24 February Sunday

ത്രിപുര തെരഞ്ഞെടുപ്പ് : വിഘടനവാദത്തെ തഴുകി വേരുറപ്പിക്കാന്‍ ബിജെപി

ഹരിപാദ ദാസ്Updated: Thursday Jan 4, 2018

ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ത്രിപുരയില്‍ രാഷ്ട്രീയ പാര്‍ടികളും തെരഞ്ഞെടുപ്പ് കമീഷനും ഒരുപോലെ ഒരുക്കം ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ നവംബര്‍ 28ന് സംസ്ഥാനം സന്ദര്‍ശിച്ചു. എല്ലാ ദേശീയ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ച നടത്തി. ഭരണപരമായ തയ്യാറെടുപ്പും വിലയിരുത്തി. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ അനുസരിച്ച് നടക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. 

2013നുശേഷം നടന്ന പല ഉപതെരഞ്ഞെടുപ്പിലും ബിജെപി ഉയര്‍ന്നുവരുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ വന്‍തോതില്‍ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ഫലമായിരുന്നു ഇത്. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെയാണ് കൂറുമാറ്റത്തിന് വേഗം ലഭിച്ചത്. 10 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആറുപേര്‍ 2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറി. 2017 ആഗസ്തോടെ ഈ ആറ് എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ സിപിഐ എമ്മില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തോട് നിയമസഭയില്‍നിന്ന് രാജിവയ്ക്കാന്‍ സിപിഐ എം നിര്‍ദേശിച്ചു. എന്നാല്‍, പിന്നീട് ഇയാളും ബിജെപിയില്‍ ചേര്‍ന്നു. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയാകട്ടെ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെങ്കിലും സാങ്കേതികമായി എംഎല്‍എയായി തുടരുന്നതിനുവേണ്ടി ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നില്ലെന്നുമാത്രം. അതായത്, കോണ്‍ഗ്രസിന് ഫലത്തില്‍ രണ്ട് എംഎല്‍എമാര്‍ മാത്രമായി. പരമ്പരാഗതമായി പിന്തുണയ്ക്കുന്നവര്‍ ഏറെയുണ്ടെങ്കിലും ഒരു രാഷ്ട്രീയശക്തി എന്ന നിലയില്‍ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമാണിന്ന്.

കോണ്‍ഗ്രസ്- ടിയുജെഎസ് സഖ്യം അധികാരത്തിലിരുന്ന 1988-92 ഒഴിച്ച് ത്രിപുരയില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പും സ്വതന്ത്രവും സമാധാനപരവുമായിരുന്നു. മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത, വിവിധ വംശങ്ങളിലും മതങ്ങളിലും പെട്ടവര്‍ സൌഹാര്‍ദത്തോടെ കഴിഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയും ത്രിപുരയ്ക്കുണ്ട്. സമാധാനാന്തരീക്ഷത്തെ തകര്‍ക്കുകയും വംശീയവും സാമുദായികവുമായ സൌഹാര്‍ദം  തകര്‍ക്കുകയും ലക്ഷ്യമിട്ട് പ്രതിപക്ഷം, പ്രധാനമായും ആര്‍എസ്എസും ബിജെപിയും നടത്തുന്ന ശ്രമങ്ങളില്‍ സമാധാനസ്നേഹികളായ ജനം അസ്വസ്ഥരാണ്. സംസ്ഥാനത്ത് നിലവിലുള്ള സാമുദായിക- വംശീയ സൌഹൃദാന്തരീക്ഷം സാധ്യമായത് വിഭാഗീയ ശക്തികളായ ടിഎന്‍വി, എടിടിഎഫ്, എന്‍എല്‍എഫ്ടി, ഐപിഎഫ്ടി എന്നീ സംഘടനകള്‍ക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും നടത്തിയ നിരന്തരമായ ആശയ പ്രചാരണത്തിലൂടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാനായതുകൊണ്ടാണ്. എന്നാല്‍, ഈ ശ്രമത്തിനിടയില്‍ ഇടതുപക്ഷ മുന്നണിക്ക് നൂറുകണക്കിനു പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജീവന്‍ ബലിനല്‍കേണ്ടിവന്നു. ആദിവാസികളും ആദിവാസിയേതര ജനങ്ങളും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരും തമ്മിലുള്ള ഈ സൌഹൃദമാണ് ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെയും സുസ്ഥിര വികസനത്തിന്റെയും അടിത്തറ.

ഈ അടിത്തറ തകര്‍ക്കുക ലക്ഷ്യമാക്കിയാണ് ഹിന്ദു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തും പള്ളികള്‍ നശിപ്പിച്ചും ബിജെപി സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഉദയ്പുര്‍ സബ്ഡിവിഷനിലെ ടെപാനിയ, ജാംജുരി, രാജ്ധര്‍നഗര്‍, ബെലോണിയ സബ്ഡിവിഷനിലെ ഗബുര്‍ച്ചാര, സോണാമുര സബ്ഡിവിഷനിലെ ധന്‍പുര്‍ എന്നിവിടങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായി. ഹിന്ദുക്കളും മുസ്ളിങ്ങളും ഇടപഴകി താമസിക്കുന്ന പ്രദേശങ്ങളാണ് ഇവര്‍ തെരഞ്ഞെടുത്തത്.  സംഘര്‍ഷങ്ങളുണ്ടായ സ്ഥലങ്ങളിലൊക്കെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ ഫ്ളക്സുകളും ബോര്‍ഡുകളും ഇവിടങ്ങളില്‍ ഉപയോഗിക്കപ്പെട്ടു. ഇത്തരം ഹീനശ്രമങ്ങള്‍ക്കു പിന്നില്‍ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ക്കുള്ള പങ്ക് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ജയിച്ച മണ്ഡലമായ ധന്‍പുരിലും ഗബുര്‍ച്ചാരയിലും വ്യക്തമാക്കപ്പെടുകയും ചെയ്തു. വിഗ്രഹങ്ങള്‍ തകര്‍ത്തതിന് ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുന്നിടംവരെയെത്തി കാര്യങ്ങള്‍. ഒരുവശത്ത് ഹിന്ദുക്കളും മുസ്ളിങ്ങളും തമ്മിലുള്ള വിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപി, മറുവശത്ത് ഐപിഎഫ്ടി (എന്‍സി)യെ ചവിട്ടുപടിയായി ഉപയോഗിച്ച്് ആദിവാസികളെയും ബംഗാളികളെയും ഭിന്നിപ്പിക്കാനും ശ്രമിക്കുകയാണ്. നിരോധിത എന്‍എല്‍എഫ്ടിക്ക് രാഷ്ട്രീയമുഖം നല്‍കി നരേന്ദ്ര ദേബ്ബര്‍മയാണ് ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. സ്വതന്ത്ര ത്രിപുര എന്നതാണ് എന്‍എല്‍എഫ്ടിയുടെ ആവശ്യമെങ്കില്‍ ഐപിഎഫ്ടി (എന്‍സി) ഇതില്‍ അല്‍പ്പം മയംവരുത്തി ടിടിഎഎഡിസി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ത്വിപ്രലാന്‍ഡ് സംസ്ഥാനം എന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ചെറിയ സംസ്ഥാനമായ ത്രിപുരയെ വീണ്ടും വിഭജിക്കണമെന്ന ആവശ്യം അസംബന്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്, ഐപിഎഫ്ടി (എന്‍സി)യെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പ്രധാനമന്ത്രികാര്യാലയത്തില്‍നിന്ന് ഉണ്ടാകുന്നത്. പ്രത്യേക ത്വിപ്രലാന്‍ഡ് രൂപീകരിക്കുന്നതിനോട് പ്രധാനമന്ത്രികാര്യാലയം അനുകൂലമാണെന്ന് ഒരു ഐപിഎഫ്ടി (എന്‍സി) പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ സമ്മതിക്കുന്നുമുണ്ട്.

ഐപിഎഫ്ടി (എന്‍സി) സംഘടിപ്പിച്ച ഒരു പരിപാടിപോലും അക്രമമില്ലാതെ അവസാനിച്ചിട്ടില്ല. ജൂലൈ 10 മുതല്‍ 20 വരെ ഐപിഎഫ്ടി (എന്‍സി) അസം- അഗര്‍ത്തല ദേശീയപാതയിലെ ബാരമുര കുന്നുകളിലെ ഖാംതിങ്ബാരിയില്‍ വഴിതടയല്‍ സമരം നടത്തി. ഇതിന് പിന്തുണയേകി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ബിജെപി ഘെരാവോ ചെയ്തു. വഴിതടയല്‍ സമരത്തിന് ബിജെപി ആളും അര്‍ഥവും നല്‍കി പിന്തുണ നല്‍കുകയും ചെയ്തു. ആദിവാസിമേഖലയില്‍ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം.

സെപ്തംബര്‍ 19ന് ത്രിപുര രാജ്യ ഉപജാതി ഗണമുക്തി പരിഷത്തിന്റെ (ജിഎംപി) റാലി അഗര്‍ത്തലയില്‍ നടന്നു. അഖിലേന്ത്യാ കിസാന്‍ സഭയില്‍ അഫിലിയേറ്റ് ചെയ്തതും പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ദശരഥദേബ് രൂപീകരിച്ചതുമായ സംഘടനയാണ് ഇത്. ഈ റാലിയിലേക്ക് ഒഴുകിയെത്തിയ ആദിവാസികളെ ഐപിഎഫ്ടി (എന്‍സി) ഗുണ്ടകള്‍ ആയുധംകാട്ടി ഭീഷണിപ്പെടുത്തുകയും അറുപതോളം വാഹനം നശിപ്പിക്കുകയും നൂറിലധികംപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. അടുത്ത ദിവസം മണ്ഡാവിയിലെ വഴിതടയല്‍ സമരം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ശന്തനു ഭൌമിക്ക് എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടറെ ഐപിഎഫ്ടി (എന്‍സി) ഗുണ്ടകള്‍ വധിക്കുകയും ദുക്മാലിയില്‍ ജിബലിന്‍ ദേബ്നാഥ് എന്ന ഡ്രൈവറെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അഴുകിയ ഇയാളുടെ മൃതദേഹം ഒരു മാസത്തിനുശേഷമാണ് കണ്ടെത്തിയത്. ഈ രണ്ട് കേസിലായി നിരവധി ഐപിഎഫ്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇപ്പോള്‍ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത് അറസ്റ്റിലായവര്‍ നിഷ്കളങ്കരാണെന്ന് സ്ഥാപിക്കാനാണ്. സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കാനും ഓഫീസുകള്‍ തകര്‍ക്കാനും ബിജെപി നേതാക്കള്‍ കേഡര്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിനകം 13 പാര്‍ടി ഓഫീസും മൂന്ന് ബഹുജനസംഘടനാ ഓഫീസും ആക്രമിക്കപ്പെട്ടു

(അവസാനിക്കുന്നില്ല)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top