22 November Friday

ത്രിപുര പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലേക്ക്‌

രാഹുല്‍ സിന്‍ഹUpdated: Wednesday Jul 3, 2019

ത്രിപുരയിൽ ത്രിതല പഞ്ചായത്ത് സമിതികളിലേക്ക് ജൂലൈ 27നു തെരഞ്ഞെടുപ്പ് നടക്കുകയാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായിരിക്കില്ലെന്ന് 15 മാസത്തെ ബിജെപി–-ഐപിഎഫ്ടി ഭരണം തെളിയിക്കുന്നു. ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറുടെ പ്രവർത്തനവും ഈ ആശങ്ക വർധിപ്പിക്കുന്നു. ബിജെപി ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം നടന്ന വെസ്റ്റ് ത്രിപുര മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വെറും പ്രഹസനമാക്കിയതിൽനിന്നുതന്നെ ഇതു വ്യക്തമാണ്.

ഇത്തരം തെരഞ്ഞെടുപ്പ് പ്രഹസനം ആവർത്തിക്കാതിരിക്കാനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടക്കുമെന്ന് ഉറപ്പുവരുത്താനും വഴിയൊരുക്കുന്നതിനായി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അഭ്യർഥിക്കാൻ ഇടതുപക്ഷ മുന്നണി തീരുമാനിച്ചിരുന്നു. എന്നാൽ, ഇടതുപക്ഷ പ്രതിനിധി സംഘത്തെ കാണാൻ മുഖ്യമന്ത്രി ബിപ്ലവ‌്കുമാർ ദേബ് കൂട്ടാക്കിയില്ല. എന്തെങ്കിലും പരാതിയോ നിർദേശങ്ങളോ ഉണ്ടെങ്കിൽ എഴുതിനൽകാനാണ് മുഖ്യമന്ത്രി ഇടതുപക്ഷമുന്നണിയോട് ആവശ്യപ്പെട്ടത്. അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പെരുമാറ്റം. എങ്കിലും ഉന്നതജനാധിപത്യ മാതൃക പിന്തുടർന്നുകൊണ്ട് ഇടതുപക്ഷമുന്നണി കൺവീനർ ബിജൻധർ ജൂൺ 25നു മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ആറു നിർദേശമാണ് ഇടതുപക്ഷമുന്നണി മുന്നോട്ടുവച്ചത്. 

നിയമ വാഴ‌്ചതന്നെ ഇല്ലാതായിരിക്കുകയാണ്‌

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇടതുപക്ഷത്തിനെതിരെ പ്രത്യേകിച്ചും സിപിഐ എം പ്രവർത്തകർക്കുനേരെ ഭരണപക്ഷം അഴിച്ചുവിട്ട ഫാസിസ്റ്റ് സമാനമായ ആക്രമണങ്ങളുടെ പട്ടിക ഉൾപ്പെടുന്ന കത്താണ് ബിജൻധർ മുഖ്യമന്ത്രിക്ക് കൈമാറിയത്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും കവരുക ലക്ഷ്യമാക്കിയുള്ളതാണ് ഈ ആക്രമണങ്ങളെന്നും ബിജൻധർ പറഞ്ഞു. ത്രിപുരയിൽ നിയമ വാഴ‌്ചതന്നെ ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഗ്രാമ–-നഗരസഭകളിലെ പല അംഗങ്ങൾക്കും രാജിവയ‌്ക്കേണ്ടിവന്നത്. ഈ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രതിപക്ഷ സ്ഥാനാർഥികളെ നാമനിർദേശപത്രിക നൽകാൻപോലും അനുവദിക്കുകയുണ്ടായില്ല. പത്രിക സമർപ്പിച്ചവരെ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കുകയുംചെയ‌്തു. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ചും വെസ്റ്റ് ത്രിപുര മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കാനായി വൻ കൃത്രിമങ്ങളാണ് അരങ്ങേറിയത്.

പഞ്ചായത്തു തെരഞ്ഞെടുപ്പ് അടുത്തതോടെ മുൻ തെരഞ്ഞെടുപ്പു കാലത്തുണ്ടായതുപോലെ ഭീഷണിയും ആക്രമണങ്ങളും വർധിച്ചുവരികയാണെന്ന് ബിജൻധർ കത്തിലൂടെ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ പ്രഹസനമായി മാറാതിരിക്കാൻ ആവശ്യമായ നടപടികൾ മുഖ്യമന്ത്രി സ്വീകരിക്കണമെന്നും ബിജൻധർ ആവശ്യപ്പെട്ടു.  പഞ്ചായത്തു തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടത്തുന്നതിന് ഇടതുപക്ഷമുന്നണി ഉന്നയിച്ച ആറ് ആവശ്യം ഇവയാണ്:

1. ഭയമേതുമില്ലാതെ ആർക്കും നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സാഹചര്യമൊരുക്കണം.
2. സ്ഥാനാർഥികൾ ആവശ്യപ്പെടുന്നപക്ഷം അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കണം.
3. എല്ലാ സ്ഥാനാർഥികൾക്കും തടസ്സമേതുമില്ലാതെ പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുമെന്ന് ഉറപ്പുവരുത്തണം.
4. സ്ഥാനാർഥികൾക്കും വോട്ട് ചെയ്യാനെത്തുന്നവർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും എതിരെയുള്ള ഭീഷണിയും ആക്രമണവും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
5. വോട്ടർമാർക്കും പോളിങ് ഏജന്റുമാർക്കും വോട്ട് ചെയ്യാനും അവരുടെ ഡ്യൂട്ടികൾ ചെയ്യാനുമുള്ള സാഹചര്യം സൃഷ്ടിക്കണം. പുറത്തുനിന്നുള്ളവർക്ക് പോളിങ് ബൂത്തിൽ പ്രവേശനം അനുവദിക്കരുത്.
6. പോളിങ്  ബൂത്തിനകത്തും പുറത്തും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാവശ്യമായ സുരക്ഷാസംവിധാനം ഒരുക്കണം.

സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണം

തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് സിപിഐ എമ്മും ഇടതുപക്ഷവും പ്രകടിപ്പിച്ച ഭയാശങ്കകൾ ശരിയാണെന്ന‌് തെളിയിക്കുന്ന സംഭവങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറിൽനിന്നും ഉണ്ടായിട്ടുള്ളത്. ജൂൺ 25നു സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണർ ജി കെ റാവു സർവക്ഷിയോഗം വിളിച്ചുചേർക്കുകയുണ്ടായി. യോഗത്തിൽ സിപിഐ എമ്മിനെ പ്രതിനിധാനംചെയ‌്ത‌് പങ്കെടുത്ത ഹരിപാദ ദാസ് നിലവിലുള്ള സാഹചര്യത്തിൽ സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്ക പങ്കുവച്ചു. കഴിഞ്ഞവർഷം പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെയും അനുഭവം അദ്ദേഹം പരാമർശിച്ചു. എന്നാൽ, മുൻ തെരഞ്ഞെടുപ്പുകളിലെ അനുഭവം ചർച്ചചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പു കമീഷണർ കൈക്കൊണ്ടത്.  ഈ ഘട്ടത്തിൽ ജൂൺ 21നു ഖൊവായ് ബ്ലോക്കിലെ സർവകക്ഷിയോഗം ബിജെപി ഗുണ്ടകൾ അലങ്കോലമാക്കിയ സംഭവത്തെക്കുറിച്ച് ഹരിപാദ ദാസ് സംസാരിച്ചു. എന്നാൽ, അതേക്കുറിച്ചുള്ള പരാമർശവും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണർ വിലക്കി. 

തെരഞ്ഞെടുപ്പു കമീഷണറുടെ ഈ നിലപാടിൽനിന്നും ആവേശം ഉൾക്കൊണ്ട ബിജെപി പ്രതിനിധിസംഘം സിപിഐ എം പ്രതിനിധിസംഘത്തോട് യോഗത്തിൽനിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. തങ്ങൾ ഇറങ്ങിപ്പോകണമെന്നാണോ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറും ആഗ്രഹിക്കുന്നതെന്ന് ഹരിപാദ ദാസ് ചോദിച്ചപ്പോൾ മുൻ തെരഞ്ഞെടുപ്പുകളെക്കുറിച്ച് പരാമർശിക്കരുതെന്ന് ആവർത്തിക്കുകയായിരുന്നു അദ്ദേഹം ചെയ‌്തത‌്. ഈ ഘട്ടത്തിലാണ് തങ്ങളുടെ വീക്ഷണങ്ങൾ മുന്നോട്ടുവയ‌്ക്കാൻ അനുവദിക്കുന്നില്ലെങ്കിൽ യോഗം ബഹിഷ‌്കരിക്കുകയാണെന്നു പറഞ്ഞാണ‌് സിപിഐ എം പ്രതിനിധിസംഘം യോഗത്തിൽനിന്നും ഇറങ്ങിപ്പോയത്.

സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറുടേത് അസഹിഷ്‌ണുതാപരവും പക്ഷപാതപരവുമായ സമീപനമാണെന്നതിൽ തർക്കമില്ല. തെരഞ്ഞെടുപ്പു കമീഷണറുടെ സമീപനം വ്യക്തമായതോടെ  പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവും സമാധാനപരവുമായിരിക്കുമെന്ന് പ്രതീക്ഷിക്കാനുമാകില്ല.  ജനാധിപത്യത്തെ കഴുത്ത‌ുഞെരിച്ചു കൊല്ലാനാണ് സംസ്ഥാന തെരഞ്ഞെടുപ്പുകമീഷണർ കൂട്ടുനിൽക്കുന്നത്. ബിജെപി–-ഐപിഎഫ്ടി സർക്കാർ ആഗ്രഹിക്കുന്നതും അതുതന്നെയാണ്.


പ്രധാന വാർത്തകൾ
 Top