24 October Saturday

ഐതിഹാസിക സമരത്തിന്റെ സ്മരണ

പി വി രാജേന്ദ്രൻUpdated: Saturday Sep 19, 2020


ജീവിക്കാനാവശ്യമായ വേതനം നടപ്പാക്കണമെന്ന തൊഴിലാളിവർഗത്തിന്റെ പൊതുവായ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ജീവനക്കാർ 1968 സെപ്തംബർ 19ന്‌ നടത്തിയ പണിമുടക്കിൽ ധീരരായ 17 സഖാക്കളാണ്‌ രക്തസാക്ഷികളായത്. ഇന്ത്യൻ ഭരണഘടന തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനമായ ജീവനകൂലി (ലിവിങ് വേജ്‌) സ്വാതന്ത്ര്യം ലഭിച്ച് 10 വർഷത്തിനുശേഷം 1957ൽ ചേർന്ന ത്രികക്ഷി ലേബർ കോൺഫറൻസിലാണ്‌ ചർച്ചചെയ്‌തു തീരുമാനമാകുന്നത്. 1957ലെ വിലനിലവാരമനുസരിച്ച് ഒരു തൊഴിലാളിക്കും കുടുംബത്തിനും (തൊഴിലാളി, ഭാര്യ–-ഭർത്താവ്, രണ്ട് കുട്ടികൾ) ജീവിക്കാനാവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ കാര്യങ്ങൾക്കായി 125 രൂപയാണ്‌ നിശ്ചയിച്ചത്. എന്നാൽ, ഈ തീരുമാനം നടപ്പാക്കാനോ രണ്ടാം ശമ്പളകമീഷന്റെ പരിഗണനയ്‌ക്കോ വിടാൻപോലും കേന്ദ്രസർക്കാർ തയ്യാറായില്ല. 1960ലെ കേന്ദ്രജീവനക്കാരുടെ പണിമുടക്കിലും ഈവിഷയം ഉന്നയിച്ചിരുന്നുവെങ്കിലും പരിഗണിച്ചില്ല. 1966ൽ രൂപീകരിച്ച സംയുക്ത കൂടിയാലോചന സമിതിയിൽ (ജെസിഎം) ഉന്നയിച്ചെങ്കിലും രണ്ട് വർഷത്തിനുശേഷവും ഗൗരവമായി പരിഗണിക്കാത്ത ഘട്ടത്തിലാണ്‌ സംഘടനകൾ ഒറ്റക്കെട്ടായി ജെസിഎം ബഹിഷ്കരിക്കുകയും പണിമുടക്കാൻ തീരുമാനിക്കുകയും ചെയ്തത്.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷനു പുറമെ റെയിൽവേ, ഡിഫൻസ്, ജീവനക്കാരുടെ ഫെഡറേഷനുകളും എൻഎഫ്പിടിഇയുമാണ്‌ പണിമുടക്കിന്‌ നോട്ടീസ്‌ നൽകിയത്.  മിനിമം വേതനം, വിലക്കയറ്റത്തിന്‌  പൂർണസമീകരണം, ക്ഷാമബത്ത ശമ്പളത്തിൽ ലയിപ്പിക്കുക, നിർബന്ധിത റിട്ടയർമെന്റ്‌ ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, കരാർ, കാഷ്വൽ സമ്പ്രദായം  അവസാനിപ്പിക്കുക എന്നിങ്ങനെ പത്തിന ആവശ്യങ്ങളാണ്  പണിമുടക്കിൽ ഉന്നയിച്ചത്.  ആവശ്യങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുന്നതിനുപകരം പണിമുടക്കിനെ അടിച്ചമർത്താനാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ്‌ തീരുമാനിച്ചത്. ദിവസങ്ങൾക്ക് മുമ്പുതന്നെ എസ്മ പുറപ്പെടുവിച്ച് പണിമുടക്ക് നിരോധിച്ചു. സെപ്തംബർ 18നുതന്നെ അഖിലേന്ത്യാ നേതാക്കൻമാരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഡൽഹിയിൽമാത്രം 3000 ജീവനക്കാരെ ക്വാർട്ടേഴ്സിലും വീടുകളിലും കയറി അറസ്റ്റ് ചെയ്തു. കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലുമായി 12000 ജീവനക്കാരെയാണ്‌ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ പത്താൻകോട്ടിൽ ട്രെയിൻ പിക്കറ്റ് ചെയ്ത തൊഴിലാളികൾക്കുനേരെ നടത്തിയ വെടിവയ്‌പിൽ നാല് റെയിൽവേ തൊഴിലാളികളും ഒരു തൊഴിലാളിയുടെ മകനും കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ബിക്കാനിറിൽ നടന്ന വെടിവയ്‌പ്പിൽ റെയിൽവേ പോയിന്റ്‌സ്‌മാൻ കൃഷ്ണഗോപാൽ രക്തസാക്ഷിയായി. ഡൽഹിയിൽ കെട്ടിടത്തിന്റെ ഏഴാംനിലയിൽനിന്ന് പൊലീസുകാർ തൂക്കിയെറിഞ്ഞതിനെ തുടർന്ന് അരുജൻ സിങ്‌ എന്ന ജീവനക്കാരൻ രക്തസാക്ഷിത്വം വരിച്ചു.


 

ഭീഷണിയുടെ മറവിലും സെപ്തംബർ 18ന് അർധരാത്രിതന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലിഫോൺസ്, ടെലിഗ്രാഫ്, ആർഎംഎസ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ജീവനക്കാർ പണിമുടക്കി. ട്രെയിനുകൾ അതത്‌ സ്‌റ്റേഷനുകളിൽ നിർത്തിയിട്ട് ജീവനക്കാർ പണിമുടക്കി. പ്രതിപക്ഷപാർടികളും ട്രേഡ് യൂണിയനുകളും പണിമുടക്കിന് പിന്തുണയുമായി രംഗത്തുവന്നു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച ട്രേഡ് യൂണിയൻ നേതാക്കൻമാർക്കെതിരെ എസ്മ പ്രകാരം കേസെടുത്തു. പണിമുടക്കിയ 1335 ജീവനക്കാരെ ഉടൻ പിരിച്ചുവിടുകയും 3357 പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ശത്രുരാജ്യത്തോട് പെരുമാറുന്നതുപോലെയാണ്‌ കേന്ദ്രസർക്കാർ ജീവനക്കാരുടെ പണിമുടക്കിനെ കോൺഗ്രസുകാർ നേരിട്ടത്. പണിമുടക്ക്‌ കഴിഞ്ഞതിനുശേഷവും ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയും കള്ളക്കേസുകളിൽ കുടുക്കുകയുംചെയ്തു.

കേരളത്തിൽ ഇ എം എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ തികച്ചും വ്യത്യസ്തമായ സമീപനമാണ്‌ സ്വീകരിച്ചത്. എസ്മ പ്രയോഗിക്കില്ലെന്നും പണിമുടക്കിയ ജീവനക്കാരെ അറസ്റ്റ്ചെയ്യാനോ കേസെടുക്കാനോ തയ്യാറല്ലെന്നും പ്രഖ്യാപിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന വമ്പിച്ച പണിമുടക്ക് റാലിയെ മന്ത്രിസഭയിലെ നാല് മന്ത്രിമാർ അഭിവാദ്യം ചെയ്തു. കേന്ദ്രസർക്കാർ പ്രതികാരനടപടിയുടെ ഭാഗമായി കേരളത്തിൽ നേതൃത്വം നൽകിയ എൻ പി പത്മനാഭനെ 10 വർഷം സർവീസിന് പുറത്ത് നിർത്തുകയും ജനതാപാർടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാത്രമാണ്‌ തിരിച്ചെടുക്കുകയും ചെയ്തത്. കേരളത്തിൽമാത്രം 290 ജീവനക്കാരെ പിരിച്ചുവിടുകയും തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. പ്രതികാരനടപടികൾക്കെതിരെ സമരത്തിന്‌ എ കെ ജി തന്നെ നേതൃത്വം നൽകി. പാർലമെന്റിൽ എംപിമാർ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.

മർമപ്രധാന കേന്ദ്രസർവീസ് മേഖലകളായ റെയിൽവേ, ഡിഫൻസ്, തപാൽ, ബഹിരാകാശ ഗവേഷണം തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ധൃതഗതിയിലുള്ള സ്വകാര്യവൽക്കരണം ആരംഭിച്ചിരിക്കുകയാണ്. ഐഎസ്ആർഒ പോലെ രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാശഗവേഷണം സ്വകാര്യമേഖലയ്‌ക്ക് പങ്കാളിത്തം നൽകുന്നു. എട്ടു ലക്ഷത്തിലധികം തസ്തികകളാണ്‌ നിലവിൽ വിവിധ കേന്ദ്ര സർവീസ് മേഖലകളിൽ ഒഴിഞ്ഞുകിടക്കുന്നത്. കോവിഡിന്റെ മറവിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് പൂർണനിരോധനം ഏർപ്പെടുത്തി. റിക്രൂട്ടിങ്‌ ഏജൻസികളെയെല്ലാം ഇല്ലാതാക്കി നാഷണൽ റിക്രൂട്ടിങ്‌ ഏജൻസി എന്ന ഒറ്റസംവിധാനമാക്കി മാറ്റുന്നു. മോഡിസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പുതിയ പോരാട്ടത്തിന്‌ തയ്യാറെടുക്കുമ്പോൾ 1968 സമരത്തിലെ രക്തസാക്ഷിത്വത്തിന്റെ ദീപ്തമായ സ്മരണകൾ ഇന്നും ആവേശമാണ്.

(കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ് ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top