02 December Friday

പറയും പാടും പാവകൾ

അസ്‌മിൽ ജിഹാദ്Updated: Sunday Sep 11, 2022

പാവകളെ ആരാണ്‌ നോക്കിനിൽക്കാത്തത്‌. ഇനി അവർ സംസാരിക്കുകകൂടി ചെയ്‌താലോ? അതെ സുനിലിന്റെ പാവകൾ സംസാരിക്കും. കുട്ടിക്കാര്യം മാത്രമല്ല, വലിയ കാര്യങ്ങളും നമ്മോട്‌ പറയും. മയക്കുമരുന്ന്‌ ഉപയോഗിക്കരുത്‌,  ലഹരിയുടെ ദൂഷ്യഫലങ്ങൾ, പ്രകൃതിസംരക്ഷണം, മാലിന്യസംസ്‌കരണം അങ്ങനെയങ്ങനെ പലതും. കൈയുറ പാവകളുമായി വെൻട്രിലോക്വിസം എന്ന കലാരൂപത്തെ ജനകീയമാക്കാനുള്ള  യാത്രയിലാണ്‌ തിരുവനന്തപുരം മേലാറന്നൂരിലെ സുനിൽ. 10 വർഷത്തിലേറെയായി സുനിൽ പാവകളുടെ ലോകത്തുണ്ട്‌. കേരളവും തമിഴ്‌നാടും ഉത്തരേന്ത്യയും കടന്ന്‌ സുനിലും പാവകളും സഞ്ചരിക്കുകയാണ്‌.

ശബ്ദത്തിലെ കൺകെട്ട്‌

അവതാരകനും പാവയും തമ്മിൽ സംസാരത്തിലൂടെ കാണികളോട്‌ സംവദിക്കുന്നതാണ്‌ വെൻട്രിലോക്വിസം. പാവയ്‌ക്ക്‌ ശബ്ദം നൽകുന്നത്‌ അവതാരകനാണെങ്കിലും അത്‌ കാണികൾക്ക്‌ മനസ്സിലാകില്ല. അവിടെയാണ്‌ വെൻട്രിലോക്കിസ്റ്റിന്റെ കഴിവ്‌. ലാറ്റിൻ ഭാഷയിൽനിന്നാണ്‌ വെൻട്രിലോക്വിസത്തിന്റെ ആവിർഭാവം. വെന്റർ എന്നാൽ വയറ്‌, ലോക്വി എന്നാൽ സംസാരം. വയറ്റിൽനിന്നുള്ള സംസാരം. ഗ്രീക്കുകാർ ഇതിനെ ഗ്യാസ്ട്രോമൻസി എന്നു വിളിച്ചു. മതപരമായ ആചാരമായിട്ടായിരുന്നു വെൻട്രിലോക്വിസത്തിന്റെ തുടക്കം. മരിച്ചുപോയവർ വെൻട്രിലോക്കിസ്റ്റിന്റെ വയറ്റിലിരുന്ന്‌ സംസാരിക്കുകയാണെന്ന്‌ ഗ്രീക്കുകാർ വിശ്വസിച്ചു. 18–-ാം നൂറ്റാണ്ടിലാണ്‌ വെൻട്രിലോക്വിസം  വിനോദമാകുന്നത്‌. 19–-ാം നൂറ്റാണ്ടിൽ അമേരിക്കയിലും ബ്രിട്ടനിലും വെൻട്രിലോക്വിസ്റ്റും പാവയും കാണികളെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. ലണ്ടൻകാരനായ ഫ്രെഡ്‌ റസ്സലാണ്‌ ആധുനിക വെൻട്രിലോക്വിസത്തിന്റെ പിതാവ്‌.

യാത്ര

എറണാകുളം പട്ടിമറ്റം ചെങ്ങര സ്വദേശിയായ സുനിൽ പാവകളുടെ ലോകത്ത്‌ എത്തിപ്പെടുന്നത്‌ യാദൃച്ഛികമായാണ്‌. ബാലസംഘത്തിലൂടെ സ്‌കൂൾകാലത്തുതന്നെ നാടകം പരിചയപ്പെട്ടു. പഠനം എട്ടാം ക്ലാസിൽ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും നാടകത്തെ കൈവിട്ടില്ല. 1999ൽ ജോലി തേടി തിരുവനന്തപുരത്ത്‌ എത്തി.  ആകാശവാണിയിൽ റേഡിയോ നാടകങ്ങൾ അവതരിപ്പിച്ചു. ഒന്നും രണ്ടുമല്ല, അഞ്ഞൂറിലധികം.  ലഹരിയായിരുന്നു അന്നുമുതലേ പ്രമേയം. അതിനൊരു കാരണമുണ്ട്‌. അമ്മാവന്റെ മകളെ മദ്യപാനിയായ ഭർത്താവ്‌ കല്ലുകൊണ്ടടിച്ച്‌ കൊലപ്പെടുത്തുന്നതിന്‌ ചെറുപ്രായത്തിലേ സുനിലിന്‌ സാക്ഷിയാകേണ്ടിവന്നു. ആശുപത്രിയിൽ മൃതദേഹം ഏറ്റുവാങ്ങിയ അന്നെടുത്ത തീരുമാനമാണ്‌ ലഹരിക്കെതിരെയുള്ള പ്രചാരണം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ താൽക്കാലിക ഗാർഡൻ ജോലി കലാപ്രവർത്തനത്തിന്‌ സഹായമായി. ഇതിനിടെ, കുട്ടികളുടെ നാടകപ്രവർത്തകൻ ബാബു തോമസ്‌ അങ്കമാലിയെ പരിചയപ്പെട്ടതാണ്‌ വഴിത്തിരിവ്‌. വെൻട്രിലോക്വിസവും പാവനാടകവും പഠിപ്പിക്കുന്നത്‌ ഇദ്ദേഹമാണ്‌.

പാവലോകം, ട്രസ്റ്റ്‌

പാവകളെ പരിചയപ്പെട്ടതോടെ സുനിലിന്റെ ലോകം അതായി. പപ്പറ്റ്‌ ഡ്രാമ (പാവനാടകം) കൂടുതൽ പഠിച്ചു, അറിഞ്ഞു. 10 വർഷത്തിലേറെയായി സുനിൽ പാവനാടകവും വെൻട്രിലോക്വിസവും അവതരിപ്പിക്കുന്നു. ഇന്ത്യയിലൊട്ടാകെ ആയിരത്തിലധികം വേദി. മദ്യപാനം, മയക്കുമരുന്ന്‌, പരിസ്ഥിതി, ബാലവേല, സ്‌ത്രീധനം, യോഗ തുടങ്ങിയ വിഷയത്തിലെല്ലാം നാടകമെഴുതി. അവ മൊഴിമാറ്റി കേരളത്തിനു പുറത്തും അവതരിപ്പിച്ചു. തിരുവനന്തപുരം കോർപറേഷനുവേണ്ടി ‘മാലിന്യവിമുക്തമാക്കാം, പാരിടം സ്വർഗമാക്കാം’ എന്ന പാവനാടകം അവതരിപ്പിച്ചു. സർക്കാരിന്റെ വിമുക്തി മിഷനുമായി ചേർന്ന്‌ 600 വേദിയിൽ പാവകളും സുനിലുമെത്തി. 2019ൽ ‘വിഷൻ ഓഫ്‌ ലൈഫ്‌ പപ്പറ്റ്‌ ഡ്രാമ ടീം’ എന്ന പേരിൽ ട്രസ്റ്റ്‌ രൂപീകരിച്ചു. 

ചെലവ്‌ കൂട്ടുന്ന പാവനാടകം

വെൻട്രിലോക്വിസത്തെ അപേക്ഷിച്ച്‌ പാവനാടകത്തിന്‌ ചെലവ്‌ കൂടുതലാണ്‌. ഒരു പാവനാടകം തട്ടേ കേറ്റണമെങ്കിൽ ഒരു ലക്ഷം രൂപയെങ്കിലും വേണം. പാവയ്‌ക്ക്‌ വൻ തുകയാണ്‌. ഇത്‌ ഇറക്കുമതി ചെയ്യണം. ചിലപ്പോൾ ബംഗളൂരുവിൽനിന്ന്‌. ചിലപ്പോൾ വിദേശത്തുനിന്ന്‌. മൂന്ന്‌ പാവയെങ്കിലും വേണം. കൂടുതൽ കലാകാരന്മാർ, സെറ്റ്‌, പരിശീലനം, മറ്റു ഭാഷകളിലേക്ക്‌ മൊഴിമാറ്റം, ഡബ്ബിങ്‌... ചെലവ്‌ അങ്ങനെ പോകും. എന്നാൽ, വെൻട്രിലോക്വിസത്തിന്‌ ഈ പരിമിതിയില്ല. രണ്ട്‌ കൈയുറ പാവയും ശബ്ദവുമുണ്ടെങ്കിൽ അവതരിപ്പിക്കാം. അപ്പോഴും ഒരു പാവയ്‌ക്ക്‌ 25,000 രൂപയോളം വേണം. അവതരണത്തിലെ പ്രയാസങ്ങളിലുമുണ്ട്‌ ഈ വ്യത്യാസം. പപ്പറ്റ്‌ ഡ്രാമയ്‌ക്ക്‌ കൈ കുഴഞ്ഞ്‌ ഒരു പരുവമാകും. വേദിയിൽ നിറഞ്ഞാടുന്നത്‌ പാവകളല്ല, കൈകളാണ്‌. പൊക്കം കുറഞ്ഞ, ചെറിയ കൈയാണ്‌ പാവനാടകത്തിന്‌ ഉചിതം. കർട്ടന്‌ മുകളിലുള്ള വേദിയിൽ പാവകളുടെ ചലനം കൈ അനങ്ങുന്നതിന്‌ അനുസരിച്ചാണ്‌.  വെൻട്രിലോക്വിസത്തിൽ അവതാരകന്‌ ഈ അധ്വാനമില്ല.

പിന്നിട്ട പടവുകൾ

ഒരിക്കലും പണത്തിനുവേണ്ടി സുനിൽ പാവകളെ സ്‌നേഹിച്ചിട്ടില്ല. ആവശ്യപ്പെടുന്നവരോടെല്ലാം പരിപാടിക്ക്‌ എത്തുമെന്ന്‌ അറിയിക്കും, ബൈക്കുമെടുത്ത്‌ സഹായിയെയും കൂട്ടി എവിടെയാണെങ്കിലും. 15 പേരാണ്‌ ഇന്ന്‌ ലൈഫ്‌ ഓഫ്‌ വിഷൻ ട്രസ്റ്റിലുള്ളത്‌. എല്ലാവരും കൂലിപ്പണിക്കാർ. നാടകമുള്ളപ്പോൾ ഇവരെ വിളിക്കും. പ്രമേയവും നാടകത്തിന്റെ വലുപ്പവും അനുസരിച്ച്‌ നാലാ അഞ്ചോ പേരെയാകും ഒരുസമയം വിളിക്കുക. വെന്റർലോക്വിസം അവതരിപ്പിക്കാനാണെങ്കിൽ ഒറ്റയ്‌ക്കാകും യാത്ര. 

പാവനാടകത്തിന്‌ കേരളത്തിൽനിന്ന്‌ എംപാനൽ ചെയ്‌ത ഒരേയൊരു സംഘമാണ്‌ സുനിലിന്റെ നേതൃത്വത്തിലുള്ള വിഷൻ ഓഫ്‌ ലൈഫ്‌ പപ്പറ്റ്‌ ഡ്രാമ. കേന്ദ്ര സർക്കാരിന്റെ ബോധവൽക്കരണ ക്യാമ്പയിനുകൾക്കും മറ്റും ഇവരെ ബന്ധപ്പെടും. ഒരു പരിപാടിക്ക്‌ 4600 രൂപ നൽകും. മാസത്തിൽ ഇത്തരത്തിൽ മൂന്നോ നാലോ പരിപാടി കിട്ടും. ഇതെല്ലാമാണ്‌  പ്രധാന വരുമാനം.

ഇനിയുമുണ്ട്‌ ദൂരം

വെൻട്രിലോക്വിസത്തിനും പാവനാടകത്തിനും കേരളത്തിൽ വേണ്ടവിധം പിന്തുണ ലഭിക്കുന്നില്ലെന്ന്‌ സുനിലിനും സംഘത്തിനും പരാതിയുണ്ട്‌. കുട്ടികൾക്കും മറ്റും പാവനാടകത്തിലൂടെ ആശയം കൈമാറാൻ എളുപ്പമാണ്‌. അതുപക്ഷേ ഇവിടെ വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ല. നൂറ്റാണ്ടുകളായുള്ള കലാരൂപമാണെങ്കിലും ഫോക്‌ലോർ അക്കാദമിയുടെ  പട്ടികയിൽ പാവനാടകം  ഇടംപിടിച്ചിട്ടില്ല.  ഒരു പപ്പറ്റ്‌ അക്കാദമി സുനിലിന്റെ മനസ്സിലുണ്ട്‌.

ഒറ്റയ്‌ക്കല്ല

കേരളത്തിൽ വേറെയും പാവനാടകങ്ങൾ പ്രചാരത്തിലുണ്ട്‌. നൂൽപ്പാവക്കൂത്ത്‌, നിഴൽപ്പാവക്കൂത്ത്‌ അങ്ങനെ. ഇതിന്റെയെല്ലാം പ്രവർത്തകരെ ഒരുവേദിയിൽ ഒരുമിച്ചുകൂട്ടണമെന്ന ആഗ്രഹവും സുനിലിനുണ്ട്‌. അതിനുള്ള ശ്രമവും നടക്കുന്നു. സുനിലിന്‌ പിന്തുണയുമായി കുടുംബവുമുണ്ട്‌. ശ്രീദേവിയാണ്‌ ഭാര്യ. അനൂപ്‌, അരുൺ എന്നിവർ മക്കൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top