16 November Saturday

ത്രിപുരയിൽ നെല്ല‌്‌ പിഴിഞ്ഞ്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

കൊട്ടും കുരവയുമായി ത്രിപുരയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ച പരിപാടിയാണ് നെല്ല് സംഭരണം. എന്നാൽ, ദിനംതോറും തനി തട്ടിപ്പാണ് ഈ പദ്ധതിയെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവരികയാണ്. മണ്ണിൽ പണിയെടുക്കുന്ന കർഷകനല്ല, മറിച്ച് മധ്യവർത്തികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്.
അടുത്തയിടെ കൊവായ് സബ് ഡിവിഷനിൽ നെല്ല് സംഭരണ പരിപാടി നടന്നു. കർഷകരിൽനിന്ന് നെല്ല് സംസ്ഥാന ഭക്ഷ്യവകുപ്പ് നേരിട്ട് ഏറ്റെടുക്കുമെന്ന് വൻ പ്രചാരണം നടത്തിയതിന് ശേഷമായിരുന്നു ഈ സംഭരണപരിപാടി. എന്നാൽ, കർഷകരുടെ കണ്ണുതള്ളുന്ന സംഭവങ്ങളാണ് സംഭരണകേന്ദ്രത്തിൽ അരങ്ങേറിയത്. ഇതുവരെയും കാർഷികവൃത്തിയിൽ ഏർപ്പെടാത്തവരും കൃഷിവകുപ്പ് നൽകിയ ‘കർഷക സർട്ടിഫിക്കറ്റു'മായി സംഭരണകേന്ദ്രത്തിൽ എത്തിയിരുന്നു. സംഭരണകേന്ദ്രത്തിനുപുറത്ത് ഇവർ കർഷകരെ ഭീഷണിപ്പെടുത്തി നെല്ല് സംഭരിക്കുകയും ഭക്ഷ്യവകുപ്പിന് മറിച്ചുവിൽക്കുകയും ചെയ്തു. ഈ മധ്യവർത്തികൾ കർഷകർക്ക് ഒരു കിലോ നെല്ലിന് 13 രൂപ മാത്രമാണ് നൽകിയത്. എന്നാൽ, ഭക്ഷ്യവകുപ്പിൽനിന്ന്‌ മധ്യവർത്തികൾക്ക് ലഭിക്കുന്നതാകട്ടെ 17.50 രൂപയും. ഒരു കിലോ നെല്ലിൽമാത്രം മധ്യവർത്തികൾക്ക് ലഭിക്കുന്ന ലാഭം നാലര രൂപയാണ്.

മധ്യവർത്തികളുടെ ഇടപെടൽകാരണം ഭക്ഷ്യവകുപ്പിന് നേരിട്ട് നെല്ല് വിൽക്കാനെത്തിയ കർഷകർക്ക് ഏറെനേരം ക്യൂ നിൽക്കേണ്ടിവന്നു. മധ്യവർത്തികൾക്ക് നെല്ല് വിൽക്കാൻ തയ്യാറായാൽ എളുപ്പം തിരിച്ചുപോകാം. അല്ലാത്തവർക്ക്‌ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നു. മാത്രമല്ല, ഭക്ഷ്യവകുപ്പ് അധികൃതർ തൂക്കത്തിൽ വൻ കൃത്രിമം കാട്ടുന്നതായും കർഷകർക്ക് പരാതിയുണ്ട്. കൃത്യമായി അളന്ന് നെല്ല് എടുക്കാൻ  തയ്യാറാകുന്നില്ലെന്നാണ് പരാതി. ഇതും മധ്യവർത്തികളെ സഹായിക്കാനാണ് എന്നാണ് ആക്ഷേപം.

നെല്ല് സംഭരണത്തിൽ വൻ തട്ടിപ്പ് നടക്കുകയാണെന്ന വാർത്ത പരന്നതോടെ രണ്ട് സർക്കാർ വകുപ്പുകളും തമ്മിലുള്ള വാക്പയറ്റും രൂക്ഷമായി. കൃഷിവകുപ്പ് ‘കർഷക സർട്ടിഫിക്കറ്റ്' നൽകിയവരിൽ നിന്നാണ് നെല്ല് സംഭരിച്ചതെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. കർക്കശമായി ചട്ടങ്ങൾ പാലിക്കാതെയാണ് കൃഷിവകുപ്പ് കർഷക സർട്ടിഫിക്കറ്റ് നൽകിയതെന്നും ഭക്ഷ്യവകുപ്പ് പരാതിപ്പെടുന്നു. എന്നാൽ, ആർക്കാണോ നെല്ല് നൽകാനുള്ളത് അവർക്ക്‌ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് ഭക്ഷ്യവകുപ്പ് നിർദേശിച്ചതെന്നാണ് കൃഷിവകുപ്പിന്റെ ഭാഷ്യം. ഭക്ഷ്യവകുപ്പാണ്‌ യഥാർഥ കൃഷിക്കാരെ അവഗണിക്കുന്നതെന്നാണ് കൃഷിവകുപ്പിന്റെ പരാതി. പരസ്പരം പഴിചാരി രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുമ്പോൾ വഞ്ചിക്കപ്പെട്ടത് യഥാർഥ കൃഷിക്കാരും.

സർക്കാരുമായി ഒത്തുകളിച്ച മധ്യവർത്തികൾ നെല്ല് സംഭരണം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പുതന്നെ കർഷകരിൽനിന്ന് വൻ തോതിൽ നെല്ല് സംഭരിച്ചിരുന്നുവെന്നതാണ് വസ്തുത. തുച്ഛവില നൽകിയായിരുന്നു മധ്യവർത്തികൾ നെല്ല് വാങ്ങിക്കൂട്ടിയത്. ഈ മധ്യവർത്തികളുടെ സമ്മർദത്തിന് വഴങ്ങിയാണ് ഭക്ഷ്യവകുപ്പ് നെല്ല് നൽകാനുള്ളവർക്കെല്ലാം കർഷകരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകാമെന്ന് ആവശ്യപ്പെട്ടതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. കൃഷിവകുപ്പ് ഈ നിർദേശത്തിന് വഴങ്ങിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരവും അഴിമതിയിലേക്കാണ് വിരൽചൂണ്ടുന്നത്.
കൊവായ് സബ്ഡിവിഷനിൽ മാത്രമല്ല, നെല്ല് സംഭരണം പ്രഹസനമായത്. തെലിയാമുറ, കമാൽപുർ, ജലരാനിയ, മോഹൻപുർ എന്നീ സബ്ഡിവിഷനിലും സമാനമായ സംഭവങ്ങളാണ് അരങ്ങേറിയത്. വ്യാജ സർട്ടിഫിക്കറ്റുള്ളവരിൽനിന്നാണ് ഭക്ഷ്യവകുപ്പ് നെല്ല് സംഭരിച്ചത്. ഭരണത്തിലേറി ഒന്നരവർഷത്തിനകംതന്നെ വിപ്ലവകുമാർ ദേബ് സർക്കാർ അഴിമതിയുടെ പര്യായമായി മാറുകയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top