിറ്റി ആൻഡ‌് സെക്യൂരിറ്റി (കോംകാസ) കരാറിലും ഒപ്പുവയ‌്ക്കാൻ തയ്യാറായിരിക്കുകയാണ്. അമേരിക്ക നൽകുന്ന പ്രതിരോധ സംവിധാനങ്ങളിൽ അമേരിക്കയുടെ കമ്യൂണിക്കേഷൻ സംവിധാനം സ്ഥാപിക്കാൻ അനുവദിക്കുന്നതാണ് ഈ കരാർ.  ഇന്ത്യൻ സേനയെ അമേരിക്കൻ സൈന്യവുമായി കണ്ണിചേർക്കുന്നതിനുവേണ്ടിയാണിത്. ഇന്ത്യൻ സായുധസേനയുടെ ആഭ്യന്തരമായ സൈനിക കമ്യൂണിക്കേഷൻ സംവിധാനത്തിൽ അമേരിക്കയ‌്ക്ക‌് പ്രവേശം നൽകുന്നതാണ് ഈ കരാർ.  അമേരിക്ക സ്ഥാപിച്ച കമ്യൂണിക്കേഷൻ സംവിധാനം ദുരുപയോഗിക്കപ്പെടുന്നില്ലെന്നും ചോർത്തപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താനായി ഇന്ത്യക്ക് കൈമാറുന്ന സൈനിക ഉപകരണങ്ങൾ പരിശോധിക്കാനുള്ള അവകാശവും കരാർവഴി അമേരിക്കയ‌്ക്ക് ലഭ്യമാകും.

അമേരിക്കയുടെ മറ്റൊരു ലക്ഷ്യം അവരുടെ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഇന്ത്യക്ക് വൻതോതിൽ വിറ്റഴിക്കുക എന്നതാണ്.  ഇക്കാര്യത്തിലും വലിയ പുരോഗതി ദൃശ്യമാണ്. 2008ൽ 100 കോടി ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്കയിൽനിന്ന‌് വാങ്ങിയരുന്നതെങ്കിൽ പത്ത് വർഷമായപ്പോൾ അത് 1500 കോടി ഡോളറായി വർധിച്ചു. പ്രലോഭനവും ഭീഷണിയും തരാതരം പയറ്റിയാണ് ശതകോടിക്കണക്കിനു ഡോളറിന്റെ ആയുധം ഇന്ത്യക്ക് വിൽക്കുന്നത്.

ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കെ 2016ലാണ് ഇന്ത്യ ‘പ്രധാന പ്രതിരോധ പങ്കാളിയാണെന്ന്' പ്രഖ്യാപിക്കപ്പെട്ടത്. അതിനുശേഷമാണ് സൈനിക സൗകര്യങ്ങൾ പരസ്പരം കൈമാറുന്ന എൽഇഎയിലും കോംകാസയിലും ഒപ്പിടണമെന്ന് ശഠിച്ചത്.  അടുത്ത സൈനിക കരാർ ബേസിക‌് എക്‌സ‌്ചേഞ്ച് ആൻഡ‌് കോ‐ ഓപ്പറേഷൻ (ബിഇസിഎ) കരാറാണ്. ഈ പ്രക്രിയക്ക് വേഗമേറ്റുന്നതിന് അമേരിക്ക അത്യന്താധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാകുന്ന പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തുകയും ചെയ്തു. 

അമേരിക്കൻ കോൺഗ്രസ് പാസാക്കിയ എതിരാളികളെ ഉപരോധത്തിലൂടെ എതിർക്കുന്ന നിയമം (സിഎഎടിഎസ്എ) വഴി റഷ്യയിൽനിന്ന‌് അത്യന്താധുനിക പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതും അമേരിക്ക തടയുകയാണ്. 

റഷ്യയിൽനിന്ന‌് എസ് 400 ട്രയംഫ് മിസൈൽ സിസ്റ്റം വാങ്ങുന്നതിന് ശ്രമിക്കുകയാണ് ഇന്ത്യ.  ഉപരോധത്തിൽ ഇളവ് നൽകി ഈ കരാറുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന് ഇന്ത്യാ സർക്കാർ അമേരിക്കയോട് യാചിക്കുകയാണ‌് ഇപ്പോൾ. അമേരിക്കയിൽനിന്ന‌് കൂടുതൽ ആയുധങ്ങൾ വാങ്ങുമെന്ന് ഉറപ്പു നൽകിയാൽ ഇക്കാര്യത്തിൽ ഇളവ് നൽകാമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം.

സെപ്തംബർ ആറിന് ചേരുന്ന 2 പ്ലസ് 2 യോഗം കോംകാസ, റഷ്യയിൽനിന്ന‌് മിസൈൽ വാങ്ങുന്ന കാര്യം എന്നിവയെല്ലാം സ്വാഭാവികമായും ചർച്ച ചെയ്യും. ജപ്പാനും ദക്ഷിണ കൊറിയയുംപോലെ ഇന്ത്യയും അതിവേഗം അമേരിക്കയുടെ സൈനിക സഖ്യശക്തിയായി മാറുകയാണെന്നതാണ് യാഥാർഥ്യം. 

ദൗർഭാഗ്യകരമെന്നു പറയട്ടെ, ദേശീയ പരമാധികാരം അടിയറവയ‌്ക്കുന്ന മോഡി സർക്കാരിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ പൊതുസംവാദമോ പ്രതിഷേധമോ ഉയരുന്നില്ല. ഏഷ്യയിൽ അമേരിക്ക നടത്തുന്ന ആക്രമാസക്തമായ നീക്കങ്ങൾക്കൊപ്പം ഇന്ത്യയും മടികൂടാതെ നീങ്ങുകയാണ്. ഇതിന് പ്രധാന കാരണം കോൺഗ്രസ് പാർടിയും അമേരിക്കയുമായി തന്ത്രപ്രധാന സഖ്യം രൂപീകരിക്കുന്നതിനോട് യോജിക്കുന്നുവെന്നതാണ്. മറ്റു പാർടികൾ പ്രത്യേകിച്ചും പ്രാദേശിക പാർടികൾക്ക് ഇത്തരം വിഷയങ്ങളിലും നയസമീപനങ്ങളിലും താൽപ്പര്യവുമില്ല. അതിനാൽ, അമേരിക്കയ‌്ക്കു മുമ്പിൽ ദേശീയ താൽപ്പര്യങ്ങൾ അടിയറവയ‌്ക്കുന്ന മോഡി സർക്കാരിന്റെ സാമ്രാജ്യത്വാനുകൂല വിദേശനയത്തിനെതിരെ ജനങ്ങളെ അണിനിരത്തേണ്ട ബാധ്യത സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top