16 February Saturday

മെച്ചപ്പെട്ട ഭരണമാതൃക ഗുജറാത്തല്ല; ത്രിപുര

സയിദ് നഖ്വിUpdated: Wednesday Aug 2, 2017

രാത്രിക്കുശേഷം പകലെന്നപോലെ എവിടെയൊക്കെയാണോ കോണ്‍ഗ്രസ് പിറകോട്ടുപോകുന്നത്, ആ ഇടത്തിലേക്കാണ് ബിജെപി കയറിവരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണസ്ഥിരതയ്ക്ക് പേരുകേട്ട ത്രിപുരയിലും സംഭവിക്കുന്നത് അതുതന്നെയാണ്. 32 വര്‍ഷമായി കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റാണ് ത്രിപുര ഭരിക്കുന്നത്. അതും 50 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസിന്റെ വോട്ടുശതമാനം അത്ര കുറവൊന്നുമല്ല; 36 ശതമാനം. ഇതിലാണ് ഇപ്പോള്‍ ബിജെപി ഉന്നംവച്ചിട്ടുള്ളത്. സിപിഐ എമ്മിനെയും കോണ്‍ഗ്രസിനെയും തകര്‍ക്കുക എന്ന ലക്ഷ്യമിട്ട് മമത ബാനര്‍ജി ബംഗാളിലേക്ക് വന്നപ്പോള്‍ ആ പകര്‍ച്ചവ്യാധി ത്രിപുരയിലേക്കും കടന്നു.

ത്രിപുരയിലെ കോണ്‍ഗ്രസ് പ്രസിഡന്റായ സുധീപ്റോയ് ബര്‍മന്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറി. നേട്ടങ്ങള്‍ പ്രതീക്ഷിച്ച് ബര്‍മന്‍ കൂറുമാറിയെങ്കില്‍, കൂടുതല്‍ നേട്ടങ്ങള്‍ക്കായി ബര്‍മന് അതിപ്പോഴും ചെയ്യാവുന്നതേയുള്ളൂ. ബര്‍മനും അഞ്ചു പാര്‍ടി നേതാക്കളും ബിജെപിയില്‍ ചേരുമെന്നാണ് ത്രിപുരയില്‍ പരക്കുന്ന ഊഹാപോഹം. ഈ സംഭവവികാസത്തെ സംസ്ഥാന ഗവര്‍ണര്‍ തഥാഗതറോയ് സ്വാഗതം ചെയ്യുമെന്നുറപ്പ്. മുസ്ളിങ്ങള്‍ക്കെതിരെയുള്ള ഗവര്‍ണറുടെ ശകാരവാക്കുകള്‍ അയല്‍സംസ്ഥാനമായ പശ്ചിമബംഗാളിലെ ബിജെപി കേഡര്‍മാരെപ്പോലും സംഭ്രമിപ്പിക്കുന്നതാണ്. മുസ്ളിങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് 'ശരിയായവിധം ഇണക്കിച്ചേര്‍ക്കണമെങ്കില്‍' അവര്‍ പരസ്യമായി പന്നിയിറച്ചി ഭക്ഷിക്കണമെന്നാണ് ഗവര്‍ണര്‍ വിശ്വസിക്കുന്നത്. പന്നിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഗവര്‍ണര്‍ക്ക് ഒഴിയാബാധയായിട്ടുണ്ട്. ഉദാഹരണത്തിന് മുസ്ളിം ഭീകരവാദികള്‍ക്ക് നല്‍കേണ്ട ശിക്ഷ 'പന്നിത്തോലില്‍ അവരെ പൊതിഞ്ഞ് പന്നിമലത്തില്‍ തലതാഴ്ത്തി കുഴിച്ചുമൂടുകയാണ'ത്രേ വേണ്ടത്.

കഴിഞ്ഞ 17 വര്‍ഷമായി തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന സിപിഐ എം നേതാവ് മണിക് സര്‍ക്കാരിനെ ഇത്തരം പരുഷവാക്കുകള്‍ പ്രകോപിതനാക്കിയിട്ടില്ല. സംസ്ഥാന ജനസംഖ്യയില്‍ ഏഴ് ശതമാനം മുസ്ളിങ്ങളാണുള്ളത്. എന്റെ അഭിപ്രായത്തില്‍ രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ്  ത്രിപുര. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു താല്‍പ്പര്യവുമില്ല. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഇക്കാര്യം അറിയുന്നുമില്ല. ഒരിക്കല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു, മണിക് സര്‍ക്കാര്‍ എന്ന മുഖ്യമന്ത്രിയെ താന്‍ ഇഷ്ടപ്പെടുന്നുവെന്ന്.

ഇതേസമയത്തുതന്നെ ലണ്ടനിലെ 'ഇന്‍ഡിപെന്‍ഡന്റ്' പത്രത്തിലെ ഇന്ത്യയിലെ ലേഖകന്‍ ആന്‍ഡ്രു ബണ്‍കോമ്പെ അഗര്‍ത്തലയില്‍നിന്ന് തിരിച്ചുവന്ന ഉടനെ ഉത്സാഹത്തോടെ ഇങ്ങനെ പ്രതികരിച്ചു. 'ക്രമമുള്ള, വൃത്തിയുള്ള, അസംബന്ധങ്ങളൊന്നുംതന്നെ ഇല്ലാത്ത ഭരണം' മറ്റ് സന്ദര്‍ശകരെപ്പോലെ അദ്ദേഹവും പറഞ്ഞു. 'മുഖ്യമന്ത്രി ചിലപ്പോഴൊക്കെ നടന്നിട്ടാണ് ഓഫീസിലേക്ക് പോകാറുള്ളതെ'ന്ന് ഞാന്‍ നേരില്‍ കണ്ട ഒരു കാര്യം കുറിക്കാം. മുഖ്യമന്ത്രിയുടെ സ്കൂള്‍ അധ്യാപികയായ ഭാര്യ റിക്ഷയിലാണ് ജോലിക്ക് പോകാറുള്ളത്. 

ത്രിപുരയുടെ മനുഷ്യവിഭവസൂചിക ആരെങ്കിലും ശ്രദ്ധിച്ചുവോ? സംസ്ഥാനത്തെ ജനസംഖ്യ വെറും 40 ലക്ഷമാണ്. സിക്കിമിലും ഗോവയിലും മാത്രമേ ഇതിലും കുറഞ്ഞ ജനസംഖ്യയുള്ളൂ. ഏറ്റവും ഉയര്‍ന്ന സാക്ഷരത നിരക്കായ 96 ശതമാനം ത്രിപുരയിലുണ്ട്. ഗുജറാത്തിലേത് 83 ശതമാനമാണ്. (കേരളത്തിന്റെ നില ഏറെ മെച്ചപ്പെട്ടതായതിനാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല) ത്രിപുരയിലെ പുരുഷന്മാരുടെ ആയുസ്സ് 71 വയസ്സാണെങ്കില്‍ സ്തീകളുടേത് 73 ആണ്. ഗുജറാത്തില്‍ ഇത് യഥാക്രമം 64ഉം 66ഉം വയസ്സാണ്. 1000 പുരുഷന്മാര്‍ക്ക് 961 സ്ത്രീകളാണ് ത്രിപുരയിലെങ്കില്‍ ഗുജറാത്തിലിത് 918 ആണ്.

രാഷ്ട്രീയത്തിലെന്നപോലെ മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കുന്നതിലും നേതൃത്വത്തിന്റെ പ്രതിഭ തെളിഞ്ഞുകാണാം. പരാതിപ്പെട്ടി തുറക്കുന്നതിനുപകരം എല്ലാ കേന്ദ്ര- സംസ്ഥാന പദ്ധതികളും കാര്യക്ഷമമായി നടപ്പാക്കുന്നതിലാണ് സംസ്ഥാനത്തിന് ശ്രദ്ധ. ഇതിനായി എല്ലാ ഉദ്യോഗസ്ഥരെയും പാര്‍ടി കേഡര്‍മാരെയും ത്രിതലപഞ്ചായത്ത് സംവിധാനത്തെയും വിളിച്ചുകൂട്ടി തെരഞ്ഞെടുക്കപ്പെട്ട സ്വയംഭരണ ജില്ലാ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പുവരുത്തുന്നു. 

മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതുപോലെ  ത്രിപുരയിലെയും തീവ്രവാദത്തിന് അടിസ്ഥാനം ആദിവാസികളും അല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ്. ത്രിപുരയിലെ ഭൂരിപക്ഷം ആദിവാസികളായിരുന്നു. എന്നാല്‍, കിഴക്കന്‍ പാകിസ്ഥാന്റെ (ബംഗ്ളാദേശിന്റെ) രൂപീകരണത്തോടെ ഹിന്ദു ബംഗാളികള്‍ ത്രിപുരയിലേക്ക് കുടിയേറി. ഇതോടെ ആദിവാസികള്‍ (19 വിഭാഗങ്ങള്‍) ന്യൂനപക്ഷമായി. ആദിവാസികളും മറ്റുള്ളവരും 70:30 എന്ന അനുപാതം തലകീഴായി മറിഞ്ഞു. നിലവില്‍ ജനസംഖ്യയില്‍ 70 ശതമാനം ബംഗാളികളാണ്.

അധികാരത്തിനുവേണ്ടി ജനിച്ചുവീണ കോണ്‍ഗ്രസുകാര്‍ അതിനായി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം സ്വീകരിച്ചു. അതുവഴി ബംഗാളി വോട്ടുബാങ്ക് കീശയിലാക്കി. ആരാണ് പറഞ്ഞത് ബിജെപിമാത്രമാണ് ധ്രുവീകരണരാഷ്ട്രീയം പയറ്റുന്നതെന്ന്? വോട്ടില്‍ കുറവുവരുന്നപക്ഷം ഒരു വിഭാഗം ആദിവാസികളെ മറ്റ് വിഭാഗത്തിനെതിരെയും ഇവര്‍ ഉപയോഗിച്ചു. ഭാവി മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ച മഹാനായ ആദിവാസി കമ്യൂണിസ്റ്റ് നേതാവ് ദശരഥ്ദേബ് ആദിവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് 1945ല്‍തന്നെ ജനശിക്ഷാ അഭിയാന് തുടക്കമിട്ടു. മഹാരാജാവിന് 500 പ്രാഥമികവിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ടിവന്നു. ഇന്നിപ്പോള്‍ ഒരുകിലോമീറ്ററിനകത്ത് ഒരു സ്കൂളുണ്ട്.
ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് ആദിവാസികള്‍ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ബംഗാളികളാകട്ടെ അതിനിടയില്‍ കോണ്‍ഗ്രസിലേക്ക് തിരിഞ്ഞെങ്കിലും ആ പാര്‍ടിയില്‍ കടുത്ത വിഭാഗീയതയും ചേരിതിരിവും ദൃശ്യമായി. വിഷമം പിടിച്ച ഈ സാമൂഹ്യയാഥാര്‍ഥ്യത്തെ നൃപന്‍ ചക്രവര്‍ത്തിയെന്ന കമ്യൂണിസ്റ്റ് നേതാവ് തിരിച്ചറിഞ്ഞു. ആദിവാസികളുടെ പിന്തുണയില്ലാതെ ബംഗാളികള്‍ക്കും അതുപോലെ ബംഗാളികളുടെ പിന്തുണയില്ലാതെ ആദിവാസികള്‍ക്കും മുന്നേറാന്‍ കഴില്ലെന്നായിരുന്നു ആ യാഥാര്‍ഥ്യം. സ്വാഭാവികമായും ആദിവാസികളും അല്ലാത്തവരും തമ്മിലുള്ള ഐക്യത്തിന് ആഹ്വാനമുയര്‍ന്നു.

ഈ ആശയം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചു. 1940കളിലും '50കളിലുമായി ആദിവാസികള്‍  ഐക്യം എന്ന കമ്യൂണിസ്റ്റ് പാര്‍ടി ആഹ്വാനം അതേപടി സ്വീകരിച്ചു. പതുക്കെയാണെങ്കിലും ബംഗാളികളും ഈ ആശയം സ്വീകരിച്ചു. ഇടതുപക്ഷമാകട്ടെ പതുക്കെ പതുക്കെ ആദിവാസി- ബംഗാളി ഐക്യമെന്ന വേദി വിപുലീകരിച്ചു. കോണ്‍ഗ്രസാകട്ടെ ബംഗാളി കേന്ദ്രീകൃതമായിത്തന്നെ കരുക്കള്‍ നീക്കി. തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ ഇല്ലാതിരുന്നിട്ടും.

വോട്ടര്‍മാരും ജനങ്ങളും ഇടതുപക്ഷത്തെ വര്‍ധിച്ച തോതില്‍ പിന്തുണയ്ക്കാനുള്ള കാരണം നേതാക്കള്‍ അഴിമതിക്കറ പുരളാത്തവരാണെന്നതിനാലാണ്. 'വ്യക്തിപരമായി അഴിമതിയില്ലാത്തവരാണെന്ന കാര്യം നിഷേധിക്കാനാകില്ല' എന്ന് കോണ്‍ഗ്രസ് എംഎല്‍എ ഗോപാല്‍ റോയിയും തലകുലുക്കി സമ്മതിച്ചു. ഇടതു മുന്നണിയുടെ ആദ്യമുഖ്യമന്ത്രി നൃപന്‍ ചക്രവര്‍ത്തി (1978-88) ഔദ്യോഗികബംഗ്ളാവിലേക്ക് കയറിപ്പോയതുപോലെതന്നെ, രണ്ടു തകരപ്പെട്ടിയും വസ്ത്രങ്ങളും പുസ്തകങ്ങളും ഷേവിങ് കിറ്റുമായി ഇറങ്ങിപ്പോകുകയും ചെയ്തു. റേഷന്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഭക്ഷ്യധാന്യങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കും വാങ്ങിയത്. ആധുനിക മുതലാളിത്തം അദ്ദേഹത്തെ ഹീനജാതിക്കാരനായി കരുതുമായിരുന്നു. കാരണം അദ്ദേഹത്തിന് ഒരിക്കലും ഒരു ബാങ്ക് അക്കൌണ്ട് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശിഷ്യനായ മണിക് സര്‍ക്കാരും നൃപന്‍ ചക്രവര്‍ത്തിയെപ്പോലെ ലളിത ജീവിതക്കാരനാണ്.

അവിശ്വസനീയമെന്നു പറയട്ടെ, പ്രധാന കേന്ദ്ര- സംസ്ഥാന പദ്ധതികള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തുന്നു. ദേശീയ തൊഴിലുറപ്പുനിയമം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള അവലോകനം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു ഞാന്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ചെറിയ ഓഫീസില്‍ കണ്ടത്. ടാഗോറിന്റെ ഒരു ഫോട്ടോമാത്രമായിരുന്നു ആ മുറിയുടെ അലങ്കാരം. പദ്ധതികള്‍ നടത്തിപ്പിന്റെ കാര്യക്ഷമതയില്‍ സംസ്ഥാനത്തിന് എതിരാളികളില്ല. ക്ളിനിക്കുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ശിശു- മാതൃ സംരക്ഷണകേന്ദ്രങ്ങള്‍, വൈദ്യുതിവിതരണം, റോഡുനിര്‍മാണം എന്നിവയുടെ നടത്തിപ്പ് അസൂയാവഹമാണ്. ഇതെല്ലാംതന്നെ സംസ്ഥാനത്ത് ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു. 'സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറവാണ്' എന്നു ഡിജിപി കെ നാഗരാജ് പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനം കാരണം ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ ഭയപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് ഡിജിപിയുടെ ഈ പ്രസ്താവന. 'പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള കൃത്യമായ ഏകോപനത്തിന്റെ ഫലമാണിത്' എന്നും അദ്ദേഹം വിശദീകരിച്ചു.

സ്വച്ഛ്ഭാരത് പദ്ധതിയെക്കുറിച്ച് എന്തു പ്രതികരണമാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നതെന്ന് ദൈവത്തിനുമാത്രമേ അറിയൂ. പക്ഷേ, പ്രധാനമന്ത്രി സ്വന്തം ഉദ്യോഗസ്ഥരെ ത്രിപുരയിലെ ഉള്‍ഗ്രാമങ്ങളിലേക്ക് അയച്ചാല്‍ അവരുടെ കണ്ണ് അത്ഭുതംകൊണ്ട് വിടരും. ചുരുങ്ങിയകാലത്തിനകത്ത് ത്രിപുര നേടിയ നേട്ടം കണ്ട്

അന്താരാഷ്ട്ര പ്രശസ്തനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍
കടപ്പാട്: ഡെക്കാണ്‍ ക്രോണിക്കിള്‍)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top